മരുഭൂമിയോടു മല്ലിട്ട പ്രവാസി, ഇപ്പോൾ മികച്ച കർഷകൻ

മരുഭൂമിയോടു മല്ലിട്ടു തീർത്ത പതിമൂന്നൂ വർഷത്തെ പ്രവാസ ജീവിതം. അതു കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ വരുമാന മാര്‍ഗമായി തിരഞ്ഞെടുത്തത് മനസ്സിലും മണ്ണിലും പച്ചപ്പു നിറയ്ക്കുന്ന കൃഷി. പരമ്പരാഗതരീതികൾക്കൊപ്പം പോളിഹൗസ് കൃഷിയും പരീക്ഷിച്ചു. ഇപ്പോൾ സുരക്ഷിത പച്ചക്കറിക്കൃഷിയിൽ ശ്രദ്ധവയ്ക്കുന്നു. കാർഷികവിഭവങ്ങൾ വിറ്റഴിക്കാൻ സ്വന്തം വിപണിയും ഒരുക്കിയ കൊല്ലം കൊട്ടാരക്കര തേവലപ്പുറം ചിലമ്പനഴികത്ത് ബാലചന്ദ്രൻപിള്ളയുടേത് േകരളത്തിലെ കര്‍ഷകസമൂഹത്തിനാകെ അനുകരിക്കാവുന്ന മാതൃകയാണ്. 

സുരക്ഷിത പച്ചക്കറി, സ്വന്തം വിപണി: കീടനാശിനികളിൽ മുങ്ങിവരുന്ന പച്ചക്കറികൾ മലയാളിയുടെ ഭക്ഷണത്തിൽ വിഷം കലർത്തുന്നു എന്ന തിരിച്ചറിവാണ്  സുരക്ഷിത പച്ചക്കറിക്കൃഷിയിലേക്കു തിരിയാൻ കാരണം.   എംസി റോഡിൽ കൊട്ടാരക്കര പുലമൺ ജംക്്ഷനു സമീപം ‘കൃഷിമിത്ര’ എന്ന പേരിൽ ആരംഭിച്ച  പച്ചക്കറി വിപണനകേന്ദ്രം വന്‍ വിജയമായതോടെ  തന്റെ തീരുമാനം തെറ്റിയില്ലെന്നു ബാലചന്ദ്രൻപിള്ളയ്ക്കു ബോധ്യപ്പെട്ടു. സ്വന്തം ഉൽപന്നങ്ങൾ മതിയാകാതെ വന്നതോടെ സമാന ചിന്താഗതിക്കാരായ മറ്റു കർഷകരുടെ കൃഷിയിടങ്ങളില്‍നിന്നുകൂടി ഉൽപന്നങ്ങൾ ശേഖരിക്കുന്നു. ഇപ്പോൾ പത്തോളം കർഷകർ കൃഷിമിത്രയില്‍ ഉൽപന്നങ്ങൾ നൽകുന്നുണ്ട്. 

പാട്ടത്തിനുൾപ്പെടെ പത്തേക്കര്‍: പവിത്രേശ്വരം, നെടുവത്തൂർ, എഴുകോൺ പഞ്ചായത്തുകളിലായി സ്വന്തവും പാട്ടത്തിനെടുത്തതുമായ പത്തേക്കർ സ്ഥലത്താണിപ്പോള്‍  ബാലചന്ദ്രൻപിള്ളയുടെ പച്ചക്കറിക്കൃഷി.  മുപ്പതോളം പച്ചക്കറിയിനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. നാടൻ ഇനങ്ങൾക്കു പുറമേ കോളിഫ്ലവർ, കാബേജ്, കാരറ്റ്, ബീൻസ് തുടങ്ങിയവയും കൃഷിയിടത്തിൽ  നിറഞ്ഞു വിളയുന്നു. ഒരു വശത്തു പാഷൻഫ്രൂട്ടിന്റെ മധുരമാണെങ്കിൽ മറുവശത്ത് നല്ല അസൽ നാടൻ പാവയ്ക്കയുടെ കയ്പുമുണ്ട്. അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങൾ: അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങൾ മാത്രമേ ബാലചന്ദ്രൻപിള്ള  ഉപയോഗിക്കാറുള്ളൂ. ഗുണമേൻമയുള്ള വിത്തുകൾ തേടി ബെംഗളൂരു വരെ പോയ ചരിത്രവുമുണ്ട്. വിത്തു ഗുണം വിളവെടുപ്പിൽ കാണാം. മാസം മൂന്നു ലക്ഷം രൂപയിൽ കുറയാത്ത വിലയ്ക്കുള്ള  ഉല്‍പന്നങ്ങളാണ് ഇദ്ദേഹം വിപണിയിലെത്തിക്കുന്നത്. 

നാടൻ വളപ്രയോഗം: ചാണകവും കോഴിവളവുമാണ് പ്രധാനം. ചാണകവും പിണ്ണാക്കും ചേർ‍ത്തു പുളിപ്പിച്ചു സ്ലറിയായും ഒഴിക്കാറുണ്ട്.  പൊട്ടാഷാണ് ഒരേയൊരു രാസവളം. തോട്ടത്തിലെമ്പാടും തുള്ളിനന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. രാസകീടനാശിനി ഇല്ലെന്നു സാക്ഷ്യപത്രം: കൃഷിക്കു രാസകീടനാശിനി പ്രയോഗിക്കുന്നില്ലെന്നു വെറുതെ പറയുകയല്ല ബാലചന്ദ്രൻപിള്ള. വെള്ളായണി കാർഷിക കോളജിലെ  ലാബിൽ പച്ചക്കറികൾ പരിശോധന നടത്തി രാസകീടനാശിനി വിമുക്തം എന്ന സാക്ഷ്യപത്രം സമ്പാദിച്ചിട്ടുണ്ട്. തുടർച്ചയായി പച്ചക്കറികൾ ഇവിടെ പരിശോധന നടത്തുന്നുമുണ്ട്.

മൂല്യവർധിത ഉല്‍പന്നങ്ങളും: പാവയ്ക്ക കൊണ്ടാട്ടം, കോവയ്ക്ക കൊണ്ടാട്ടം തുടങ്ങി ചില മൂല്യവർധിത ഉല്‍പന്നങ്ങളും ഒരുക്കുന്നുണ്ട്.  കുടുംബശ്രീ യൂണിറ്റുകളെക്കൊണ്ടാണ് ഇവ തയാറാക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ ഇതു വിപുലീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

കൃഷിഭവനും കൃഷിവിജ്ഞാനകേന്ദ്രവും: പവിത്രേശ്വരം കൃഷി ഓഫിസർ ലാലി അജയകുമാറും സഹ ഉദ്യോഗസ്ഥരും സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രത്തിലെ വിദഗ്ധരും ഉദാരമായ പിന്തുണ നൽകുന്നു.  കർഷകർക്ക് ഒരു പാഠശാലയാണ് ഈ കൃഷിയിടം.  കർഷകസംഗമങ്ങളും ക്ലാസുകളും ഇവിടെ നടത്താറുണ്ട്. 

ഫോൺ: 9744718409

കീടങ്ങളെ കുടുക്കാൻ 

ബന്ദിത്തോട്ടവും കായീച്ചക്കെണിയുംകൃഷിത്തോട്ടത്തിൽ അങ്ങിങ്ങായി പൂത്തു നിൽക്കുന്ന ബന്ദിച്ചെടികൾ കാണുമ്പോൾ കൃഷിക്കിടയിൽ അൽപം പുഷ്പസൗന്ദര്യവും ഒരുക്കിയതാകാമെന്നേ കാഴ്ചക്കാർക്കു തോന്നുകയുള്ളൂ. പക്ഷേ അതല്ല കാര്യമെന്നു പറയുന്നു ബാലചന്ദ്രൻപിള്ള. കീടങ്ങളെ ആകർഷിക്കാൻബന്ദിപ്പൂക്കൾക്കു വലിയ കഴിവുണ്ട്. ഇതുപയോഗപ്പെടുത്തി കീടങ്ങളെ ബന്ദിത്തോട്ടത്തിൽ കുടുക്കിയിടുകയാണ്. ഇതിലും നിൽക്കാത്തവയെ കെണിയിൽ കുരുക്കാൻ കായീച്ചക്കെണികളും തയാര്‍.