മട്ടുപ്പാവിലെ മരതകപ്പച്ച

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മുനയ്ക്ക് സ്കൂളിൽനിന്ന് ഒരു പായ്ക്കറ്റ് പച്ചക്കറി വിത്തു കിട്ടി. എല്ലാ വിദ്യാർഥികളും വീട്ടിലൊരു പച്ചക്കറിത്തോട്ടമൊരുക്കണമെന്ന് അധ്യാപികയുടെ നിർദേശവുമുണ്ടായിരുന്നു. സ്കൂളിലേക്കുള്ള യാത്രകൾക്കിടയിൽ വിശാലമായ കൃഷിത്തോട്ടങ്ങൾ ഏറെ കണ്ടിട്ടുണ്ട് മുന. നഗരത്തിരക്കുകളുടെ നടുവിൽ താമസിക്കുന്ന തങ്ങളുടെ ഇത്തിരിമുറ്റത്ത് എവിടെ കൃഷി ചെയ്യും... കുഞ്ഞുമുന ആലോചിച്ചു.

ഏതായാലും വിത്തുകൾ കളയാതെ അവൾ ഭദ്രമായി അമ്മ സൈറാബാനുവിനെ ഏൽപിച്ചു. മകൾ കൊണ്ടുവന്ന വിത്ത് മണ്ണും വളവും നിറച്ച ഗ്രോബാഗിൽ നട്ട് അടുക്കളമുറ്റത്തു വച്ചു അമ്മ. എല്ലാറ്റിനും അവളെയും ഒപ്പം കൂട്ടി. അമ്മയും അനിയത്തിയും കൂടി എന്താണു പരിപാടി എന്നറിയാൻ ൈഹസ്കൂൾ വിദ്യാർഥിയായ ബിലാലും എത്തി. അന്ന് സൈറാബാനു ആ വിത്തുകൾ നട്ടത് മണ്ണിൽ മാത്രമല്ല, മക്കളുടെ മനസ്സിൽ കൂടിയായിരുന്നു. അതറിയണമെങ്കിൽ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പട്ടണത്തിലുള്ള കാവുങ്കര തൊങ്ങനാൽ വീടിന്റെ ടെറസിലെത്തണം, ബിലാലും മുനയും ചേർന്നൊരുക്കിയിട്ടുള്ള  കൃഷിയും കൃഷിപാഠങ്ങളും കാണണം. മക്കളെ കൃഷിയുടെ പച്ചപ്പിലേക്ക് കൈപിടിച്ചു നയിച്ച ഷാജഹാനെയും സൈറാബാനുവിനെയും പരിചയപ്പെടണം. 

ബിരുദാനന്തരബിരുദം കഴിഞ്ഞ് മൽസരപ്പരീക്ഷകൾക്കു തയാറെടുക്കുകയാണ് ഇന്നു ബിലാൽ.  ബിരുദവിദ്യാർഥിനിയാണിപ്പോൾ സഹോദരി മുന. 

നാൽപതിലേറെ ഇനം പച്ചക്കറികൾ വളരുന്നു ഇവരുടെ ടെറസിലിന്ന്. കാേബജും ബ്രൊക്കോളിയുംപോലുള്ള ശീതകാലയിനങ്ങൾ. പത്തിലേറെ മുളകിനങ്ങൾ. തക്കാളിയും വഴുതനയും പയറും പാവലും കോവലും പീച്ചിങ്ങയുമെല്ലാം ചേർന്ന് വീട്ടാവശ്യവും കഴിഞ്ഞ് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ  വേണ്ടുന്നത്ര വിളവുകൾ. സുന്ദരിച്ചീരയും പച്ചച്ചീരയും ചുവന്ന ചീരയും വള്ളിച്ചീരയും പോലുള്ള ചീര വൈവിധ്യം. 

കൂട്ടത്തിൽ വേറിട്ടൊരു ചീരയുമുണ്ടിവിടെ; മയിൽപ്പീലി ചീര. മയിൽപ്പീലിക്കണ്ണുപോലെ ഇലകളുടെ മധ്യത്തിൽ ആകർഷകമായ നിറംമാറ്റമുള്ള ചീരയിനം. ചീരയിനങ്ങൾ തമ്മിൽ നടന്ന പരപരാഗണം വഴി ഉരുത്തിരിഞ്ഞ ഈ പുതിയ ഇനത്തെ കണ്ടെത്തിയതും വളർത്തിയെടുത്തതും സൈറാബാനു. മക്കളാകട്ടെ, അമ്മയുടെ കണ്ടെത്തലിനെ ടെറസിലും മുറ്റത്തുമെല്ലാം കൃഷി ചെയ്ത് സമൃദ്ധമാക്കുകയും ചെയ്തു. പച്ചക്കറികൾ വിൽക്കാറില്ലെങ്കിലും വിത്തുകൾക്ക് ആവശ്യക്കാർ കൂടിയതോടെ വിത്തുവിൽപനയിലേക്കു കടന്നിരിക്കുന്നു ഈയിടെ ഇരുവരും. കൃഷിയിടം കാണാനെത്തുന്ന പലരും വിത്തുകൾക്ക് ഒാർഡർ നൽകുന്നുണ്ട്.

സമ്പൂർണ ജൈവക്കൃഷിയാണ് ഇവരുടേത്. മണ്ണിരക്കമ്പോസ്റ്റും ജീവാമൃതവും ഫിഷ് അമിനോയുമെല്ലാം തയാറാക്കുന്നതിൽ ബിലാലും മുനയും വിദഗ്ധർ. ഗ്രോബാഗിനു പകരം ചെറിയ പ്ലാസ്റ്റിക് വീപ്പയാണിപ്പോൾ കൂടുതൽ പ്രിയം. ഭക്ഷ്യസംസ്കരണ യൂണിറ്റുകളിൽനിന്ന് കുറഞ്ഞ വിലയ്ക്കു കിട്ടുന്ന, ഉപയോഗിച്ച് ഉപേക്ഷിച്ച വീപ്പകൾ. ചെലവു കുറവ്, ദീർഘകാലം ഈട്. വീപ്പകളും ഗ്രോബാഗുകളും ചേർന്ന് ടെറസിലെ കൃഷിത്തടങ്ങളുടെ എണ്ണം ഇപ്പോൾ മുന്നൂറിലേറെ.

ഫോൺ: 9747370149