പ്രവാസികൾ ചേർന്ന് സംഘകൃഷിയിലൂടെ നേട്ടമുണ്ടാക്കിയപ്പോൾ

ഗൾഫിൽനിന്നു തിരിച്ചെത്തിയവരോട് നെൽകൃഷി ചെയ്തു വരുമാനം നേടാമെന്ന് ആെരങ്കിലും ഉപദേശിക്കുമോ?  സംശയമുള്ളവർക്ക് മലപ്പുറം നന്നമ്പ്രയിലെഹരിത  പ്രവാസി ഹരിതസഹകരണസംഘത്തിലെത്താം.   സംഘത്തിന്റെ നേതൃത്വത്തിൽ നാല് വർഷമായി നെൽകൃഷിയുെട വരുമാനസാധ്യത തെളിയിച്ചുവരികയാണ്. തരിശായി കിടന്ന ബെഞ്ചാലി പാടത്താണ് പ്രവാസികൾ നെല്ലുൽപാദനത്തിനായി മുതൽമുടക്കിയത്. ഇരുപത്  പേർ ചേർന്ന് ആരംഭിച്ച സംരംഭത്തിൽ ഇത്തവണ പണമിറക്കിയത് 140 പേരാണ്. നാലുമാസത്തെ നെൽകൃഷിയിലൂെട 14.5 ശതമാനം ലാഭവിഹിതം നൽകിയ സംരംഭത്തിൽ മുതൽ മുടക്കാൻ ആളുണ്ടാവുക സ്വാഭാവികം.  ആകെ വരുമാനത്തിന്റെ അഞ്ചിലൊന്നോളം പൊതു ഫണ്ടിലേക്കു മാറ്റിയശേഷമാണ് ഇത്രയും ലാഭവിഹിതം നൽകിയത്. അംഗങ്ങളുെട ക്ഷേമപ്രവർത്തനങ്ങൾക്കായാണ് പൊതുഫണ്ട് ഉപയോഗിക്കുക.  വർഷങ്ങളായി ബെഞ്ചാലി പാടം തരിശുകിടക്കുകയായിരുന്നു.

എങ്ങനെ തരിശിടാതിരിക്കും?  പാടത്തെ പണിക്കാരെല്ലാം പത്തേമാരിയിലും വിമാനത്തിലുമായി ഗൾഫിനു കടന്നില്ലേ? പണിയാൻ ആളില്ലാതാവുകയും നെൽകൃഷിയിൽനിന്നുള്ളവരുമാനം തുച്ഛമാവുകയും ചെയ്തതോടെ കാടുകയറി ചതുപ്പായി ഇവിടം മാറി. എന്നാൽ നാലു വർഷം മുമ്പ് സ്ഥിതിഗതികൾക്ക് മാറ്റം വന്നു തുടങ്ങി. ഗൾഫിൽനിന്നു തിരിച്ചെത്തിയ പലരും നാട്ടിൽ തന്നെ തുടർന്നപ്പോൾ പുതിയ വരുമാനമാർഗം അനിവാര്യമായി. ഗൾഫിൽ പോകും മുമ്പ് മികച്ച കൃഷിക്കാരും കർഷകത്തൊഴിലാളികളുമായിരുന്നു  പലരും;  എന്നാൽ മറ്റ് ജോലികൾക്കു വേണ്ട വൈദഗ്ധ്യമൊന്നുമില്ലായിരുന്നു. പണ്ട് തങ്ങൾക്ക് തൊഴിലും വരുമാനവും നൽകിയിരുന്ന ബെഞ്ചാലി പാടം വീണ്ടും കൃഷിയോഗ്യമാക്കണമെന്ന ചിന്തയുണ്ടായത് അങ്ങനെ. വർഷങ്ങൾക്കു ശേഷം വീണ്ടും പാടത്തിറങ്ങി തോളോടു തോൾ ചേർന്ന് അധ്വാനിക്കുകയെന്ന ആശയം തന്നെ ആവേശകരമായിരുന്നു. 

2013ലായിരുന്നു തുടക്കം. ഇരുപത് പ്രവാസികൾ ചേർന്ന് പത്തേക്കർ നിലം പാട്ടത്തിനെടുത്ത് നെൽകൃഷി തുടങ്ങി. ഓരോ കൃഷിക്കാരനും അയ്യായിരവും പതിനായിരവും  അതിലധികവും തുക വീതം മുതൽമുടക്കി. ആദ്യകൃഷിയിൽ  മികച്ച ആദായം കിട്ടിയതോടെ പിന്നീട് കൂടുതൽ പേർ പങ്കാളികളായി. ക്രമേണ കൃഷിക്കാരുടെ എണ്ണവും കൃഷിയിട വിസ്തൃതിയും കൂടിക്കൂടി വന്നു. ഇത്തവണ ആകെ നൂറിലധികം ഏക്കറിലെ കൃഷിക്ക് 140 പ്രവാസികളാണ്  മുതൽ മുടക്കിയത്. കൂടുതലും  പരിമിത വരുമാനക്കാർ. ഒരു ലക്ഷം രൂപ വരെ മുടക്കിയവരുമുണ്ട്.  ഇത്തവണ  22 ഏക്കർ രാസവസ്തുരഹിത കൃഷിയാണെന്ന പ്രത്യേകതയുമുണ്ട്. ചാണകവും കോഴിക്കാഷ്ഠവുമൊക്കെ വളമായി നൽകിയും രാസ കീടനാശിനികൾ പ്രയോഗിക്കാതെയും നടത്തിയ ജൈവനെൽക്കൃഷി മോശമായില്ല. രാസവളം ഉപയോഗിച്ച പാടത്തേക്കാൾ ഉൽപാദനച്ചെലവ് വർധിക്കും. എന്നാൽ ജൈവഅരിക്ക് ഉയർന്ന വില ലഭിക്കുന്നപക്ഷം ഇതൊരു വെല്ലുവിളിയാകില്ലെന്ന പ്രതീക്ഷയാണ് കൃഷിക്കാർക്കുള്ളത്. ഇത്തവണത്തെ നെൽകൃഷിക്ക് 15 ലക്ഷം രൂപയോളം മുതൽമുടക്ക് വേണ്ടിവന്നു. 

കൃഷികാര്യങ്ങൾ തീരുമാനിക്കുന്നതിനു പരിചയസമ്പന്നരായ കൃഷിക്കാരുെട നേതൃത്വത്തിലുള്ള സമിതിയുണ്ട്. സംഘം പ്രസിഡന്റ് മുഹമ്മദ് ബാവ പച്ചായി, വൈസ്പ്രസിഡന്റ്  മുസ്തഫ, പഞ്ചായത്തിലെ പ്രമുഖ കർഷകനായ ടിഎംഎച്ച് സലാം തുടങ്ങിയവർ കൃഷിക്കു േനതൃത്വം നൽകുന്നു.  പ്രവാസി ലീഗിന്റെ േനതൃത്വത്തിൽ  ആരംഭിച്ച പ്രവാസി സഹകരണസംഘങ്ങളിലൊന്നാണിത്. സംസ്ഥാനത്ത് ആകെ നാൽപതോളം പ്രവാസി സഹകരണസംഘങ്ങൾ ഇത്തരം പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ പറഞ്ഞു. 

മുൻപ്രവാസികളുെട വിജയം കണ്ട് നാട്ടിൽ പലരും ജൈവ നെൽകൃഷി ആരംഭിച്ചുകഴിഞ്ഞു. ആെക 60 ഏക്കറിലാണ് നന്നമ്പ്ര പഞ്ചായത്തിൽ ഇത്തവണ ജൈവനെൽകൃഷി. ഈ അരി പ്രത്യേകം സംഭരിച്ച്  നാടൻ ജൈവ അരിയായി നന്മ എന്ന ബ്രാൻഡിൽ വിപണനം നടത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നാട്ടുകാർക്ക് വിഷമില്ലാത്ത ചോറുണ്ണാൻ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജൈവരീതിയിൽ ഉൽപാദിപ്പിച്ച നെല്ല് കുത്തി അരിയാക്കുന്നതിനുള്ള മില്ലും 5, 10 കിലോ വീതം പായ്ക്കു ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമൊക്കെ ഏർപ്പെടുത്തിക്കഴിഞ്ഞു. 

ഫോൺ: 9447731464