നാടൻ ഇനങ്ങളുടെ കാവലാൾ

വീടിനു ചുറ്റും പച്ചക്കറിപ്പന്തലും തൊടി നിറയെ നാടൻ വിളകളുമൊക്കെയായി ഒരു കാലം മലയാളിക്കുണ്ടായിരുന്നു. എന്നാൽ ആനക്കൊമ്പൻ വെണ്ടയും നാരില്ലാപ്പയറും വാളരിയും അടതാപ്പുമെല്ലാം നമുക്കിന്ന് അന്യമാണ്. ഒരിക്കൽ നട്ടാൽ കാര്യമായ പരിചരണമൊന്നുമില്ലാതെ ദീർഘകാലം വിളവുതരുന്നവയാണ് ഇവയിൽ പലതും. നാ‍ടൻ വിത്തിനങ്ങളുടെ തനിമ നഷ്ടമാകാതെ കാൽനൂറ്റാണ്ടായി ഇവയെല്ലാം കൃഷി ചെയ്തുവരുന്നു പാലായിലെ പൈകയിലുള്ള വക്കച്ചൻ. 

സ്വയം ആർജിച്ച അറിവുകളും പിതാവ് ആന്റണിയിൽനിന്നു ലഭിച്ച പാരമ്പര്യവിജ്ഞാനവും ജൈവകൃഷിരീതിയും സമന്വയിപ്പിച്ചാണ് വക്കച്ചൻ എന്ന ജോർജ് നാടൻ ഇനങ്ങൾ സമൃദ്ധമായി വിളയിക്കുന്നത്. വിളക്കുമാടത്തെ ഏറത്തുമുട്ടത്തുകുന്നേൽ വീട്ടിൽ എത്തുന്ന ആരെയും മുറ്റം നിറയെ നിറഞ്ഞുനിൽക്കുന്ന ആനക്കൊമ്പൻ വെണ്ടച്ചെടികൾ അദ്ഭുതപ്പെടുത്തും. സാധാരണ വെണ്ടയിൽനിന്നു വ്യത്യസ്തമായി കായ്കൾക്ക് അര മീറ്ററോളം നീളവും ആനക്കൊമ്പുപോലെ വളവുമുണ്ടാവും. പാചകഗുണമേറിയ ഇനം.

വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ വക്കച്ചൻ കൃഷി ചെയ്യുന്നു. ജലം സുലഭമായിടത്താണ് വേനൽകൃഷി.കുമ്മായം ചേർത്തു പരുവപ്പെടുത്തിയമണ്ണിൽ ഉണങ്ങിപ്പൊടിഞ്ഞ ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് തടമൊരുക്കി ചെറുകൂടകളിൽ കിളിർപ്പിച്ചെടുത്ത തൈകൾ നട്ടു നനയ്ക്കുന്നു. പയറിൽ ചാഴിശല്യമുണ്ടായാൽ കാന്താരിമുളക്–പാൽക്കായസത്ത് മിശ്രിതം തളിച്ച് നിയന്ത്രിക്കും. വെണ്ടയ്ക്കും വഴുതനയ്ക്കും തക്കാളിക്കുമൊക്കെ കീടപ്രതിരോധത്തിനായി വേപ്പെണ്ണ–വെളുത്തുള്ളി മിശ്രിതം പ്രയോഗിക്കുന്നു. 

മഴക്കാലാരംഭത്തിലെ കൃഷിക്ക് വേനൽക്കാലത്തുതന്നെ മണ്ണ് ഒരുക്കും. കിളച്ചൊരുക്കിയ മണ്ണിൽ കുമ്മായമിട്ട് അമ്ലത കുറച്ച് പച്ചിലവളവും ചാരവും മറ്റും ചേർത്ത് ചേനയും അടതാപ്പുമൊക്കെ കൃഷിയിറക്കുന്നു. കാലവർഷാരംഭത്തിൽ പച്ചക്കറികളും. രണ്ടേക്കർ‌ സ്ഥലത്ത് ഇപ്പോൾ കൃഷിയുണ്ട്.ജൈവകൃഷിയിൽ ഒഎഫ്എഐയുടെഅംഗീകാരമുണ്ട് ഈ കൃഷിയിടത്തിനെന്നു വക്കച്ചൻ പറയുന്നു.

ഫോൺ: 9447808417

ഫോൺ (ലേഖകൻ): 945234232