എഴുമറ്റൂരിലെ ക്ഷീരവിപ്ലവം: പ്രതിദിനം 200 ലീറ്റർ നാടൻ പാൽ

‘‘യഥാർഥ ക്ഷീരവിപ്ലവം ഇതാണ്; നമ്മുടെ നാടൻ പശുക്കളിലൂടെ നടക്കുന്ന  ക്ഷീരവിപ്ലവം’’, സംസ്ഥാനത്തെ ഏറ്റവും വലിയ നാടൻ പശു ഫാം എന്നു വിശേഷിപ്പിക്കാവുന്ന അമൃതധാര ഗോശാലയുടെ ഉടമ അജയകുമാറിന്റെ വാക്കുകൾ. പത്തനംതിട്ട പുല്ലാട് സ്വദേശിയും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അജയകുമാർ വല്യുഴത്തിൽ, സമീപപ്രദേശമായ എഴുമറ്റൂരിൽ ഒരുക്കിയ ഗോശാലയിൽ ഇപ്പോഴുള്ളത് പത്തൊമ്പത് ഇനങ്ങളിലായി മുന്നൂറിലേറെ നാടൻ പശുക്കൾ. പ്രതിദിനം 200 ലീറ്റർ നാടൻ പാൽ. ലീറ്ററിന് 120 രൂപയ്ക്കു വിൽപന. അടുത്ത ആറു മാസത്തിനുള്ളിൽ പശുക്കളുടെ എണ്ണം അഞ്ഞൂറിലെത്തുമെന്നും അജയകുമാർ.

ഇതിലൊതുങ്ങുന്നില്ല അജയകുമാറിന്റെ സംരംഭം. നാടൻ പശു കേന്ദ്രമാക്കിയുള്ള ജൈവകൃഷിരീതികളും ജൈവ ജീവിതവും പഠിക്കാനുള്ള പാഠശാല, കൃഷിചർച്ചകൾക്കായി അഞ്ഞൂറു പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ഫാമിൽ താമസിച്ചു പഠിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം, ഉൽപന്നനിർമാണ യൂണിറ്റുകൾ എന്നിവയെല്ലാം ഇവിടെ ഒരുങ്ങുന്നു. അജയകുമാറിന്റെ സംരംഭത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നതു മറ്റൊന്നാണ്. ഈ പാലാഴിയും പച്ചപ്പുമെല്ലാം സൃഷ്ടിച്ചിരിക്കുന്നത് ഇപ്പോഴും പ്രവർത്തിക്കുന്ന പാറമടയും ക്രഷറും ഉൾക്കൊള്ളുന്ന മുപ്പത്തിയാറേക്കർ ഊഷരഭൂമിയുടെ നെറുകയിൽ. 

ഇതുപതു വർഷമായി ഖത്തർ കേന്ദ്രീകരിച്ചു ബിസിനസ് ചെയ്യുന്ന അജയകുമാർ എഴുമറ്റൂരിലെ പാറമട ഏറ്റെടുക്കുന്നത് രണ്ടായിരത്തിലാണ്. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ക്രഷറും ആരംഭിച്ചു. പരിസ്ഥിതി ആഘാതം ലഘൂകരിച്ച് പാറമടയും ക്രഷറും പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഴായിക്കിടക്കുന്ന സ്ഥലങ്ങളിലെല്ലാം അഞ്ചടി വരെ ഉയരത്തിൽ മണ്ണു വിരിച്ച് കരനെല്ലും പച്ചക്കറിക്കൃഷിയും തുടങ്ങുന്നത്. പാറപൊട്ടിച്ചു നീക്കിയ ഒരു ഭാഗത്ത് രണ്ടര ഏക്കറിലായി മഴവെള്ളസംഭരണിയും തീർത്തു. പരിശ്രമങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരം ലഭിച്ചതോടെ കൃഷിയിൽ ഉൽസാഹം വർധിച്ചു. 

നന്മയുള്ള നാടൻ

പാറമടയിലെ ജോലിക്കാർക്കു പാലിനും മോരിനുമായി ഇരുപതിലേറെ എച്ച്എഫ് പശുക്കളെ മുമ്പുതന്നെ ഇവിടെ പരിപാലിച്ചിരുന്നു. നാടൻപശുക്കളുടെ മേന്മ  അറിഞ്ഞതോടെ അവയിലേക്കും ശ്രദ്ധ പതിഞ്ഞു. ക്രമേണ എച്ച്എഫ് പശുക്കളുടെ എണ്ണം കുറച്ചു. നാടന്റെ എണ്ണം മൂന്നു വർഷംകൊണ്ടുതന്നെ മുന്നൂറിലെത്തി. കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും കേൾവികേട്ട ഇനങ്ങളെല്ലാം ഇവിടെയുണ്ട്. വെച്ചൂരും ചെറുവള്ളിയും കപിലയും കൃഷ്ണയും പുങ്കനൂരും ഹള്ളിഗറും കാങ്ക്റേജും ഗിറും സഹിവാളുമെല്ലാം. ഇന്ത്യയിൽ  ശേഷിക്കുന്ന 36 നാടൻ ഇനങ്ങളിൽ പത്തൊമ്പതെണ്ണം ഇന്ന് അമൃതധാര ഗോശാലയ്ക്കു സ്വന്തം. 

അജയകുമാറിന്റെ ഫാമിൽ ഇപ്പോഴുമുണ്ട് എച്ച്എഫ് പശുക്കൾ ആറെണ്ണം ബാക്കി. നാടനെയും സങ്കരത്തെയും സമാന്തരമായി പരിപാലിച്ചുള്ള പരിചയം വച്ച് അജയകുമാർ ഉറപ്പിച്ചു പറയുന്നു, നാടൻ പശുക്കൾ തന്നെ ക്ഷീര കർഷകനു നേട്ടം. 

‘‘മുമ്പ് എച്ച്എഫ് ഇനങ്ങൾ കൂടുതലുണ്ടായിരുന്നപ്പോൾ തൊഴുത്തിൽനിന്ന് ഡോക്ടർ ഇറങ്ങുന്ന നേരം കുറവായിരുന്നു. ഒന്നിനല്ലെങ്കിൽ മറ്റൊന്നിന് പ്രശ്നങ്ങൾ. ഇന്ന് ഇത്രയേറെ പശുക്കളുണ്ടായിട്ടും ഡോക്ടർ വരുന്നത് വല്ലപ്പോഴും. കേരളത്തിലെ നാടൻ പശുക്കൾക്ക് പൊതുവെ പാൽ കുറവാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ ഗിർ, സഹിവാൾ തുടങ്ങിയവയ്ക്കു  മികച്ച ഉൽപാദനമാണുള്ളത്. അവയുടെ കുഞ്ഞുങ്ങൾ ഇവിടെ ജനിച്ചു വളർന്ന് ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതോടെ ഇനിയും ഉൽപാദനം കൂടും. തീറ്റച്ചെലവാകട്ടെ, വിദേശ ജനുസ്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നന്നേ കുറവും. നാടൻപാലിന്റെ ഗുണമേന്മയെക്കുറിച്ച്  ആളുകള്‍ക്ക് ഇപ്പോള്‍ അറിയാം. അതുകൊണ്ട് ഇത്തരം  പാലും തൈരും നെയ്യും മുന്തിയ വിലയ്ക്കു വാങ്ങാന്‍ അവര്‍ ഒരുക്കമാണ്. കറവ കുറയുന്നതോടെ പശുക്കളെ മാറ്റി വാങ്ങുന്നത് നമ്മുടെ നാട്ടില്‍ പതിവാണല്ലോ. നാടൻ പശുവിന്റെ കാര്യത്തിൽ അതിന്റെ  ആവശ്യമില്ല. നാടൻ പശുവിന്റ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണി കേരളത്തിൽ വളരുകയാണ്്’’,  അജയകുമാറിന്റെ വാക്കുകളിൽ  ആത്മവിശ്വാസം.

കേരളത്തിൽ പക്ഷേ, നാടൻപശുക്കളുടെ വിലയും വിപണിയും ലാഭമോഹികളുടെ കയ്യിലാണെന്ന് അജയകുമാർ പറയുന്നു. ‘‘സാധാരണ കർഷകർക്കു കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകണം. യാഥാർഥ്യത്തിനു നിരക്കാത്ത വിലയ്ക്കാണ് ഇവിടെ നാടൻപശു വിൽപന. കേരള കാർഷിക സർവകലാശാലയിൽനിന്ന് ഈയിടെ വാങ്ങിയ പതിമൂന്നര മാസം പ്രായമുള്ള വെച്ചൂർ പശുവിന് കൊടുക്കേണ്ടി വന്നത് 75,000 രൂപ. സർക്കാർ സ്ഥാപനം ഇങ്ങനെയാണ് വിൽക്കുന്നതെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ’’. തന്റെ ഫാമിലെ പശുക്കളുടെ എണ്ണം അഞ്ഞൂറു കടക്കുന്നതോടെ പിന്നീട് ജനിക്കുന്നവയെ ന്യായവിലയ്ക്ക് വിൽക്കാന്‍ തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു.

ഫോൺ: 8943764371, 8943359445