സര്‍ക്കാര്‍ ജീവനക്കാരന്റെ മുപ്പതു സെന്റിലെ ഹരിതവിസ്മയം

വീട്ടുപേര് ഹരിതം. ചെറുഗേറ്റ് കടന്നു വീട്ടിലേക്കു കടക്കുമ്പോൾ ചെറുമുറ്റവും നാലഞ്ചു സെന്റിൽ ഒതുങ്ങുന്ന ചെറുവീടും ഒഴിച്ചാൽ മുഴുവൻ ഹരിത കാഴ്ചകൾ. വീട്ടുപേര് അന്വർഥമാക്കുന്ന ഹരിത കാന്തി.എന്തൊക്കെയാണ് കൃഷി എന്നു ചോദിക്കാൻ വരട്ടെ! ഈ കൃഷിയിടത്തിൽ എന്തില്ല എന്നേ ചോദിക്കേണ്ടി വരികയുള്ളൂ. ആലപ്പുഴ ജില്ലയിലെ തെക്കേക്കര പഞ്ചായത്തില്‍ വാത്തികുളങ്ങരയിലെ ഹരിതം വീട്ടിൽ ബാബുവും ഭാര്യ ആശയും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അഹല്യയും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അതുല്യയ്ക്കും ഒപ്പം ബാബുവിന്റെ അമ്മയും അടങ്ങുന്ന ചെറു കുടുംബത്തിന് കഴിക്കാൻ ഉള്ളതൊക്കെ ഈ  കൊച്ചു തുണ്ടുഭൂമിയിൽനിന്ന് ഉണ്ടാക്കുന്നു.

‘ഒറ്റ വൈക്കോൽവിപ്ലവം’ എന്ന കൃതിയില്‍  മസനോബു ഫുക്കുവോക്ക വരച്ചു കാട്ടുന്നതുപോെലാരു കൃഷിയിടം.  മണ്ണിളക്കാതെ  തനിയെ വളരുന്ന വിളകളെക്കുറിച്ചാണ് ഫുക്കുവോക്ക പറയുന്നത്. പക്ഷേ ‘ഹരിതം’ വീട്ടിലെ ബാബു   മണ്ണിളക്കാതെയും നട്ടുകൊടുക്കാതെയുമുള്ള കൃഷിയല്ല ചെയ്യുന്നത്. കഴിഞ്ഞ ആറു വർഷംകൊണ്ട് സ്വയം നട്ടു നനച്ചു പരിപാലിച്ചതാണു രണ്ടു വലിയ തെങ്ങുകൾ ഒഴികെ എല്ലാ വിളകളും. 

ആധുനിക കൃഷിശാസ്ത്രത്തിലെ സാമ്പ്രദായിക രീതികളിലല്ല  ഇവിടെ കൃഷി. ശാസ്ത്രമനുസരിച്ച് ഓരോ വിളയ്ക്കും നിശ്ചിത ഇടയകലവും, വരിയകലവുമൊക്കെ പാലിക്കണം. എന്നാല്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്ക നുസരിച്ച് പലതരം വിളകൾ അടുത്തടുത്തായി കൃഷി ചെയ്തിരിക്കുകയാണ് ഇവിടെ. തെങ്ങുകൾക്കു ചുവട്ടിൽതന്നെ ജാതിയും കൊക്കോയും പലതരം ഫലവൃക്ഷങ്ങളും നന്നായി വളരുന്നു.  

അത്തി, ഇലന്ത (ബെര്‍), ഡ്രാഗൺ ഫ്രൂട്ട്, ലിച്ചി, ബർബറ, സ്റ്റാർ ഫ്രൂട്ട്, ഓറഞ്ച്, ആപ്പിൾ, ചാമ്പ, സപ്പോട്ട, പേര, ആത്ത, മുലയൻ ആത്ത, പുലാസാൻ, നെല്ലി, നെല്ലിപ്പുളി,  ഞാവൽ, പപ്പായ, മുന്തിരി, പാഷൻഫ്രൂട്ട് എന്നിങ്ങനെ സ്വദേശിയും വിദേശിയുമായ മിക്ക പഴവർഗങ്ങളും ഇവിടെയുണ്ട്. വെള്ളക്കുളമ്പ്, മയൂരി, ഹിമാപസന്ത്  തുടങ്ങിയ മാവിനങ്ങൾ. എല്ലാം ഒട്ടുമാവുകൾ. മുട്ടൻ വരിക്കയിനം പ്ലാവിന് ആറു വർഷം പ്രായം. മൂന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങി. ആണ്ടിൽ 20 ചക്കയിൽ കൂടുതൽ കിട്ടും. ഒരു ചക്ക മൂന്നു – നാലു കിലോ തൂക്കം വരും. ഫലവൃക്ഷങ്ങൾ മിക്കതും കായ്ച്ചു തുടങ്ങിയതോ കായ്ച്ചുകൊണ്ടിരിക്കുന്നതോ ആണ്. കൊക്കോ, വാളംപുളി, കുടംപുളി, കറിവേപ്പ്, കറിനാരകം, ചെറുനാരകം എന്നിവയുമുണ്ട്. എല്ലാം ഗ്രാഫ്റ്റ് തൈകളായതിനാൽ പൊക്കത്തിൽ വളരില്ല. തെങ്ങ് കുള്ളൻ ഇനം രണ്ടെണ്ണം. നിറയെ കുലച്ചു നിൽക്കുന്നു. 

തെങ്ങുകയറ്റയന്ത്രമുപയോഗിച്ച് ബാബു തനിയെ  കയറി ആവശ്യാനുസരണം  തേങ്ങ  പറിച്ചെടുക്കും. ജാതിക്ക രണ്ടു തരത്തിൽ ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറംതോട് അച്ചാറിനും ചമ്മന്തിക്കും ഉപയോഗിക്കും. ജാതിപത്രിയും ജാതിക്കായും മസാലക്കൂട്ടായും രസക്കറി ഉണ്ടാക്കാനും ഉപയോഗിക്കും.

കൊക്കോ ചോക്ലേറ്റ് ആക്കുന്നു. അതിങ്ങനെ: കൊക്കോ കായ്കൾ കുട്ടികൾക്ക് മധുരം നുകരാൻ നൽകും. മാംസളഭാഗം കുട്ടികൾ കഴിച്ചശേഷം വിത്തുകൾ നന്നായി കഴുകി വെയിലിൽ ഒരാഴ്ച ഉണക്കും. അതിനുശേഷം കായ്കൾ ചീനച്ചട്ടിയിലിട്ട് കടല വറുക്കുംപോലെ വറുത്തെടുക്കും. വറുത്തെടുത്ത കായ്കളുടെ പുറംതോട് പൊട്ടിച്ചു പരിപ്പ് വേർപെടുത്തും. വേർപെടുത്തിയ പരിപ്പ് മിക്സിയിൽ പൊടിച്ചെടുക്കുന്നു.  കൊക്കോപ്പൊടി സമം പശുവിൻപാലും പഞ്ചസാരയും ചേർത്ത് പാത്രത്തിൽ വച്ചു തിളപ്പിച്ച് കുറുക്കിയെടുക്കുന്നു.  നന്നായി കുറുകാൻ അൽപം മൈദയോ ഗോതമ്പുപൊടിയോ ചേർത്തു കൊടുക്കാം. നന്നായി കുറുകിയ ശേഷം ഫ്രിഡ്ജിലെ ഫ്രീസറിൽ വച്ച് തണുപ്പിച്ച് മുറിച്ചെടുത്താൽ കൊക്കോ ചോക്ലേറ്റ് തയാർ.

പറമ്പിൽ അവിടവിടെ നിറയെ വാഴകൾ. നേന്ത്രൻ, ഞാലിപ്പൂവൻ, കാവേരി, പാളയംകോടൻ. ഇലയും, വാഴപ്പിണ്ടിയും, കൂമ്പും, കുലയും എല്ലാം വീട്ടിലെ ഉപയോഗത്തിനെടുക്കും. കൂടാതെ, വിവിധയിനം പച്ചക്കറികൾ. മിക്കതും 365 ദിവസവും വിളവെടുക്കും. കോവൽ, പാവൽ, പടവലം, പയർ, ചീര, വഴുതന, നിത്യവഴുതന, വെണ്ട, മത്തൻ, കുമ്പളം, വെള്ളരി, തടിയൻ, പച്ചമുളക്, തക്കാളി, കാരറ്റ്, കോളിഫ്ളവർ, കാബേജ്, വാളരിപ്പയർ അങ്ങനെ നീളുന്നു പച്ചക്കറികളുടെ പട്ടിക.

കപ്പയും ചെറുചേമ്പും, വെട്ടുചേമ്പും, ചേനയും, കാച്ചിലും (കാവത്ത്) കിഴങ്ങും ആവശ്യത്തിനുണ്ടാവും. കപ്പ മിക്ക ദിവസവും വിളവെടുക്കാനുണ്ടാവും. അതു മൂടോടെ പിഴുതെടുക്കാറില്ല. ബാബുവിന്റെ ചെറുകുടുംബത്തിന് അന്നു വേണ്ടതു  മാന്തിയെടുക്കുകയാണ് പതിവ്. രണ്ടു കിഴങ്ങുതന്നെ രണ്ടു കിലോയിൽ അധികമുണ്ടാവും. ഒരു മൂട്  കപ്പ പൂർണമായും വിളവെടുക്കാൻ ഒരാഴ്ച വേണ്ടി വരും. കപ്പ പിഴുതാൽ ഉടൻ പുതിയൊരു കപ്പക്കമ്പ് നടും.   വാഴക്കുല വെട്ടിയാൽ അന്നുതന്നെ പുതിയൊരു വാഴവിത്തും നടും. പയറു തീർന്നാൽ ഉടൻ ആ തടത്തിൽ  വഴുതന നട്ടിരിക്കും. 

എല്ലാ ദിവസവും വിളവെടുക്കണമെങ്കില്‍ എല്ലാ ദിവസവും എന്തെങ്കിലും നട്ടുകൊണ്ടിരിക്കണമല്ലോ. മുട്ടയ്ക്കായി കുറച്ചു കോഴിയും താറാവും കാടയുമുണ്ട്. കൂട്ടിലിട്ടും, വലയടിച്ചും അവയെ വളർത്തുന്നു. അടുക്കള അവശിഷ്ടമാണ് പ്രധാനമായും തീറ്റ. വല്ലപ്പോഴും കോഴിയെയും താറാവിനെയുംകാടകളെയും കശാപ്പു ചെയ്ത് ഇറച്ചിയായും ഉപയോഗിക്കും.

രണ്ടു കുളമുണ്ട്. ഒരു  കുളം അക്വാപോണിക്സ് രീതിയിൽ സിമന്റിൽ തീർത്തിരിക്കുന്നു. ചെറിയൊരു പമ്പ് ഉപയോഗിച്ച് വെള്ളം റീ–സൈക്കിൾ ചെയ്യുന്നു. സിമന്റ് കുളത്തിന്റെ വക്കിൽ പാലക് ചീരയും. കൊഴുപ്പച്ചീരയും, ചുവന്ന ചീരയും, ബീൻസും വിളയിക്കുന്നു. ടാങ്കിൽ അനാബസ്, റെഡ് ബെല്ലി ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളെ വളർത്തുന്നു, അവയ്ക്കു തീറ്റ പ്രത്യേകമായി നൽകും. 

പുരയിടത്തിൽ നേരത്തേയുള്ളതും  രണ്ടു മൂന്നു സെന്റ് വിസ്തീർണത്തിൽ ഏഴടിയിലധികം താഴ്ചയുള്ളതുമായ  മറ്റൊരു കുളത്തിൽ നാടൻ മീനുകളായ വരാലും, കൈതക്കോരയും, മുഷിയും, കുറച്ച് ഗിഫ്റ്റ് തിലാപ്പിയയും വളരുന്നു. ഇവയെ ആവശ്യാനുസരണം ചൂണ്ടയിട്ടും, വലയിട്ടും  പിടിക്കും. 

പാലിനു കാസർകോട് കുള്ളൻ ഇനത്തിൽപ്പെട്ട  പശുവുണ്ട്. അടുക്കളയിൽനിന്നുള്ള കഞ്ഞിവെള്ളവും അല്‍പം പുല്ലും മതി ഇതിനു തീറ്റ.  അതിരിൽ വേലിയായി പലതരം തീറ്റപ്പുല്ലുകള്‍ നട്ടുവളര്‍ത്തുന്നുണ്ട്.  

ടെറസിൽ വച്ച ചട്ടികളിൽ ഇഞ്ചിയും മഞ്ഞളും പച്ചമുളകും വഴുതനയും വെണ്ടയും  വളർത്തുന്നു. ടെറസിൽ പന്തലിട്ട് കോവലും പാവലും  പടവലവും പയറും വളർത്തുന്നുണ്ട്. ഒപ്പം ചെറുചാക്കുകളിൽ ചെറുകിഴങ്ങും, കാച്ചിലും (കാവത്ത്). പറമ്പിൽ അവിടവിടെയായി കുറെ  കമുകുകളുണ്ട്.  ചെറുമരങ്ങൾ നട്ടുവളർത്തി അവയില്‍ കുരുമുളക് പടർത്തിയിരിക്കുന്നു.

വളത്തിനായി ഒരു മണ്ണിരക്കമ്പോസ്റ്റു യൂണിറ്റുണ്ട്. കുല വെട്ടിയ വാഴകളും, കായ്ച്ചു തീർന്ന പച്ചക്കറിച്ചെടികളും കരിയിലകളും ചാണകവും ഒക്കെ ഉപയോഗിച്ചു കമ്പോസ്റ്റ് ഉണ്ടാക്കി   വിളകൾക്ക് വളമായി  നൽകുന്നു.  ആവശ്യമെങ്കില്‍  രാസവളങ്ങളും നൽകാറുണ്ട്. പക്ഷേ രാസകീടനാശിനികൾ തീരെ ഉപയോഗിക്കാറില്ല. വേപ്പധിഷ്ഠിത കീടനാശിനികളും സ്യൂഡോമോണാസും, ബ്യുവേറിയയും  ചില ഇലച്ചാറുകളുമൊക്കെ ഉപയോഗിച്ച് സസ്യങ്ങളിലെ കീട–രോഗങ്ങളെ നിയന്ത്രിക്കുന്നു.

മുപ്പതു സെന്റിലെ ഹരിത കാഴ്ചകൾ  തീരുന്നില്ല. എന്നാലും വിളകള്‍ ഒന്നെണ്ണി നോക്കി, 87 എണ്ണം.ഇനി കുറച്ചു പാടം വാങ്ങി നെല്‍കൃഷി ചെയ്യാനുള്ള പുറപ്പാടിലാണ് തെക്കേക്കര കൃഷിഭവനിലെ  അസിസ്റ്റന്റ് കൃഷി ഓഫിസറായ ബാബു. 

ഫോൺ : 9495 054775

ലേഖകന്റെ വിലാസം: കൃഷി ഓഫിസർ, കൃഷിഭവൻ, ചെറിയ 

നാട്, നെടുവരംകോട് പി.ഒ.,ചെങ്ങന്നൂർ. ഫോൺ: 8075557146