വിഷം തീണ്ടാത്ത മൽസ്യവും പച്ചക്കറിയും രേഖ രശ്മിക്കിന്റെ വാഗ്ദാനം

ജൈവകൃഷി സമന്വയിപ്പിച്ചു മത്സ്യവും പച്ചക്കറിയും കൃഷി ചെയ്യുന്ന അക്വാപോണിക്സ് ഫാമിനു സമീപം രേഖ രശ്മിക്.

രാമനാട്ടുകര ∙ അക്വാപോണിക്സ് രീതിയിലൂടെ മത്സ്യക്കൃഷിയിൽ പുതുമാതൃക സൃഷ്ടിച്ച രേഖ രശ്മിക്കിനു സംസ്ഥാന സർക്കാരിന്റെ ബഹുമതി. ഫാറൂഖ് കോളജ് ചുള്ളിപ്പറമ്പ് ചൂരക്കാട്ടിൽ അന്നപൂർണ അക്വാപോണിക്സ് നടത്തുന്ന വൈലാശ്ശേരി രേഖയ്ക്കാണു നൂതന മത്സ്യക്കൃഷിക്കുള്ള ജില്ലാതല അവാർഡ്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സമ്മാനിച്ചു.

മത്സ്യം വളർത്തുന്നതിനൊപ്പം പച്ചക്കറിയും കൃഷി ചെയ്യാവുന്ന സമ്മിശ്ര രീതിയാണ് അക്വാപോണിക്സ്. കുറഞ്ഞ സ്ഥലം പ്രയോജനപ്പെടുത്തി വിഷം തീണ്ടാത്ത മത്സ്യവും പച്ചക്കറിയും ഉൽപാദിപ്പിച്ചു വിജയം കൈവരിച്ചതാണ് ഇവരെ അവാർ‍ഡിന് അർഹയാക്കിയത്. വീടിനോടു ചേർന്ന നാലു സെന്റിലാണു രേഖയുടെ മത്സ്യ – പച്ചക്കറി കൃഷി. ഇതിൽ ഒരു സെന്റിലാണു കുളം. 

മത്സ്യക്കൃഷിക്കൊപ്പം സമാന്തര കൃഷി കൂടി ചെയ്യാവുന്ന തരത്തിലാണു രൂപകൽപന. കുളത്തിലെ വെള്ളം മെറ്റൽ ബഡുകളിലൂടെ കടത്തിവിട്ടു സസ്യങ്ങൾ മുഖേന ശുദ്ധീകരിച്ചു പുനരുപയോഗിക്കുന്നു. വിജയവാഡ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ ഉൽപാദിപിക്കുന്ന ഗിഫ്റ്റ് ഇനം മത്സ്യമാണു വളർത്തുന്നത്. കുളത്തോടു ചേർന്നു ചീര, പാവൽ, മഞ്ഞൾ, കൂവ, ബ്രഹ്മി, ചേമ്പ്, കോവൽ, മുളക് എന്നിവയാണു പച്ചക്കറികൾ.  രേഖയുടെ നേതൃത്വത്തിൽ അക്വാപോണിക്സ് കൃഷിരീതിയിൽ പരിശീലന ക്യാംപുകളും സംഘടിപ്പിക്കാറുണ്ട്. ഫോൺ: 9400801966.