അഞ്ചു കോടി ചെലവിട്ട് ചെറിത്തക്കാളി

കൃഷിയിൽ സ്റ്റാർട്ടപ്പുകൾക്കും ഹൈടെക് സാങ്കേതികവിദ്യകൾക്കും കാര്യമായ പരിഗണന നൽകുന്നു തെലങ്കാനയിപ്പോൾ. ഉയർന്ന മുതൽമുടക്കിൽ ഉന്നത ഗുണനിലവാരമുള്ള കാർഷികോൽപന്നങ്ങൾ വിളയിക്കുന്ന ഹൈടെക് കൃഷി ലക്ഷ്യം വയ്ക്കുന്നത് മെട്രോ നഗരങ്ങളിലെ വാങ്ങൽശേഷി കൂടിയ ഉപഭോക്താക്കളെയാണ്. ഹൈദരാബാദിൽനിന്ന് ഏതാണ്ട് എൺപതു കിലോമീറ്റർ അകലെ രംഗറെഡ്ഡി ജില്ലയുടെ ഉൾപ്രദേശമായ പടകലിലുള്ള സ്പർശ് ഹൈഡ്രോപോണിക് ഫാംസ് അങ്ങനെയൊന്നാണ്. മണ്ണില്ലാക്കൃഷി (soillesscultivation) വിജയകരമായി നടക്കുന്ന കൃഷിയിടം.

ഇരുപത്തിയഞ്ച് ഏക്കർ വരുന്ന ഫാമിൽ ചെറുതും വലുതുമായ പതിനാറ് പോളിഹൗസുകളിലായി മുപ്പതിനായിരം ചതുരശ്രമീറ്റർ സ്ഥലത്ത് ഒരേയൊരു വിള മാത്രം; ചെറി ടൊമാറ്റോ. കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽനിന്നുള്ള പായൽ റെയ്ന ഘോഷ് എന്ന വനിതയുടേതാണ് സംരംഭം. പായൽ വളർന്നതും പഠിച്ചതും ഹൈദരബാദിൽ. കൊമേഴ്സ് ബിരുദധാരിയായ പായലിനെ കൃഷിയിലെത്തിച്ചത് ഹൈടെക് സാങ്കേതികവിദ്യകളോടുള്ള താൽപര്യം. അഞ്ചു കോടി വരും സ്പർശ് ഹൈഡ്രോപോണിക് ഫാംസിനുള്ള മുതൽമുടക്ക്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഹൈഡ്രോപോണിക് ഫാം ആണ് സ്പർശ് എന്ന് ഫാം മാനേജർ രാകേഷ്.

മണ്ണില്ലാക്കൃഷി

മണ്ണില്ലാതെ കൃഷി ചെയ്യുന്ന സാങ്കേതികവിദ്യകൾക്ക് വിദേശങ്ങളിൽ വളരെ മുമ്പേ പ്രചാരമുണ്ട്.  മണ്ണിൽനിന്നു രോഗഭീഷണി ഒഴിവാക്കാം എന്നതും ചെടിക്കു  പോഷകങ്ങൾ കൃത്യമായ അളവിൽ നൽകാം എന്നതും മുഖ്യ നേട്ടം. ഹൈഡ്രോപോണിക്സ്, എയറോപോണിക്സ്, അക്വാപോണിക്സ് തുടങ്ങിയവ ഉദാഹരണങ്ങൾ. മൽസ്യക്കൃഷിയും മൽസ്യവിസർജ്യം മാത്രം പോഷകമാക്കിയുള്ള പച്ചക്കറിക്കൃഷിയും ചേരുന്ന അക്വാപോണിക്സിന്റെ ചെറു മാതൃകകൾക്ക് കേരളത്തിൽ കാര്യമായ പ്രചാരം ലഭിച്ചിട്ടുണ്ട്. അതേസമയം വാണിജ്യാടിസ്ഥാനത്തിലുള്ള അക്വാപോണിക്സ് കൃഷിയിൽ വിജയിച്ചവർ നന്നേ കുറയും.  ശാസ്ത്രവും സാങ്കേതികവിദ്യയും ഒന്നുചേരുന്ന നൂതന കൃഷിരീതികളുടെ സങ്കീർണതകൾ അത്ര അനായാസം വഴങ്ങുന്നതല്ല എന്നതുതന്നെ കാരണം. 

ജലത്തിലൂടെ നൽകുന്ന പോഷകങ്ങൾ മാത്രം സ്വീകരിച്ച് വിളകൾ വളരുന്ന ഹൈഡ്രോപോണിക്സ് രീതിയും ഏറെ കരുതൽ വേണ്ട ഒന്നാണെന്ന് രാകേഷ് പറയുന്നു. ഹൈഡ്രോപോണിക്സിൽ ചെടികൾ ക്രമീകരിക്കുന്നതിന് വ്യത്യസ്ത  രീതികളുണ്ട്. നിലത്ത് പോളിത്തീൻ ഷീറ്റ് പാത്തിപോലെ വിരിച്ച് അതിൽ നിറച്ചിരിക്കുന്ന ചകിരിച്ചോറിലാണ് ഇവിടെ ചെറിത്ത ക്കാളിച്ചെടികൾ വളരുന്നത്. തടങ്ങളിലൂടെ കടന്നു പോകുന്ന കുഴലുകളിൽനിന്ന് തുള്ളികളായി ലഭിക്കുന്ന വെള്ളത്തിൽ ചെടിക്കു വേണ്ട പോഷകങ്ങളെല്ലാം കൃത്യമായ അളവിലുണ്ടാവും. സൂക്ഷ്മജീവികളുടെയും രാസമാലിന്യങ്ങളുടെയും സാന്നിധ്യം  നീക്കി ശുദ്ധീകരിച്ച (റിവേഴ്സ് ഒാസ്മോസിസ് രീതിയിലൂടെ) ജലമാണ് കൃഷിക്കു പ്രയോജനപ്പെടുത്തുന്നത്.

വേനലിൽ തെലങ്കാനയിലെ താപനില 42–44 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. 32നും 34നും ഇടയിലുള്ള താപനിലയും 50 ശതമാനം അന്തരീക്ഷ ആർദ്രത(Humidity)യുമാണ് ചെറിത്തക്കാളിക്കു യോജിച്ച സാഹചര്യം. ഫാൻ ആൻഡ് പാഡ് കൂളിങ് സംവിധാനം ഉപയോഗിച്ചാണ് കടുത്ത വേനലിൽ താപനില താഴ്ത്തുന്നത്. പോളിഹൗസിന്റെ ഒരു വശത്ത് ഘടിപ്പിച്ചിരിക്കുന്ന ഫാൻ തള്ളിവിടുന്ന അന്തരീക്ഷവായു മറുവശത്തുള്ള പാഡിലെ ജലാംശം ആഗിരണം ചെയ്ത് അന്തരീക്ഷത്തെ തണുപ്പിക്കുന്ന സംവിധാനമാണിത്. അന്തരീക്ഷ താപനിലയ്ക്ക് അനുസൃതമായി നിശ്ചിത ഇടവേളകളിൽ നിശ്ചിത നേരത്തേക്കു മാത്രമാണ് ഫാൻ പ്രവർത്തിപ്പിക്കുക.

നഴ്സറി പ്രോട്രേയിൽ വളർത്തിയെടുക്കുന്ന തൈകൾ 30 ദിവസം പ്രായമെത്തുന്നതോടെ ഹൈഡ്രോപോണിക് സംവിധാനത്തിലേക്കു മാറ്റി നടും. ഏക്കറിൽ 5500–5600 ചെടികൾ. 50–60 ദിവസംകൊണ്ട് പൂവിട്ടു തുടങ്ങും. സ്വയംപരാഗണം സാധ്യമല്ലാത്ത സസ്യമായതിനാൽ പോളിഹൗസിനുള്ളിൽ പരാഗണം നടക്കണമെങ്കിൽ പൂവുകൾ ഉലയുന്ന രീതിയിൽ ചെടി ചെറുതായി കുലുക്കണം. തുടർച്ചയായി പൂവിടലും വിളവെടുപ്പും. 21–24 ദിവസംകൊണ്ട് കായ്കൾ പാകമാകും. 12–15 ഗ്രാം മാത്രമേ ചെറിത്തക്കാളിക്കു തൂക്കം വരൂ.  210–240 ദിവസം (ഏഴ്–എട്ട് മാസം) വരെ ചെടികൾ നിലനിർത്താം. വിളവെടുത്തവ സൂക്ഷിക്കാനും പായ്ക്ക് ചെയ്യാനുമായി 5000 ചതുരശ്രയടി വലുപ്പമുള്ള പായ്ക്ക് ഹൗസും ഫാമിലുണ്ട്. ബെംഗളൂരു, പുണെ, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രൊ നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളാണ് വിപണി. ചെറിത്തക്കാളിയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾകൂടി ലക്ഷ്യമിടുന്നുവെന്ന് ഫാം മാനേജർ.

ഫോൺ: 9133300619

വെബ്സൈറ്റ്: www.sparshbiolife.com

ചെറിത്തക്കാളി ചെറുതെങ്കിലും തക്കാളിക്കുടുംബത്തിൽപ്പെട്ട ചെറിത്തക്കാളി ചെറുതെങ്കിലും ഗുണത്തിലും വിലയിലും മുമ്പനാണ്. സ്വിസ് മിസ് എന്ന ബ്രാൻഡിൽ സ്പർശ് വിപണിയിലെത്തിക്കുന്ന ചെറിത്തക്കാളിക്കു കിലോയ്ക്ക് 360 രൂപ വില വരും. സാലഡിനും സോസിനും കറികൾക്കുമെല്ലാം ഉപയോഗിക്കുന്ന ഈയിനത്തിന് അമേരിക്കയിലും യൂറോപ്പിലും വലിയ പ്രചാരമുണ്ട്. നേരിയ മധുരമുള്ള ചെറിത്തക്കാളിയുടെ ആരോഗ്യസംരക്ഷണമേന്മകളെക്കുറിച്ച് ഇന്റർനെറ്റിൽ ഇഷ്ടംപോലെ വിവരങ്ങൾ. കാലറി കുറവുള്ളതിനാൽ തൂക്കം കുറയ്ക്കാൻ ഫലപ്രദം.പൊട്ടാസ്യവും ആന്റിഒാക്സിഡന്റുകളുംകൊണ്ട് സമ്പന്നം,രക്തസമ്മർദം കുറയാൻ ഉത്തമം, അങ്ങനെ പലതും. ഏതായാലും ചെറിത്തക്കാളി ചേർക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ ആസ്വാദ്യതതന്നെയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന മുഖ്യ ഘടകം.