കരകയറാൻ കാടവളർത്തൽ

കുറഞ്ഞ മുതൽമുടക്ക്, വേഗം വരുമാനം; പ്രളയദുരിതം കടക്കാൻ കാടവളർത്തൽ തുണയാവുമെന്നു ബൈജു

രണ്ടായിരത്തിന്റെ തുടക്കത്തിൽ ലക്ഷങ്ങളുടെ സാമ്പത്തികബാധ്യതയുമായി സ്വദേശമായ അങ്കമാലി മഞ്ഞപ്രയിൽനിന്നു മലപ്പുറം കോട്ടയ്ക്കലിലേക്ക് വണ്ടികയറുമ്പോൾ രക്ഷാമാർഗമായി തളിയൻ വീട്ടിൽ ബൈജു മനസ്സിൽ കണ്ടത് കാടവളർത്തൽ. വാടകയ്ക്കെടുത്ത ഷെഡ്ഡിൽ വളർത്തി തുടങ്ങിയ കാടകളുടെ എണ്ണം നൂറിൽനിന്നു പിൽക്കാലത്ത് ആയിരങ്ങളും പതിനായിരങ്ങളുമായി. കോട്ടയ്ക്കലെയും താനൂരിലെയും വാടകഷെഡ്ഡുകൾ കടന്ന്, ചില്ലിക്കാശ് ബാക്കിവയ്ക്കാതെ ബാധ്യതകൾ തീർത്ത്, പട്ടാമ്പി പടിഞ്ഞാറെ കൊടുമുണ്ടയിൽ ഏഴേക്കർ സ്വന്തം കാടഫാമിലേക്ക് ബൈജുവും വളർന്നു. അതിജീവനത്തിന്റെ കഥകൾ ഒാർമയിൽ തെല്ലും മങ്ങാത്തതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ പ്രളയത്തിലുണ്ടായ നഷ്ടം ബൈജു സാരമാക്കുന്നില്ല.

‘‘ഒാർക്കാപ്പുറത്ത് ബാണാസുരസാഗർ ഡാം തുറന്നുവിട്ടപ്പോൾ വയനാട് പനമരത്തുള്ള കാടഫാമിൽ മുങ്ങിപ്പോയത് പതിനെണ്ണായിരം കാടകൾ. വിൽപനയ്ക്കു സജ്ജമായ മുട്ടക്കാടകളായിരുന്നു ഏറെയും. കനത്ത മഴ വന്നപ്പോൾത്തന്നെ മൂന്നു ഷെഡ്ഡിലെ കാടകളെ അൽപം ഉയരത്തിലുള്ള നാലാമത്തെ ഷെഡ്ഡിലേക്കു മാറ്റിയിരുന്നു. പക്ഷേ ഡാം തുറന്നതോടെ വെള്ളം നിലവിട്ടുയർന്നു. ആറു ദിവസം നിന്നു പെരുവെള്ളം. രണ്ട് ബൈക്കുകളും ജനറേറ്ററും കാടഫാമും പ്രളയത്തിൽ മുങ്ങിനശിച്ചു’’, ബൈജുവിന്റെ വാക്കുകൾ. പ്രളയം കഴിഞ്ഞപ്പോൾ മുട്ടക്കാടക്കുഞ്ഞുങ്ങളെത്തേടി വിളിക്കുന്ന കർഷകരുടെ എണ്ണം വർധിച്ചെന്നു ബൈജു, പ്രളയം പലരുടെയും കാടകളെ വിഴുങ്ങിയിരിക്കുന്നു. വരുമാനത്തിലേക്കു മടങ്ങിയെത്താൻ അവരൊക്കെ മുന്നിൽക്കാണുന്നതും കാടകളെത്തന്നെ.

ലാഭക്കാട

കാര്യമായ ഏറ്റക്കുറച്ചിലുകളൊന്നുമില്ലാതെ വിപണിയും വിലയും ലഭിക്കുന്നു എന്നതാണ് കാടവളർത്തലിന്റെ മേന്മ. കാടമുട്ടയുടെയും ഇറച്ചിയുടെയും പോഷകഗുണങ്ങളെ സംബന്ധിച്ച് ഇന്ന് ആളുകൾക്കറിയാം. അതുതന്നെയാണ് കാടക്കൃഷിയുടെ അനുകൂലഘടകവും. 1000 കാടകളെ വച്ച് ബിജു കണക്കുകൂട്ടുന്ന ലാഭം കൂടി നോക്കാം. 22 ദിവസം പ്രായമായ മുട്ടക്കാട ഒന്നിന് 28 രൂപ. വീട്ടിലെത്തിക്കുന്ന ചെലവുകൂടി ചേർത്ത് 30 രൂപ വിലയിടാം. ആയിരത്തിന് 30,000 രൂപ. കാട മുട്ടയിട്ടു തുടങ്ങുന്നത് 42–45 ദിവസം എത്തുന്നതോടെയാണ്. എല്ലാം മുട്ടയിട്ട് ദിവസം ശരാശരി 800 മുട്ടയിലെത്തുമ്പോഴേക്കും 58–60 ദിവസമെത്തും. അതായത്, വാങ്ങി ഏതാണ്ട് 30 ദിവസം എത്തുമ്പോൾ. അപ്പോഴേക്കും കാടയൊന്നിനു 30 രൂപ തീറ്റച്ചെലവും വന്നിരിക്കും. അതായത് ആയിരത്തിനു 30,000 രൂപ. ആകെ 60,000 രൂപ. വീടുകളിൽ ലഘുസംരംഭം എന്ന നിലയ്ക്ക് മുട്ടക്കാട വളർത്താൻ ഹൈടെക് കൂടുകളൊന്നും ആവശ്യമില്ലെന്ന പക്ഷക്കാരനാണു ബൈജു. 15,000 രൂപ മുടക്കിയാൽ തീറ്റ, കുടിവെള്ള പാത്രങ്ങൾ ഉൾപ്പെടെ നല്ലൊരു കമ്പിവലക്കൂട് തയാറാക്കാം. ആകെ 75,000 രൂപ ചെലവിടാം.

ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ദിവസ വരുമാനം നോക്കാം. മുട്ട ഒന്നിന് ഒരു രൂപ 80 പൈസ നിരക്കിൽ 800 മുട്ട വിറ്റാൽ ദിവസം ലഭിക്കുന്നത് 1440രൂപ. ഒരു കാട ദിവസം 30ഗ്രാം തീറ്റ തിന്നും. ദിവസം 30 കിലോ തീറ്റയ്ക്ക് 900 രൂപ. മുട്ട വിതരണച്ചെലവ് 40 രൂപ കണക്കിടാം. ബാക്കി 500 രൂപ. എങ്ങനെ നോക്കിയാലും 1000 കാടയിൽനിന്നു ദിവസം 450–500 രൂപ ഉറപ്പാക്കാമെന്നു ബൈജു. എന്നാൽ ഈ ചുരുങ്ങിയ എണ്ണത്തിനെ പരിപാലിക്കാൻ ജോലിക്കാരനെ നിർത്തിയാൽ  അതോടെ തീർന്നു ലാഭം. 

കാടയെ വാങ്ങി ദിവസങ്ങൾക്കുള്ളിൽത്തന്നെ മുട്ട ലഭിച്ചു തുടങ്ങുമെങ്കിലും അതിനു വിപണി കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കും വിജയമെന്നു ബൈജു. 1000 കാടയെ വാങ്ങിയാൽ, പിന്നീടങ്ങോട്ട് ദിവസം രണ്ടായിരം രൂപ വരുമാനം എന്നു കരുതരുത്. ചെറിയ തോതില്‍ തുടങ്ങി വിപണി ലഭ്യമാകുന്നതിന് അനുസരിച്ച് ഘട്ടംഘട്ടമായി കാടകളുടെ എണ്ണം കൂട്ടുന്നതാവും ബുദ്ധി.തീറ്റ ക്രമീകരിക്കുന്നതും മുട്ടയുൽപാദനത്തെ സ്വാധീനിക്കുമെന്നു മറക്കരുത്. ഒറ്റയടിക്ക് കുഞ്ഞുങ്ങൾക്കുള്ള സ്റ്റാർട്ടർ തീറ്റയിൽനിന്ന് മുട്ടക്കാടകൾക്കുള്ള ലെയറിലേക്കു മാറരുത്. മുട്ടയിട്ടു തുടങ്ങി ഏതാണ്ട് 20 ശതമാനം മുട്ട, അതായത് 100 കാടയിൽനിന്ന് 20 മുട്ട, ലഭിച്ചു തുടങ്ങുമ്പോൾ സ്റ്റാർട്ടറിന്റെ അളവ് പത്തു ശതമാനം കുറച്ച് പകരം പത്തു ശതമാനം ലെയർ കലർത്തുക. ഇങ്ങനെ പത്തു ശതമാനം വീതം ലെയർ കൂട്ടിയും സ്റ്റാർട്ടർ കുറച്ചും പത്തു ദിവസംകൊണ്ട് കാടപോലും അറിയാതെ തീറ്റ മാറ്റുക. ഒറ്റയടിക്കു മാറ്റുന്നത് ഉയർന്നു തുടങ്ങുന്ന മുട്ടയുൽപാദനം നിലയ്ക്കാൻ ഇടയാക്കുമെന്നും ബൈജു. ഒരു വർഷത്തിലേറെ നിർത്താമെന്നൊക്കെ പറയുമെങ്കിലും മുട്ടയുൽപാദനം കുറഞ്ഞു തുടങ്ങുന്ന കാലത്തുതന്നെ ഇറച്ചിക്കു വിറ്റ് പുതിയ ബാച്ചിലേക്കു മാറുക. പുതിയ കുഞ്ഞുങ്ങളെ വാങ്ങാനുള്ള തുകയുടെ നല്ലൊരു പങ്ക് ഈ വിൽപനയിലൂടെ ലഭിക്കും. 

ഫോൺ: 9895166067