പ്രകൃതിക്ഷോഭങ്ങളിൽ പതറാതെ പാട്ടഭൂമിയില്‍ സമ്മിശ്രക്കൃഷി

‘‘ഇരുപതു വർഷം മുമ്പ്, കൃഷിയിലിറങ്ങിയ കാലത്തുതന്നെ നേരിട്ടതാണ് പ്രകൃതിക്ഷോഭത്തിന്റെ ദുരിതം. അന്ന് കാലവർഷക്കാറ്റ് തകർത്തത് പെരിയാറിന്റെ തീരത്തെ കൃഷിയിടത്തിലുണ്ടായിരുന്ന വാഴത്തോട്ടം അപ്പാടെ. ‘ജോസഫേ, ഒരു വണ്ടി വിളിച്ചോണ്ടു പോരേ, വാഴക്കുല മുഴുവൻ വെട്ടിക്കൊണ്ടുപോകാം’ എന്ന് വാഴത്തോട്ടത്തിനടുത്ത് താമസിക്കുന്നയാൾ വിളിച്ചു പറഞ്ഞപ്പോൾ നാലു കിലോമീറ്റർ ദൂരെയുള്ള തോട്ടത്തിലേക്ക് സൈക്കിൾ ആഞ്ഞു ചവിട്ടി പാഞ്ഞത് 

ഇപ്പോഴും ഒാർമയുണ്ട്. ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച; കുലച്ചുനിന്ന ആയിരം നേന്ത്രവാഴകളിൽ കാറ്റ് അവശേഷിപ്പിച്ചത് പതിന്നാലു വാഴകൾ. അന്നും മനസ്സ് മടുത്തില്ല. അങ്ങനെയെങ്കിൽ ആ നിമിഷം കൃഷി നിർത്തേണ്ടതല്ലേ. അതിനുശേഷവും അതുപോലെ നഷ്ടങ്ങളുണ്ടായി. പ്രളയത്തിൽ പെരിയാർ കരകവിഞ്ഞൊഴുകി വെള്ളം കെട്ടിനിന്ന് ഇപ്പോഴും നശിച്ചു അഞ്ഞൂറിലേറെ വാഴകളും അതിലേറെ കപ്പയും പൈനാപ്പിളും.

എന്നിട്ടും, ഒന്നരയേക്കറിൽ കൃഷി തുടങ്ങിയ ഞാനിപ്പോൾ പതിനാറേക്കറിൽ കൃഷി തുടരുന്നു. കൃഷി ചെയ്തുതന്നെ ഭൂമി വാങ്ങി, മക്കളെ പഠിപ്പിച്ചു, വീടു നന്നാക്കി, വാഹനങ്ങൾ വാങ്ങി’’, എറണാകുളം ജില്ലയിലെ കാലടി പാണിയേലിപ്പോരിനു സമീപം മേയ്ക്കപ്പാല കളമ്പാടൻ വീട്ടിൽ കെ.

എം.ജോസഫ് എന്ന കർഷകന്റെ ഈ വാക്കുകളിലുണ്ട് കടലോളം ആത്മവിശ്വാസം. മികച്ച സമ്മിശ്രക്കൃഷിക്കാരനാണ് ജോസഫ്. വിഎഫ്പിസികെയുടെ നെടുങ്ങപ്ര സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് എന്ന നിലയിൽ കർഷകരെ സംഘടിപ്പിക്കാനും കാർഷികോൽപന്നങ്ങൾക്ക് മികച്ച വില നേടിയെടുക്കാനും മുൻനിരയിലുണ്ട്. വർഷം മുഴുവൻ നീളുന്നതാണ് ജോസഫിന്റെ പച്ചക്കറിക്കൃഷി. കുറ്റിപ്പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, കാപ്സിക്കം, കാബേജ്, കോളിഫ്ളവർ തുടങ്ങി ഒട്ടേറെ ഇനങ്ങൾ. പച്ചക്കറി കഴിഞ്ഞാൽ പൈനാപ്പിളും വാഴയും കപ്പയുമാണ് വിലയുടെ കാര്യത്തിൽ തന്റെ വിശ്വസ്തമായ കൃഷിയിനങ്ങളെന്നു ജോസഫ്. 

ഇക്കൊല്ലം പെരുമഴ വന്നപ്പോൾ പച്ചക്കറിക്കൃഷിയുടെ ടൈംടേബിൾ തെറ്റി. ഒാണത്തിന് വിളവെടുക്കേണ്ട വെണ്ടയും മുളകും മഴമൂലം പൂവിടാതെ നിന്നു. ഇപ്പോഴാണ് പലതും വിളയുന്നത്. അപ്പോഴേക്കും തമിഴ്നാടൻ പച്ചക്കറികൾ വിപണിയിലേക്ക് വന്നതുമൂലം വില കുറഞ്ഞിരിക്കുന്നു.  

പാലക്കാട് കുനിശ്ശേരി, നെന്മാറ ഭാഗങ്ങളിൽ മുമ്പ് തരിശുനിലം പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി ചെയ്തിരുന്നു. പെരുമ്പാവൂർ ഭാഗത്ത് ലഭിക്കുന്നതിന്റെ നാലിരട്ടി വിളവും ലഭിച്ചിരുന്നു. പാടത്ത് നെല്ലു മാത്രമേ പാടുള്ളൂ എന്ന സമരപ്രഖ്യാപനം മുഴങ്ങിയതോടെ അവിടം വിട്ടു. ഒന്നരയേക്കറോളം ഇഞ്ചി ഇക്കൊല്ലവുമുണ്ട്. ഇഞ്ചിക്കണ്ടത്തിന്റെ അരികിൽ നാടൻ മഞ്ഞൾകൃഷി ചെയ്യുന്ന രീതിയുമുണ്ട് ജോസഫിന്. അതുവഴി ഇഞ്ചിയുടെ രോഗബാധകൾ കുറയുമെന്ന് അനുഭവം.

പ്രളയം വന്നതുകൊണ്ടൊന്നും പെരിയാറിന്റെ തീരത്തെ എക്കൽമണ്ണിലുള്ള കൃഷിയൊഴിവാക്കാൻ ജോസഫ് തയാറല്ല. വെള്ളം കയറിയിറങ്ങി പോകാൻ സാധ്യത കൂടിയ ഭാഗത്ത് മേലിൽ പച്ചക്കറിക്കൃഷി ഒഴിവാക്കും. പകരം വാഴക്കൃഷിയാവാം. വെള്ളം ദിവസങ്ങളോളം കെട്ടിനിൽക്കാൻ ഇടയുള്ള പ്രദേശങ്ങളിൽ കാലവർഷം കനക്കുന്നതിനു മുമ്പ് വിളവെടുപ്പു നടത്താവുന്ന രീതിയിൽ കൃഷിയിറക്കും.

കുടുംബകൃഷിയാണ് ജോസഫിന്റേത്. ഭാര്യ ജെയ്സി മുഴുവൻ സമയവും ഭർത്താവിനൊപ്പം കൃഷിയിടത്തിലുണ്ട്. വിദ്യാർഥികളായ മക്കളും അവധി ദിവസം കൂടെക്കൂടും. തിരിച്ചടികളിൽ തകരാതെ കൃഷിയിറക്കാനുള്ള ഊർജവും അതുതന്നെയെന്നു ജോസഫ്. കൊള്ളപ്പലിശയ്ക്കു വായ്പ വാങ്ങിയുള്ള കൃഷിയില്ല ജോസഫിന്. ബാങ്കിൽനിന്ന് ഒറ്റ വർഷം മാത്രം ദൈർഘ്യമുള്ള വായ്പകളെടുക്കും. 

കൃഷിലാഭംകൊണ്ടുതന്നെ അത് കൃത്യമായി തിരിച്ചടയ്ക്കും. ഇക്കൊല്ലം പക്ഷേ താനുൾപ്പെടെയുള്ള കർഷകരെല്ലാം വായ്പ തിരിച്ചടയ്ക്കാൻ വിഷമിക്കുമെന്നു ജോസഫ്. കർഷകന്റെ തിരിച്ചടവ് ഒരു ദിവസം മുടങ്ങിയാൽ ബാങ്കുകാർ വീട്ടിലെത്തും. ഇക്കാര്യത്തിലൊക്കെ അൽപം സാവകാശം അനുവദിക്കാൻ സർക്കാർ ഇടപെടണമെന്നും ജോസഫ്.  

ഫോൺ: 9947115559