കൂൺ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി കൃഷിക്കു വളം

കൂൺകൃഷിയിൽ തകർച്ചയിൽനിന്നു കരകയറി വിജയക്കുതിപ്പിലാണ് കോഴിക്കോട് ജില്ലയിൽ പാതിരിപ്പറ്റയിലെ കുളമുള്ള പറമ്പത്ത് മൊയ്തു. മൂന്നു വർഷം മുൻപ് കൂൺകൃഷി തുടങ്ങിയപ്പോൾ തന്നെ രോഗം ബാധിച്ച് തടങ്ങൾ മുഴുവൻ നശിച്ചു. എന്നാൽ തോറ്റു പിന്മാറാതെ അനുഭവത്തിൽനിന്നു പാഠമുൾക്കൊണ്ട് മുന്നോട്ടുപോയ മൊയ്തുവിന്റെ ‘കേര’ കൂൺ ഫാം  ഇന്നു വളർച്ചയുടെ പാതയിലാണ്.

പാതിരിപ്പറ്റയിലെ കർഷക കുടുംബത്തിൽ ജനിച്ച മൊയ്തു 16 വർഷം കുവൈത്ത് എയർവെയ്സിൽ ജോലി ചെയ്ത ശേഷം  നാട്ടിലേക്കു മടങ്ങി. മകൻ ഷമീറാണ് കൂണിന്റെ വിപണനസാധ്യത മനസ്സിലാക്കി സംരംഭം തുടങ്ങിവച്ചത്. പരാജയത്തിൽ നിരാശനായി ഷമീർ പിൻവാങ്ങിയെങ്കിലും മൊയ്തു അതിൽ ഉറച്ചുനിന്നു. വീടിനോടു ചേർന്നുള്ള ഫാമിൽ ദിവസവും ഒന്നര ക്വിന്റൽ കൂൺ ഉൽപാദിപ്പിക്കാൻ സൗകര്യമുണ്ട്. 18 മീറ്റർ നീളവും നാലര മീറ്റർ‌ വീതിയും രണ്ടര മീറ്റർ ഉയരവുമുള്ള ഷെഡിലാണ് കൂൺനിർമാണം. തെർമോകോൾകൊണ്ടാണ് മുകൾഭാഗം പാകിയത്. നാലു വശത്തും ഈർപ്പം നിലനിർത്താൻ പ്ലാസ്റ്റിക്കും നൈലോൺ നെറ്റും ഉപയോഗിച്ച് മറയുണ്ടാക്കിയിരിക്കുന്നു. കൂൺപുരയിൽ ഈർ പ്പം നിലനിർത്താനുള്ള അൾട്രാസോണിക് ഹുമി ഡിഫയർ, കാർ‌ബൺ റിമൂവർ, ഓട്ടോ ക്ലാവ് തുടങ്ങിയ യന്ത്രസംവിധാനങ്ങളുണ്ട്. 10 ലക്ഷം രൂപ ചെലവായി. ബാങ്ക് വായ്പയെടുത്താണ് പണം സ്വരൂപിച്ചത്. ബെംഗളൂരുവിൽനിന്ന് കിലോയ്ക്ക് 175 രൂപയ്ക്ക് കൂൺവിത്തു വാങ്ങുന്നു. പുറമെനിന്നു വിത്ത് വാങ്ങുമ്പോൾ മുഴുവനും മുളച്ചെന്നു വരില്ല. 10 കിലോയിൽ ഒരു കിലോയെങ്കിലും നഷ്ടപ്പെടും. അതിനാൽ സ്വന്തമായി വിത്തുൽപാദനം തുടങ്ങാൻ പദ്ധതിയുണ്ട്.

കൂൺതടം തയാറാക്കൽ

െവെക്കോലാണ് ഇവിടെ  വളർത്തൽ‍ മാധ്യമം. െവെക്കോൽ രാസലായനിയിൽ 16 മണിക്കൂർ കുതിർത്തുവച്ചാണ് അധികം പേരും കൂൺതടം (മാധ്യമം) തയാറാക്കുന്നത്. എന്നാൽ മൊയ്തു രാസവസ്തുക്കൾ ഉപയോഗിക്കാതെ െവെക്കോൽ എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കുന്നു. അതിനുശേഷം  ഇതു നാലു മണിക്കൂർ തിളപ്പിച്ചെടുക്കും. ഇങ്ങനെ അണുമുക്തമാക്കിയ െവെക്കോലാണ് തടത്തിൽ ഉപയോഗിക്കുന്നത്. അണു വിമുക്തമാക്കിയ െവെക്കോൽ ആറ്–എട്ട് സെന്റിമീറ്റർ കനത്തിൽ 18–26 സെ. മീ. വ്യാസത്തിലുള്ള ചുമ്മാടുകളാക്കും. ഇവ ഒന്നിനു മുകളിൽ ഒന്നായി പ്ലാസ്റ്റിക് കവറുകളിലാക്കും. ഓരോ ചുമ്മാടിന്റെയും ഇടയിൽ കൂൺ കവറിനോട് ചേർ‌ന്ന ഭാഗത്ത് വിത്തു വിതറും. മധ്യഭാഗത്ത് കൂൺ വിത്തുകൾ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. തടങ്ങൾ നന്നായി അമർത്തിയശേഷം ചണനൂൽകൊണ്ട് കെട്ടും. കവറിന് ചുറ്റും പല സ്ഥലത്തായി അമ്പതോളം സുഷിരങ്ങൾ മൊട്ടുസൂചികൊണ്ട് ഉണ്ടാക്കും.

കൂൺതടങ്ങൾ നല്ല ഈർപ്പവും ഇരുട്ടുമുള്ള മുറിയിൽ തൂക്കിയിടുന്നു. പ്ലാസ്റ്റിക് ചരടും പിവിസി പൈപ്പും ഉപയോഗിച്ചുണ്ടാക്കിയ ഉറികളിലാണ് ഇവ തൂക്കിയിടുന്നത്. 14 ദിവസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പ്. ഒരു കൂൺതടത്തിൽനിന്നു നാലു തവണ വിളവെടുക്കാം. ഒന്നര കിലോ കൂൺവരെ ഒരു തടത്തിൽനിന്നു കിട്ടും. ആഴ്ചയിൽ ഒരു ദിവസം കൂൺ പുര പുകച്ച് അണുവിമുക്തമാക്കും. ബാക്കി എല്ലാ ദിവസവും കൂൺ വിളവെടുക്കാവുന്ന രീതിയിലാണ് തടങ്ങൾ ഒരുക്കുന്നത്. 

ഫ്ളോറിഡ, ചിപ്പിക്കൂൺ, ഓയിസ്റ്റർ, പാൽകൂൺ തുടങ്ങി ഏറ്റവും രുചികരവും പോഷകസമ്പന്നവുമായ ഏഴു തരം കൂണുകളാണ് ഫാമിൽ ഉൽപാദിപ്പിക്കുന്നത്. കൂണിനും കൂൺ ഉൽപന്നങ്ങൾക്കും ആവശ്യക്കാരേറെയുണ്ടെന്നു മൊയ്തു. കേര കൂണിന് 200 ഗ്രാം പായ്ക്കറ്റിന് 80 രൂപയാണ് വില. ചില്ലറ ആവശ്യക്കാർക്കായി 50 രൂപയ്ക്ക് 100 ഗ്രാം പായ്ക്കറ്റുകളും ലഭ്യമാണ്. അയൽവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ വീട്ടിലെത്തി കൂൺ വാങ്ങുന്നുണ്ട്. ഹോട്ടലുകൾക്കും നൽകിവരുന്നു.

അവശിഷ്ടങ്ങൾ കമ്പോസ്റ്റ്

രണ്ടു കുളത്തിൽ കട്‌ല, രോഹു, കരിമീൻ ഉൾപ്പെടെയുള്ള  മത്സ്യങ്ങളെ വളർത്തുന്നുണ്ട്. തെങ്ങ്, കമുക്, കുരുമുളക്, കുറ്റിക്കുരുമുളക്, നേന്ത്രവാഴ, റംബുട്ടാൻ എന്നീ വിളകളുമുണ്ട്. കൂൺതടങ്ങളിലെ അവശിഷ്ടങ്ങൾ കമ്പോസ്റ്റ് വളമാക്കി കൃഷിക്ക് ഉപയോഗിക്കുന്നു. മുട്ടക്കോഴി, താറാവ്, കരിങ്കോഴി, നാടൻകോഴി, അലങ്കാരപ്പക്ഷികൾ എന്നിവയെ വളർത്തുന്നതിനൊപ്പം തേനീച്ച വളർത്തലുമുണ്ട്.

വീട്ടാവശ്യത്തിന് തക്കാളി, പയർ, വെണ്ട, പാവൽ, മുളക്, ചീര തുടങ്ങിയ പച്ചക്കറികളും കൃഷിയുണ്ട്. ഇവയ്ക്കെല്ലാം കൂൺശാലയിൽനിന്നാണ് വളം. കുന്നുമ്മൽ പഞ്ചായത്ത് മികച്ച കർഷകനുള്ള അവാർ‌ഡ് നൽകി ആദരിച്ച മൊയ്തുവിനു തന്റെ സംരംഭത്തിൽ നരിപ്പറ്റ പഞ്ചായത്തംഗം പാലോൽ കുഞ്ഞമ്മദ് ഹാജിയാണ് വഴികാട്ടി. കൂൺകൃഷിയിൽ പരിശീലനം നേടിയ അനിത അശോകന്‍ സഹായിയും. മൊയ്തുവിന്റെ ഭാര്യ സുലൈഖയും മക്കളായ ഷമീറും മുഹമ്മദ്സിനാനും സഹായത്തിന് ഒപ്പമുണ്ട്. 

ഫോൺ: 95448 09261