വീട്ടുപടിക്കലെത്തും നാടൻ പാൽ

കൊച്ചി∙ കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് കഴിഞ്ഞെങ്കിലും പൂക്കാട്ടുപടി സ്വദേശി ഹഫീസ് അഷ്റഫിന് ഇഷ്ടം കൃഷിയോടായിരുന്നു. ടിഷ്യു കൾചറിലൂടെ ഗുണമേൻമയുള്ള വാഴത്തൈകൾ സൃഷ്ടിച്ചെടുക്കുന്ന ബിസിനസാണ് ആദ്യം തുടങ്ങിയത്. ഇതിനിടെ ഹഫീസിനൊരു കുഞ്ഞു പിറന്നു. കുഞ്ഞിനുവേണ്ടി നാടൻ പാൽ തപ്പി നടന്നപ്പോൾ, അതു കിട്ടാനില്ലാത്തതല്ല, ഉള്ള സ്ഥലങ്ങളിൽനിന്നു തപ്പിടെയുക്കുന്നതാണു പ്രശ്നമെന്നു ഹഫീസ് മനസിലാക്കി. ധാരാളം ക്ഷീരകർഷകരുള്ള പൂക്കാട്ടുപടിയിൽ ഒരു നാടൻപാൽ ഹോം ഡെലിവറി ബിസിനസ് തുടങ്ങാമെന്ന ചിന്ത തുടങ്ങുന്നത് അങ്ങനെയാണ്. ആദ്യം സ്വന്തം നാട്ടിലെ, പശുവുള്ള വീടുകളിൽ ഹഫീസ് സന്ദർശനം നടത്തി. കർഷകർക്കു മികച്ച വില നൽകാമെന്ന് ഉറപ്പു നൽകി. കവർ പാൽ മാത്രം ഉപയോഗിച്ചു ശീലിച്ച നഗരത്തിനു ശുദ്ധമായ, പ്രിസർവേറ്റീവുകളൊന്നുമില്ലാത്ത പാൽ, കുപ്പിയിൽ എത്തിച്ചുകൊടുക്കുന്ന ഡെയ്‌ലി ഡയറി ആരംഭിച്ചു.

∙ കുപ്പിപ്പാൽ വീട്ടുപടിക്കൽ

ഏതെങ്കിലും ഉപഭോക്താവു പാൽ വേണമെന്ന് ആവശ്യപ്പെട്ടാൽ ഹഫീസിന്റെ ഡെലിവറി ബോയ് ഉടൻ വീട്ടിലെത്തും. പാൽ എത്തിക്കേണ്ട സമയം ചോദിക്കും. റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നൽകിയാൽ അടുത്ത ദിവസം വാതിൽ തുറക്കുമ്പോൾ കുപ്പിയിലാക്കിയ നാടൻ പാൽ സിറ്റ്‌ഔട്ടിലുണ്ടാകും. 

∙ കുപ്പി ഡൽഹിയിൽ നിന്ന്

പ്ലാസ്റ്റിക് കവറിലും പ്ലാസ്റ്റിക് കുപ്പിയിലും പാൽ ഡെലിവറി ചെയ്യില്ലെന്ന് ഹാഫിസ് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. രാസവസ്തുക്കളൊന്നും ചേർക്കാത്ത പാൽ നൽകാൻ ഡൽഹിയിലെ ഹിന്ദുസ്ഥാൻ നാച്ചുറൽ ഗ്ലാസിൽ നിന്നാണു കുപ്പി വാങ്ങുന്നത്.

∙ കേടാകാതിരിക്കാൻ പാസ്ചറൈസേഷൻ

പാസ്ചറൈസേഷൻ സാങ്കേതിക വിദ്യയിലൂടെയാണ് പാൽ കേടു കൂടാതെ സൂക്ഷിക്കുന്നത്. നിശ്ചിത താപനിലയിൽ ചൂടാക്കിയ പാൽ പിന്നീട് തണുപ്പിക്കും. പാൽക്കുപ്പി പ്രത്യേക ഐസ് പായ്ക്കുള്ള ബാഗിലാണ് ദിവസവും  പാൽ വീടുകളിലെത്തിക്കുക. ഈ ബാഗും കുപ്പിയും അടുത്ത ദിവസം തിരിച്ചേൽപ്പിക്കണം. കുപ്പി വൃത്തിയായിക്കഴുകാൻ പ്ലാന്റിൽ സൗകര്യങ്ങളുണ്ട്. കഴുകിയ ശേഷം സ്റ്റെറിലൈസ് ചെയ്ത് കുപ്പി വീണ്ടും ഉപയോഗിക്കും. പശുക്കളുടെ ആഹാരകാര്യങ്ങളും ആരോഗ്യവും കൃത്യമായി നിരീക്ഷിക്കും. പായ്ക്കിങ്ങിന്റെ ഒരു ഘട്ടത്തിലും പാൽ കൈകൊണ്ടു തൊടുന്നില്ല. വീടുകളിൽ നിന്നു ശേഖരിച്ച അതേ ദിവസം തന്നെയാണ് പാൽ വീടുകളിലെത്തിക്കുന്നത്.

∙ കൊച്ചിയിലെവിടെയും

കൊച്ചിയിലെവിടെയും പാൽ എത്തിക്കാനുള്ള സൗകര്യം ഇപ്പോൾ ഡെയ്‌ലി ഡയറിക്കുണ്ട്. അഞ്ചു വാഹനങ്ങളാണ് ഇപ്പോഴുള്ളത്. അടുത്ത മാസത്തോടെ ഉപയോക്താക്കളുടെ എണ്ണം 3000 കടക്കുമെന്ന് ഹഫീസ് അഷ്റഫ് പറയുന്നു.

∙ പ്രത്യേക ഓഫറും

ഉപയോക്താക്കൾക്കു പ്രത്യേക ഓഫറും കമ്പനി നൽകുന്നുണ്ട്. പുതിയ ഉപയോക്താവിനെ കണ്ടെത്തിക്കൊടുത്താൽ അഞ്ചു ലീറ്റർ പാൽ സൗജന്യം. ആറു പേരെ കണ്ടെത്തിയാൽ ഒരു മാസത്തേക്ക് പാൽ ഫ്രീ.

∙ ഒരു ദിനം മാത്രം

രാസവസ്തുക്കൾ ചേർക്കാത്തതിനാൽ ഒരു ദിവസം മാത്രമേ പാൽ ഉപയോഗിക്കാവൂ എന്നാണ് ഹഫീസ് പറയുന്നത്. ഫ്രിജിൽ സൂക്ഷിച്ചാൽ അടുത്ത ദിവസം രാവിലെ വരെ കേടാകാതിരിക്കുമെങ്കിലും കമ്പനി ഇക്കാര്യത്തിൽ ഗ്യാരന്റി നൽകുന്നില്ല. 32 രൂപയാണ് അര ലീറ്റർ പാലിന്റെ വില. ഒരു ലീറ്റർ കുപ്പിക്ക് 64 രൂപയും. മാസം തോറുമോ ആഴ്ച തോറുമോ പണം നൽകാം.