ഉണക്കിപ്പൊടിക്കാൻ ഡ്രയറും പൾവറൈസറും

പ്രേമദാസൻ സംസ്കരണശാലയിൽ

നാലുവർഷം മുമ്പ് ഉദ്യോഗം ഉപേക്ഷിച്ചാണ് പാലക്കാട് ചേർപ്പുളശേരിക്കു സമീപം കുലിക്കല്ലൂരിലെ പ്രേമദാസന്‍ സ്വന്തം സംരംഭം തുടങ്ങുന്നതിനായി ഇറങ്ങിത്തിരിച്ചത്. സംരംഭത്തിനു ചേർന്ന ആശയത്തിനായുള്ള അന്വേഷണം കിറ്റ്കോയുടെ സംരംഭക പരിശീലന പരിപാടി വഴി കേരള കാർഷിക സർവകലാശാലയിൽ ചെന്നെത്തി. നേന്ത്രക്കായ ഉണക്കിപ്പൊടിച്ചു വിപണനം നടത്താനാവശ്യമായ സാങ്കേതിക ഉപദേശവുമായി അവിടെനിന്നു മടങ്ങിയ അദ്ദേഹം ഒരു വർഷത്തിനുള്ളിൽ സുമാ ഫുഡ് സപ്ലിമെന്റ് എന്ന സംരംഭത്തിനു തുടക്കം കുറിച്ചു.

നേന്ത്രക്കായയുടെ പൊടി മൂല്യവർധന നടത്തി ബനാനാവിറ്റ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന ഈ സംസ്കരണശാലയുടെ അണിയറയിലും ഏതാനും ചെറുയന്ത്രങ്ങളാണുള്ളത്. ഡ്രയർ, കട്ടിങ് മെഷീൻ, ബ്ലെൻഡിങ് മെഷീൻ, പൾവറൈസർ, റോസ്റ്റർ, ഹാമർ, എന്നിവയാണ് സുമാ ഫുഡ്സിലെ പ്രധാന യന്ത്രങ്ങൾ. ഇവയ്ക്കെല്ലാം കൂടി എട്ടുലക്ഷം രൂപ വില നൽകി. സംരംഭത്തിനു വേണ്ടി പിഎംഇജിപി പദ്ധതി പ്രകാരം 25 ലക്ഷം രൂപ വായ്പയെടുത്തു. എട്ടു ലക്ഷത്തോളം രൂപ സബ്സിഡിയിനത്തിൽ ലഭിച്ചു.

വായിക്കാം ഇ - കർഷകശ്രീ 

ഏത്തക്കായയുടെ പൊടിക്കൊപ്പം അരി, റാഗി എന്നിവയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ബനാനാവിറ്റ ശിശുക്കളുടെ ആരോഗ്യത്തിന് ഉത്തമമാണെന്ന് പ്രേമദാസൻ പറഞ്ഞു. ഏത്തയ്ക്കാപ്പൊടി മാത്രമായും വിൽക്കുന്നുണ്ട്. സംസ്കരണത്തിനാവശ്യമായ നേന്ത്രക്കായ കൃഷിക്കാരിൽനിന്നു നേരിട്ടും ഏജന്റുമാരിൽനിന്നും വാങ്ങും. രാസവിഷരഹിതമായ കായ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ഒരു മാസം ശരാശരി ഒമ്പതു ടൺ ഏത്തക്കായ സംസ്കരിക്കാറുണ്ട്. തൊലി കളഞ്ഞ കായ നുറുക്കാനും ഉണക്കാനുമൊക്കെ യന്ത്രസഹായമുണ്ട്. മൂന്നര വർഷംകൊണ്ട് മലബാർ മേഖലയിൽ ഏറെ പ്രചാരം നേടിയ ബനാനാവിറ്റ തെക്കൻ ജില്ലകളിലും എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് സുമാ ഫുഡ്സ്. മുന്നൂറ് ഗ്രാമിനു 150 രൂപ നിരക്കിലാണ് ബനാനാവിറ്റ വിൽക്കുന്നത്. പ്രതിമാസം ശരാശരി അഞ്ചു ലക്ഷം രൂപയുടെ വിറ്റുവരവുള്ള സംരംഭത്തിൽനിന്ന് ഒരു ലക്ഷം രൂപയോളം അറ്റാദായം കിട്ടുന്നു. അഞ്ചു ലക്ഷം രൂപ മുടക്കിയാൽ വീടുകളിൽതന്നെ ചെറിയ തോതിൽ ഇത്തരം സംരംഭം തുടങ്ങാമെന്ന് പ്രേമദാസൻ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം ചോളം, ഗോതമ്പ്, ഓട്സ് എന്നിവ ചേർത്തുള്ള ഉൽപന്നങ്ങളും വിപണിയിലെത്തിക്കും. ആറ് തൊഴിലാളികൾക്ക് ജോലി നൽകുന്ന ഈ സംരംഭത്തിൽ പ്രേമദാസനു പിന്തുണയുമായി ഭാര്യ സുന്ദരിയുമുണ്ട്.

ഫോൺ– 0466 2008021, 9961414181