നല്ല ഭക്ഷണം നല്ല ചിന്ത എന്റെ ഭൂമിയിൽ

എന്റെ ഭൂമിയുടെ ജൈവ വിൽപനശാല

ആരെയും ആകർഷിക്കും മുളയിലും ചണച്ചാക്കിലും തീർത്ത മൂന്നു കൂടാരങ്ങൾ. സുസ്ഥിര ജീവിതത്ത‍ിനു യോജ്യമായ ഒരു കൂട്ടം പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണ് എറണാകുളം വളഞ്ഞമ്പലത്തുള്ള എന്റെ ഭൂമി. ജൈവ വിൽപനശാല, റസ്റ്ററന്റ് എന്നിവയാണ് മുഖ്യ ആകർഷണം. അമേരിക്കൻ വാസത്തിനു ശേഷം നാട്ടിലെത്തിയ കൃഷ്ണദാസാണ് എന്റെ ഭൂമിയുടെ പ്രമോട്ടർ. പെയിൻറിങ്, ശിൽപപ്രദർശനങ്ങൾ, ചർച്ചകൾ, പരിശീലന പരിപാടികൾ എന്നിവയുമായി ദിവസം മുഴുവൻ സജീവമാണിവി‌ടം. ഉറവിട മാലിന്യസംസ്കരണം പോലുള്ള ആശയങ്ങളുടെ പ്രചരണത്തിനും ഇവിടെ പ്രാധാന്യമുണ്ട്.

രണ്ടു വർഷം കഠിനാധ്വാനം ചെയ്താണ് ജൈവ വിൽപനശാലയ്ക്കു വേണ്ട ഉൽപന്നങ്ങൾ കണ്ടെത്തിയതെന്ന് കൃഷ്ണദാസ് പറഞ്ഞു. ഇവിടേക്ക് പച്ചക്കറികളും മറ്റുമെത്തിക്കുന്ന ഓരോ ഫാമും താൻ നേരിട്ടു സന്ദർശിച്ചവയാണ്. അതുകൊണ്ടുതന്നെ ജൈവസാക്ഷ്യപത്രത്തിന് അമിതപ്ര‍ാധാന്യം നൽകാറില്ല. വയനാട്ടിലെ ഒരു സംഘം കൃഷിക്കാരുടെ ഉൽപന്നങ്ങളാണ് ഇവിടെ പ്രധാനമായും വിൽക്കുന്നത്. ജൈവ ഉൽപന്നങ്ങൾക്ക് കൃഷിക്കാർ നിശ്ചയിക്കുന്ന വിലയാണ് നൽകിവരുന്നത്. പുലർച്ചെ വയനാട്ടിൽനിന്നും ബസ്സിലെത്തുന്ന ഉൽപന്നങ്ങൾ വൈറ്റില ഹബിൽ‌ നിന്ന് കടയിലെത്തിക്കുന്നതു മുതൽ ഈ കേന്ദ്രത്തിന്റെ സർവ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവ പങ്കാളിത്തം വഹിക്കുന്നു. ഇവിടുത്തെ ഓർഗാനിക് റസ്റ്ററൻറിനും സവിശേഷതകളുണ്ട്. എറണാകുളം നഗരത്തിലെ ഒരുപറ്റം വീട്ടമ്മമാർ അവരുടെ വീട്ടുവളപ്പുകളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. ജൈവ തേയില, വെളിച്ചെണ്ണ തുടങ്ങിയ ഉൽപന്നങ്ങളുമുണ്ട്.

വായിക്കാം ഇ - കർഷകശ്രീ 

നഗരങ്ങൾക്കാവശ്യമായ ജൈവ പച്ചക്കറികൾ അവിടെത്തന്നെ ഉൽപാദിപ്പിക്കുന്നതിനു ജൈവകർഷക കൂട്ടായ്മകളുടെ മാതൃകയിൽ ഒരു സംവിധാനം രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം. അടുക്കളമാലിന്യം വീടുകളിൽ തന്നെ സംസ്കരിച്ചു ജൈവപച്ചക്കറിക്കൃഷിയിൽ പ്രയോജനപ്പെ‌ടുത്തുന്ന രീതിയാണിത്. ജൈവരീതികൾ പാലിക്കപ്പെ‌ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉപഭോക്താക്കൾ കൂടിയായ കൃഷിക്കാരുടെ ഗ്രൂപ്പും. ഇപ്രകാരം ഒരു ബദൽ സംവിധാനത്തിലൂടെ നമ്മുടെ നഗരങ്ങൾക്കു വേണ്ട ഭക്ഷ്യവസ്തുക്കളിൽനിന്നു വിഷാംശം ഒഴിവാക്കാം. അതോടൊപ്പം നൂറുകണക്കിനു കിലോമീറ്റർ അകലെ നിന്നും ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതിനുള്ള ഇന്ധനച്ചെലവും കുറയും. വിദേശരാജ്യങ്ങളിൽ ഭക്ഷണത്തിന്റെ ഫുഡ്മൈൽ (തീൻമേശയിലെത്തുന്നതിനു ഭക്ഷ്യവസ്തുക്കൾ സഞ്ചരിക്കേണ്ടിവരുന്ന ദൂരം) ഏറെ പ്രധാന്യം നേടുന്നുണ്ട്. ഫുഡ്മൈൽ കുറഞ്ഞ ഭക്ഷണരീതി മാത്രമേ സുസ്ഥിരമാവൂ– അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോൺ: 94477035226