നാട്ടിൽ പൊടിച്ചാൽ നന്മകളേറെ

ധാന്യങ്ങൾ പൊടിക്കുന്ന മില്ല്

അരി പൊ‌ടിക്കാനും കൊപ്ര ആട്ടാനുമൊക്കെ മില്ലിലേക്കു പോയ കാലം ഓർമയുണ്ടോ? പൊടി നിറഞ്ഞ മുറിയും യന്ത്രങ്ങളും മില്ലുകാരനുമൊക്കെ ഇപ്പോൾ എന്തെടുക്കുകയാണെന്ന് എത്രപേർക്കറിയാം. ശീതീകരിച്ച സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളിൽ മനോഹരമായ പാക്കറ്റുകളിലെ അരിപ്പൊടിയും ആട്ടയും വെളിച്ചെണ്ണയും മുളകുപൊടിയുമൊക്കെ വശീകരണമന്ത്രം ചൊല്ലിയപ്പോൾ മില്ലും മില്ലുകാരനും വിസ്മൃതിയിലായി. കർഷകഭവനങ്ങളിൽ നെല്ല് പുഴുങ്ങിയുണങ്ങി കുത്തിയെടുത്ത അരിയുടെയും മുറ്റത്തുണങ്ങിയ കൊപ്ര ആട്ടിയെടുത്ത വെളിച്ചെണ്ണയുടെയും നാട്ടുരുചിയും വീട്ടുരുചിയും അന്യമായി.

പക്ഷേ, ഇപ്പോൾ വരുന്ന വാർത്തകളും സമൂഹമാധ്യമങ്ങളിലെ മുന്നറിയിപ്പുകളും വീട്ടമ്മമാർക്ക് അവഗണിക്കാനാവില്ല. വ്യാജനെയും ഒറിജിനലിനെയും തിരിച്ചറിയാതെ വിഷമിക്കുകയാണ് പലരും. നല്ല അരിപ്പൊടി ഉറപ്പാക്കാൻ സ്വന്തമായി അരിയും മുളകുമൊക്കെ പൊടിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ എന്ന് വീട്ടമ്മമാർ പരസ്പരം പറയുന്നു. ചുവന്ന അരിയിൽ പോളിഷുണ്ടോയെന്നറിയാതെ അവർ കുഴങ്ങുന്നു.

ബിസിനസ് നഷ്ടപ്പെട്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ മില്ലുകൾക്ക് ഈ അവസരം പാഴാക്കാനാവുമോ? അവസരത്തിനൊത്തുയർന്ന മില്ലുടമകൾ ഇന്ന് ബിസിനസ് നവീകരണത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ ചെറുകിട ഫ്ലോർമില്ലുകളുടെ സംഘടനയായ കെസ്ഫോമ (കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലോർ ആൻഡ് ‌ഓയിൽ മില്ലേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ നടക്കുന്ന നവീകരണം കേരളത്തിലെ മില്ല് വ്യവസായത്തിന്റെ രൂപവും ഭാവവും മാറ്റുകയാണ്. തൃശൂരിലെ പൈലറ്റ് സ്മിത്ത് കമ്പനിയാണ് ഇതിനു സാങ്കേതിക പിന്തുണ നൽകുന്നത്.

വായിക്കാം ഇ - കർഷകശ്രീ

മുഷിഞ്ഞ വസ്ത്രവുമായി പൊടി പുരണ്ട രൂപത്തിൽ കണ്ട മില്ലുടമയല്ല ഇനി നിങ്ങളെ സ്വാഗതം ചെയ്യുക. പൊടിക്കാനുള്ള അരി റിസപ്ഷനിൽ ഏൽപിച്ചാൽ മതി. സ്റ്റാഫ് അത് തൂക്കി ബില്ല് തരും. അകത്തേക്കു കൊണ്ടുപോകുന്ന അരി പൊടിച്ചു കഴിയുന്നതുവരെ നിങ്ങൾക്ക് റിസപ്ഷനിലെ ശീതളിമയിൽ വിശ്രമിക്കാം. അവിടെ ടിവി കാണുന്നതിനും പത്രം വായിക്കുന്നതിനുമൊക്കെ സൗകര്യമുണ്ടായിരിക്കും. ഗുണനിലവാരമുള്ള മുളകും മഞ്ഞളും അരിയും ഗോതമ്പുമൊക്കെ മില്ലിൽതന്നെ കഴുകി ഉണക്കി പ്രദർശിപ്പിച്ചിരിക്കും. ഉപഭോക്താക്കൾക്ക് ഇവയുടെ നിലവാരം ബോധ്യപ്പെട്ടശേഷം വാങ്ങി പൊടിപ്പിക്കാം. അവശ്യത്തിലേറെ അരിപ്പൊടിയുണ്ട‍െങ്കിൽ മില്ലുടമ വാങ്ങിക്കൊള്ളും. പൊടിപ്പിക്കാൻ സമയവും സൗകര്യവുമില്ലാത്തവർക്ക് മില്ലിന്റെ ഷോറൂമിൽനിന്നുതന്നെ ഇതു വങ്ങാം.

സംഘടനയിലെ അംഗങ്ങളുടെ മില്ലുകളിൽ സംസ്കരിക്കുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും കെസ്ഫോമയുടെ പൊതുബ്രാൻഡായ 'മിൽഫ്രഷ്' എന്ന പേരിൽ വൃത്തിയായി പായ്ക്കു ചെയ്താവും നൽകുക. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചു തയാറാക്കിയ ഇവയുടെ നിലവാരം സംബന്ധിച്ച് നാട്ടുകാരനായ മില്ലുടമയ്ക്കും സംഘടനയ്ക്കും ഉത്തരവാദിത്തമുണ്ടായിരിക്കും. സ്വന്തമായി നിർമിക്കാത്ത ഉൽപന്നങ്ങൾ മറ്റു മില്ലുകളിൽനിന്നു കൊണ്ടുവരും. മില്ലുകളുടെ നിലവാരം നിർണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പ്രത്യേക ഏജൻസിയും കെസ്ഫോമ വിഭാവനം ചെയ്യുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് വി.എസ്. അൻവർ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളുടെ നിലവാരം ബോധ്യപ്പെടുത്തി നൽകാൻ സാധിക്കുമെന്നതാണ് ഈ പരിഷ്കാരത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഏകദേശം 25000 ധാന്യമില്ലുകളെ കെസ്ഫോമ ശൃംഖലയിൽ കൊണ്ടുവന്നാൽ വിപണിയിൽ മുന്നേറാമെന്ന ആത്മധൈര്യം ഇവർക്കുണ്ട്.

സുനിൽ കരകുളവും ഭാര്യ സഫീനയും

മാറ്റങ്ങളുടെ തുടക്കം കാണണമെങ്കിൽ തിരുവനന്തപുരം വെഞ്ഞാറമൂടിനു സമീപം എം.സി. റോഡരികിലുള്ള സുനിൽ കരകുളത്തിന്റെ മില്ലിലേക്കു പോകണം. വിവിധതരം ധാന്യങ്ങളും പൊടികളും അവലും വെളിച്ചെണ്ണയുമൊക്കെ ഭംഗിയായും വൃത്ത‍ിയായും പ്രദർശിപ്പിച്ച മുറിയിലേക്കാണ് നാം കടന്നുചെല്ലുക. ഫാനിനു കീഴിൽ സന്ദർശകർക്കു വിശ്രമിക്കാൻ കസേരയുണ്ട്. റിസപ്ഷനിൽ സുനിലോ ഭാര്യ സഫീനയോ നിങ്ങളെ സ്വാഗതം ചെയ്യും. പൊടിക്കാനുള്ള അരിയും മുളകുമൊക്കെ ഇവിടെ ഏൽപിച്ചാൽ മതി. തൊട്ടപ്പ‍ുറത്ത് പൊടിക്കാനും ആട്ടാനുമൊക്കെയുള്ള യന്ത്രങ്ങൾ തയാർ. നിങ്ങളാവശ്യപ്പെടുന്ന പരുവത്തിൽ പൊ‌ടിച്ച് പായ്ക്കു ചെയ്ത് അവർ തിരിച്ചുതരും. 'മിൽഫ്രഷ്' എന്ന ബ്രാൻഡിൽ അരിപ്പൊടി, ഗോത‍മ്പുപൊടി, മുളകുപൊടി, മഞ്ഞൾപൊടി, അവലോസുപൊടി, വെളിച്ചെണ്ണ തുടങ്ങിയവയൊക്കെ ഷെൽഫിൽ പ്രദർശിപ്പ‍ിച്ച‍ിട്ടുണ്ട്. പുതിയ ശൈലിയിലേക്കു മാറിയതോടെ ബിസിനസിൽ വലിയ മാറ്റമാണുണ്ടായതെന്നു സുനിൽ പറഞ്ഞു. നാട്ടുകാർ മാത്രമല്ല വഴിയാത്രക്കാർപോലും കേട്ടറിഞ്ഞ് മിൽഫ്രഷ് ഉൽപന്നങ്ങൾക്കായി എത്താറുണ്ട്.

നിലവാരമുള്ള മഞ്ഞളും മുളകുമൊക്കെ ശുചിയായ അന്തരീക്ഷത്തിൽ മായമില്ലാതെ സംസ്കരിക്കുന്നതാണെന്ന് ഉറപ്പാക്കാൻ കഴിയുന്നത് ഉപഭോക്താക്കളെ മിൽഫ്രഷ് ഉൽപന്നങ്ങളിലേക്ക് ആകർഷിക്കുന്നു. ധാന്യമില്ലുകൾക്കു വരുന്ന മാറ്റം നമ്മുടെ ഭക്ഷ്യസംസ്കരണ രീതികളിൽ ഗുണപരമായി വലിയ മാറ്റമാണുണ്ടാക്കുക. കൃഷിക്കാരുമായോ അവരുടെ സംഘങ്ങളുമായോ സഖ്യമുണ്ടാക്കാൻ മിൽഫ്രഷിനു കഴിഞ്ഞാൽ നേട്ടം ഉപഭോക്താക്കൾക്കു മാത്രമല്ല, ഉൽപാദകർക്കും, ഉറപ്പ്.

ഫോൺ: 9744940892