പോഷകസമൃദ്ധം പൊങ്ങ്

തേങ്ങ മുതൽ പൊങ്ങുവരെ

പഴയ തലമുറയ്ക്ക് പണ്ടേ പരിചിതമായൊരു രുചി, പിന്നീടെപ്പോഴോ മറന്നുപോയൊരു വിഭവം, അതാണ് പൊങ്ങ്. മുമ്പ് തെങ്ങും തേങ്ങയും സമൃദ്ധമായിരുന്ന കാലത്ത് ഓരോ തവണ തേങ്ങയിടുമ്പോഴും കറിക്കരയ്ക്കാനായി കുറേയധികം തേങ്ങാപ്പുരയിൽ മാറ്റിയിടും. അതിൽ ചിലത് അവിടെക്കിടന്ന് മുളയ്ക്കാൻ തുടങ്ങും. ചിരകാനായി പൊട്ടിച്ചു നോക്കുമ്പോൾ ഉള്ളിൽ കാണും ഓർക്കാപ്പുറത്തൊരു മധുരമായി പൊങ്ങ്. അതല്ലാതെ പൊങ്ങ് ലഭിക്കാനായി മാത്രം ആരും തേങ്ങ മുളപ്പിച്ചെടുക്കുന്ന പതിവ് പണ്ടുമില്ല, ഇന്നുമില്ല.

ഇന്നില്ല എന്ന് ഉറപ്പിക്കാൻ വരട്ടെ. കോട്ടയം ജില്ലയിൽ വൈക്കം കുലശേഖരമംഗലത്ത് നെടുവേലിൽ മോഹൻ മേനോന്റെ വീടിനു ചുറ്റും പാകി മുളപ്പിച്ചു നിർത്തിയിരിക്കുന്ന നൂറുകണക്കിനു തേങ്ങകൾ മുഴുവനും പൊങ്ങിനു വേണ്ടി മാത്രമുള്ളതാണ്. മോഹനും സുഹൃത്ത് കോട്ടയം കുറുപ്പന്തറ പാലയ്ക്കൽ പി.വി. ചാക്കോയുമാണ് പഴയ രുചിയെ പുതിയ മൂല്യവർധിത സംരംഭമാക്കി മാറ്റിയിരിക്കുന്നത്.

വായിക്കാം ഇ - കർഷകശ്രീ

എറണാകുളത്ത് പ്രമുഖ ഷോപ്പിങ് മാളിലെ ഫു‍ഡ് കോർട്ടിലുൾപ്പെടെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഈ സംരംഭകർ ഫ്രഷ് പൊങ്ങു വിൽക്കുന്നു. ഗ്രാമിന് 50 പൈസ വില. കിലോ 500 രൂപ. നുറുക്കി 30 ഗ്രാം പായ്ക്കറ്റുകളിലാക്കി ഒന്നിന് 15 രൂപ വിലയ്ക്കാണ് വിൽപന.

മോഹനും ചാക്കോയും ദീർഘകാല സുഹൃത്തുക്കൾ. പ്രായം എഴുപതുകൾ പിന്നിട്ടെങ്കിലും പുതിയ ആശയങ്ങളും ഗവേഷണങ്ങളുമായി ഇരുവരും സജീവം. തെങ്ങിന്റെ മൂല്യവർധിത ഉൽപന്നങ്ങളിൽ ആരും പരീക്ഷിക്കാത്ത എന്തുണ്ട് എന്ന അന്വേഷണമാണ് പൊങ്ങിൽ എത്തിച്ചതെന്ന് മോഹൻ.

പുതിയ തലമുറയിൽ പൊങ്ങ് (haustorium) രുചിച്ചിട്ടുള്ളവർ ചുരുങ്ങും. എന്നാൽ ആ സാധ്യതയല്ല ഈ സംരംഭത്തിലേക്ക് കടക്കാനുള്ള കാരണം. ഒട്ടേറെ തവണ പൊങ്ങ് രുചിച്ചിട്ടുള്ള പഴയ തലമുറയ്ക്കുപോലും അതിന്റെ ഗുണവിശേഷങ്ങളെക്കുറിച്ച് ധാരണയില്ല.

തെങ്ങ് കൃഷിചെയ്യുന്ന പല ഏഷ്യൻ രാജ്യങ്ങളിലും കോക്കനട്ട് ആപ്പിൾ എന്നാണ് പൊങ്ങ് വിശേഷിപ്പിക്കപ്പെടുന്നത്. പോഷകഗുണം തന്നെയാണ് പൊങ്ങിനെ ആപ്പിളിനോട് ഉപമിക്കാൻ കാരണം. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗസാധ്യതയെ തടയുമെന്ന് ഗവേഷണ റിപ്പോർട്ടുകള്‍ ചൂണ്ടിത്തന്നെ മോഹൻ പറയുന്നു. പ്രമേഹം, കിഡ്നിസംബന്ധമായ അസുഖങ്ങൾ എന്നിവയെ ചെറുക്കാനും പൊങ്ങിനു കഴിയുമത്രെ. സ്ത്രീരോഗങ്ങൾക്ക് പരിഹാരമായി പൊങ്ങ് കഴിക്കുന്ന രീതി തമിഴ്നാട്ടിലുണ്ടെന്നും മോഹൻ.

മോഹൻ മേനോനും പി.വി. ചാക്കോയും

പൊങ്ങ് പൊടിരൂപത്തിലേക്ക് മാറ്റി ദീർഘകാലം സൂക്ഷിച്ചുവയ്ക്കാനും വിപണിയിലെത്തിക്കാനുമുള്ള പരീക്ഷണങ്ങളും കേരളത്തിലെ നാളികേര ഗവേഷണരംഗത്ത് നടക്കുന്നുണ്ട്.

പൊങ്ങിന്റെ പോഷകമൂല്യം ഉറപ്പിക്കാനായി ഇരുവരും എറണാകുളത്തെ ഫുഡ് ക്വാളിറ്റി ലബോറട്ടറിയിൽ നൽകി. മനുഷ്യശരീരത്തിനാവശ്യമായ ഒട്ടേറെ ജീവകങ്ങളാലും ധാതുക്കളാലും പൊങ്ങ് സമ്പന്നമാണ് എന്നു നേരിട്ടുതന്നെ ബോധ്യപ്പെട്ടു. ആരോഗ്യത്തിനു ഹാനികരമായ കൊഴുപ്പ് വളരെ കുറവ്, ശരീരത്തിന് ആവശ്യമായ ഫൈബർ, കാർബോഹൈഡ്രേറ്റ്സ് എന്നിവ വളരെ കൂടുതൽ. പരിശോധനാ ഫലം ഡയറ്റീഷ്യന് നൽകി ഓരോ പോഷക ഘടകങ്ങളുടെയും തോതിന്റെ അടിസ്ഥാനത്തിൽ, ഒരാള്‍ ദിവസവും 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ പൊങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമെന്നും കണ്ടെത്തി.

പൊങ്ങിലെ പോഷകങ്ങൾ മറ്റു ഭക്ഷ്യവിഭവങ്ങളിലും കണ്ടെന്നിരിക്കും. എന്നാൽ അതിൽനിന്ന് പൊങ്ങിനെ വ്യത്യസ്തമാക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഉത്തേജിതാവസ്ഥയിലാണ് എന്നുള്ളതാണ്. ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുമ്പോൾ ലഭിക്കുന്ന വർധിത പോഷകമൂല്യത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. വിളഞ്ഞ തേങ്ങ മുളയ്ക്കുമ്പോൾ രൂപപ്പെടുന്ന പൊങ്ങ്, തെങ്ങിൻതൈ വളർന്നുവലുതാവാൻ വേണ്ടിവരുന്ന പോഷകം മുഴുവൻ സംഭരിച്ച് വച്ച് ഒരു കുതിപ്പിന് തയാറെടുത്തുനിൽക്കുന്ന അവസ്ഥയിലാണുള്ളത്.

വിളഞ്ഞ തേങ്ങ മണ്ണിൽ പാകി രണ്ടു മൂന്നു മാസം പിന്നിടുമ്പോൾ മുളയ്ക്കാനുള്ള ആദ്യഘട്ടമായി ഉള്ളിൽ പൊങ്ങ് രൂപപ്പെടുന്നു. ക്രമേണ 8–9 മാസംകൊണ്ട് ഉള്ളിലുള്ള തേങ്ങാക്കാമ്പ് മുഴുവനായും ഗോളാകൃതിയില്‍ പൊങ്ങായി പരിണമിക്കുന്നു. ചിരട്ട പൊട്ടിച്ച് പുറത്തെടുക്കുന്ന പൊങ്ങ് അതേപടി ഭക്ഷ്യയോഗ്യമാണെങ്കിലും പൊങ്ങിനെ മറ്റു വിഭവങ്ങളായോ വിഭവങ്ങളിലെ ഒരു ഘടകമായോ പാകം ചെയ്യുമ്പോൾ കൂടുതൽ ആസ്വാദ്യകരമാവും.

ഉദാഹരണമായി, 30 ഗ്രാം പൊങ്ങ് ഒരു ഗ്ലാസ് വെള്ളം ചേർത്ത് മിക്സിയിലടിച്ച് പാൽ പരുവത്തിലെടുത്ത് പഞ്ചസാരയും ഫ്ലേവറായി അൽ‌പം നാരങ്ങാനീരും കൂടി ചേർത്തശേഷം തണുപ്പിച്ചെടുത്താൽ ഒന്നാന്തരം ജ്യൂസായി മാറും. ജ്യൂസിനു വരുന്ന ചെലവ് 20 രൂപയിൽ താഴെ. ഈടാക്കുന്ന വില 45 രൂപ മുതൽ 60 രൂപ വരെ. ഫ്ലേവറുകൾ മാറ്റി രുചി വൈവിധ്യംതന്നെ സൃഷ്ടിക്കുകയുമാവാം. വിഷമടിച്ച് വളർ‌ത്തിയ കോളിഫ്ലവറിനു പകരക്കാരനായി ചില്ലിഗോപിയിൽ പൊങ്ങ് ഉപയോഗിക്കാം. കട്‌ലറ്റ് നിർമിക്കണമെങ്കിൽ അങ്ങനെ. സ്റ്റ്യൂവിൽ ഉരുളക്കിഴങ്ങിനു പകരക്കാരൻ. തീര്‍ന്നില്ല, സലാഡ്, വെജിറ്റബിൾ സ്നാക്സ് എന്നിങ്ങനെ പൊങ്ങു വിഭവങ്ങളുടെ ഒട്ടേറെ പാചകവിധികൾ വേറെയും പറയും മോഹനും ചാക്കോയും.

പൊങ്ങു മാത്രമല്ല, തേങ്ങ മുളയ്ക്കുമ്പോള്‍ 5–6 ഇഞ്ച് വളർന്ന കുരുന്ന് ഓലകൾ ഒന്നാന്തരം ഭക്ഷ്യവസ്തു ആണെന്നും സലാഡിന് ഉത്തമമാണെന്നും ഇരുവരും പറയുന്നു. അതും മാർക്കറ്റിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഫോൺ (മോഹൻ): 9895761318