പാഴാക്കണോ കൂഴച്ചക്ക

കൂഴച്ചക്ക

കേരളത്തിൽ ഡിസംബറിൽ ആരംഭിക്കുന്ന ചക്ക സീസണിൽ നാം കൂടുതലും ഉപയോഗപ്പെടുത്തുന്നതു വരിക്കയിനങ്ങളാണ്. പഴുത്ത കൂഴച്ചക്കയോടു നമുക്ക് തീരെ പ്രിയമില്ല. കേരളത്തിൽ വിളയുന്ന ചക്കയിൽ പകുതിയിലേറെയും കൂഴയിനങ്ങളാണ്. ‘അഞ്ചാം മാസത്തിൽ അങ്ങോട്ടു ചെന്നില്ലെങ്കിൽ, ആറാം മാസത്തിൽ ഇങ്ങോട്ടു വരും’ (ചക്ക വിളവെടുക്കുന്നതിനെ സൂചിപ്പിക്കുന്നൊരു പഴഞ്ചൊല്ലാണിത്) എന്ന ചൊല്ല് അന്വർഥമാക്കുന്ന വിധത്തിൽ പഴുത്തു കഴിഞ്ഞാൽ കൂഴച്ചക്ക വീണ് അഴുകിപ്പോകുന്നു. എന്നാൽ പച്ചയ്ക്കായാലും പഴുത്തിട്ടായാലും കൂഴച്ചക്ക പല വിധത്തിൽ ഉപയോഗപ്പെടുത്താം.

പഴുക്കാതെ ഉപയോഗിക്കാം
കള പൊട്ടിയതിനുശേഷം (പൂ വിരിയുന്നു എന്നതിനു പകരം പ്ലാവിൽ കള പൊട്ടുന്നു എന്നാണു പറയാറ്) ഒന്നര മാസം മുതൽ കൂഴച്ചക്ക പച്ചക്കറിയായി ഉപയോഗിക്കാം. ഇൗ സമയത്ത് ചക്കയിൽ സ്റ്റാർച്ചും പഞ്ചസാരയും തീരെ കുറവും ഭക്ഷ്യനാരുകൾ കൂടുതലുമായിരിക്കും. ഒന്നര മാസം മുതൽ മൂന്നു മാസം വരെയുള്ള ചക്ക പ്രമേഹ രോഗികൾക്കു കഴിക്കാം. കട്ലറ്റ്, അച്ചാർ, പല തരം കറികൾ എന്നിവയുണ്ടാക്കാൻ യോജ്യമാണിത്. വിളഞ്ഞു തുടങ്ങുന്ന ചക്ക വറ്റലാക്കിയും ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം.

പഴുത്താലും ഉൽപന്നങ്ങളാക്കാം
പഴുത്തു കഴിഞ്ഞാൽപ്പോലും ഒട്ടേറെ ഉൽപന്നങ്ങൾക്ക് അസംസ്കൃത വസ്തുവാണ് കൂഴച്ചക്ക. കൂഴച്ചക്കയുടെ സ്വീകാര്യത കുറയാൻ പ്രധാന കാരണം പഴുത്തു കഴിയുമ്പോൾ പൾപ്പുപോലെയാവുന്ന ചുളകളും അതിലെ നാരുകളുമാണ്. കൂഴച്ചക്കപ്പഴം കഴിക്കുമ്പോൾ ഈ നാരുകൾ തൊണ്ടയിൽ കുരുങ്ങുമെന്നത് പോരായ്മയാണ്. എന്നാൽ നാരുകൾ നീക്കം ചെയ്താൽ ലഭിക്കുന്ന പൾപ്പ് ഉപയോഗിച്ച് പല തരം ഉൽപന്നങ്ങൾ തയാറാക്കാം.

കൂഴച്ചക്ക സ്ക്വാഷ്

പൾപ്പും ഉൽപന്നങ്ങളും
കുരു നീക്കിയ പഴുത്ത കൂഴച്ചക്കച്ചുള മിക്സിയോ പൾവറൈസറോ ഉപയോഗിച്ച് അരച്ചെടുക്കുക. വീട്ടാവശ്യത്തിനാണെങ്കിൽ മിക്സി ഉപയോഗിച്ച് അരച്ചതിനുശേഷം പൾപ്പ് ഒരു പ്ലാസ്റ്റിക് നെറ്റ് ഉപയോഗിച്ച് പിഴിഞ്ഞെടുക്കുക. വിപുലമായ രീതിയിലാണു പൾപ്പെടുക്കുന്നതെങ്കിൽ സ്ക്രൂ പ്രസ് ഉപയോഗിച്ച് പൾപ്പ് പിഴിഞ്ഞെടുക്കാം. ഇങ്ങനെ തയാറാക്കിയ പൾപ്പ് ഉപയോഗിച്ച് സ്ക്വാഷ്, ആർടിഎസ് (റെഡി ടു സെർവ് ഡ്രിങ്ക്), സിപ്—അപ്, ചക്കത്തെര, ഉണ്ണിയപ്പം എന്നിവ നിർമിക്കാം. ശീതളപാനീയങ്ങളായ സ്ക്വാഷ്, ആർടിഎസ്, സിപ്—അപ് എന്നിവ നിർമിക്കുന്നതിന് വെള്ളം, പഞ്ചസാര, സിട്രിക് ആസിഡ്, പൾപ്പ് എന്നിവ യോജ്യമായ അളവുകളിൽ ചേർത്ത് തിളപ്പിക്കുക. നല്ല കട്ടിയുള്ളതും സ്വാഭാവിക മഞ്ഞനിറവും സുഗന്ധവുമുള്ള ഈ പൾപ്പ് ഉപയോഗിച്ച് ശീതളപാനീയങ്ങൾ തയാറാക്കാൻ, നിറമോ എസ്സൻസോ പോലും ചേർക്കേണ്ടതില്ല. സൂക്ഷിപ്പുഗുണം കൂട്ടുന്നതിന് സോഡിയം ബെൻസോയേറ്റോ പൊട്ടാസ്യം മെറ്റാബൈസൾഫൈറ്റോ ലീറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ചേർത്താൽ മതി.

കൂഴച്ചക്ക സിപ്—അപ്

മധുരവും അരിപ്പൊടിയും ആവശ്യാനുസരണം ചേർത്തു കുറുക്കിയെടുത്ത പൾപ്പ് വൃത്തിയുള്ള ഷീറ്റിലോ ട്രേകളിലോ തേച്ച് ഉണക്കിയെടുക്കുന്ന പരമ്പരാഗത ഉൽപന്നമാണ് തെര (Leather). പല പാളികളായി പൾപ്പു തേച്ച് ഉണക്കിയെടുക്കുന്ന ഈ ഉൽപന്നത്തിന് ആറുമാസത്തോളം സൂക്ഷിപ്പുഗുണമുണ്ട്.

കൂഴച്ചക്ക ഉണ്ണിയപ്പം

കൂഴച്ചക്കയുടെ പൾപ്പിൽ ആവശ്യാനുസരണം അരിപ്പൊടിയും ഗോതമ്പുമാവും ചേർത്തു തയാറാക്കാവുന്ന ഉണ്ണിയപ്പം രുചികൊണ്ടും ഹൃദ്യമായ മണംകൊണ്ടും മധുരം കൊണ്ടും മികച്ചതാണ്. പഞ്ചസാരയോ ശർക്കരയോ ചേർത്തില്ലെങ്കിൽപ്പോലും ഇതിനു മതിയായ മധുരമുണ്ടാകും. ഉണ്ണിയപ്പം മൃദുവാകുന്നതിനു സാധാരണഗതിയിൽ സോഡാപ്പൊടി ചേർക്കാറുണ്ട്. പക്ഷേ, ചക്കപ്പഴംകൊണ്ടുള്ള ഉണ്ണിയപ്പത്തിന് അതിന്റെ ആവശ്യം വരുന്നില്ല.

പൾപ്പും സൂക്ഷിച്ചുവയ്ക്കാം
മതിയായ അളവിൽ സംരക്ഷകം (പ്രിസർവേറ്റീവ്) ചേർത്ത് ലഘു സംസ്കരണം (മിനിമൽ പ്രോസസിങ്) നടത്തിയ ചക്ക പൾപ്പ്, ഫുഡ്ഗ്രേഡ് പാത്രങ്ങളിൽ വൃത്തിയായി സൂക്ഷിച്ചുവച്ച് സീസൺ അല്ലാത്തപ്പോഴും സ്ക്വാഷ്, ആർടിഎസ്, സിപ്—അപ് തുടങ്ങിയ ഉൽപന്നങ്ങൾ തയാറാക്കാം. കൂഴച്ചക്കച്ചുള പൾപ്പാക്കാതെ തന്നെ നേരിട്ടുപയോഗിച്ച് വിനാഗിരി, വൈൻ എന്നിവയും തയാറാക്കാം.

കൂഴച്ചക്ക പൾപ്പ്

ചക്കക്കുരു വിഭവങ്ങൾ
ചക്കക്കുരു ഉപയോഗിച്ചും ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടാക്കാം. അവുലോസ് പൊടി, അരിയുണ്ട, ചമ്മന്തിപ്പൊടി, ബർഫി, കട്ലറ്റ് എന്നിവയെല്ലാം ചക്കക്കുരുകൊണ്ടു തയാറാക്കാവുന്ന വിഭവങ്ങളാണ്.

പാഴല്ല അവശിഷ്ടങ്ങളും
വീടിനോടു ചേർന്ന് ബയോഗ്യാസ് പ്ലാൻറ് ഉള്ളവർക്ക് ഇന്ധനക്ഷമത വളരെ കൂടുതലുള്ള ജൈവ അവശിഷ്ടമാണ് കൂഴച്ചക്ക. കുരു മാറ്റിയതിനുശേഷം ബാക്കിയുള്ള അവശിഷ്ടങ്ങൾ ചേർത്ത് പ്ലാൻറിൽ നിക്ഷേപിച്ചാൽ, ചാണകത്തിൽനിന്നു ലഭിക്കുന്നതിലേറെ ഗ്യാസ് ലഭിക്കും. ഇതിൽനിന്നു ലഭിക്കുന്ന സ്ലറി പൊട്ടാസ്യത്തിന്റെ തോതു കൂടുതലുള്ള ജൈവവളവുമാണ്.

അതുകൊണ്ട് കൂഴപ്ലാവ് ഒരു ശാപമായിക്കരുതി വെട്ടിക്കളയും മുൻപ് ഒരുനിമിഷം ചിന്തിക്കണേ...

വിലാസം: സബ്ജക്ട്—മാറ്റർ സ്പെഷലിസ്റ്റ് (ഹോംസയൻസ്), കൃഷിവിജ്ഞാന കേന്ദ്രം, കായംകുളം, ആലപ്പുഴ. ഫോൺ: 0479 2449268

ജിസ്സി ജോർജ് (പ്രോഗ്രാം കോ-ഓർഡിനേറ്റർ, കൃഷിവിജ്ഞാനകേന്ദ്രം, ആലപ്പുഴ)