ആറ്റിങ്ങലിലെ അച്ച‍ാർ പെരുമ

ഷീജയുടെ അച്ചാർ വൈവിധ്യം

മുപ്പതുവർഷങ്ങൾക്കു മുമ്പാണ് കഥയുടെ തുടക്കം. പ്രാരാബ്ധങ്ങളിൽനിന്നു മോചനത്തിനും ഉപജീവനത്തിനുമായി ലൈലാബീവി എന്ന വീട്ടമ്മ ഒരു സംരംഭം തുടങ്ങുന്നു. വീടിനോടു ചേർന്ന പെട്ടിക്കടയിൽ കടലമിഠായിക്കൊപ്പം കാരയ്ക്കയും നെല്ലിക്കയും പുളിഞ്ചിക്കയും ഉപ്പിലിട്ട മൂന്നു ഭരണികൾ. തൊട്ടടുത്ത എൽ.പി.സ്കൂളിലെ കുട്ടികളെ നിരന്തരം കൊതിപ്പിച്ച രുചിപ്പെരുമയുടെ തുടക്കം അങ്ങനെ.

ലൈലാബീവിയുടെ അകാലവിയോഗത്തിനുശേഷം മകൾ ഷീജ, ഉമ്മയുടെ നാട്ടുരുചികളുടെ പിൻമുറക്കാരിയായി. എന്നാൽ ഉമ്മ തെളിച്ചുതന്ന വഴിയിലൂടെ മകൾ ബഹുദൂരം മുന്നേറി. ഉപ്പിലിട്ട മൂന്നു വിഭവങ്ങളിൽനിന്ന് അറുപതിലധികം അച്ചാറുകളുടെ വിസ്മയ വൈവിധ്യങ്ങളിലേക്കു വളർച്ച.

തിരുവനന്തപുരം ആറ്റിങ്ങലിനടുത്തു മണനാക്ക് എന്ന കൊച്ചുഗ്രാമത്തിൽ 'രുചിക്കൂട്ട്' എന്ന പേരിൽ മ്മിണി ബല്യ ഒരു അച്ചാറുകടയുമായി ഇന്നു നാടറിയുന്ന സംരംഭകയാണ് ഷീജ എന്ന വീട്ടമ്മ.

ഉമ്മയുടെ വേർപാട് കുറച്ചൊന്നുമല്ല ഷീജയിൽ ഏൽപിച്ച ആഘാതം. അതുകൊണ്ടുതന്നെ ഉമ്മയെക്കുറിച്ചുള്ള ഓർമയ്ക്കായി സംരംഭം വിപുലമാക്കാൻ ഷീജ തീരുമാനിച്ചു. പ്രവാസിയായ ഭർത്താവു നാദിർഷായുടെ പൂർണ പിന്തുണയോടെ 'രുചിക്കൂട്ട്' എന്ന അച്ചാർ സംരംഭം തുടങ്ങുന്നത് അങ്ങനെ.

വായിക്കാം ഇ - കർഷകശ്രീ 

ജാതി, അമ്പഴങ്ങ, ശതാവരി, കാരറ്റ്, ബീറ്റ്റൂട്ട്, കാന്താരി, പാവയ്ക്ക, നെല്ലിക്ക, കാരയ്ക്ക, ചെറി, ഈന്തപ്പഴം, പുളിഞ്ചിങ്ങ, ചാമ്പ, മാങ്ങ, പച്ചമുളക് തുടങ്ങി നാൽപതോളം അച്ചാറുകൾ ഇന്നു ഷീജ ഒരുക്കുന്നുണ്ട്. മീൻ ഇനങ്ങളായ ചൂര, കൊഞ്ച്, കണവ, നെത്തോലി, നെയ്മീൻ, അയല എന്നിവകൊണ്ടുള്ള നോൺവെജ് അച്ചാറുകളുടെ മറ്റൊരു നിരയും തയാർ.

നൂറു മുതൽ നൂറ്റിയമ്പതു കിലോവരെയാണ് ഒരു ദിവസത്തെ വിൽപന. കിലോയ്ക്ക് എഴുപതു രൂപ മുതൽ എണ്ണൂറ്റിയമ്പതു രൂപവരെ വിലയുള്ള അച്ചാറിനങ്ങളുണ്ട്. കൂടുതൽ വിൽക്കുന്നതു മീൻ അച്ചാറുകളാണ്. നാടൻ കാന്താരിമുളക് അച്ചാറിനും പ്രിയമുണ്ട്. വിദേശത്തുള്ള പ്രിയപ്പെട്ടവർക്കു നാട്ടുരുചി പകരാനായി അച്ചാറുകൾ വാങ്ങി കൊടുത്തയയ്ക്കുന്നവരുടെ തിരക്കാണിവിടെ. വിവാഹ സൽക്കാരങ്ങൾക്കായി അച്ചാറുകൾ പ്രത്യേകം തയാറാക്കി നൽകുന്ന പതിവും ഷീജയ്ക്കുണ്ട്.

ശുദ്ധമായ വെളിച്ചെണ്ണയിൽ കശ്മീരി മുളകു പൊടിപ്പിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കായം, ഉപ്പ്, കറിവേപ്പില, വിന്നാഗിരി എന്നിവ ചേർത്ത് ഉണ്ടാക്കുന്നവയാണ് അച്ചാറുകൾ. വാങ്ങാൻ ഇതര ജില്ലകളിൽനിന്നുള്ളവരും കാത്തുനിൽക്കുന്നു. ദിവസവും രാവിലെ ഒമ്പതിനു തുറക്കുന്ന അച്ചാറുകട രാത്രി പത്തുവരെ പ്രവർത്തിക്കുന്നുണ്ട്.

ഫോൺ – 9746993326