മധുരം നിറയും ഫ്രൂട്ട് കാൻഡി

ടൂട്ടി ഫ്രൂട്ടി

കേരളത്തിലെ തനതു പഴവര്‍ഗങ്ങൾ ഉപയോഗിച്ചുള്ള ഡ്രൈ ഫ്രൂട്ട്സ് അഥവാ ഫ്രൂട്ട് കാൻഡി നിർമാണം മികച്ച സംരംഭങ്ങളിലൊന്നാണ്. ഡ്രൈ ഫ്രൂട്ട് നിർമാണത്തിനു പറ്റിയ ഫലവർഗങ്ങളാൽ സമ്പന്നമാണ് കേരളം.

എന്താണ് ഡ്രൈ ഫ്രൂട്ട്

പഞ്ചസാരപ്പാനിയിലോ, ശർക്കരപ്പാനിയിലോ ഇട്ട് വിളയിച്ചെടുത്ത പഴം– പച്ചക്കറികൾ ഉണക്കിയെടുക്കുന്നതാണ് ഡ്രൈ ഫ്രൂട്ടുകൾ. നിർജലീകരണം വഴിയാണ് ഇതു സാധ്യമാക്കുന്നത്. രുചിക്കോ നിറത്തിനോ ആകൃതിക്കോ മാറ്റം വരുന്നില്ല. കൂടുതൽ കാലം കേടാകാതെയിരിക്കുകയും ചെയ്യും.

ഉപയോഗം

നേരിട്ടു കഴിക്കുന്നതിനു പുറമേ കേക്ക്, ഐസ്ക്രീം, പുഡ്ഡിങ്, ഫ്രൂട്ട് സലാഡ്, കുക്കീസ്, ഫ്രൂട്ട് ബ്രഡ്, മഫിൻസ്, ബേക്കറി പലഹാരങ്ങൾ എന്നിവയിലെ ചേരുവയായും ഇവ അലങ്കരിക്കാനും ഡ്രൈ ഫ്രൂട്ടുകൾ ഉപയോഗിക്കുന്നു.

മിക്ക നാടൻ പഴം–പച്ചക്കറികളും വലിയൊരളവോളം പാഴാകുകയോ കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടിവരികയോ ആണ് പതിവ്. ഇവ ഉണക്കി ഡ്രൈ ഫ്രൂട്ട് ആക്കിയാൽ കർഷകർക്കു ഗുണകരമാകും. അവർതന്നെ ഒറ്റയ്ക്കോ കൂട്ടായോ ഇതു ചെയ്താൽ മികച്ച വരുമാനവും നേടാം.

ഏതെല്ലാം പഴം–പച്ചക്കറികൾ

∙ ഏത്തപ്പഴം, ചെറുപഴങ്ങളായ കണ്ണൻ, പൂവൻ, ഞാലിപ്പൂവൻ

∙ മുന്തിരി, പപ്പായ, പൈനാപ്പിൾ, ചക്കപ്പഴം, മാമ്പഴം, നെല്ലിക്ക, കശുമാങ്ങാ, ആപ്പിൾ, കരോണ്ടച്ചെറി

∙ കുമ്പളങ്ങ, മത്തൻ, വെള്ളരി, കാരറ്റ്, വാഴപ്പിണ്ടി, ഇളം തേങ്ങ

∙ ജാതിക്കാത്തോട്, ഇഞ്ചി, ഓറഞ്ചുതൊലി

തയാറാക്കുന്ന വിധം

1. ഏത്തപ്പഴം, ചെറുപഴങ്ങൾ എന്നിവ നേരിട്ട് ഉണക്കി ജലാംശം നീക്കം ചെയ്യുകയാണ് പതിവ്. തൊലി നീക്കിയ പഴം 0.1 % പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ലായനിയിലും തുടർന്ന് 1–2 മണിക്കൂർ 60% പഞ്ചസാരലായനിയിലും മുക്കിയെടുത്ത ശേഷം അധികമുള്ള മധുരാംശം വാർത്തുകളഞ്ഞ് ഡ്രയറിലോ വെയിലത്തോ ഉണക്കിയെടുക്കുക.

ജലാംശം നീക്കിയ ഏത്തപ്പഴം

2. ചനച്ച മാങ്ങ, പപ്പായ, കുരു നീക്കിയ കരോണ്ടച്ചെറി, ആപ്പിൾ, കുമ്പളങ്ങ, ടൂട്ടി ഫ്രൂട്ടി തയാറാക്കുന്നതിനുള്ള വെള്ളരി, അധികം മൂപ്പെത്താത്ത പപ്പായ എന്നിവയുടെ കറയും ചവർപ്പും നീക്കം ചെയ്ത് ദൃഢത വരുത്തണം. അതിനായി, യോജ്യമായ വലുപ്പത്തിൽ മുറിച്ച പഴങ്ങൾ ചുണ്ണാമ്പിന്റെ തെളിവെള്ളത്തിൽ മുക്കിവയ്ക്കണം. (ഒരു കിലോ പഴത്തിന് 40 ഗ്രാം ചുണ്ണാമ്പ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിന്റെ തെളിനീര് ഊറ്റിയെടുത്ത് ഉപയോഗിക്കണം.)

നെല്ലിക്കയുടെ പുളിയും ചവർപ്പും മാറ്റുന്നത് ഉപ്പും ഫു‍ഡ്ഗ്രേഡ് ആലവും ഉപയോഗിച്ചാണ്. നന്നായി വിളഞ്ഞ ഒരു കിലോ നെല്ലിക്കയിൽ ഒരു സ്റ്റീൽ ഫോർക്ക് ഉപയോഗിച്ച് കുത്തുകൾ ഇട്ടതിനുശേഷം ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം ഉപ്പു ലയിപ്പിച്ച് അതിൽ 24 മണിക്കൂർ മുക്കിവയ്ക്കുക. ഉപ്പുലായനിയിൽനിന്നു മാറ്റി കഴുകിയതിനുശേഷം 20 ഗ്രാം ആലം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തയാറാക്കിയതിലും നെല്ലിക്ക 24 മണിക്കൂർ മുക്കിവയ്ക്കുക. ഇപ്രകാരം പുളിയും ചവർപ്പും മാറ്റി ദൃഢത വരുത്തിയ ശേഷമാണ് കാൻഡി തയാറാക്കേണ്ടത്.

ചവർപ്പും പുളിയും മാറ്റി ദൃഢത വരുത്തിയ പഴങ്ങളിലേക്ക് ഇനി മധുരം ചേർക്കണം. അതിനായി ഒരു കിലോ പഴത്തിന് 750 മില്ലി വെള്ളം, 1.5 കിലോ പഞ്ചസാര, രണ്ട് ഗ്രാം സിട്രിക് ആസിഡ് എന്ന തോതിൽ എടുക്കണം. ആവശ്യമെങ്കിൽ ഫുഡ് കളറും ചേർക്കാം.

ആദ്യഘട്ടത്തിൽ 750 മില്ലി വെള്ളം തിളപ്പിച്ച് അതിൽ 750 ഗ്രാം പഞ്ചസാരയും 2 ഗ്രാം സിട്രിക് ആസിഡും ലയിപ്പിക്കുക. ആവശ്യമായ ഫുഡ് കളർ ചേർക്കുക. ഈ ലായനിക്ക് ചെറിയ ചൂടുള്ളപ്പോൾ ദൃഢത വരുത്തിയ പഴം ചേർത്ത് 24 മണിക്കൂർ വയ്ക്കുക. പിറ്റേ ദിവസം പഴം മുക്കിവെച്ച പഞ്ചസാര ലായനി ഊറ്റിയെടുക്കുക, ബാക്കിയുള്ള പഞ്ചസാരയുടെ അഞ്ചിൽ ഒരു ഭാഗം (150 ഗ്രാം) ചേർത്ത് ലായനി ചൂടാക്കുക. പഞ്ചസാര ലയിച്ചു കഴിയുമ്പോൾ പാനി അടുപ്പത്തുനിന്നു മാറ്റി പഴങ്ങൾ വീണ്ടും ചേർക്കുക. ഇങ്ങനെ പടിപടിയായി പഞ്ചസാര (150 ഗ്രാം വീതം) പഴങ്ങളിലേക്കു ചേർക്കുക. ഈ രീതിയിൽ പഞ്ചസാര അൽപാൽപമായി ചേർത്ത് പഴങ്ങളിലെ ജലാംശം പുറത്തുകളയുന്ന പ്രക്രിയയ്ക്ക് നിർജലീകരണം എന്നാണ് പറയുക. 5–6 ദിവസങ്ങൾകൊണ്ടേ ഇതിന്റെ നിർമാണം പൂർത്തിയാകുകയുള്ളൂ. ഏഴാമത്തെ ദിവസം പഴം ഇട്ടുവച്ച പഞ്ചസാര സിറപ്പിന്റെ ഗാഢത അളക്കുക. ഇതിനായി റിഫ്രാക്ടോമീറ്റർ എന്ന ലഘു ഉപകരണം ഉപയോഗിക്കാം. പഴങ്ങൾ ഈ സിറപ്പിൽ തന്നെ ഇട്ടിരുന്ന് ആകർഷകമായ ബോട്ടിലുകളിൽ നിറച്ച് വിപണനം ചെയ്യാം. ഇതിനു പ്രിസർവ് എന്നാണ് പറയുക.

റിഫ്രാക്ടോമീറ്റർ

ഇത് ഡ്രൈ ഫ്രൂട്ട് അഥവാ ഫ്രൂട്ട് കാൻഡിയാക്കണമെങ്കിൽ പഴങ്ങൾ പഞ്ചസാരപ്പാനിയിൽനിന്നു മാറ്റി ചൂടുവെള്ളത്തിൽ കഴുകി വെയിലത്തുവച്ചോ ഡ്രയറിലോ ഉണക്കിയെടുക്കുക. ഡ്രയറിലാണ് ഉണക്കുന്നതെങ്കിൽ 60–70 ഡിഗ്രി സെൽഷ്യസിൽ 6–7 മണിക്കൂർ ഉണക്കിയാൽ മതി. ഇപ്രകാരം ഉണക്കിയതിനുശേഷം പായ്ക്ക് ചെയ്യുക. ടൂട്ടി ഫ്രൂട്ടി, മാമ്പഴം, പപ്പായ കാൻഡി എന്നിവയെല്ലാം ഈ രീതിയിലാണ് തയാറാക്കുന്നത്.

3. ചക്കപ്പഴം, കൈതച്ചക്ക, പുളിയും ചവർപ്പും നീക്കിയ നെല്ലിക്ക എന്നിവയിലേക്ക് നേരിട്ട് തുല്യ അളവ് പഞ്ചസാര ചേർക്കുകയാണ് പതിവ്. ഈ പഴങ്ങളിലെ ജലാംശം ഊറി വന്ന് ചേർത്ത പഞ്ചസാരയുടെ മുക്കാൽ ഭാഗവും അലിഞ്ഞിരിക്കും. ഈ പാനിയിൽനിന്ന് പഴങ്ങൾ എടുത്ത് മാറ്റിയതിനുശേഷം 250 മില്ലി വെള്ളവും 2 ഗ്രാം സിട്രിക് ആസിഡും ചേർത്ത് ചൂടാക്കുക. ഈ പാനിക്ക് ചെറിയ ചൂടുള്ളപ്പോള്‍ പഴങ്ങൾ ചേർക്കുക. പിറ്റേ ദിവസം വീണ്ടും പാനി ഊറ്റിയെടുത്ത് ചൂടാക്കുക. ചെറിയ ചൂടോടെ പഴങ്ങൾ ചേർക്കുക. ഈ പ്രക്രിയ അഞ്ചു ദിവസം ആവർത്തിക്കണം. പഞ്ചസാര സിറപ്പിന്റെ ഗാഢത 70–72 ബ്രിക്സ് ആയാൽ പഴങ്ങൾ സിറപ്പിൽനിന്നു മാറ്റി ചൂടുവെള്ളത്തിൽ കഴുകി ഡ്രയറിൽ ഉണക്കി പായ്ക്ക് ചെയ്യാം. ഇതേ രീതിയിൽ ഓറഞ്ചുതൊലി, ഇഞ്ചി, ജാതിക്കാത്തോട് എന്നിവയും വിളയിച്ചെടുക്കാം.

ഒരുപാട് യന്ത്രസാമഗ്രികളോ സ്ഥലസൗകര്യമോ ആവശ്യമില്ലെന്നതാണ് സംരംഭത്തിന്റെ മെച്ചം. കേരളത്തിലുടനീളമുള്ള ബേക്കറി ശൃംഖലകളുമായി ബന്ധപ്പെട്ടാൽ ഉൽപന്നങ്ങൾക്കു വിപണിയും ഉറപ്പിക്കാം. ആകർഷകമായ നിറവും ഹൃദ്യമായ രുചിയുമുള്ള നാടൻ പഴങ്ങൾ കാൻഡിയാക്കി നമ്മുടെ സമ്പാദ്യത്തിനും മധുരം പകരാം.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ
ഫോൺ
: 0479 2449268