വിർജിൻ വെളിച്ചെണ്ണ പ്രിയമേറും ഉൽപന്നം

വിർജിൻ വെളിച്ചെണ്ണ

ഔഷധമെന്ന നിലയിൽ വിർജിൻ വെളിച്ചെണ്ണയ്ക്ക് വിപണിയിൽ പ്രിയമേറുന്നു. ഇതിനു നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും രോഗപ്രതിരോധ സംവിധാനത്തെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. ആൻറി മൈക്രോബിയൽ ഫാറ്റി ആസിഡായ ലോറിക് ആസിഡ് അടങ്ങിയതിനാൽ ശരീരത്തിലെത്തുന്ന ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളെ നശിപ്പിക്കാനും കഴിവുണ്ട്. സ്മൃതിനാശരോഗം, കാൻസർ, പ്രമേഹം, ഹൃദ്രോഗം, ത്വഗ്രോഗങ്ങൾ എന്നിവയ്ക്കെതിരെയും വിർജിൻ വെളിച്ചെണ്ണ ഉപയോഗ‍ിച്ചുവരുന്നു. യൂറോപ്യൻ യൂണിയൻ, യുഎസ്എ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഇതിനു വൻ വിപണിയാണുള്ളത്.

എങ്ങനെ നിർമിക്കണം

വിർജിൻ വെളിച്ചെണ്ണയുടെ ഗുണമേൻമ നിർണയിക്കുന്നത് അതിന്റെ സംസ്കരണരീതി കൂടിയാണ്. എക്സ്പെല്ലർ (കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കൽ), ഡിഎംഇ (പീര ചൂടാക്കി എണ്ണ പിഴിഞ്ഞെടുക്കൽ), തേങ്ങാപ്പാൽ ചൂടാക്കി (വെന്ത വെളിച്ചെണ്ണയെടുക്കൽ), ഫെർമെന്റേഷൻ (തേങ്ങാപ്പാൽ പുളിപ്പിച്ച്), കോൾഡ് പ്രോസസ് (തേങ്ങാപ്പാൽ വളരെ താഴ്ന്ന ഊഷ്മാവിൽ തണുപ്പിച്ച്), സെൻട്രിഫ്യൂജ് (ദ്രുതഗതിയിൽ കറക്കിയെടുത്ത്) എന്നിങ്ങനെ പല സംസ്കരണരീതികളുണ്ട്. ഇവയിൽ ചൂടേൽപ്പിക്കാതെയുള്ള രീതിയാണ് മെച്ചം. സെൻട്രിഫ്യൂജ് ചെയ്തെ‌ടുക്കുന്ന ഉൽപന്നത്തിന് പ്രിയമേറും. പച്ചവെള്ളംപോലെ തെളിമയുള്ള ഈ എണ്ണയിൽ ലോറിക് അമ്ലം (50 ശതമാനം), വിറ്റമിൻ ഇ,ഡി,കെ എന്നിവ അടങ്ങിയിരിക്കുന്നു.

തേങ്ങാപ്പാൽ അരിക്കാനുള്ള ഫിൽട്ടർ

ഗുണനിലവാരമേറിയ എണ്ണ തയാറാക്കുന്നതിന് തേങ്ങയുടെ വിളവെടുപ്പു മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന നാളികേരത്തിൽ നിന്നുള്ള എണ്ണയ്ക്ക് കൂടുതൽ സ്വീകാര്യതയുണ്ട്. എണ്ണയുടെ അളവ് കൂ‌ടുതലായതിനാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽനിന്നും ലക്ഷദ്വീപിൽനിന്നും വിളവെ‌ടുക്കുന്ന നാളികേരം വിർജിൻ വെളിച്ചെണ്ണ നിർമാണത്തിന് ഏറെ യോജ്യമാണ്. 12 മാസം മൂപ്പെത്തിയ നാളികേരം വിളവെടുത്ത് രണ്ടാഴ്ച തണലിൽ ഇട്ട് പരുവപ്പെടുത്തിയ (Aging) തിനു ശേഷമാണ് വെളിച്ചെണ്ണ നിർമിക്കേണ്ടത്. തേങ്ങ പൊതിച്ച്, കാമ്പു പൊട്ടാതെ ചിരട്ട വേർപെടുത്തി തേങ്ങയുടെ പുറംതൊലിയും ചീകിമാറ്റി, കാമ്പ് ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കണം. ചൂടുവെള്ളമൊഴിച്ചു കഴുകിയെടുത്ത നാളികേരക്കാമ്പിലെ ജലാംശം വാർന്നുപോയതിനുശേഷം നേർമയായി പൊടിച്ചെ‌ടുക്കണം. പിന്നീട് സ്ക്രൂപ്രസ് അല്ലെങ്കിൽ ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് പാൽ പിഴിഞ്ഞെടുക്കണം. അരിച്ചെടുത്ത തേങ്ങാപ്പാൽ സെൻട്രിഫ്യൂജ് മെഷീനിലേക്കു കടത്തിവിടുന്നു. അതിവേഗത്തിൽ (മിനിറ്റിൽ 4500–15000) കറങ്ങുന്ന ട്യൂബുലാർ സെൻട്രിഫ്യൂജിലൂടെ വെളിച്ചെണ്ണ വേർതിരിച്ചെടുക്കാം. ഇനി ഫിൽട്ടറിലൂ‌ടെ എണ്ണ അരിച്ചെടുത്തു ഡ്രയറിൽ വച്ച് ജലാംശം നീക്കണം. പിന്നീട് യോജ്യമായ ബോട്ട‍ിലുകളിൽ നിറയ്ക്കണം.

വായിക്കാം ഇ - കർഷകശ്രീ 

യന്ത്രങ്ങൾ

തേങ്ങാ പൊതിക്കൽ, കാമ്പ‍ു വേർപെടുത്തൽ, പീലിങ് എന്നിവ വിദഗ്ധ തൊഴിലാളികളെക്കൊണ്ട് ചെയ്യിപ്പിക്കാം. യന്ത്രങ്ങൾ കഴിവതും സ്റ്റെയിൻലെസ്സ് സ്റ്റീൽ നിർമിതമായിരിക്കണം.

ട്യൂബുലാർ സെൻട്രിഫ്യൂജ്

‌∙ പുറംതൊലി നീക്കി നാളികേരക്കാമ്പ് ചെറിയ കഷണങ്ങളാക്കുന്നതിനു കട്ടിങ് യന്ത്രം (ഡിസിൻറഗ്രേറ്റർ): 45,000 രൂപ
∙ മുറിച്ചെ‌ടുത്ത കാമ്പ് നേർമയായി പൊടിച്ചെടുക്ക‍ാൻ ക്രഷർ: 75,000 രൂപ
∙ തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്നതിനു ഹൈഡ്രോളിക് പ്രസ്സ്: ഒരു ലക്ഷം രൂപ
∙ വെളിച്ചെണ്ണ വേർതിരിച്ചെടുക്കുന്നതിന് ട്യൂബുലാർ സെൻട്രിഫ്യൂജും അനുബന്ധ ഉപകരണങ്ങളും: ഏഴുലക്ഷം രൂപ
∙ വളരെ ചെറിയ അവശിഷ്ടങ്ങൾ അരിച്ചുമാറ്റുന്നതിന് മൈക്രോ ഫിൽറ്റർ: 1.75 ലക്ഷം രൂപ
∙ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താൻ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്.

മേൽപറഞ്ഞ ഉപകരണങ്ങളുമായി പ്രതിദിനം 5000 തേങ്ങയിൽനിന്നു വെളിച്ചെണ്ണയെടുക്കാവുന്ന പ്ലാന്റ് സ്ഥാപിക്കാം.

‌കയറ്റുമതി ഉൽപന്നങ്ങൾക്ക് കർശന ഗുണമേൻമാ സർട്ടിഫിക്കേഷൻ വേണ്ടതുണ്ട്. അതിനായി ഉൽപന്നത്തിലെ ഘനലോഹ സാന്നിധ്യം, ഹാനികരങ്ങളായ സൂക്ഷ്മജീവികളുടെ തോത് എന്നിവ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഇവ അനുവദനീയ അളവിലോ അതിൽക്കുറവോ ആണെന്നു സാക്ഷ്യപത്രം നേടണം. കൂടാതെ ജിഎപി (Good Agricultural Practices), ജിഎംപി (Good Manufacturing Practices), HACCP (Hazard Analysis and Critical Control Point) എന്നീ അംഗീകാരങ്ങളും. കേരകർഷക കമ്പനികൾക്ക് ഇത്തരം സംരംഭങ്ങൾ നടത്താനാകും.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ
ഫോൺ: 0479 2449268