നിലത്തു നിൽക്കാം, ഉയരത്തിലെത്താം

പ്രകാശൻ തട്ട‍ാരി വണ്ടർ ക്ലൈംബർ യന്ത്രവുമായി

തെങ്ങു കയറാനുള്ള യന്ത്രം സംസ്ഥാനത്ത് വ്യാപകമായി കഴിഞ്ഞു. എന്നാൽ അതിനേക്കാൾ ദുഷ്കരമായ അടയ്ക്ക വിളവെടുപ്പിനു യന്ത്രം കണ്ടുപിടിച്ച കോഴിക്കോട് മായനാട് സ്വദേശി പ്രകാശൻ തട്ട‍ാരിക്ക് ഇനിയും അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല. നിലത്തു നിന്നുകൊണ്ടുതന്നെ അടയ്ക്ക ചെത്തി നിലത്തുവീഴാതെ കൈകളിലെത്തിക്കാമെന്നതാണ് ഈ യന്ത്രത്തിന്റെ മേന്മ. ഏതാനും ദിവസങ്ങളുടെ പരിശീലനം കൊണ്ട് സ്ത്രീകൾക്കുപോലും വൈദഗ്ധ്യം നേടാവുന്ന വണ്ടർ ക്ലൈംബർ വരുമാനമാർഗമാക്കിയ സ്ത്രീപുരുഷന്മാർ കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധനമില്ലാതെ പ്രവർത്തിക്കുന്ന ഈ യന്ത്രം നിലത്തുനിന്ന് കൈകൾകൊണ്ടു പ്രവർത്തിപ്പിക്കാം. കപ്പി–കയർ സംവിധാനത്തിലൂടെ കമുകിൽ കയറുകയും ഇറങ്ങുകയും വണ്ടർ ക്ലൈംബറിൽ നിന്നു തൂങ്ങിക്കിടക്കുന്ന വലിയ കയർ വലിക്കുകയും തുടർന്ന് അയയ്ക്കുകയും ചെയ്യുമ്പോൾ ഇത് മുകളിലേക്ക് കയറുന്നു. ഈ പ്രക്രിയ ആവർത്തിച്ച് യന്ത്രത്തെ കമുകിനു മുകളിലെത്തിക്കാം. യന്ത്രത്തിന്റെ ഭാഗമായുള്ള സ്പ്രിങ്ങിൽ നിന്നാണ് മുകളിലേക്കു കുതിക്കാനുള്ള ശക്തി കിട്ടുന്നത്. അടയ്ക്കാക്കുലയുടെ അരയടി താഴെയെത്തിയ ശേഷം ശക്തിയായി വലിക്കുമ്പോൾ വണ്ടർ ക്ലൈംബറിന്റെ മുകളിൽ കമുകിനോടു ചേർന്നുനിൽക്കുന്ന കത്തി കുലയുടെ ചുവടുഭാഗത്തു തട്ടി കുല മുറിയുന്നു. ഇപ്രകാരം മുറിഞ്ഞുവീഴുന്ന അടയ്ക്കാക്കുല യന്ത്രത്തിൽ നിന്നും പുറത്തേക്കു നീണ്ടുനിൽക്കുന്ന ക്ലാമ്പിൽ തങ്ങിനിൽക്കുന്നതിനാൽ താഴേക്കു പതിക്കുന്നില്ല. യന്ത്രത്തിൽ നിന്നു താഴേക്കു കിടക്കുന്ന വണ്ണം കുറഞ്ഞ കയർ വലിക്കുന്നതോടെ യന്ത്രം താഴേക്കിറങ്ങുന്നു. മറ്റൊരു അടയ്ക്കാക്കുല കൂടി വിളവെടുക്കാനുണ്ടെങ്കിൽ വണ്ണം കുറഞ്ഞ കയർ ഒരു വശത്തേക്കു വലിച്ച് യന്ത്രത്തെ ഏതു വശത്തേക്കും തിരിക്കാമെന്ന് പ്രകാശൻ പറഞ്ഞു. കുലയുടെ ചുവട്ടിൽ കത്തി എത്തുമ്പോൾ ആദ്യം ചെയ്തതു പോലെ ചെറിയ കയർ താഴേക്കു വലിച്ച് വിളവെടുക്കാം.

കമുകിൽ മരുന്നു തളിക്കുന്നതിന് ഈ യന്ത്രത്തിലെ കത്തി അഴിച്ചുമാറ്റി പകരം സ്പ്രെയറിന്റെ നോസിൽ ഘടിപ്പിക്കാനുള്ള ക്ലാമ്പ് വയ്ക്കണം. ക്ലാമ്പിൽ കമുകിനോളം നീളമുള്ള ചെറിയ കയർ കെട്ടിയ ശേഷം സ്പ്രെയർ ഉപയോഗിച്ച് കമുകിൽ മരുന്നു തളിക്കാം. കമുകിനും ചുറ്റും അയൽ മരങ്ങളിലും മരുന്നു തളിക്കാനാവും. വണ്ടർ ക്ലൈംബറിന്റെ ചുവടുപിടിച്ച് തേങ്ങയിടുന്നതിനുള്ള യന്ത്രം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

എഴു വർഷം മുമ്പ് സെയിൽസ് ടാക്സ് ഓഫിസറായി വിരമിച്ച പ്രകാശൻ അഞ്ചു വർഷം മുമ്പാണ് വണ്ടർ ക്ലൈംബറിനു രൂപം നൽകിയത്. പേറ്റൻറിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനൊപ്പം, മൂന്നു വർഷമായി മെഷീൻ നിർമിച്ചു വിൽക്കുന്നുമുണ്ട്. ഇതിനായി കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് പ്രകാടെക് എന്ന പേരിൽ ഒരു സ്ഥാപനം ഇദ്ദേഹം നടത്തുന്നു. ഇതിനകം 1900 യന്ത്രങ്ങൾ വിറ്റുകഴിഞ്ഞു. വണ്ടർ ക്ലൈംബറിന്റെ വില 7500 രൂപയാണ്. ഇതോടൊപ്പം മരുന്നു തളിക്കുന്ന സംവിധാനം കൂടി വേണമെങ്കിൽ 500 രൂപ കൂടുതൽ നൽകണം. കേരളത്തിൽനിന്നു മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമൊക്കെ അന്വേഷണമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വിദൂര നിയന്ത്രിത തേങ്ങയിടൽ യന്ത്രത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. മുപ്പതിനായിരം രൂപ ചെലവ് വരുന്ന ഈ യന്ത്രം വൈകാതെ തന്നെ വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷ. അടയ്ക്ക പൊളിക്കുന്ന യന്ത്രം, കൊതുകുനശീകരണയന്ത്രം എന്നിവയും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളായുണ്ട്. ത‌െങ്ങുകയറ്റയന്ത്രം വികസിപ്പിക്കുന്നതിനായി അടുത്ത കാലത്ത് കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാല മുഖേന അഖിലേന്ത്യാ കാർഷിക ഗവേഷണ കൗൺസിൽ 15.6 ലക്ഷം രൂപ അനുവദിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഫോൺ– 9946417434