മാംസ്യക്കലവറയായി ക്വിനോവ

ക്വിനോവ

രാജ്യാന്തര പയർ വർഷത്തിനും മുമ്പ് ഐക്യരാഷ്ട്രസഭ പ്രത്യേക വർഷാചരണം (2013) നടത്തി പ്രചരിപ്പിച്ച വിളയാണ് ക്വിനോവ. മൂന്നു വർഷമായി ഇന്ത്യയിലും സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎഫ്ടിആർഐ) നേതൃത്വത്തിൽ ഇത് പ്രചരിപ്പിക്കപ്പെട്ടു വരുന്നു. സിഎഫ്ടിആർഐ തെക്കേ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ച രണ്ടാമത്തെ സൂപ്പർഫുഡാണിത്. ക്വിനോവയ്ക്കൊപ്പം ഇന്ത്യയിലെത്തിയത് ചിയ എന്ന സൂപ്പർഫുഡാണ്.

വായിക്കാം ഇ - കർഷകശ്രീ

തെക്കേ അമേരിക്കയിലെ ആൻഡിയൻ പ്രദേശത്ത് പരമ്പരാഗതമായി കൃഷിചെയ്തു വരുന്ന ഈ ധാന്യവിളയുടെ വിത്തുകളാണ് ആഹാരമായി ഉപയോഗിക്കുന്നത്. എന്നാൽ പുല്ലുവർഗത്തിൽപെട്ട ചെടിയല്ലാത്തതിനാൽ ക്വിനോവയെ കപടധാന്യമെന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊഴുപ്പ് കുറവുള്ള പോഷകാഹാരമാണിത്. മാംസ്യസമ്പന്നവും സംതുലിതമായ അമിനോഅമ്ല ശ്രേണിയുമുള്ള ക്വിനോവയുടെ പ്രചരണത്തിലൂടെ കുട്ടികളിലെ പോഷകക്കുറവിനു പരിഹാരം കാണാമെന്നു കരുതപ്പെടുന്നു. ശരാശരി 14 ശതമാനം മാംസ്യത്തിനു പുറമേ ധാരാളം ഭക്ഷ്യനാരുകളും ഇരുമ്പും മഗ്നീഷ്യവും മാംഗനീസും റിബോഫ്ലാവിനുമൊക്കെ ക്വിനോവയിലുണ്ട്. മറ്റ് ധാന്യങ്ങളിലും ചെറുധാന്യങ്ങളിലുമുള്ളതിനേക്കാൾ കൂടുതൽ മാംസ്യവും ഇരട്ടിയോളം ഭക്ഷ്യനാരുകളുമുള്ള ക്വിനോവ ഗ്ലൂട്ടൻ രഹിതമാണെന്നതും ഇതിനെ പ്രിയങ്കരമാക്കുന്നു. എല്ലാ കാർഷിക കാലാവസ്ഥകളിലും കൃഷി ചെയ്യുന്ന ഈ വിളയ്ക്ക് വരൾച്ചയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ കെൽപുണ്ട്. മൂന്ന്–നാലു മാസം വിളദൈർഘ്യമുള്ള ക്വിനോവയിൽനിന്ന് ഏക്കറിന് 500– 700 കിലോ ഉൽപാദനം പ്രതീക്ഷിക്കാം. പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങളായ കിച്ചടി, പൊങ്കൽ, ഇഡ്ഡലി, ദോശ, ഉപ്പുമാവ്, ലഡു, ഹൽവ എന്നിവ നിർമിക്കാൻ ക്വിനോവ ഉപയോഗിക്കാം ഭക്ഷ്യയോഗ്യമായ ഇതിന്റെ ഇലകളും പോഷകസമ്പന്നമാണ്.

ക്വിനോവ ചെടി

രണ്ട് മൺസൂൺ കാലാവസ്ഥകളിലും ക്വിനോവ കൃഷി ചെയ്യാം. മണൽകൂടിയതും അല്ലാത്തതുമായ മണ്ണിൽ നന്നായി വളരുന്ന ക്വിനോവയുടെ വളർച്ചയ്ക്ക് കുറഞ്ഞത് 250 മില്ലിമീറ്റർ വെള്ളം മതിയാവും. നെല്ലിനും ഗോതമ്പിനും ഇത് യഥാക്രമം 1200 മില്ലിമീറ്ററും 500 മില്ലിമീറ്ററും ആണെന്നോർക്കണം. ഏക്കറിനു നാലു ടൺ ചാണകമോ രണ്ടു ടൺ വെർമികമ്പോസ്റ്റോ ചേർത്ത് നന്നായി ഉഴുതു നിരപ്പാക്കിയ മണ്ണിൽ ക്വിനോവയുടെ വിത്തിടാം. അടിവളമായും 30–60 ദിവസം പ്രായത്തിലും എൻപികെ വളങ്ങൾ നൽകാവുന്നതാണ്. ഏക്കറിന് 500 ഗ്രാം വിത്ത് മതിയാവും. ശരാശരി 45–60 സെ.മീ. അകലമുള്ള വരികളിലാണ് വിത്തിടേണ്ടത്. വിത്തുകൾ കാലിഞ്ചിലധികം മണ്ണിൽ താഴാതെ ശ്രദ്ധിക്കണം. മണ്ണിൽ മതിയായ നനവുണ്ടെങ്കിൽ 24 മണിക്കൂറിനകം വിത്തുകൾ മുളച്ചുതുടങ്ങും. എഴു ദിവസത്തിനുള്ളിൽ വിത്തുകൾ മുഴുവൻ മുളച്ച് തൈകളായിട്ടുണ്ടാവും. കൂടുതലുള്ള തൈകൾ പറിച്ചെടുത്ത് തൈകളുടെ വളർച്ചയ്ക്ക് സാഹചര്യമൊരുക്കണം. കാര്യമായ കീടശല്യമുണ്ടാകാറില്ല, അഥവാ ഏതെങ്കിലും കീടസാന്നിധ്യം കണ്ടെത്തിയാൽ ഒരു ശതമാനം വീര്യമുള്ള വേപ്പെണ്ണ 0.05 ശതമാനം സോപ്പുലായനിയിൽ ചേർത്ത് തളിക്കണം. നേരിയ മഞ്ഞ അഥവാ ചുവപ്പുനിറത്തോടുകൂടി ചെടിയുണങ്ങി തുടങ്ങുകയും പുറന്തോട് നഖം ഉപയോഗിച്ചു പൊട്ടിക്കാനാവാതെ വരികയും ചെയ്യുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം. വിളവെടുത്ത ക്വിനോവ നന്നായി മെതിച്ച് വൃത്തിയാക്കി ഉണങ്ങി സൂക്ഷിക്കണം. വിളവെടുപ്പുകാലത്ത് മഴ പെയ്താൽ ഈർപ്പം മൂലം ഇവയുടെ വിത്തുകൾ മുളയ്ക്കും. ഏക്കറിന് 700 കിലോ ഉൽപാദനം പ്രതീക്ഷിക്കാം.

ക്വിനോവയുടെ പോഷകലഭ്യത (100 ഗ്രാമിന്)

ഊർജം– 368 കിലോ കാലറി
മാംസ്യം– 14 ഗ്രാം
കൊഴുപ്പ്– 7.1 ഗ്രാം
കാർബോഹൈഡ്രേറ്റ്– 64 ഗ്രാം
ഭക്ഷ്യനാര്– 7 ഗ്രാം
സോഡിയം– 5 മില്ലിഗ്രാം