തുള്ളിനന രീതിയിൽ വെള്ളം കുറച്ചുമതി, കളവളർച്ച കുറയ്ക്കാനും കഴിയും

soil
SHARE

തുലാവർഷം കിട്ടാത്ത ജില്ലകളിൽ മണ്ണിലെ ജലാംശം ഈ മാസം വളരെ കുറഞ്ഞ അവസ്ഥയിലാണ്. ഇത് ദീർഘകാലവിളകൾക്കു ദോഷകരമാണ്. ഒരു മീറ്ററിലധികം താഴ്ചയിൽ വേരുള്ള ദീർഘകാലവിളകൾക്ക് അടിമണ്ണിൽനിന്നു ജീവജലം ലഭ്യമാകുമെങ്കിലും അത് ആവശ്യത്തിന് ഉതകുകയില്ല. വേര് അധികമുള്ള മേൽമണ്ണിലാണ് ചെടികൾക്ക് ആവശ്യമുള്ള മൂലകങ്ങൾ സംഭരിച്ചിട്ടുള്ളത്. അതിനാൽ മേൽമണ്ണിലും നനവു ലഭിച്ചാലേ ഈ മൂലകങ്ങളെ വിളകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളൂ. 

തുലാവർഷം കാര്യമായി കിട്ടാത്ത അവസ്ഥയിൽ ദീർഘകാലവിളകളായ തെങ്ങ്, കമുക്, ജാതി, കൊക്കോ, വാഴ, പപ്പായ, കാപ്പി, ഗ്രാമ്പൂ, പൈനാപ്പിൾ, വെറ്റിലക്കൊടി, കരിമ്പ് മുതലായ വിളകൾക്ക് ഡിസംബർ ആദ്യം മുതൽ നന തുടങ്ങാം. തുലാവർഷം നന്നായി കിട്ടിയ ജില്ലകളിൽ ഈ വിളകൾക്ക്   അവസാനവാരം നന തുടങ്ങിയാൽ മതി. തെങ്ങ്, കമുക്,  ജാതി, കൊക്കോ, വാഴ, പപ്പായ തുടങ്ങിയ വിളകൾക്ക് തടങ്ങളിൽ വെള്ളം തുറന്നുവിടുകയാണ് പതിവ്. കരിമ്പ്, പൈനാപ്പിൾ, വെറ്റിലക്കൊടി, തീറ്റപ്പുല്ല് എന്നിവയ്ക്ക് ചാലിൽ വെള്ളം തുറന്നുവിടുകയാണ് പതിവ്. എന്നാൽ ഇത്തരം നനയ്ക്കു ധാരാളം ജലം ആവശ്യമാണ്. തുള്ളിനന രീതി സ്വീകരിക്കുന്നപക്ഷം ജലവിനിയോഗത്തിലെ കാര്യക്ഷമതയ്ക്ക് ഒപ്പം വിളകളുടെ ഉല്‍പാദനക്ഷമതയും കൂട്ടാം. കളവളർച്ച കുറയ്ക്കാനും കഴിയും. 

തടങ്ങളിൽ തുള്ളിനന നൽകുമ്പോൾ തെങ്ങ്, ജാതി പോലുള്ള വലിയ വിളകൾക്ക് നാലും മറ്റുള്ളവയ്ക്ക് രണ്ട്– മൂന്ന് തോതിലും  ഡ്രിപ്പറുകള്‍ ആവശ്യമാണ്. ചെറുകുഴികളെടുത്ത് അതിൽ ചപ്പുചവർ ഇട്ട് അതിലേക്കാണ് വെള്ളം തുള്ളിതുള്ളിയായി വീഴ്ത്തേണ്ടത്. വെറുതെ നിലത്തു വീഴ്ത്തിയാൽ അവ പെട്ടെന്ന് ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടും. ചാലുകളിൽ അല്ലെങ്കിൽ നട്ട നിരയിൽ തുള്ളിനന നടത്തുമ്പോൾ ഇൻ–ലൈൻ ഡ്രിപ്പ് സംവിധാനമാണ് നല്ലത്. രണ്ട് ഡ്രിപ്പിങ് പോയിന്റുകൾ തമ്മിലുള്ള അകലം ചെടികൾ തമ്മിലുള്ള അകലത്തെ ആശ്രയിച്ചിരിക്കും.

കാപ്പിക്ക് ഡിസംബർ മുതൽ ജനുവരി മധ്യം വരെ തളിനന രീതിയിൽ നനയ്ക്കാം. പിന്നീട് ഫെബ്രുവരി അവസാനം വരെ നനയ്ക്കേണ്ടതില്ല. കുരുമുളകിന് പന്നിയൂർ–1 എന്ന ഇനത്തിനു മാത്രമേ നന ഡിസംബർ മുതൽ ഫെബ്രുവരിവരെ നൽകാറുള്ളൂ. ഏലത്തിന് തുള്ളിനനയോ, മൈക്രോ സ്പ്രിങ്ക്ളര്‍ വഴിയോ ഈ മാസം  നന തുടങ്ങാം.

ഹ്രസ്വകാല വിളകളായ പച്ചക്കറികൾ, പൂച്ചെടികൾ, ധാന്യവിളകൾ, നനച്ചു വളർത്തുന്ന കിഴങ്ങുവർ‍ഗങ്ങൾ, മരുന്നുചെടികൾ എന്നിവയുടെ സ്വഭാവമനുസരിച്ച് വ്യത്യസ്ത ഇടവേളകളിലാണ് നനയ്ക്കുക. പച്ചക്കറികൾക്കും പൂച്ചെടികൾക്കും രണ്ടു മൂന്നു ദിവസം ഇടവിട്ട് നനയ്ക്കണം. വളം ചേര്‍ത്തുള്ള തുള്ളിനന (ഡ്രിപ്പ് ഫെർട്ടിഗേഷന്‍)യാണെങ്കിൽ വിളവ് 40 ശതമാനംവരെ വർധിക്കുകയും ചെയ്യും. മറ്റ് ഹ്രസ്വകാലവിളകൾ കുറച്ചുകൂടി ദീർഘമായ ഇടവേളകളില്‍ നനച്ചാല്‍ മതി. 

വിവിധ നനരീതികളുടെ ജലത്തിന്റെ ഉപയോഗ കാര്യക്ഷമത ഇങ്ങനെ.

∙ വെള്ളം തുറന്നുവിട്ട് നനയ്ക്കുന്ന രീതി: 32%

∙ ചാലുകളിലും തടങ്ങളിലും വെള്ളം തുറന്നുവിടുക: 45%

∙ റെയിൻ ഗൺ എന്ന വലിയ സ്പ്രിങ്ക്ളര്‍: 50%

∙ സാധാരണ ഓവർഹെഡ് സ്പ്രിങ്ക്ളര്‍: 60%

∙ മൈക്രോ സ്പ്രിങ്ക്ളര്‍: 80%

∙ തുള്ളി നന: 90%

തുള്ളിനനയാണ് ഏറ്റവും കാര്യക്ഷമതയുള്ള രീതി. ചാലുകളിലും തടങ്ങളിലും വെള്ളം തുറന്നു വിടുന്ന രീതിയെ അപേക്ഷിച്ച്, അതേ അളവ് വെള്ളംകൊണ്ട് ഇരട്ടി സ്ഥലം നനയ്ക്കാം. കൂടാതെ, വിളവ് 25– 40 ശതമാനം വർധിക്കുകയും ചെയ്യും. മൈക്രോ സ്പ്രിങ്ക്ളര്‍ നനയാണെങ്കിൽ ഒന്നര ഇരട്ടി സ്ഥലം നനയ്ക്കാം.

നെല്ലിനു പോളരോഗം

രോഗങ്ങളെയും കീടങ്ങളെയും ശ്രദ്ധിക്കുക. പോളരോഗവും പോള അഴുകലും പ്രധാനം. ഇവയെ പ്രതിരോധിക്കാൻ നന്നായി നിറഞ്ഞ മണികൾ മാത്രം വിത്തായി ഉപയോഗിക്കുക. ധാരാളം ജൈവവളം ചേർക്കുക. രാസവളം മിതമായി പല തവണ ചേർക്കുക. നടീലിനു മുൻപു രണ്ടര കിലോ  ട്രൈക്കോഡെര്‍മ കൾച്ചർ  50 കിലോ  ചാണകപ്പൊടിയുമായി ചേർത്ത് ജീവാണുക്കൾ വളരുന്നതോടെ പാടത്തു വിതറുക. വിത്ത് കുതിർക്കുന്ന വെ‌ള്ളത്തിൽ ഒരു കിലോ വിത്തിന് പത്തു ഗ്രാം എന്ന കണക്കിന് സ്യൂഡോമോണാസ് കലർത്തുക.

ഞാറു നടുന്നതിനു മുൻപ് സ്യൂഡോമോണാസ് ലായനിയിൽ വേര് അര മണിക്കൂർ മുക്കിവയ്ക്കുക. കൂടാതെ, നട്ട് ഒരു മാസം കഴിഞ്ഞു സ്യൂഡോമോണാസ് ലായനി 10–15 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. മണ്ണുത്തിയിലെ ബയോകൺട്രോളർ ലാബ് (0487–2374605), കേരള കാർഷിക സർവകലാശാല വിപണനകേന്ദ്രം (0487–2370540), കൃഷിവിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്യൂഡോമോണാസ് ലഭിക്കും. കുമിൾനാശിനികളിൽ ബാവിസ്റ്റിൻ 200 ഗ്രാം, 200 ലീറ്റർ വെള്ളത്തിൽ ചേർത്ത് ഒരേക്കറിൽ എന്ന തോതിൽ തളിക്കുന്നത് രാസനിയന്ത്രണ മാർഗമാണ്.

കീടങ്ങളിൽ ഓലചുരുട്ടി, തണ്ടുതുരപ്പൻ, മുഞ്ഞ, ചാഴി എന്നിവ കാണാം. ട്രൈക്കോഡെർമ കാർഡുകൾ ഉപയോഗിച്ച് ഓലചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയെ നിയന്ത്രിക്കാം. രാസമാർഗത്തിലൂടെ ഓലചുരുട്ടിയെ നിയന്ത്രിക്കുന്നതിന് ഓലയുടെ മടക്കുകൾ മുള്ളുവടികൊണ്ട് വലിച്ചു നിവർത്തി ഇക്കാലക്സ് രണ്ടു മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിക്കാം. കഴിവതും പ്രതിരോധശക്തിയുള്ള ഇനങ്ങൾ നട്ട് തണ്ടുതുരപ്പനെ പ്രതിരോധിക്കണം. ഇവ ഇലയുടെ അഗ്രഭാഗത്ത് കൂട്ടംകൂ‌ട്ടമായി മുട്ടയിടും. അതിനു മുകളിൽ രോമക്കുപ്പായവും ഉണ്ടാവും. ഇങ്ങനെ കാണുന്ന മുട്ടക്കൂട്ടത്തെ ഇല മുറിച്ചെ‌ടുത്തു നശിപ്പിക്കുക. കീടനാശിനികളിൽ ലെബാസിഡ്, ഇക്കാലക്സ് എന്നിവയിലൊന്ന് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ചേർത്ത് തളിക്കുക.

മുഞ്ഞയുടെ ഉപദ്രവം ഉണ്ടാകാറുള്ള നിലങ്ങളിൽ കഴിവതും പ്രതിരോധശക്തിയുള്ള ഇനങ്ങൾ നടുക. ഉമ, പവിത്ര, രമണിക, കരിഷ്മ, ഗൗരി എന്നിവ നന്ന്. പുറമേനിന്നു തുടങ്ങി ഉള്ളിലേക്കു തളിച്ചാണ് ഈ കീടത്തെ നിയന്ത്രിക്കേണ്ടത്. ജൈവമാർഗത്തിൽ ചാഴിയെ നിയന്ത്രിക്കാൻ ഫിഷ് അമിനോ ആസിഡ് ഫലപ്രദം.

കമുക്

ഈ മാസം അവസാനത്തോടെ നന തുടങ്ങാം. 100–125 ലീറ്റർ വെള്ളം അഞ്ചു ദിവസം ഇടവിട്ട്. വെള്ളം കുറവാണെങ്കിൽ തുള്ളിനനയും ആകാം. തെക്കൻ വെയിലേറ്റ് തൈകളുടെ തടി പൊള്ളാതിരിക്കാൻ ഓലകൊണ്ട് പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂശിയാലും മതി. വിത്തടയ്ക്ക ശേഖരിക്കാനും പാകാനും സമയമായി. വാഴ, കുരുമുളക്, ഒട്ടു ജാതി, തീറ്റപ്പുല്ല്, കിഴങ്ങുവർഗങ്ങൾ, മരുന്നുചെടികൾ എന്നിവ കമുകിനു പറ്റിയ ഇടവിളകളാണ്.

കശുമാവ്

തേയിലക്കൊതുകും ആന്ത്രാക്നോസും ഈ മാസം കശുമാവിനുപ്രധാന ശത്രുക്കൾ. ഇവയുടെ ഉപദ്രവംമൂലം വിളവ് പകുതിയാകും. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചൂടു കൂ‌ടുന്നതോടെ തേയിലക്കൊതുകിന്റെ എണ്ണം പെരുകും. ഉങ്ങിന്റെ എണ്ണ രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യുന്നതാണ് െജെവ നിയന്ത്രണമാർഗം. കശുമാവിനു വ്യാപകമായ കരിച്ചിൽ വരുന്നതാണ് ആന്ത്രാക്നോസ്. ഇളംതണ്ട്, തളിരില, പിഞ്ചണ്ടി എന്നിവയാണ് ആക്രമണവിധേയമാകുന്നത്. തേയിലക്കൊതുകിന്റെ കുത്തേറ്റ മുറിവിലൂടെയാണ് ഈ കുമിൾ അകത്തു കടക്കുന്നത്. തണ്ടിനുള്ളിൽ കടന്നാൽ ആ ഭാഗത്ത് കടും തവിട്ടുനിറത്തിൽ പാടുകൾ കാണാം. ഈ പാടുകളിൽനിന്ന് ഒരു ദ്രാവകം ഒലിച്ചിറങ്ങി ഉണങ്ങി തിളങ്ങുന്ന കട്ടയായി മാറും. ക്രമേണ തണ്ടും ഉണങ്ങും. ആന്ത്രാക്നോസും തേയിലക്കൊതുകും ഒന്നിച്ചു വന്നാല്‍ നിയന്ത്രണമാര്‍ഗം താഴെ:

തളിരിടുമ്പോൾ: കരാറ്റേ അല്ലെങ്കിൽ റീവാ 5 EC 0.6 മി.ലീ.+ കോപ്പർ ഓക്സിക്ലോറൈഡ് (50 wp) രണ്ടു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ.

പുഷ്പിക്കൽ സമയം: ഇക്കാലക്സ് 25 ഇ.സി. രണ്ടു മി.ലീ./ലീറ്റർ + മാങ്കോസെബ് രണ്ടു ഗ്രാം/ലീറ്റർ. 

റബർ

ഈ മാസം ചെറുതൈകൾക്ക് തണൽ നൽകാം. വെയിൽ ശക്തമായ തോട്ടങ്ങളിൽ നാലു വർഷംവരെ പ്രായമായ തൈകളുടെ കട മുതൽ കവരവരെ ചുണ്ണാമ്പു ലായനി പൂശാം. ഒരു വർഷത്തിനു താഴെ പ്രായമുള്ള െച‌റുതൈകൾക്ക് തെക്കുപടിഞ്ഞാറൻ വെയിലിനെതിരെ, മെടഞ്ഞ തെങ്ങോലകൊണ്ട് തണൽ കൊടുക്കണം.

കുരുമുളക്

നേരത്തേ മൂപ്പെത്തുന്ന ഇനങ്ങൾ ഈ മാസം അവസാനത്തോടെ വിളവെ‌ടുക്കാം. ഒരു കൊടിയിലെ പല തിരികളിലായി മണികൾ പഴുത്തു കണ്ടാൽ വിളവെ‌ടുക്കാം. കൊടിയുടെ ചുവ‌ട്ടിൽ കനത്തിൽ പുതയിട്ട് വേനലിനെ ചെറുക്കുക.

ഇഞ്ചി

വിളവെടുപ്പ് തുടങ്ങുന്നു. കേടില്ലാത്ത വാരങ്ങളിൽനിന്നു വിത്തിഞ്ചി ശേഖരിക്കുക. മണ്ണും വേരും നീക്കി കുമിൾനാശിനിയിൽ മുക്കിവച്ചാൽ, കേടില്ലാതെ സൂക്ഷിക്കാം. ഇതിന് ഡൈത്തേൻ എം–45 ഏഴു ഗ്രാം, മാലത്തയോൺ രണ്ടു മി.ലീ. എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു കലർത്തി ലായനിയുണ്ടാക്കി വിത്തിഞ്ചി അതിൽ അര മണിക്കൂർ കുതിർക്കണം. തുടർന്ന് തണലത്തു നിരത്തി വെള്ളം വാർത്ത് നനവു മാറ്റിയശേഷം സൂക്ഷിക്കുക.

ജൈവകൃഷിയാണെങ്കിൽ കുമിൾനാശിനിയും കീടനാശിനിയും പാടില്ല. പകരം ചാണകവെള്ളത്തിൽ മുക്കി തോർന്ന ശേഷം സൂക്ഷിക്കണം. ആവശ്യാനുസരണം വലുപ്പത്തിൽ കുഴിയെടുത്ത് അടിയിൽ മണലോ അറക്കപ്പൊടിയോ വിരിച്ച് ഇഞ്ചി അതിൽ നിരത്തുക. മണ്ണുമായി ബന്ധപ്പെടരുത്. പാണലിന്റെ ചില്ലകൾ അടിയിലും മുകളിലും നിരത്തുന്നത് ഇക്കാലത്തു കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഇഞ്ചി നനയാതെ സൂക്ഷിക്കുന്നതിനു മേൽക്കൂര ഉണ്ടാകണം.

മഞ്ഞൾ

വിളവെടുപ്പ് തുടങ്ങുന്നു. രോഗബാധയില്ലാത്ത വാരങ്ങളിൽനിന്നു വിത്തിന് മഞ്ഞൾ ശേഖരിക്കുക. വേരും മണ്ണും നീക്കം ചെയ്തു വിത്ത് കേടുകൂടാതെ സൂക്ഷിക്കുക. മഞ്ഞൾവിത്ത് നനയാതെ സാധാരണ തറയിലോ കു‌ട്ടയിലോ ഉമിയിലാണ് സൂക്ഷിക്കുക.

ഏലം

പുതിയ തോട്ടങ്ങളിൽ കളയെടുപ്പും പുതവയ്ക്കലും നിലവിലുള്ള തോട്ടങ്ങളിൽ വിളവെടുപ്പും സംസ്കരണവും. മണ്ണിലെ ഈർപ്പം കുറയുന്നതനുസരിച്ച് നേരിയ തോതില്‍ നന. 

ജാതി

പ്രധാന വിളവെട‌ുപ്പ് തു‌ടങ്ങുന്നു. വിളഞ്ഞ കായ്കൾ പൊട്ടി ജാതിപത്രിയും വിത്തും പുറമെ കാണുമ്പോഴാണ് വിളവെ‌ടുപ്പ്. ജാതിക്ക് ആഴ്ചയിൽ ഒരു കനത്ത നന. വിത്തിനെടുക്കുന്ന ജാതിക്ക, തൊണ്ടും ജാതിപത്രിയും മാറ്റി ഉടനെ മണലിൽ പാകണം.

ഗ്രാമ്പൂ

വിളവെടുപ്പ് തുടരുന്നു. പൂക്കളുടെ പച്ചനിറം മാറി ഇളം ചുവപ്പ് നിറമാകുന്നതോടെ വിളവെടുക്കുകയാണു പതിവ്. വിളവെടുത്ത പൂക്കൾ നിരയായി നാലഞ്ചു ദിവസം വെയിലത്ത് ഉണക്കുക. ആഴ്ചയിൽ ഒരു കനത്ത നന. 

വാഴ

നട്ട് ഒരു മാസമായ നേന്ത്രന് യൂറിയ, റോക്ക് ഫോസ്ഫേറ്റ് , മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 90–325–100 ഗ്രാം വീതം ഓരോന്നിനും ചേർക്കണം. രണ്ടു മാസമായതിന് 65–250–100 ഗ്രാം വീതവും. ഈ മാസം നന തുടങ്ങാം. ഒരു നനയ്ക്ക് 40 ലീറ്റർ വെള്ളം.

പൈനാപ്പിൾ

പൈനാപ്പിൾ കൃഷിയെപ്പറ്റി കൂടുതൽ അറിയാൻ വെള്ളാനിക്കര (0487–2373242), വാഴക്കുളം (0485–2260832). പൈനാപ്പിൾ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. 

fertilisers

തെങ്ങിനു നനയും വളമിടീലും

നനയ്ക്കുന്ന തെങ്ങുകൾക്ക് ഈ മാസം വളം ചേർക്കണം. നാടൻ തെങ്ങിന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 500, 400, 500 ഗ്രാം വീതവും ഉൽപാദനശേഷി കൂടിയവയ്ക്ക് 550, 625, 835 ഗ്രാം വീതവും ഒരു വർഷംവരെ പ്രായമായവയ്ക്ക് ഇതിന്റെ മൂന്നിലൊന്നും രണ്ടു വർഷം പ്രായമായതിന് മൂന്നിൽ രണ്ടും മതി. മൂന്നാം വർഷം മുതൽ മുഴുവൻ അളവും നൽകാം. ക്രമമായ വളപ്രയോഗമുള്ള തെങ്ങിന് ഈ മാസം റോക്ക് ഫോസ്ഫേറ്റ് ഒഴിവാക്കാം.

ഡിസംബർ അവസാന വാരം നന തുടങ്ങാം. തുള്ളിനനയാണെങ്കിൽ തെങ്ങൊന്നിന് ദിവസം 40–60 ലീറ്റർ, തടത്തിന്റെ നാലു വശത്തും ചെറുകുഴികളെടുത്ത് അതിൽ ചപ്പുചവർ നിറച്ച് നനയ്ക്കാം. തടത്തിൽ വെള്ളം തുറന്നു വിടുകയാണെങ്കിൽ 300 ലീറ്റർ വെള്ളം അഞ്ചു ദിവസം ഇടവിട്ട് കൊടുക്കുക. വെട്ടുകല്ലുള്ള മണ്ണിൽ തെങ്ങിൻതൈ നടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കുഴിയെടുത്തു രണ്ടു കിലോ കല്ലുപ്പ് ഇടുക. ആറു മാസം കഴിയുമ്പോൾ വെട്ടുകല്ല് ദ്രവിക്കും. അപ്പോൾ കുഴി വലുതാക്കി മേൽമണ്ണിറക്കി തൈ നടുക. ഈ മാസം തടങ്ങളിൽ പുതയിടുക.

ചെമ്പൻചെല്ലിയുടെ ഉപദ്രവം ചെറുതെങ്ങുകളിൽ പ്രതീക്ഷിക്കാം. ത‌‌ടിയിലുണ്ടാക്കിയ സുഷിരങ്ങളിലൂടെ ചണ്ടി പുറത്തുവരുന്നതാണ് ലക്ഷണം. എല്ലാ സുഷിരങ്ങളും അടച്ചശേഷം ഏറ്റവും മുകളിലത്തെ സുഷിരത്തിലൂടെ ഇക്കാലക്സ് എട്ടു മില്ലി രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. തുടർന്ന് സുഷിരം അടയ്ക്കുക. കൊമ്പൻചെല്ലിയെ നശിപ്പിക്കാൻ ചെല്ലിക്കോൽ ഉപയോഗിക്കുക. ഓലക്കവിളുകളിൽ കീടനാശിനി നിറയ്ക്കരുത്. പകരം മണലും കല്ലുപ്പും മതി. അല്ലെങ്കിൽ നാഫ്തലിന്റെ നാലുഗുളികകൾ മുകളിലത്തെ ഒന്നുരണ്ട് ഓലക്കവിളുകളിൽ നിക്ഷേപിക്കുക.

മച്ചിങ്ങ, വെള്ളയ്ക്ക എന്നിവയിൽനിന്ന് നീരൂറ്റിക്കുടിക്കുന്ന കീ‌ടമാണ് പൂങ്കുലച്ചാഴി. ഇതിന്റെ ആക്രമണമുള്ള തെങ്ങിൽ ഇക്കാലക്സ് രണ്ടു മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. പരാഗണം നടക്കുന്ന പൂങ്കുല ഒഴിവാക്കണം. മീലിബഗിനെതിരെ ഇക്കാലക്സ് രണ്ടു മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു ചേർത്തു തളിക്കുക. ഈ മാസം റൂഗോഡ് സ്പൈറൽ വെള്ളീച്ചകൾ തെങ്ങോലകളുടെ അടിയിൽ കാണാം. 20 മി.ലീ. വേപ്പെണ്ണ അഞ്ചു ഗ്രാം ബാർസോപ്പ് കൂട്ടി ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു സ്പ്രേ ചെയ്യുക. ഓലകളുടെ മുകൾവശത്തു കാണുന്ന കറുത്ത മോൾഡിനെ ഒരു ശതമാനം സ്റ്റാർച്ച് ലായനികൊണ്ട് നിയന്ത്രിക്കാം.

ചെന്നീരൊലിപ്പ് കാണുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റി ബോർഡോകുഴമ്പോ ഉരുകിയ ടാറോ തേക്കുക. പകരം 25 ഗ്രാം ട്രൈക്കോഡെർമ കൾച്ചർ, വെള്ളത്തിൽ കുഴച്ച് തേക്കാം. 50 മി.ലീ. കോണ്ടാഫ് 25 ലീറ്റർ വെള്ളത്തിൽ കലക്കി നനവുള്ള തടത്തിൽ ഒഴിക്കുന്നതുവഴി ഈ രോഗത്തെ പെട്ടെന്നു നിയന്ത്രിക്കാം. ഇത് വർഷത്തിൽ മൂന്നു തവണ ഒഴിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA