വർഷം മുഴുവൻ ചീര കൃഷി ചെയ്യാമെങ്കിലും ശക്തിയായ മഴയുള്ള സമയത്ത് ഇവ വിതയ്ക്കുന്നതും പറിച്ചുനടുന്നതും ഒഴിവാക്കണം.

വിത്തും വിതയും: ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്ക്കുമ്പോൾ സെന്റിനു 10 ഗ്രാം വിത്ത് മണലുമായി കൂട്ടിക്കലർത്തി പാകണം. പറിച്ചു നടുന്ന രീതിയിലാണെങ്കിൽ സെന്റിനു രണ്ടു ഗ്രാം വിത്തു മതിയാകും. മനോരമ ആഴ്ചപ്പതിപ്പു വഴി നൽകുന്നത് ഒരു ഗ്രാം ചീര വിത്തുകളാണ്.

നിലമൊരുക്കലും വളപ്രയോഗവും: നല്ല വെളിച്ചവും നീർവാർച്ചയുള്ളതുമായ സ്ഥലമാണ് കൃഷിക്കനുയോജ്യം. ഒരു മീറ്റർ വീതിയിലും 20–30 സെ.മീ. ഉയരത്തിലും തറകൾ ഉണ്ടാക്കി 15–20 സെ.മീ. അകലത്തിൽ വരികളിൽ പൊടിമണലുമായി കൂട്ടിക്കലർത്തി വിത്തിടണം. ഉറുമ്പിന്റെ ഉപദ്രവം ഒഴിവാക്കാൻ ചാരമോ മഞ്ഞൾപ്പൊടിയോ വിതറാം. മൂന്നാഴ്ച പ്രായമായ (3–4 ഇലകൾ ഉള്ള) തൈകൾ പറിച്ചുനടാം. മഴക്കാലത്ത് വാരങ്ങളിൽ നടുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ മണ്ണിൽ കൂട്ടിയിളക്കണം. അതിനു ശേഷം ആഴ്ചതോറും ജൈവസ്ലറി തളിക്കാവുന്നതാണ്.

ജൈവസ്ലറി തയാറാക്കുന്ന വിധം: 100 ഗ്രാം കപ്പലണ്ടിപ്പിണ്ണാക്കും ഒരു പിടി ചാരവും 100 ഗ്രാം ചാണകവും കൂടി ഒരു ലീറ്റർ വെള്ളത്തിൽ നാലോ അഞ്ചോ ദിവസം പുളിക്കുവാൻ അനുവദിക്കുക. ഇതിന്റെ തെളിവെള്ളം ഇരട്ടി വെള്ളവും ചേർത്ത് ആഴ്ചതോറും തളിക്കുക.

വിള പരിചരണം: കളകൾ യഥാസമയം നീക്കംചെയ്യുക. ചെടിക്ക് ആവശ്യാനുസരണം നനവു കിട്ടത്തക്കവിധം ഒന്നോ രണ്ടോ ദിവസം ഇടവിട്ടു നനയ്ക്കുക. ഇലപ്പുള്ളി രോഗം പടരാതിരിക്കാൻ ചെടികൾ നനയ്ക്കുമ്പോൾ വെള്ളം തെറിച്ച് ഇലകളിൽ വീഴാതെ ചുവടു ഭാഗം മാത്രം നനയ്ക്കുവാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലപ്പുള്ളി രോഗത്തിന്റെ നിയന്ത്രണത്തിനു മഞ്ഞൾപ്പൊടിയും സോഡാപ്പൊടിയും 10:2 എന്ന അനുപാതത്തിൽ കൂട്ടി യോജിപ്പിച്ച് അതിൽനിന്ന് 10 ഗ്രാം / ഒരു ലീ. വെള്ളത്തിൽ എന്ന തോതിൽ കലക്കി രണ്ടിലപ്രായം മുതൽ ആഴ്ചയിൽ തളിക്കാം.