തെങ്ങിനു കൂമ്പുചീയല്‍, വാഴയ്ക്ക് ഇലപ്പുള്ളി: മഴക്കാലത്തെ മാരകരോഗങ്ങൾ

തെങ്ങിലെ കൂമ്പുചീയൽ

മഴക്കാലം വിളകൾക്ക് രോഗകാലമാണ്. നമ്മുടെ നാട്ടിൽ മിക്ക വിളകൾക്കും മഴക്കാലത്താണ് മാരകരോഗങ്ങൾ വ്യാപകമായി കാണുന്നത്. മേഘാവൃതമായ അന്തരീക്ഷം. ചാറ്റൽമഴ, ഉയർന്ന അന്തരീക്ഷ ആർദ്രത എന്നിവ കുമിൾരോഗങ്ങൾക്ക് അനുകൂല ഘടകങ്ങളാണ്. മഴക്കാല രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധികളും നോക്കാം.

തെങ്ങിലെ കൂമ്പുചീയൽ
രോഗകാരി: ഫൈറ്റോഫ്തോറ പാമിവോറ

നാമ്പോലയ്ക്ക് മഞ്ഞളിപ്പ് ബാധിക്കുന്നതാണ് പ്രാരംഭലക്ഷണം. ക്രമേണ അവ വാടി ഉണങ്ങിപ്പോവുകയോ ഒടിഞ്ഞു തൂങ്ങുകയോ ചെയ്യും. നാമ്പിന്റെ മാർദവമേറിയ ഭാഗങ്ങൾ ചീയുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. അഴുകൽ മണ്ടയിൽ ബാധിച്ച് കൂമ്പു നശിച്ചാൽ പിന്നെ തെങ്ങ് രക്ഷപ്പെടില്ല. തൈകളിലാണു രോഗം ബാധിക്കുന്നതെങ്കിൽ നാമ്പോല വളരെ എളുപ്പത്തിൽ വലിച്ചൂരിയെടുക്കാനാകും. ഈ കുമിളുകൾ ഇളം തേങ്ങയിലും പെൺപൂക്കളിലും ചൂടുവെള്ളം വീണു പൊള്ളിയതുപോലെയുള്ള ചെറിയ പാടുകൾ കാണാം. ഇവ അകാലത്തിൽ കൊഴിയുകയും ചെയ്യുന്നു.

നിയന്ത്രണം: മുൻകരുതൽ നടപടിയായി മഴ തുടങ്ങുന്നതിനു മുമ്പ് ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക. രോഗബാധയേറ്റ സസ്യാവശിഷ്ടങ്ങൾ ശേഖരിച്ച് കത്തിച്ചു നശിപ്പിക്കുക. കൊമ്പൻചെല്ലിയെ നിയന്ത്രിക്കുക. നീർവാർച്ചാ സൗകര്യം ഉറപ്പാക്കുക. തുടക്കത്തിൽതന്നെ രോഗം കണ്ടുപിടിച്ചാൽ ബോർഡോ കുഴമ്പ് പുരട്ടണം. ഇതിനായി 100 ഗ്രാം തുരിശും 100 ഗ്രാം ചുണ്ണാമ്പും വെവ്വേറെ 500 മി.ലീ. വീതം വെള്ളത്തിൽ കലക്കി ലയിപ്പിച്ച് ഒരു ലീറ്റർ കുഴമ്പാക്കി എടുക്കാം. കുഴമ്പ് പുരട്ടിയ ഭാഗങ്ങൾ പ്ലാസ്റ്റിക് കവറുപയോഗിച്ച് വെള്ളം കടക്കാത്ത രീതിയിൽ എന്നാൽ വായുസഞ്ചാരം സാധ്യമാവുന്ന വിധത്തിൽ പൊതിയണം.

റബറിലെ അകാല ഇലപൊഴിച്ചിൽ
രോഗകാരി: ഫൈറ്റോഫ്തോറ പാമിവോറ

റബറിലെ അകാല ഇലപൊഴിച്ചിൽ

പ്രായഭേദമെന്യേ എല്ലാ ചെടികളെയും ബാധിക്കുന്നു. സ്വാഭാവിക ഇലകൊഴിച്ചിലിനുശേഷം പുതിയതായി വരുന്ന ഇലകൾ ജൂൺ– ഓഗസ്റ്റ് കാലയളവില്‍ രോഗം ബാധിച്ചു വീണ്ടും പൊഴിയുന്നു. ഇലപൊഴിച്ചിൽ വിളവുശേഷി കുറയുന്നതിനും രോഗബാധയ്ക്കും ഇടയാക്കും. കായ്കളിൽ കറുത്തതോ ചാരനിറത്തിലോ വൃത്താകൃതിയിലോ ഉള്ള പാടുകൾ ഉണ്ടാവുക, അതില്‍നിന്നു കറ ഒലിക്കുക, ക്രമേണ ഉണങ്ങി നശിക്കുക തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗബാധയേറ്റ കായ്കളിൽനിന്നാണ് ഇലകളിലേക്കു രോഗം പടരുന്നത്.

നിയന്ത്രണം: കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക. രോഗത്തെ പ്രതിരോധിക്കാന്‍ മുൻകരുതൽ എന്ന നിലയിൽ കുമിൾനാശിനി തളിക്കുന്നതാണ് ഏറ്റവും ഫലപ്രദം. കുമിൾനാശിനിയായി ബോർഡോ മിശ്രിതം (1%) ഉപയോഗിക്കാം. മഴയുള്ള സമയത്താണെങ്കിൽ പശ ചേർത്ത് റോക്കർ സ്പ്രെയറോ പവർ സ്പ്രെയറോ ഉപയോഗിച്ചു മരുന്നു തളിക്കാം. ഇതു റബറിനെ ബാധിക്കുന്ന ഇതര രോഗങ്ങളെയും നിയന്ത്രിക്കാൻ സഹായകമാണ്.

വാഴയിലെ ഇലപ്പുള്ളി
രോഗകാരി: സെർക്കോസ്പോറ മ്യൂസേ

വാഴയിലെ ഇലപ്പുള്ളി

പലതരം ഇലപ്പുള്ളി രോഗങ്ങൾ വാഴയിൽ കണ്ടുവരുന്നുണ്ടെങ്കിലും ഏറ്റവും  പ്രധാനം സിഗാട്ടോക്ക, ചാരപ്പുള്ളി എന്നീ കുമിൾരോഗങ്ങളാണ്. നീർവാർ‌ച്ചയില്ലായ്മ, വാഴകൾ തിങ്ങി വളരുന്ന സാഹചര്യം, തണൽ എന്നിവ രോഗങ്ങളുടെ വ്യാപനം വേഗത്തിലാക്കുന്നു. മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വരകളും പാടുകളും ഇലഞരമ്പുകളിൽ കാണുന്നതാണ് ആദ്യ ലക്ഷണം. ഇവ ക്രമേണ തവിട്ടുനിറത്തിലുള്ള പുള്ളികളാവുകയും നടുഭാഗം ചാരനിറത്തിലാവുകയും ചെയ്യുന്നു. ഈ പുള്ളികൾ ഒരുമിച്ചു ചേർന്ന് ഇലകൾ മഞ്ഞളിച്ച് കരിയുകയും തൂങ്ങുകയും ചെയ്യുന്നു. രോഗം സാധാരണ പുറമേ ഉള്ള ഇലകളിൽ ബാധിച്ചശേഷം ഉള്ളിലേക്കുള്ള ഇലകളിലേക്കു വ്യാപിക്കുന്നു.

നിയന്ത്രണം: രോഗം വന്ന പുറം ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കണം. ബോർഡോ മിശ്രിതം (1% വീര്യം) പശ ചേർത്ത് കാലവർഷാരംഭത്തിലും തുടർന്ന് 45 ദിവസം ഇടവിട്ടും ഇലകളിൽ ഇരുവശങ്ങളിലായി 3–4 തവണ തളിക്കണം. കുമിൾനാശിനി ഇലയുടെ പുറത്ത് വ്യാപിക്കുന്നതിനായി ടീപ്പോട്ടോ, സോപ്പോ ഉപയോഗിക്കാം. രോഗതീവ്രത കൂടുതലാണെങ്കിൽ കോണ്ടാഫ് ഒരു മില്ലി, ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പശ ചേർത്തു തളിക്കുക.

കമുകിലെ മഹാളി
രോഗകാരി: ഫൈറ്റോഫ്തോറ അരെക്കെ

കമുകിലെ മഹാളി

ഇളം അടയ്ക്കകൾ ധാരാളമായി കൊഴിയുന്നതാണ് പ്രധാന ലക്ഷണം. രോഗം രൂക്ഷമായി ബാധിച്ച അടയ്ക്കയുടെ പച്ചനിറം മാറുകയും അടയ്ക്ക മുഴുവൻ വെള്ളപൂപ്പലുകൊണ്ട് ആവരണം ചെയ്ത് അഴുകി കറുപ്പുനിറമായി കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലാണ് രോഗബാധയെങ്കിൽ അടയ്ക്കകൾ കരിഞ്ഞുണങ്ങി കൊഴിയാതെ കുലകളിൽ തന്നെ നിൽക്കുന്നു. ഇതിനെ ഉണക്ക മഹാളി എന്നു പറയുന്നു.

നിയന്ത്രണം: രോഗം ബാധിച്ചു കൊഴിഞ്ഞുവീണ അടയ്ക്കകൾ, രോഗം ബാധിച്ചുണങ്ങിയ കുലകൾ, പൂങ്കുലകൾ ഉണങ്ങിയ ഇലകൾ തുടങ്ങിയവ തോട്ടത്തിൽനിന്നും മാറ്റി നശിപ്പിക്കുക. കാലവർഷാരംഭത്തിനു മുമ്പ് ഒരു ശതമാനം ബോർഡോ മിശ്രിതം കമുകിന്റെ മണ്ടയിലൂടെ എല്ലാ ഭാഗത്തും ശരിയായി നനയത്തക്ക വിധത്തിൽ ചേർത്തു തളിക്കണം. തുടർന്ന് 45 ദിവസം ഇടവിട്ട് രണ്ടു തവണ കൂടി തളിക്കണം. കുലകൾ പോളിത്തീൻ ഷീറ്റുപയോഗിച്ച് മഴ ഏൽക്കാതെ സംരക്ഷിക്കുക. രോഗബാധയേറ്റ തോട്ടങ്ങളിൽ 0.4 ശതമാനം അക്കോമിൻ തളിക്കാം.

പച്ചക്കറി തൈ ചീയൽ / കടചീയൽ
രോഗകാരി: വിത്തിയം സ്പീഷീസ്, ഫൈറ്റോഫ്തോറ

പച്ചക്കറി തൈ ചീയൽ

പച്ചക്കറി വിത്തുകൾ തവാരണകളിൽ പാകി കിളിർപ്പിക്കുമ്പോഴാണ് ഈ രോഗം കൂടുതലായി കാണുന്നത്. സാധാരണ ഈ രോഗം തക്കാളി, മുളക്, വഴുതന, കത്തിരി എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച തൈകളുടെ കടഭാഗം മൺനിരപ്പിൽവച്ച് അഴുകി മറിഞ്ഞു വീഴുകയും ചിലപ്പോൾ വിത്തു മുളയ്ക്കാതെ മണ്ണിനടിയിൽ വച്ചുതന്നെ ചീഞ്ഞുപോവുകയും ചെയ്യുന്നു. ചെടികൾ വാടി ഉണങ്ങുന്നു. കടഭാഗത്ത് നിറവ്യത്യാസം കാണാം.

നിയന്ത്രണം: നീർവാർച്ചാ സൗകര്യം ഉറപ്പാക്കുക. മണ്ണിന്റെ അമ്ലത കുറയ്ക്കാനായി 4.5 കിലോ കുമ്മായം ഒരു സെന്റിന് എന്ന തോതിൽ ചേർക്കുക. കുമിൾനാശിനികളായ തൈറാം, കാപ്റ്റാൻ, കാർബെൻഡാസിം എന്നിവയേതെങ്കിലും ഒന്ന് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ലായനി വിത്തിൽ പുരട്ടിയ ശേഷം പാകുക. ഡോമോണാസ് ലായനി രണ്ടു ശതമാനം തവാരണകളിൽ ഒഴിച്ചുകൊടുക്കുക. മിത്രകുമിളായ ട്രൈക്കോഡെർമ ചാണകത്തിലോ വേപ്പിൻപിണ്ണാക്കിലോ വംശവർധന നടത്തി 20 കിലോ ഒരു സെന്റിന് എന്ന തോതിൽ ഇട്ടുകൊടുക്കുക. കോപ്പർ ഓക്സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ മണ്ണ് കുതിരത്തക്കവണ്ണം ചെടിയുടെ കടയ്ക്കൽ ഒഴിച്ചുകൊടുക്കുക.

കുരുമുളകിലെ ദ്രുതവാട്ടം
രോഗകാരി: ഫൈറ്റോഫ്തോറ കാപ്സിസി

കുരുമുളകിലെ ദ്രുതവാട്ടം

തടഭാഗത്ത് രോഗബാധ ഉണ്ടായാൽ തണ്ട് ചീഞ്ഞ് ഒടിയുന്നു. ഇലപൊഴിച്ചിൽ ഉണ്ടാകുന്നു. വേരുകളുടെ അറ്റത്തിനു ബ്രൗൺ നിറമായി വേരു ചീയുന്നു. ക്രമേണ ചെടി വാടി ഉണങ്ങുന്നു.

നിയന്ത്രണം: നീർവാർച്ച ഉറപ്പുവരുത്തുക. ഒരു ശതമാനം ബോർഡോമിശ്രിതം മഴക്കാലത്തിനു മുമ്പായി ഇലകളിൽ തളിക്കുക. രോഗബാധ കണ്ടാലുടൻ അക്കോമിൻ നാലു മില്ലി, ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. രോഗബാധ രൂക്ഷമാണെങ്കിൽ റിഡോമിൽ എം. സെഡ് 2 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

വിലാസം: കാർഷിക കോളജ്, പടന്നക്കാട്, കാസർകോട്– 671 314.

ഫോൺ: 95268 38312