പിസ്തയല്ലിത് പച്ചിറ

പച്ചിറ

നഴ്സറികളില്‍നിന്നു പലരും പിസ്ത അല്ലെങ്കിൽ ആഫ്രിക്കൻ പിസ്ത എന്ന ഫലവര്‍ഗച്ചെടിയുടെ തൈ വാങ്ങി നടാറുണ്ട്. എന്നാൽ ഇത് യഥാർഥത്തിൽ പിസ്തയല്ല; പച്ചിറ എന്നു വിളിക്കുന്ന മലബാർ ചെസ്റ്റ്‌നട്ടാണ്. ഫ്രഞ്ച് പീനട്ട് എന്നും ഇത് അറിയപ്പെടുന്നു.

ട്രോപ്പിക്കൽ അമേരിക്കയാണു ജന്മദേശം. നല്ല നനവുള്ള, നീർവാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും നല്ല വെയിലുമാണ് ഇതിന്റെ വളർച്ചയ്ക്കു യോജ്യം. വരൾച്ചയെ ചെറുക്കുന്ന ഈ ചെടി തണലിലും വളരുന്നു. അധികം തണുപ്പ് നന്നല്ല.

വായിക്കാം ഇ - കർഷകശ്രീ

വിത്തുകൾ പാകിയോ, കമ്പുകൾ മുറിച്ചുനട്ടോ തൈകൾ ഉണ്ടാക്കാം. തിളങ്ങുന്ന പച്ച ഇലകളും മിനുസമുള്ള പച്ചത്തൊലിയുമുള്ള സുന്ദരമായ മരമായി ഏഴു മീറ്ററോളം ഉയരത്തിൽ വളരുന്നു. നേർത്ത സൂചിപോലുള്ള ഇതളുകളോടെയുള്ള പൂക്കൾ ഇതിനെ ആകർഷകമാക്കുന്നു.

കൊക്കോ കായ്കളോട് രൂപസാദൃശ്യമുള്ള കായ്കള്‍ക്കുള്ളിലെ ഇളം കാപ്പി നിറത്തിൽ വെള്ള വരകളോടു കൂടിയ കട്ടിയേറിയ ഭാഗമാണു ഭക്ഷ്യയോഗ്യം. കപ്പലണ്ടിയുടെ രുചിയുള്ള മലബാർ ചെസ്റ്റ്‌നട്ട് നേരിട്ടും, വേവിച്ചും ഭക്ഷിക്കാം. ഇതു പൊടിച്ച് മാവാക്കി റൊട്ടിയുണ്ടാക്കിയും കഴിക്കാം. ഇളം ഇലകളും പൂക്കളും പച്ചക്കറികളായി ഉപയോഗിക്കുന്നു. കായ്കൾ പാകമാകുമ്പോൾ പച്ചനിറത്തിൽനിന്നു കാപ്പി നിറമാകും. കായ്കൾ പാകമായിട്ടും പറിച്ചില്ലെങ്കിൽ തനിയെ പിളര്‍ന്നു താഴെ വീണു പോകും.

വിദേശങ്ങളില്‍ ഇതിനെ കാശ് മരം എന്നും വിളിക്കുന്നുണ്ട്. ഇതിനു പിന്നിൽ ഒരു കഥയുണ്ട്. ദരിദ്രനായ ഒരു മനുഷ്യൻ തന്റെ പട്ടിണിയകറ്റാന്‍ ദൈവത്തോടു പ്രാർഥിക്കുകയും തുടര്‍ന്നു വേറിട്ട ഈ ചെടി കണ്ടെത്തുകയും ചെയ്തു. അയാള്‍ ഇതു ഭാഗ്യലക്ഷണമായി കരുതി വീട്ടുവളപ്പില്‍ നട്ടു. കാലക്രമേണ ധാരാളം തൈകൾ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തി ധാരാളം ധനം സമ്പാദിക്കുകയും ചെയ്‌തു. ജപ്പാൻകാർ ഇത് ഭാഗ്യം കൊണ്ടുവരുന്ന അലങ്കാരച്ചെടിയായി വീടിനകത്തും പുറത്തും നട്ടുവളർത്തുന്നു. ചെറുപ്രായത്തിൽതന്നെ തണ്ടിന്റെ താഴ്‌ഭാഗത്തിനു നല്ല വണ്ണമുണ്ടായിരിക്കും.

വിലാസം: അസി. ഡയറക്ടർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കൊച്ചി. ഫോൺ: 9633040030