പച്ചയ്ക്കും തിന്നാം ഫിജി ലോങ്ങൻ

വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന  ഫലവർഗ വിളയാണ് ഫിജി ലോങ്ങൻ. സ്വദേശമായ ഇന്തൊനീഷ്യയിൽ മട്ടോയ എന്നാണ് പേര്. മലേഷ്യയിലും ഇതു വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇതിനു കേരളത്തിൽ ചിലയിടങ്ങളിൽ കണ്ടുവരുന്ന ലോങ്ങൻപഴത്തോടു സാദൃശ്യമുണ്ട്. എന്നാല്‍ ലോങ്ങനെക്കാളും  ലിച്ചിയെക്കാളും ഫിജി ലോങ്ങനു വലുപ്പമുണ്ട്. പുറംതൊലിക്കു  ലോങ്ങന്റേതുപോലെ കട്ടി കുറവാണ്. ഇന്തൊനീഷ്യയിൽ ഇതു  ഫലത്തിനായും തടിക്കായും   വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു.

ഉഷ്‌ണമേഖലാപ്രദേശത്തു നന്നായി വളരുന്ന വൃക്ഷം. ക്ഷാരസ്വഭാവമുള്ള മണ്ണാണ് വളർച്ചയ്ക്കു യോജ്യം. 30 അടിയിലധികം ഉയരത്തിൽ വളരുന്നു. വിത്തുകൾ പാകിയോ പതിവച്ചോ പുതിയ ചെടികൾ ഉല്‍പാദിപ്പിക്കാം. വിത്തുകൾ പാകി ഉണ്ടാക്കുന്ന തൈകൾ നാലു വർഷംകൊണ്ട് കായ്ക്കും. വേഗത്തിൽ വളരുന്ന ഈ വൃക്ഷത്തിനു വളരാന്‍ ഏറെ സ്ഥലം വേണം. സ്ഥലപരിമിതിയുള്ളപക്ഷം ഇതിനെ കോതിയൊരുക്കി നിര്‍ത്താം. വളർച്ചയ്ക്കു നന്നായി നനയ്ക്കേണ്ടിവരും.  

കേരളത്തിൽ ജനുവരി, ഫെബ്രുവരി മാസത്തിലാണ് പൂക്കുന്നത്. ഏപ്രിൽ, മേയ് മാസത്തിൽ പഴുക്കുമ്പോൾ വിളവെടുക്കാം. തൊലിക്കു റംബൂട്ടാന്റേതിനെക്കാള്‍ കട്ടി കുറവാണ്. താഴെ വീണ് തൊണ്ടു പൊട്ടിയാല്‍ പഴം കേടാകും. അതിനാൽ മരത്തിൽനിന്നു നേരിട്ടു പറിക്കുന്നതാണ് നല്ലത്. പഴങ്ങൾ ഉരുണ്ടതാണ്. പഴുക്കുമ്പോൾ റംബൂട്ടാനെക്കാൾ മധുരമുണ്ട്. ചിലയിനങ്ങളുടെ പച്ചയ്ക്കും മധുരമാണ്. റംബൂട്ടാനെപ്പോലെ കുരുവിനു ചുറ്റും നല്ല മധുരമുള്ള കാമ്പാണ്. നടീൽ: 75 x 75 സെ.മീ. നീളത്തിലും വീതിയിലും കുഴികൾ എടുത്ത് മേൽമണ്ണും കുമ്മായവും കൂടി യോജിപ്പിച്ചു കുഴിയില്‍ േചർത്ത് രണ്ടാഴ്‌ച കഴിഞ്ഞ് ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ കൂടി ചേർത്തു െതെകൾ നടാം. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ചെടിക്കു ചുറ്റും ഒഴിച്ചുകൊടുക്കേണ്ടതാണ്.

നന: ഈർപ്പം നന്നായി ഇഷ്ടപ്പെടുന്ന ഫിജി ലോങ്ങനു വേനലില്‍ നന്നായി നനച്ചുകൊടുക്കണം. കീട,  രോഗബാധ: കീട, രോഗങ്ങൾ  കണ്ടുവരാറില്ല. കായ്കള്‍ പഴുക്കുമ്പോൾ കിളികളും അണ്ണാനും പഴങ്ങൾ ആക്രമിക്കാനിടയുണ്ട്. മരത്തെ വലകൊണ്ടു മൂടി  ഇതു പരിഹരിക്കാം.  വീട്ടുവളപ്പുകളിൽ  നട്ടു വളർത്താവുന്ന പോഷകസമൃദ്ധമായ  ഫലവൃക്ഷമാണിത്.

വിലാസം: അസി. ഡയറക്ടർ, ഫാം ഇൻഫർമേഷൻ 

ബ്യൂറോ, കൊച്ചി. ഫോൺ: 9633040030