പ്രളയം ബാധിച്ച വിളകൾക്കു കരുതൽ

ചെരിവുള്ള പ്രദേശങ്ങളിലെ വളക്കൂറുള്ള മേൽമണ്ണ് നഷ്ടപ്പെടുകയും താഴ്ന്ന പ്രദേശങ്ങളിൽ എക്കൽ അടിയുകയും ചെയ്തിരിക്കുന്നു. പ്രളയത്തെ അതിജീവിച്ച വിളകളിൽ വളർച്ചമാന്ദ്യവും രോഗങ്ങളും അധികരിച്ചിട്ടുണ്ട്. തെങ്ങ്,  കമുകിന്‍ തോപ്പുകളില്‍ കൊത്തുകിള നടത്തുകയും അടഞ്ഞ നീർച്ചാലുകൾ വൃത്തിയാക്കുകയും ചെയ്യുക. തെങ്ങിൽ കഴിഞ്ഞ മാസം വളം ചേർത്തില്ലെങ്കിൽ ഈ മാസം ആദ്യംതന്നെ ചേർ‌ക്കുക. കമുകൊന്നിന് 12 കിലോ വീതം ജൈവവളം ചേർത്ത് ശുപാർശയനുസരിച്ചുള്ള രാസവളങ്ങളും ചേർക്കണം. തെങ്ങിന് മാങ്കോസെബ് എന്ന കുമിൾനാശിനി മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക. മണ്ട ഒന്നു കുതിരത്തക്കവിധം സ്പ്രേ ചെയ്യണം. കമുകിന് ബോർ‌ഡോമിശ്രിതം മതി.

ജാതിയിൽ ഇല കൊഴിച്ചിൽ വ്യാപകമായുണ്ടായി. കൂടാതെ കായ്കൾ അഴുകി വിണ്ടുകീറി കൊഴിഞ്ഞും പോകുന്നു. രോഗം ബാധിച്ചു കൊഴിഞ്ഞ ഇലകളും കായ്കളും നീക്കം ചെയ്ത് തോട്ടം വൃത്തിയാക്കുക. ചെമ്പു കലർന്ന കുമിൾനാശിനികളായ ഒരു ശതമാനം ബോർഡോമിശ്രിതം / കൊസൈഡ് ഒന്നര ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഇലകളിലും കായ്കളിലും തണ്ടിന്മേലും വീഴത്തക്കവിധം സ്പ്രേ ചെയ്യുക. കനത്ത മഴയിൽ കുരുമുളകിൽ തിരിപിടിത്തം വളരെ കുറവായിരിക്കുന്നു. കൂടാതെ കുമിൾരോഗങ്ങൾ കഠിനപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു ശതമാനം ബോർഡോമിശ്രിതം ചെടികളിൽ സ്പ്രേ ചെയ്യുകയും ചുവട്ടിൽ കുതിർ‌ക്കുകയും ചെയ്യുക. കൊക്കോയിലും കുമിൾ രോഗങ്ങൾ വ്യാപകമാണ്. കായ്കൾ കറുത്ത് ഉണങ്ങുന്ന കുമിൾരോഗങ്ങൾ, ഇലകരിച്ചിൽ എന്നിവയെ കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്ത് ഒരു ശതമാനം ബോർഡോമിശ്രിതം സ്പ്രേ ചെയ്ത് നിയന്ത്രിക്കുക.

റബറിന്റെ വെട്ടുപട്ടയും പുതുപ്പട്ടയും മാങ്കോസെബ് 3.75 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ലായനിയുണ്ടാക്കി കഴുകുക. ഏലത്തിൽ വിവിധ ഭാഗങ്ങളിലുള്ള അഴുകൽ വ്യാപകമാണ്. അഴുകിയ ഭാഗങ്ങൾ മാറ്റി കത്തിക്കുക. കൂടാതെ ഒരു ശതമാനം ബോർഡോമിശ്രിതം സ്പ്രേ ചെയ്യുകയും ഓരോ ചുവട്ടിലും 10 ഗ്രാം ട്രൈക്കോഡേർമ കൾച്ചർ 500 ഗ്രാം പൊടിച്ച വേപ്പിൻപിണ്ണാക്കിൽ ചേർത്ത് വിതറി ചെറുതായി കൊത്തിച്ചേർക്കുക.

കാപ്പിയിൽ ഇല അഴുകൽ, ഇലകളും കായ്കളും രോഗബാധയേറ്റ് കൊഴിച്ചിൽ എന്നിവ ഉണ്ടായിട്ടുള്ള തോട്ടങ്ങളിൽ രോഗബാധയേറ്റ് വീണ ഭാഗങ്ങൾ നശിപ്പിച്ചശേഷം ബാവിസ്റ്റിൻ 120 ഗ്രാം 200 ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക. തേയിലയിൽ ഇളം തണ്ടുകളിലെയും ഇലകളിലെയും കരിച്ചിൽ ബാധയുണ്ടായ തോട്ടങ്ങളിൽ കോപ്പർ ഓക്സി ക്ലോറൈഡ് 350 ഗ്രാം + പ്ലാന്റാമൈസിൻ 70 ഗ്രാം എന്നിവ ഒരു ഹെക്ടറിന് മൂന്നു നാലു ദിവസത്തെ ഇടവേളകളിൽ സ്പ്രേ ചെയ്യുക. ഹെക്ടറിന്350–400 ലീറ്റർ‌ വെള്ളത്തിൽ ലായനിയാക്കി സ്പ്രേ ചെയ്യുക.

ഇഞ്ചി, മഞ്ഞൾ എന്നീ  വിളകളുടെ കണ്ടങ്ങളുടെ വശത്തുനിന്നും ഒലിച്ചിറങ്ങിയ മണ്ണ് കോരിയിട്ട് വശങ്ങൾ പൂർവസ്ഥിതിയിലാക്കുക. കൂടാതെ നേരിയ അളവിൽ യൂറിയ ചേർ‌ത്ത് മണ്ണ് കണ്ടങ്ങളിൽ ചെറിയ കനത്തിൽ വിതറുക. മരച്ചീനിയുടെ കൂനകൾ / ഏരികൾ ചെറുതായി ചിനക്കി ഇളകിയ മണ്ണ് ചെറിയ കനത്തിൽ ചുറ്റും കൂട്ടിക്കൊടുക്കുക. പച്ചക്കറികളുടെ ഇടയിളക്കി നേരിയ അളവിൽ യൂറിയയും പൊട്ടാഷും ചുറ്റും വിതറി ഇളകിയ മണ്ണ് ചുറ്റും കൂട്ടിക്കൊടുക്കുക.  സ്യൂഡോമോണാസ് കൾച്ചർ 20 ഗ്രാം / മി. ലീ. ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് പച്ചക്കറികളിൽ സ്പ്രേ ചെയ്യുക. വാഴയുടെ രോഗബാധയേറ്റു കരിഞ്ഞ ഇലകൾ വെട്ടിമാറ്റി ചുടുകയും ബാക്കിയുള്ള ഇലകളിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം സ്പ്രേ ചെയ്യുക. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞ് ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലീറ്റർ‌ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്യുക. ഇടയിളക്കി ചെറിയ അളവിൽ പൊട്ടാഷും യൂറിയയും ചുറ്റും വിതറി കൊത്തിച്ചേർക്കുകയും ചുറ്റും ഇളകിയ മണ്ണ് കൂട്ടിച്ചേർക്കുകയും ചെയ്യുക.

വാഴ

നേന്ത്രന്റെ കരുത്തുള്ള സൂചിക്കന്നുകൾ മാത്രം നടുക. ചെങ്ങാലിക്കോടനും ആറ്റുനേന്ത്രനുമാണ് പ്രധാന ഇനങ്ങൾ. കുല വെട്ടിയ വാഴകളിൽനിന്ന് എടുക്കുന്ന കന്നുകൾ വേരു നീക്കി ചാണകവെള്ളത്തിൽ മുക്കി മൂന്നു നാലു ദിവസം വെയിലത്തും തുടർന്ന് കുറച്ചു ദിവസം തണലത്തും ഉണക്കിയ ശേഷമാണ് നടുക. കഴിഞ്ഞ മാസം നട്ട നേന്ത്രൻ ചുവ ടൊന്നിന് 65 ഗ്രാം യൂറിയ, 250 ഗ്രാം റോക്ക്ഫോസ്ഫേറ്റ്, 100 ഗ്രാം പൊട്ടാഷ് വളം എന്നിവ ചേർക്കുക. വാഴയ്ക്ക് രാസവളം ഒഴിവാക്കണമെങ്കിൽ മൂലകങ്ങൾ കൂടുതലുള്ള മണ്ണിരക്കമ്പോസ്റ്റ്, പിണ്ണാക്കുകൾ, എല്ലുപൊടി, മീൻവളം, ചാരം, ബയോഗ്യാസ് സ്ലറി, ശീമക്കൊന്ന ചവറ് എന്നിവ ഉപയോഗിക്കണം. നേന്ത്രൻ നട്ടയുടനെ ചീര, വെള്ളരി, പയർ മുതലായ ഹ്രസ്വകാല പച്ചക്കറികൾ ഇടവിളയായി നടാം.