നിലം നികത്തൽ ക്രമപ്പെടുത്താൻ

Representative image

കൃഷിയും നിയമവും ∙ ഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

നിലം നികത്തലിന്റെ ക്രമപ്പെടുത്തൽ സംബന്ധിച്ച 2016 മാർച്ച് 20 ലെ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് അന്നത്തെ ചാനലുകളിൽ വന്ന വാർത്ത, അന്തിമ ഡേറ്റാ ബാങ്ക് നിലവിൽ വന്നിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ നിലം നികത്തൽ ക്രമപ്പെടുത്താനുള്ള അപേക്ഷകളിൽ നടപടിയെടുക്കാൻ പാടുള്ളൂ എന്നാണ്. കരട് ഡേറ്റാ ബാങ്ക് ഇല്ലാത്ത സ്ഥലങ്ങളിൽ വയൽ നികത്തൽ ക്രമപ്പെടുത്തരുതെന്നാണ് പത്രങ്ങളിൽ വന്നത്. ഏതാണു ശരി.

നെൽവയൽ തണ്ണീർത്തട നിയമം (2008) അനുസരിച്ച് കരഭൂമി (പുരയിടം) എന്നു രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തിന് ന്യായ വിലയുടെ 25% ഈടാക്കി ക്രമപ്പെടുത്താമെന്ന് 2015 നവംബറിൽ കൊണ്ടുവന്നിട്ടുള്ള വ്യവസ്ഥ ബാധകമാവുമോ. ഇത് നീതിനിഷേധമല്ലേ.

ഞാൻ താമസിക്കുന്ന സ്ഥലം 80 വർഷങ്ങൾക്കു മുമ്പ് എന്റെ പിതാവ് വാങ്ങിയപ്പോൾ ആധാരത്തിൽ നിലം നികത്തുപറമ്പ് എന്നാണു രേഖപ്പെടുത്തിയത്. ഈ പുരയിടത്തിൽ 100 വർഷം പ്രായമായ തെങ്ങുകളും മറ്റു മരങ്ങളുമുണ്ട്. എന്നാൽ ഇപ്പോഴും കരം ഒടുക്കിയ രസീതിൽ നിലം എന്നാണെഴുതുന്നത്. ഈ കാര്യത്തിൽ നീതി ലഭിക്കുന്നതിനു ഞാൻ 7.7.2015 ൽ പ്രാദേശിക നിരീക്ഷണ സമിതി അംഗം എന്ന നിലയ്ക്ക് പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. എന്നാൽ ഇതിന്മേൽ നാളിതുവരെ നടപടിയില്ല. ഇക്കാര്യത്തിൽ നീതിക്കായി പെൻഷൻകാരനായ ഞാൻ ഹൈക്കോടതി കയറി ഇറങ്ങണമോ.

ജോണി തോമസ്, മെനാച്ചേരി, നോർത്ത് പറവൂർ

കേരള നെൽവയൽ– തണ്ണീർത്തട നിയമ (2008)ത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് ഒട്ടേറെ കോടതിവിധികളുണ്ട്. സംരക്ഷണ ചട്ടങ്ങളിലെ നാലാം ചട്ടം അനുസരിച്ചാണ് ഡേറ്റാ ബാങ്ക് തയാറാക്കുന്നത്. കരട് ഡേറ്റാ ബാങ്ക് നിരീക്ഷണസമിതി പരിശോധിച്ച് ആവശ്യമെങ്കിൽ യുക്തമായ തിരുത്തലുകൾ വരുത്തേണ്ടതും ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഭൂപടത്തിന്റെ സഹായത്തോടെ അന്തിമരൂപം നൽകി അംഗീകരിക്കേണ്ടതുമാണ്. അപ്രകാരം അംഗീകരിച്ച ഡേറ്റാ ബാങ്ക് തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിക്ക് കിട്ടിയാൽ വിജ്ഞാപനമായി കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതും മറ്റ് ഓഫിസുകളിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. ഇപ്രകാരം തയാറാക്കുന്ന ഡേറ്റാ ബാങ്കാണ് അടിസ്ഥാനപ്രമാണമെന്ന് 2011 ൽതന്നെ കേരള ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. (2011 (1) കെഎൽടി 526).

ബേസിക് ടാക്സ് റജിസ്റ്റർ (ബിടിആർ) തിരുത്തി ഭൂമിയുടെ തരം മാറ്റിയെഴുതാനാവില്ലെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. എന്നാൽ പുതിയ അസസ്മെന്റ് നടത്തി കൂടുതലായി ബിടിആറിൽ എഴുതിച്ചേർക്കുന്നതിനു തടസ്സമില്ലെന്ന് നമ്മുടെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിയുണ്ട്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ കേസിലാണത്. (2015 (2) കെഎൽടി 516 ൽ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്). ഈ സാഹചര്യത്തിൽ നിങ്ങളുടെ പരാതി പഞ്ചായത്ത് പ്രസിഡന്റിന് തീർപ്പുകൽപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

വിലക്കു ലംഘിച്ച് റോഡ് വെട്ടിയാൽ

എന്റെ പേരിൽ പൂവരണി വില്ലേജിൽ മീനച്ചിൽ താലൂക്കിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സമീപവാസികളായ ചിലർ ചേർന്ന് ബലമായി റോഡു വെട്ടുകയും കയ്യാലകൾ നശിപ്പിക്കുകയും ചെയ്തു. ടി വ്യക്തികൾ മുൻപും റോഡ് നിർമിക്കാൻ ശ്രമിച്ചതുകൊണ്ട് ഞാൻ ബഹുമാനപ്പെട്ട പാലാ മുൻസിഫ് കോടതിയിൽ നിന്ന് ഇൻജങ്ഷൻ ഓർഡർ വാങ്ങിയിട്ടുണ്ടായിരുന്നു. ഇതു വകവയ്ക്കാതെ കോടതി അവധിയുടെ മറവിൽ അവർ ബലമായി സ്ഥലം കയ്യേറി റോഡ് നിർമിക്കുകയാണ് ഉണ്ടായത്. ഇതു പൂർവസ്ഥിതിയിലാക്കി കിട്ടാൻ എന്താണ് ചെയ്യേണ്ടത്. ഇതുമൂലം എനിക്കുണ്ടായ നഷ്ടം ഇവരില്‍ നിന്ന് ഈടാക്കിക്കിട്ടാൻ എന്തു ചെയ്യണം.

പി.പി. സെബാസ്റ്റ്യൻ, പൂവത്തോട്, കോട്ടയം

കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ചാൽ പരിഹാരമാർഗമുണ്ട്. കോടതിയിൽ നിലവിലുള്ള കേസിനെപ്പറ്റി കൂടുതല്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല. നിങ്ങളുടെ അഭിഭാഷകനുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യുക.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in