അരസെന്റിൽ അടുക്കളത്തോട്ടം

Representative image

ചോദ്യം ഉത്തരംവിളകൾ

Q. വീട്ടമ്മയായ എനിക്ക് അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട്. ഇക്കാര്യത്തിൽ വേണ്ട അറിവു തരണം.

ശോഭ കെ.ജി., കൊല്ലറ വീട്, ഇരിങ്ങാലക്കുട

അടുക്കളത്തോട്ടത്തിനു 10 സെന്റിലധികം സ്ഥലം വേണമെന്നില്ല. ഒരാൾക്ക് അര സെന്റ് എന്നതാണ് കണക്ക്. വീടിന്റെ മട്ടുപ്പാവിലോ ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷി നടത്താം. നിലത്താണെങ്കിൽ മണ്ണ് താഴ്ത്തിക്കിളച്ച് നിരപ്പാക്കി കല്ലും കളയും നീക്കി കട്ടയുടച്ച് തടമെടുത്ത് അല്ലെങ്കിൽ വാരം / ചാല് എടുത്ത് വിത്ത് / തൈകൾ നടുക. ഏതു സമയത്തും കൃഷി ചെയ്യാവുന്ന വെണ്ട, വഴുതന, മുളക്, ചീര, മത്തൻ, കുമ്പളം, വെള്ളരി, പാവൽ, പടവലം എന്നിവയ്ക്കൊപ്പം പ്രത്യേക സീസണുകളിൽ മാത്രം വളർത്താവുന്നവ (ഉദാ: മഞ്ഞുകാലത്ത് കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയവ) ആ സമയത്തും കൃഷിയിറക്കുക. വിത്ത്, തൈകൾ, കൃഷി ചെയ്യുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ അറിയുന്നതിന് ഇരിങ്ങാലക്കുട കൃഷിഭവനുമായി ബന്ധപ്പെടാം.

മാമ്പഴപ്പുഴു നിയന്ത്രണം

പ്രിയോർ മാങ്ങകൾ

Q. എനിക്കു കായ്ക്കുന്ന ഒരു പ്രിയോർ ഇനം മാവ് ഉണ്ട്. മാങ്ങകൾ പഴുക്കുന്നതോടെ അഴുകി നശിക്കുന്നു. ദശ ചെത്തിനോക്കിയപ്പോൾ നിറയെ പുഴുക്കൾ. പ്രതിവിധി അറിയിക്കണം.

കെ.ടി. തോമസ്, കരിപ്പാപറമ്പിൽ, കാഞ്ഞിരപ്പള്ളി

മാവ് എവിടെയായാലും കൃഷിക്കാർക്കു പ്രശ്നമാകാറുള്ള പ്രാണിയാണ് മാമ്പഴപ്പുഴു. കേരളത്തിൽ ഈ പുഴുവിന്റെ ആക്രമണം രൂക്ഷമാണ്, സർവത്രികവുമാണ്. കടും തവിട്ടു നിറത്തിലുള്ള കായീച്ചയുടെ പുഴുവാണ് ആക്രമണകാരി. ഇതിന്റെ കാലുകൾക്കു മ‍ഞ്ഞനിറമാണ്. പെണ്ണീച്ചയുടെ ഉദരാഗ്രത്തിലുള്ള സൂചിയുടെ സഹായത്താൽ മാങ്ങാത്തൊലിക്ക് അടിയിൽ മുട്ടയിടുന്നു. ഒരു ഈച്ച 200 മുട്ടകൾവരെ ഇടും. രണ്ടുമൂന്നു ദിവസംകൊണ്ടു മുട്ട വിരിയും. പുഴുക്കൾ കായ്ക്കുള്ളിലേക്കു കടന്ന് ഉൾഭാഗം തിന്ന് ഒരാഴ്ചകൊണ്ട് പൂർണവളർച്ചയിലെത്തുന്നു.

മുട്ടയിടുമ്പോൾ ഉണ്ടാകുന്ന ദ്വാരങ്ങൾവഴി അണുക്കൾ കടന്നു കൂടുന്നതിനിടയായാൽ മാങ്ങ പെട്ടെന്ന് അഴുകി നശിക്കും. ഇവയെല്ലാം അകാലത്തിൽ പൊഴിയുന്നു. പൂർണവളർച്ചയെത്തിയ പുഴുക്കൾ മണ്ണിനുള്ളിൽ സമാധിദശ കഴിച്ചുകൂട്ടി ഈച്ചകളായി പുറത്തുവരുന്നു.

നിയന്ത്രണം

∙ മാവിൻചുവട്ടിൽ വീണുകിടക്കുന്ന മാങ്ങകൾ ശേഖരിച്ചു നശിപ്പിക്കുക.
∙ വീര്യം കുറഞ്ഞ പൊടിരൂപത്തിലുള്ള കീടനാശിനികളിലൊന്ന് ചുവട്ടിൽ വിതറി മണ്ണിളക്കി യോജിപ്പിക്കുക.
∙ കഞ്ഞിവെള്ളക്കെണികളും തുളസിക്കെണികളും മാവിന്റെ കൊമ്പുകളിൽ തൂക്കിയിടുക.

കഞ്ഞിവെള്ളക്കെണി: ഒരു ചിരട്ടയുടെ കാൽഭാഗം കഞ്ഞിവെള്ളം എടുക്കുക. ഇതിലേക്ക് 10 ഗ്രാം പൊടിച്ച ശർക്കര ചേർത്തശേഷം ഇപ്പോൾ ഉപയോഗിക്കാൻ ശുപാർശയുള്ള കീടനാശിനികളിലൊന്ന് ചേർത്തിളക്കി പന്തലിൽ തൂ‍ക്കിയിട്ട ഉറിയിൽ വയ്ക്കുക. ഇതിലേക്ക് ആകർഷിക്കപ്പെ‌ടുന്ന പ്രാണികൾ വിഷം കലർന്ന ലായനി കഴിച്ചു ചാകുന്നു.

തുളസിക്കെണി: ഒരു പിടി തുളസിയിലകൾ അരച്ചു ചാറും ചണ്ടിയും ചിരട്ടയിൽ എടുക്കുക. ഇതിൽ അൽപം രാസകീടനാശിനികളിലൊന്നു ചേർത്ത് പന്തലിൽ തൂക്കിയിടുക. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന കീടങ്ങൾ നീരൂറ്റിക്കുടിച്ചു ചാകുന്നു.

തെങ്ങ് – കൂമ്പുചീയലും കൂമ്പടപ്പും

Q. ഞങ്ങളുടെ അസോസിയേഷനിൽപ്പെട്ട കേര കർഷകർക്കു വേണ്ടിയാണ് ഈ ചോദ്യം. തെങ്ങുകളുടെ കൂമ്പ് അഴുകിയും മുരടിച്ചും നശിച്ചുപോകുന്നു. ഇത് എന്തുകൊണ്ട്, എങ്ങനെ നിയന്ത്രിക്കാം.

ടി.എൻ. കൃഷ്ണപിള്ള, പ്രസിഡന്റ്, സമന്വയ റസിഡന്റ്സ് അസോസിയേഷൻ, മങ്ങാരം, പന്തളം

തെങ്ങ‍ിനെ ബാധിക്കുന്ന മാരകരോഗങ്ങളാണ് കൂമ്പുചീയലും കൂമ്പടപ്പും. വ്യത്യസ്ത കാരണങ്ങളാലാണ് ഈ രോഗങ്ങൾ വരുന്നത്. പ്രധാന രോഗലക്ഷണങ്ങളും നിയന്ത്രണമാർഗങ്ങളും താഴെ:

കൂമ്പുചീയൽ: രോഗഹേതു ഒരിനം കുമിൾ. പേര് ഫൈറ്റോഫ്തോറ പാമിവോറ, മഴക്കാലത്താണ് രോഗം രൂക്ഷമാകാറുള്ളത്. അതിവേഗം വ്യാപിക്കുകയും ചെയ്യുന്നു. ഉടൻ ശാസ്ത്രീയ നിവാരണ നടപടിയുണ്ടായില്ലെങ്കിൽ തെങ്ങ് സമ്പൂർണമായി നശിക്കുന്നു.

ലക്ഷണങ്ങൾ: നടുനാമ്പിന്റെ തൊട്ടടുത്തുള്ള ഒന്നോ രണ്ടോ ഇലകൾ മഞ്ഞ നിറത്തിലാകുന്നു. നാമ്പോലകൾ വാടി തൂങ്ങിക്കിടക്കുന്നതും സാധാരണയാണ്. നാമ്പിന്റെ മാർദവമുള്ള ഭാഗങ്ങൾ ചീയുകയും തന്മൂലം ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. മണ്ടയഴുകൽ വർധിക്കുന്നതോടെ കൂമ്പു നശിക്കുന്നു. അതിനാൽ രോഗാരംഭദശയിൽതന്നെ ശാസ്ത്രീയ പരിഹാരം തേടണം. വൈകിയാൽ തെങ്ങിനെ രക്ഷപ്പെടുത്താനാകില്ല.

നിയന്ത്രണം: രോഗബാധ ആരംഭത്തിൽതന്നെ കണ്ടെത്താനാകണം. അഴുകിയ ഭാഗം പൂർണമായും ചെത്തി നീക്കി അവിടവിടെത്തന്നെ കൂട്ടി തീയിട്ടു നശിപ്പിക്കുക. ചെത്തിയെടുത്ത ഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി മഴയിൽനിന്നു സംരക്ഷിക്കാൻ പരന്ന ചട്ടികൊണ്ടു മൂടുകയും വേണം. രോഗബാധയില്ലാത്ത നല്ല തെങ്ങുകളിലെല്ലാം ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തളിക്കുക. ഈ മരുന്നുതളി വർഷംതോറും രണ്ടു തവണ (മഴയ്ക്കു മുമ്പും ശേഷവും) നടത്തേണ്ടതാണ്.

കൂമ്പടപ്പുരോഗം: സസ്യമൂലകങ്ങളിൽ സൂക്ഷ്മ മൂലക വിഭാഗത്തിൽപ്പെട്ട ബോറോണിന് തെങ്ങുകൃഷിയിൽ വളരെ പ്രാധാന്യമുണ്ട്. ഈ മൂലകത്തിന്റെ കുറവുമൂലം തെങ്ങുകളിൽ കൂമ്പടപ്പു രോഗം ഉണ്ടാകുന്നു. പ്രധാന ലക്ഷണങ്ങൾ ഓലകൾ ചുരുങ്ങി ചെറുതായി വരിക, ഓലകളുടെ അഗ്രഭാഗം ചീഞ്ഞ് അഴുകുക, ഓലകൾ ശരിയായി വിരിയാതെ കൂട്ടിപ്പിടിച്ചിരിക്കുക എന്നിവയാണ്. രോഗാധിക്യത്താൽ തെങ്ങു പൂർണമായും നശിക്കുന്നു.

നിയന്ത്രണം: 'ബോറാക്സ്' കലർന്ന വളം തൈതെങ്ങുകൾക്കു 150 ഗ്രാമും കായ്ച്ചു തുടങ്ങിയ തെങ്ങുകൾക്ക് 250 ഗ്രാം എന്ന അളവിലും വർഷംതോറും രണ്ടു തവണ മറ്റു വളങ്ങൾ ചേർക്കുന്നതിനൊപ്പം കലർത്തി ഇടുക.

കുള്ളൻ തെങ്ങിൻതൈകൾ

Q. ഉയരം കുറഞ്ഞ തെങ്ങിൻതൈകൾ തയാറാക്കുന്നതെങ്ങനെ

ജി. ശിവരാജൻ, ശിവകൃപ, മലയിൻകീഴ്

കുള്ളൻ തെങ്ങുകളുടെ സവിശേഷത ഉയരക്കുറവു മാത്രമല്ല, വേഗം വളരുമെന്നതുകൂടിയാണ്. ഇത്തരം തൈകൾ ഉൽപാദിപ്പിക്കുന്നത് ഉയരം കുറഞ്ഞവയും കൂടിയവയും തമ്മിൽ സങ്കരണം (പരാഗണം) നടത്തിയാണ്. ഇവയിലൊന്ന് മാതൃവൃക്ഷമായും മറ്റേതു പിതൃവൃക്ഷമായും കണക്കാക്കി സങ്കരണം നടത്തുക. ഉദാ. ഉയരം കൂടിയത് മാതൃവൃക്ഷവും കുറഞ്ഞതു പിതൃവൃക്ഷവുമാകുമ്പോൾ ഇത് ടി x ഡി യായും മറിച്ചുള്ളത് ഡി x ടിയുമാണ്.

വിളവുശേഷിയും രോഗപ്രതിരോധശേഷിയും കൂടിയ, ധാരാളം പൂമ്പൊടി ലഭിക്കുന്ന തെങ്ങ‍ുകളെ പിതൃവൃക്ഷമായി തിരഞ്ഞെടുക്കുക. മാതൃവൃക്ഷത്ത‍ിനു പിതൃവൃക്ഷത്ത‍ിന്റെ പ്രത്യേക ഗുണങ്ങൾ വേണം. എന്നാൽ ഉരുണ്ട തേങ്ങയുള്ളവയെക്കാൾ നന്ന് നീണ്ട തേങ്ങയുള്ളതായിരിക്കും.

സങ്കരണം: പരിശീലനം ലഭിച്ച, പരിചയമുള്ള തൊഴിലാളികളെക്കൊണ്ട് ഈ പണി ചെയ്യിക്കണം. ഒരു തൊഴിലാളി ഒരു ദിവസം 50 തെങ്ങുകളിൽ പരാഗണം നടത്തണമെന്ന നിലയ്ക്കാണ് കരാർ സാധാരണ നൽകുക. മാതൃവൃക്ഷങ്ങൾ തിരഞ്ഞെടുത്ത് കൂമ്പു വിടരാൻ തുടങ്ങുന്ന തീയതി മുൻകൂട്ടി രേഖപ്പെടുത്തും. ചൊട്ട പൊട്ടി എഴാം പക്കം ആൺപൂക്കൾ അടർത്തിക്കളയണം. സ്വയംപരാഗണം നടക്കാതിരിക്കാനാണ് ഈ കരുതൽ. പൂങ്കുല മുഴുവൻ മൂടിക്കെട്ടാൻ വെള്ളക്കോറത്തുണി ഉപയോഗിച്ചു കെട്ടുനാടയോടെയുള്ള സഞ്ചി തയാറാക്കണം. രണ്ടാഴ്ച തികയുമ്പോൾ സഞ്ചികൊണ്ടു മൂടണം. കൊതുമ്പ് മുറിച്ച് മാറ്റി ആൺപൂക്കൾ ഉണ്ടെങ്കിൽ അവയെയും നീക്കി സഞ്ച‍ിയിടണം. കാറ്റ്, പ്രാണികൾവഴി പരാഗണം നടക്കാതിരിക്കാൻ നാട മുറുക്കി സഞ്ചി കെട്ടണം.

സഞ്ചി ഇട്ട് ഏഴാം ദിവസം മുതൽ പെൺപൂക്കളായ മച്ചിങ്ങകൾ പരാഗണം നടത്താൻ പാകമാകും. ഓരോ കുലയിലെയും എല്ലാ മച്ചിങ്ങകളിലും തുടർച്ചയായി മൂന്നു നാലു ദിവസം പരാഗണം നടത്തണം. തിര‍ഞ്ഞെടുത്ത നല്ല തെങ്ങുകളിൽനിന്നു ശേഖരിച്ച പൂമ്പൊടി പോളിത്തീൻ കൂടുകളിലാക്കി അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പരാഗണം നടത്താം. ഇതിനുശേഷം നാലു ദിവ‍സം കഴിയുമ്പോൾ പൂങ്കുല ലേബൽ ചെയ‍്തു സഞ്ചി മാറ്റാം.

പതിനൊന്നു മാസം കഴിയുമ്പോൾ തേങ്ങ മൂപ്പാകും. ഇവ താഴേക്കു വെട്ടിയിടരുത്. കെട്ടിയിറക്കണം. തിരഞ്ഞടുത്ത വിത്തുതേങ്ങകൾ അട്ടി അടുക്കി സൂക്ഷിക്കാം. അട്ടികൾക്കിടയിൽ മണൽ വിരിക്കുന്ന കാര്യം മറക്കരുത്. മണൽ ഉണങ്ങിയതെങ്കിൽ നേരിയ അളവിൽ നനയ്ക്കണം. ഉള്ളിലെ വെള്ളം വറ്റിപ്പോകാനിടയാകരുത്. വിത്തുതേങ്ങ സാധാരണപോലെ പാകണം. കിളിർക്കാൻ വൈകുന്നതും കിളിർപ്പിന്റെ കരുത്തു കുറവെന്നും കണ്ട‍ാൽ അവ ഉപേക്ഷിക്കുക.

ഉത്തരങ്ങൾ തയാറാക്കിയത്: ജി. വിശ്വനാഥൻ നായർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
കൃഷി സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഈ പംക്തിയിലേക്ക് ചോദ്യങ്ങൾ അയയ്ക്കാം.
വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം - 686001

ഇ-മെയിൽ: karsha@mm.co.in