നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ പെരുകും

മുഞ്ഞബാധ, വെള്ളീച്ചശല്യം

പല ജീവജാലങ്ങൾക്കും സ്വന്തം ശരീരത്തിന്റെ താപനില സ്വയം നിലനിര്‍ത്താൻ സാധിക്കുമെങ്കിലും ഷഡ്പദങ്ങൾക്ക് അതിനു കഴിയില്ല. അതുകൊണ്ടുതന്നെ ഷഡ്പദങ്ങളുടെ ശരീരത്തിന്റെ താപനില അന്തരീക്ഷത്തിലെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്തരീക്ഷത്തിലെ താപനില കൂടുന്നതിനനുസരിച്ചു ഷഡ്പദങ്ങളുടെ വളർച്ച വേഗത്തിലാകുന്നു. ഉദാഹരണത്തിന് അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസായിരിക്കുമ്പോൾ ഒരു കീടം തന്റെ വളർച്ച 30 ദിവസംകൊണ്ടു പൂർത്തിയാക്കുകയാണെങ്കിൽ 35 ഡിഗ്രി സെൽഷ്യസിലേക്കു താപനില ഉയരുമ്പോൾ കീടത്തിന്റെ വളര്‍ച്ച പൂർത്തിയാക്കാൻ 26 ദിവസം മതി. ഷഡ്പദങ്ങള്‍ക്കുള്ള ഈ കഴിവു മൂലം താപനില വർധിക്കുന്നതോടെ കീടങ്ങൾ വളരെ പെട്ടെന്നു തങ്ങളുടെ ജീവിതചക്രം പൂർത്തിയാക്കുകയും അതുവഴി കീടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്യുന്നു.

താപനില വർധിക്കുന്നതോടൊപ്പം അന്തരീക്ഷത്തിലെ ആർദ്രത കുറയുകയാണെങ്കിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ പെരുകും. നീരൂറ്റിക്കുടിക്കുന്ന പല കീടങ്ങളുടെയും ആക്രമണം മഴക്കാലത്തു കുറയുന്നതിനു പ്രധാന കാരണം ഇതാണ്. കഴിഞ്ഞ കൊല്ലം വ‍ടക്കേ ഇന്ത്യയിൽ മഴ കുറവായിരിക്കുകയും ഒന്നാംവിളയിലെ പരുത്തിക്കൃഷി ഏതാണ്ടു മുഴുവനുംതന്നെ വെള്ളീച്ച നശിപ്പിക്കുകയും ചെയ്തു. നീരൂറ്റിക്കുടിക്കുന്ന പല കീടങ്ങളും വിളകളിലെ വൈറസ് രോഗങ്ങളുടെ വാഹകരാണെന്നതിനാൽ കടുത്ത വേനലിൽ വിളകളിലെ വൈറസ്ബാധയും വർധിക്കാനിടയുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

നെല്ല്: മുഞ്ഞയുടെ ആക്രമണം വൈകി നട്ട പുഞ്ചക്കൃഷിയിലാണു സാധാരണ കാണാറുള്ളത്. വേനൽ കടുക്കുകയാണെങ്കിൽ മു‍ഞ്ഞയുടെ ആക്രമണം നേരത്തേതന്നെ ഉണ്ടാകാം. കഴിഞ്ഞ മാസംതന്നെ മുഞ്ഞയുടെ ആക്രമണം ചില സ്ഥലങ്ങളിൽ കണ്ടതിനാൽ കർഷകർ മുഞ്ഞയ്ക്കെതിരെ താഴെപ്പറയുന്ന പ്രതിരോധ നടപടിയെടുക്കേണ്ടതാണ്.

∙ പ്രതിരോധശേഷിയുള്ള ഉമ, കാർത്തിക, മകം, രേവതി, പ്രത്യാശ, ആതിര, ഐശ്വര്യ, പവിഴം, രമ്യ, കനകം, പൊന്മണി ഇനങ്ങൾ കൃഷി ചെയ്യുക.

∙ പാടശേഖരത്തിലാകെ ഒരേ സമയത്തു കൃഷിയിറക്കുക.

∙ അടുത്തടുത്തുള്ള നടീൽ ഒഴിവാക്കുക. നടുമ്പോൾ മൂന്നു മീറ്റർ ഇടവിട്ട് ഒരടി അകലത്തിൽ ഇടച്ചാലിട്ടു കൊടുക്കുക.

∙ വിളക്കുകെണി വയ്ക്കുക.

∙ നൈട്രജൻ വളത്തിന്റെ അമിതപ്രയോഗവും പൈറത്രോയ്ഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികളുടെ ഉപയോഗവും ഒഴിവാക്കുക.

തെങ്ങ്: പച്ചക്കറി വിളകളിലും കപ്പയിലും മറ്റും വേനലിൽ സാധാരണ കണ്ടുവരുന്ന കീടമായ വെള്ളീച്ച കഴിഞ്ഞ മാസങ്ങളിൽ മിക്കയിടത്തും തെങ്ങിനെ സാരമായി ബാധിക്കുകയുണ്ടായി. വെള്ളീച്ച പുറന്തള്ളുന്ന മധുരസ്രവം വീഴുന്ന ഇലകളിലെല്ലാം കറുത്ത പൂപ്പൽ വളർന്നു തെങ്ങോലകളും തെങ്ങോലകൾക്കു താഴെയുള്ള വിളകളുടെ ഇലകളും കറുത്തു കാണപ്പെടുന്നു.

വെള്ളീച്ച ആക്രമണം ശ്രദ്ധയിൽപെട്ട സ്ഥലങ്ങളിലെല്ലാംതന്നെ അവയുടെ മിത്രകീടങ്ങളെയും കാണുന്നുണ്ട്. അതുകൊണ്ടുതന്നെ മിത്രകീടങ്ങളെ പ്രയോജനപ്പെടുത്തിയുള്ള നിയന്ത്രണമായിരിക്കും നല്ലത്.

മീലിമൂട്ട, പച്ചത്തുള്ളൻ

പച്ചക്കറികൾ: നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മീലിമൂട്ട, ഇലപ്പേൻ, പച്ചത്തുള്ളൻ, മുഞ്ഞ (ഏഫിഡുകൾ), മണ്ഡരികള്‍ എന്നിവയുടെ ആക്രമണം ചൂടു കൂടുമ്പോൾ രൂക്ഷമാകും. വെള്ളീച്ചകളും, ഏഫിഡുകളും വൈറസ് വാഹകരായതുകൊണ്ടുതന്നെ മൊസൈക്, ഫില്ലോ‍ഡി പോലുള്ള രോഗങ്ങൾ എല്ലാ വിളകളെയും ബാധിക്കാൻ സാധ്യതയുണ്ട്. വെള്ളീച്ചകൾ പ്രധാനമായും വഴുതനവർഗവിളകളായ മുളക്, തക്കാളി, വഴുതന എന്നിവയിലാണു കാണാറുള്ളത്. മീലിമൂട്ടകൾ വഴുതന, തക്കാളി എന്നിവയിലും ഇലപ്പേനുകൾ മുളകിലും പച്ചത്തുള്ളൻ പാവലിലും വഴുതനയിലും വെണ്ടയിലും മുഞ്ഞപ്പയറിലും പാവലിലും മണ്ഡരികള്‍ എല്ലാത്തരം പച്ചക്കറി വിളകളെയുമാണ് സാധാരണയായി ബാധിക്കുക.

പച്ചക്കറിവിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ താഴെപ്പറയുന്ന പ്രതിരോധ നടപടിയെടുക്കാം.

∙ ആഴ്ചയിലൊരിക്കൽ 2% വേപ്പെണ്ണ–വെളുത്തുള്ളി എമൽഷൻ തളിക്കുക.

∙ രണ്ടാഴ്ചയിലൊരിക്കൽ വെർട്ടിസീലിയം (ലീക്കാനിസീലിയം) 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

∙ അടുക്കളത്തോട്ടങ്ങളിൽ നനയ്ക്കുമ്പോള്‍ ചെടിയെക്കൂടി ചേർത്തു നനയ്ക്കുന്നതു നന്ന്.

∙ പച്ചക്കറിത്തോട്ടങ്ങളിൽ മഞ്ഞ/നീലക്കെണികൾ വയ്ക്കുക. കീടാക്രമണം അതിരൂക്ഷമാണെങ്കിൽ കൃഷി ഓഫിസര്‍മാരുമായി ബന്ധപ്പെട്ടു നിയന്ത്രണമാര്‍ഗങ്ങള്‍ കൈക്കൊള്ളണം.

വാഴ: വേനലിൽ വാഴയിലയ്ക്കടിയിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ ഇലപ്പേൻ, മണ്ഡരി, ലേസ് വിങ് ചാഴി എന്നിവയുടെ ആക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു കീടബാധ കണ്ടാലുടനെതന്നെ വേപ്പെണ്ണ–വെളുത്തുള്ളി എമൽഷനും ജൈവ കീടനാശിനിയായ വെർട്ടിസീലിയവും തളിക്കണം.

പപ്പായ, ചെമ്പരത്തി, കപ്പ, പേര, വെണ്ട, ചക്ക എന്നിവയെ ആക്രമിക്കുന്ന മീലിമൂട്ടകളുടെ ശല്യവും വേനൽക്കാലത്ത് രൂക്ഷമാകാം.

അത്യുഷ്ണകാലങ്ങളിൽ കീടബാധ രൂക്ഷമായാലും വിളകൾക്കു വേണ്ടത്ര മൂലകങ്ങളും വെള്ളവും നൽകി ആരോഗ്യം സംരക്ഷിക്കുന്ന പക്ഷം കീടബാധയെ ചെറുക്കുന്നതായി കണ്ടുവരുന്നുണ്ട്. പച്ചക്കറിവിളകളും മറ്റും കഴിയുന്നത്ര നേരത്തെ നടുകയാണെങ്കിൽതന്നെ രൂക്ഷമായ കീടബാധയിൽനിന്നു രക്ഷപ്പെടുത്താം.

വിലാസം: അസിസ്റ്റന്റ് പ്രഫസർ (അഗ്രികള്‍ച്ചർ എന്റമോളജി), കോളജ് ഓഫ് ഹോർട്ടികൾച്ചർ, വെള്ളാനിക്കര – 680656.

ഫോൺ: 9446967688