കാന്തമല ചരിതം, അഖിനാതെന്റെ നിധി വിഷ്ണു എം സി നോവൽ പ്രസാധകർ : ലോഗോസ് വില : 230 രൂപ ഒന്നുമെഴുതാത്ത ഒരു പുസ്തകമായിരുന്നു ബാവ മിഥുനു നൽകിയത്. എന്നാൽ അയാൾ അതിൽ വായിച്ചത് ഒരു ചരിത്രമാണ്. അധികമാർക്കും അറിയാത്ത ഒരു ചരിത്രം. അതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്, അതിനെ

കാന്തമല ചരിതം, അഖിനാതെന്റെ നിധി വിഷ്ണു എം സി നോവൽ പ്രസാധകർ : ലോഗോസ് വില : 230 രൂപ ഒന്നുമെഴുതാത്ത ഒരു പുസ്തകമായിരുന്നു ബാവ മിഥുനു നൽകിയത്. എന്നാൽ അയാൾ അതിൽ വായിച്ചത് ഒരു ചരിത്രമാണ്. അധികമാർക്കും അറിയാത്ത ഒരു ചരിത്രം. അതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്, അതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്തമല ചരിതം, അഖിനാതെന്റെ നിധി വിഷ്ണു എം സി നോവൽ പ്രസാധകർ : ലോഗോസ് വില : 230 രൂപ ഒന്നുമെഴുതാത്ത ഒരു പുസ്തകമായിരുന്നു ബാവ മിഥുനു നൽകിയത്. എന്നാൽ അയാൾ അതിൽ വായിച്ചത് ഒരു ചരിത്രമാണ്. അധികമാർക്കും അറിയാത്ത ഒരു ചരിത്രം. അതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്, അതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്തമല ചരിതം, അഖിനാതെന്റെ നിധി

വിഷ്ണു എം സി 

ADVERTISEMENT

നോവൽ

പ്രസാധകർ : ലോഗോസ്

വില : 230  രൂപ 

 

ADVERTISEMENT

 

ഒന്നുമെഴുതാത്ത ഒരു പുസ്തകമായിരുന്നു ബാവ മിഥുനു നൽകിയത്. എന്നാൽ അയാൾ അതിൽ വായിച്ചത് ഒരു ചരിത്രമാണ്. അധികമാർക്കും അറിയാത്ത ഒരു ചരിത്രം. അതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്, അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുണ്ട്, അങ്ങേയറ്റം പോയാൽ ഈജിപ്തിലെ ഒരു യുഗം തന്നെയുണ്ട്. വിഷ്ണു എം.സി. എഴുതിയ ‘കാന്തമല ചരിതം, അഖിനാതെന്റെ നിധി’ എന്ന പുസ്തകത്തിൽ നിന്നാണ് ഈ കഥ പറയാൻ തുടങ്ങുന്നത്. മലയാളത്തിൽ ഉദ്വേഗജനകമായ  സാഹസിക പുസ്തകങ്ങൾ അത്രയധികമൊന്നും ഉണ്ടായിട്ടില്ല. ഇതിന് മുമ്പിറങ്ങിയ അഖിൽ പി. ധർമജന്റെ ‘മെർക്കുറി ഐലൻഡ്’ ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ അത്തരത്തിലിറങ്ങുന്ന അടുത്ത ഒന്നാണ് വിഷ്ണുവിന്റേത്. പുറത്തുള്ള പുസ്തകങ്ങളിൽ ഏറെ വായിക്കപ്പെടുന്ന ഒരു വിഭാഗമാണ് ത്രില്ലറുകൾ. അടുത്ത കാലം വരെ മലയാളത്തിൽ ആ വിഭാഗം വളരെ ശുഷ്കമായിരുന്നെങ്കിൽ കാലം മാറുമ്പോൾ യുവ എഴുത്തുകാർ അതിനെ പൂരിപ്പിക്കാനെത്തുന്നുണ്ട്. 

 

നീണ്ട വർഷങ്ങൾ കൊണ്ടാണ് വിഷ്ണു ഈ നോവലിന് അടിത്തറയൊരുക്കിയതും എഴുതിത്തീർത്തതും. വ്യക്തമായ ഗവേഷണമില്ലാതെ എഴുതാനാകാത്ത വിഷയമായതു കൊണ്ടുതന്നെ ഫിക്‌ഷനും മിത്തും ചരിത്രവും എല്ലാം ചേരുമ്പോൾ പൊതുവേ ഇത്തരം ജോണറിൽ ശ്രദ്ധിക്കേണ്ടതില്ലാത്ത യുക്തിയെ വരെ വിഷ്ണു തന്റെ എഴുത്തിൽ വിടാതെ പിടിച്ചിട്ടുണ്ട്. പൊതുവെ മിത്തിക്കൽ ഫിക്‌ഷൻ എഴുതുമ്പോൾ യുക്തി എന്നത് ഒരു തോന്നൽ മാത്രമാണ്. അത്തരം പുസ്തകങ്ങൾ ബുദ്ധി വച്ചു വായിക്കപ്പെടുന്നവയേ അല്ല, എന്നാൽ പലയിടത്തും എഴുത്തുകാരൻ ആ ഒരു ധൈര്യം കാട്ടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. മൂന്നു ഭാഗമുള്ള പുസ്തകത്തിന്റെ ആദ്യ അധ്യായം മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ട്രിലജി ആയി ഇറങ്ങിയിട്ടുള്ള മലയാള പുസ്തകങ്ങളും കുറവാണ്. അതിൽ എടുത്തു പറയേണ്ടത് സന്ധ്യ ഐപിഎസിന്റെ റീത്ത മേരി സീരീസ് ആണ്.

ADVERTISEMENT

 

ശബരിമല അയ്യപ്പന്റെ കഥ വായനക്കാർ കേട്ടിട്ടുണ്ടാവും. ശൈവ - വൈഷ്ണവ സംയോഗത്തിൽ നിന്നുണ്ടായ മണികണ്ഠൻ പന്തളം രാജകൊട്ടാരത്തിൽ വളർത്തപ്പെട്ട കുഞ്ഞാണ്. പിന്നീട് വിധിവശാൽ വീട്ടിൽ നിന്നിറങ്ങി ശബരിമലയിൽ തപസ്സിനായി പുറപ്പെട്ടു പോയൊരുവൻ. അദ്ദേഹം ചെയ്ത പോരാട്ടങ്ങൾ പുലിയിലും അത്രയധികമൊന്നും വാഴ്ത്തി പാടാത്ത ചില നിലപാടുകളിലും ഒക്കെ ഒതുങ്ങുന്നു. എന്നാൽ ശബരിമലയുടെ യഥാർഥ അവകാശികളെന്നു കരുതുന്ന ഒരു വിഭാഗമുണ്ട്, അവർക്ക് അയ്യപ്പനെക്കുറിച്ച് പറയാനുള്ളത് മറ്റൊരു കഥയാണ്. കാടും മേടും അറിഞ്ഞു വളരുന്ന അയ്യന്റെ കഥ, അപ്പന്റെ കഥ. ജീവന്റെ കല്ല് കഴുത്തിൽ കെട്ടിയ മണികണ്ഠന്റെ പോരാട്ടത്തിന്റെ കഥ. വില്ലാളിവീരനായ, ധീരനായ കാട്ടുരാജാവിന്റെ കഥ. എന്താണ് സത്യം? പുസ്തകം വായിച്ചു കഴിയുമ്പോൾ എഴുത്തുകാരൻ പറഞ്ഞു വയ്ക്കുന്ന ചില സത്യങ്ങളിൽ നാം മനസ്സിനെ കൊരുത്തു പോകും. ഭൂമിയുടെ യഥാർഥ അവകാശികളെ കണ്ടെത്തിക്കഴിയുമ്പോൾ അവരുടെ സത്യം മനസ്സിലാക്കി കഴിയുമ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇന്ന് നിലനിൽക്കുന്ന യുദ്ധങ്ങളൊക്കെ എന്തിനായിരുന്നു എന്നു ചിന്തിച്ചു പോകും. വിവാദങ്ങളും വാർത്തകളുമൊക്കെ നോവലിൽ കൊണ്ടുവരാൻ വിഷ്ണു ശ്രമിച്ചിട്ടുമുണ്ട്. 

 

എന്നാൽ ശബരിമലയല്ല വിഷ്ണു പറയാൻ ഉദ്ദേശിച്ച കഥാപരിസരം. അത് കാന്തമലയാണ്. ശാസ്താവിന്റെ മൂർത്തി പ്രതിഷ്ഠിതമായ സ്ഥലങ്ങളിൽ ഒന്ന്. എന്നാൽ മറ്റുള്ളവർ പറയുന്ന കാന്തമല ക്ഷേത്രത്തെക്കുറിച്ചല്ല അതിനപ്പുറമുള്ള ആരും കാണാത്ത, ആരും പോകാത്ത നിഗൂഢമായ ആ ക്ഷേത്രത്തെ കുറിച്ച് അറിയാനാണ് നായകനായ മിഥുൻ യാത്ര തുടങ്ങുന്നത്. എന്നാൽ കാന്തമലയെ ചുറ്റി ഒരു വലിയ രഹസ്യം തന്നെയുണ്ട്. അതിനുള്ളിലുള്ളത് ലോകത്തെത്തന്നെ തകർക്കാൻ ശേഷിയുള്ള ഒരു രഹസ്യമാണ്, അതിനെ തേടി അവിടേയ്ക്ക് പോയവരാരും തിരികെ വന്നിട്ടില്ല. വന്നവരൊക്കെ മാനസിക അസ്വസ്ഥതയാൽ സ്വയം നഷ്ടപ്പെട്ടവരുമായിപ്പോയി. കാന്തമലയെക്കുറിച്ചുള്ള രഹസ്യം കണ്ടെത്താൻ വേണ്ടിയാണ് നായർ ഉൾപ്പെടെയുള്ള എട്ടു പേർ ആ കാട് വിലയ്‌ക്കെടുക്കുന്നത്, എന്നാൽ അവർക്ക് അവിടെയുള്ള രഹസ്യം കണ്ടെത്താൻ അത്ര എളുപ്പമല്ല. നിഗൂഢ ശക്തികൾ അധിവസിക്കുന്ന ആ ഭൂമിയിലേക്കുള്ള യാത്ര തന്നെ സാഹസികമാണ്. ആ കാട്ടിലേക്കാണ് അതിന്റെ രഹസ്യം തിരഞ്ഞു മിഥുൻ പോകുന്നത്. എന്നാൽ മിഥുൻ എത്തിപ്പെടുന്നത് മറ്റൊരിടത്താണ്. അവിടെ നിന്നാണ് അവന് ഒന്നുമെഴുതാത്ത ആ പുസ്തകം ലഭിക്കുന്നതും, എന്നാൽ അതിലൂടെ അവൻ അനുഭവിച്ചറിഞ്ഞത് കാന്തമലയുടെ ചരിത്രം. 

 

എന്താണ് കാന്തമലയും ഈജിപ്തിലെ ഫറവോയും തമ്മിലുള്ള ബന്ധം? അഖിനാതെൻ എന്ന ഫറവോയുടെ നിധിയും കാന്തമലയും തമ്മിലെന്താണ്? ഇത്തരത്തിലുള്ള ഒരുപാട് രഹസ്യങ്ങളുടെ ചുരുളഴിക്കാൻ തുടക്കമിടുകയാണ് മിഥുൻ. കാന്തമലയെ ചൂഴ്ന്നു നിൽക്കുന്ന നിഗൂഢ ശക്തികളുടെ പ്രഭാവത്തെ ആദ്യം ഫിക്‌ഷനായി മാത്രം കാണാമെങ്കിലും പിന്നീട് അത് യുക്തിക്കൊപ്പം ചേരുന്നതോടെ അതിന്റെ തലം തന്നെ മാറുന്നുണ്ട്. വിശ്വാസവും മനസ്സും ശക്തിയും ഒന്നായിത്തീരുന്ന ഒരു കൂട്ടം മനുഷ്യരുടെ അതിജീവനമാണ് കാന്തമല ചരിതം പറയുന്നത്. വായനയെ അദ്‌ഭുതപ്പെടുത്തുന്നതിനൊപ്പം ചരിത്രവും ഫിക്‌ഷനും തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നതും ഈ കൃതിയിലൂടെ അനുഭവിച്ചറിയാം. വിഷ്ണുവിന്റെ ആദ്യ പുസ്തകമായ കാന്തമല ചരിതം ഏറ്റവും ലാളിത്യമാർന്ന ഭാഷയിൽ തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. അല്ലെങ്കിലും മിനിമലിസമാണ് യുവ എഴുത്തുകാരുടെ മുഖമുദ്ര. അതുകൊണ്ട് സാഹസിക വായനകൾ ഇഷ്ടപ്പെടുന്ന ആർക്കും, ഏതു പ്രായക്കാർക്കും വായിക്കാവുന്ന ഒരു പുസ്തകമാണിത്. 

 

മലയാളത്തിൽ തീർച്ചയായും ഇത്തരത്തിലുള്ള വായനകൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനുള്ള വഴികൾ വെട്ടിയിടുകയാണ് വിഷ്ണുവും അഖിൽ പി. ധർമ്മജനും ഒക്കെ ചെയ്യുന്നതും. അതിലൂടെ നടക്കാൻ വായന ഇഷ്ടപ്പെടുന്ന, പുതിയ എഴുത്തു ലോകത്തെ ഗൗരവമായി കാണുന്നവർ ഒരുപാടുണ്ടാകും എന്നുറപ്പാണ്. എന്തായാലും കാന്തമലയുടെ ബാക്കി ചരിത്രം അടുത്ത പുസ്തകത്തിൽ വായിക്കാനായി കാത്തിരിക്കുന്ന ഒരു വായനക്കാരിയുടെ ഉറപ്പ് ഇതാണ്– ഈ ആദ്യ അധ്യായം തന്നെ വായനക്കാരനെ മറ്റൊരു ലോകത്തേക്കു കൊണ്ടു പോകും. 

 

English Summary : Kanthamala Charitham Akhinathante Nidhi Book By Vishnu M.C