പാപികളുടെ ദൃശ്യചരിത്രകാരനായാണ് ചന്ദ്രശേഖർ കിമ്മിനെ അവതരിപ്പിക്കുന്നത്. വൈകാരിക ദൗർബല്യങ്ങൾക്കു കീഴടങ്ങുകയും പാപഫലം സ്വന്തം ജീവിതം കൊണ്ട് ഏറ്റുവാങ്ങുകയും ചെയ്യുന്ന നിസ്സഹായരായ മനുഷ്യർ.

പാപികളുടെ ദൃശ്യചരിത്രകാരനായാണ് ചന്ദ്രശേഖർ കിമ്മിനെ അവതരിപ്പിക്കുന്നത്. വൈകാരിക ദൗർബല്യങ്ങൾക്കു കീഴടങ്ങുകയും പാപഫലം സ്വന്തം ജീവിതം കൊണ്ട് ഏറ്റുവാങ്ങുകയും ചെയ്യുന്ന നിസ്സഹായരായ മനുഷ്യർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാപികളുടെ ദൃശ്യചരിത്രകാരനായാണ് ചന്ദ്രശേഖർ കിമ്മിനെ അവതരിപ്പിക്കുന്നത്. വൈകാരിക ദൗർബല്യങ്ങൾക്കു കീഴടങ്ങുകയും പാപഫലം സ്വന്തം ജീവിതം കൊണ്ട് ഏറ്റുവാങ്ങുകയും ചെയ്യുന്ന നിസ്സഹായരായ മനുഷ്യർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനാന്തരത്തിലെ തടാകത്തിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരത്തിലെ ഭിക്ഷു പിൻഗാമിയായി വളർത്തിക്കൊണ്ടുവരുന്ന കുട്ടി പ്രകൃതിയുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്നു. വസന്തം, ഗ്രീഷ്മം, ശരത്, വീണ്ടും വസന്തം എന്നിങ്ങനെ. അഥവാ, പാപം, പ്രണയം, അസൂയ, കൊലപാതകം, പശ്ചാത്താപം, വീണ്ടും പാപം എന്നിങ്ങനെ. സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ, ആൻഡ് സമ്മർ... പ്രലോഭനങ്ങളെ അതിജീവിക്കാനാവാത്ത നിസ്സാര ജൻമമാണ് ആ കുട്ടിയുടേത്. സുഖങ്ങളിലൂടെ സാഹസികമായി സഞ്ചരിക്കേണ്ടി വന്ന പാവം മനുഷ്യന്റെ കഥ. മനസ്സു പറയുന്നതു കേട്ടപ്പോൾ കൊലപാതകം അടക്കം ചെയ്യേണ്ടിവന്നു ശിക്ഷയും ഏറ്റുവാങ്ങി തിരിച്ചുവരുന്ന അയാളുടെ ദൃശ്യത്തിലൂടെ കിം കി ഡുക് ദൃശ്യവൽക്കരിച്ചത് ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം കഥയല്ല, മനുഷ്യന്റെ നിത്യസങ്കടങ്ങളുടെ കാണാക്കാഴ്ചകളാണ്. പരിഹാരമില്ലാത്ത പാപങ്ങളുടെയും മോചനങ്ങളുടെയും തുടർക്കഥയാണ്. ഏതു രാജ്യത്തും ദേശത്തുമാകട്ടെ, എവിടെയും എന്നും എല്ലാവരും കടന്നുപോകുന്ന കടലാഴങ്ങളുടെ സങ്കടക്കാഴ്ചയാണ്. എന്നിട്ടും അപ്രതീക്ഷിതമായി കിം മരിച്ചപ്പോൾ ലോക സിനിമാ രംഗത്ത് വലിയ ഞെട്ടലോ അദ്ഭുതമോ ഉണ്ടായില്ല. നെടുനീളൻ അനുസ്മരണ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടില്ല. ലോക സിനിമയുടെ നികത്താനാകാത്ത നഷ്ടം എന്നൊന്നും ഇതിഹാസകാരൻമാർ ആവർത്തിച്ചുപറഞ്ഞില്ല. എന്തുകൊണ്ട് എന്നതിന്റെ ഉത്തരമുണ്ട് പവിത്രപാപിയുടെ ക്രൂരതൃഷ്ണകൾ എന്ന എ. ചന്ദ്രശേഖറിന്റെ ലേഖനത്തിൽ. 

 

ADVERTISEMENT

പാപികളുടെ ദൃശ്യചരിത്രകാരനായാണ് ചന്ദ്രശേഖർ കിമ്മിനെ അവതരിപ്പിക്കുന്നത്. വൈകാരിക ദൗർബല്യങ്ങൾക്കു കീഴടങ്ങുകയും പാപഫലം സ്വന്തം ജീവിതം കൊണ്ട് ഏറ്റുവാങ്ങുകയും ചെയ്യുന്ന നിസ്സഹായരായ മനുഷ്യർ. പാപബോധത്തിന്റെ ആത്മബോധനങ്ങൾ എന്ന് അദ്ദേഹത്തിന്റെ സിനിമകളെ വിശേഷിപ്പിച്ചാൽക്കൂടി അതിശയോക്തിയില്ല. അറിഞ്ഞുകൊണ്ടും അല്ലാതെയും പാപം ചെയ്യുന്നവരുടെ ആന്തരിക ജീവിതത്തിലേക്കാണ് കിം ക്യാമറ തുറന്നുപിടിച്ചത്. പാപിയായ മനുഷ്യനെ ന്യായീകരിക്കാനല്ല, അവന്റെ പരാജയങ്ങളുടെ ദാർശനിക മാനം ഇഴകീറി പരിശോധിക്കാനും അതിലെ സാർവലൗകികതയെ അടയാളപ്പെടുത്താനും അണ്ഡകടാഹത്തിലെ പുഴുസമാനനായ അവന്റെ ജീവിതത്തിലെ വൈകാരിക നേട്ടങ്ങളുടെ ക്ഷണികതയും ഫലശൂന്യതയും ദാർശനികമായി കാണിച്ചുതരുന്നതുമാണ് അദ്ദേഹത്തിന്റെ സിനിമകളൊക്കെയും. ബൈബിളധിഷ്ഠിത പാപബോധത്തിന്റെ മറുവശമാണ് ബൗദ്ധികമായ ഇമേജറികളിലൂടെ കിം ആഴത്തിൽ വിശകലന വിധേയമാക്കിയത്. പാപതൃഷ്ണകളുടെ സ്വാഭാവികതയ്ക്കൊപ്പം ഇതിലേക്ക് ഈയാം പാറ്റകളെപ്പോലെ ആകർഷിക്കപ്പെടുന്ന ശരാശരി മനുഷ്യരുടെ ചാക്രിക ജീവിതത്തിന്റെ അനിവാര്യതയെയും കിം സിനിമകൾ ആവർത്തിത ബിംബങ്ങളായി ആവിഷ്‌കരിക്കുന്നുണ്ട് എന്ന് ചന്ദ്രശേഖർ എഴുതുമ്പോൾ, കിം കി ഡുക്ക് എന്ന ചലച്ചിത്രകാരനെക്കുറിച്ചുള്ള പുതിയൊരു ബോധവും അറിവും ഉദ്‌ബോധനവുമാണ് ലഭിക്കുന്നത്.

കിം കി– ഡുക് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ വന്നപ്പോൾ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

 

വ്യക്തിജീവിതത്തിൽ അച്ചടക്കമില്ലാതെ ജീവിച്ച കിം. വിഷാദരോഗി. സ്ത്രീ പീഡകൻ. ഷൂട്ടിങ് സെറ്റിൽ ആത്മഹത്യാ രംഗം ചിത്രീകരിക്കുന്നതിനിടെ, നായികയ്ക്കു മുറിവേറ്റപ്പോൾ സിനിമ തന്നെ ഉപേക്ഷിച്ചു നായയ്‌ക്കൊപ്പം മല കയറിയ വിരക്തൻ. മലയിലെ എകാന്ത ജീവിതത്തിനൊടുവിൽ ഒരു സിനിമയുമായി മടങ്ങിയെത്തിയ യഥാർഥ ചലച്ചിത്രകാരൻ. ഏഷ്യൻ സിനിമയുടെ ചരിത്രം എഴുതുമ്പോൾ കിമ്മിനെ അവഗണിക്കാനാവില്ല എന്നാണ് ഈ ലേഖനം പറയുന്നത്. കലാകാരനെ അവഗണിച്ചാലും കൃതികളെ അവഗണിക്കാനാവില്ലെന്നും. ആസ്വദക മനസ്സുകളിൽ കിമ്മിന് മരണമില്ലെന്ന് പറയുമ്പോൾ തലകുലുക്കി സമ്മതിക്കുന്ന കുറച്ചുപേരെങ്കിലും കാണാം. അവരോട് ക്രിയാത്മകമായി സംവദിക്കുന്നു എന്നതാണ് പവിത്രപാപിയുടെ ക്രൂരതൃഷ്ണകൾ എന്ന ലേഖനത്തിന്റെ പ്രസക്തി.

 

ADVERTISEMENT

മൂന്നു ഭാഗങ്ങളായി ചലച്ചിത്രം എന്ന മായാത്ത, മാറാത്ത കാഴ്ചയെക്കുറിച്ചാണ് ചന്ദ്രശേഖറിന്റെ പുതിയ പുസ്തകം പറയുന്നത്. കാലത്തിന്റെ പകർന്നാട്ടങ്ങൾ എന്ന ആദ്യഭാഗത്തിൽ ലോക, ഇന്ത്യൻ, മലയാള സിനിമയിൽ അടുത്തിടെ സംഭവിച്ച ത്വരിത ഗതിയിലുള്ള മാറ്റങ്ങളാണു ചർച്ച ചെയ്യുന്നത്. വെബ് പരമ്പരകളും ഒടിടി പ്ലാറ്റ്‌ഫോം ഉയർത്തുന്ന വെല്ലുവിളികളുമെല്ലാം ഇവിടെ പഠന വിധേയമാകുന്നു.

 

കാലം കടക്കുന്ന കാഴ്ചപ്പകർച്ചകൾ എന്ന രണ്ടാം ഭാഗത്തിൽ രണ്ടു ലേഖനങ്ങളാണുള്ളത്. ജനശത്രുവിന്റെ കുമ്പസാരങ്ങളും അഗ്രഹാരത്തിൽ കഴുതയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളും.

 

ADVERTISEMENT

കാലത്തിൽ കൊത്തിയ ചിത്രം എന്ന മൂന്നാം ഭാഗത്തിൽ കിം കി ഡുക്കിനെക്കുറിച്ച് ഉൾപ്പെടെ മായാത്ത കാഴ്ചകളാണ് അവതരിപ്പിക്കുന്നത്.

മറ്റ് ഹിന്ദി നടൻമാർക്കില്ലാത്ത എന്തു പ്രത്യേകതയാണ് ഷഹബ് സാദേ ഇർഫാൻ അലി ഖാന് ഉണ്ടായിരുന്നത്. സ്വപ്നം തുളുമ്പുന്ന കണ്ണുകൾ എന്ന ലേഖനം ചോദിക്കുന്നു. ഹിന്ദി സിനിമയുടെ സങ്കൽപങ്ങൾക്കൊത്ത ശരീരം പോലും ഉണ്ടായിരുന്നില്ല അയാൾക്ക്. ചില ദൂരദർശൻ പരമ്പരകളിൽ, നാടക സ്വാധീനമുള്ള നടന ശൈലിയുമായി വന്ന അയാളെ ഹിന്ദി സിനിമാ ലോകം ആദ്യകാലത്ത് കാര്യമായി പരിഗണിച്ചതുമില്ല. എന്നാൽ, മറ്റാർക്കുമില്ലാത്ത ചിലത് ഇർഫാൻ ഖാൻ എന്ന കൃശഗാത്രന് ഉണ്ടായിരുന്നു. ഇന്ത്യയുടെ ലോക സിനിമാ നടൻ ആക്കിമാറ്റിയ ജൻമസിദ്ധമായ അഭിനയശേഷിയും അതിനൊത്ത ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള അച്ചടക്കമുള്ള മനസ്സും മാത്രമല്ല ഇർഫാന്റെ സവിശേഷത. സ്വപ്‌നം തുളുമ്പുന്ന കണ്ണുകളും അതിലും അരുമയായ കുസൃത്തിച്ചിരിയും ഏത് ആൾക്കൂട്ടത്തിലും വ്യത്യസ്തനാക്കുന്ന ശബ്ദവും - ഇതു മൂന്നുമാണ് ഇർഫാൻ എന്ന അഭിനേതാവിനെ കേവലം താരമാക്കാതിരുന്നത്, മികച്ച നടനാക്കി നിലനിർത്തിയതും എന്നു ലേഖനം സമർഥിക്കുന്നമ്പോൾ അതുമായി യോജിക്കുന്നവരാണേറെ.

 

ചലച്ചിത്രപഠന ശാഖയിൽ ആഴത്തിലുള്ള വിശകലനത്തിന്റെ പുതിയൊരു വഴി വെട്ടിത്തുറക്കാനാണ് ചന്ദ്രശേഖർ ശ്രമിക്കുന്നത്. പുതിയ തലമുറയ്ക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ചില കടുകട്ടി വാക്കുകളും (അവ പ്രത്യേകിച്ച് ഒരു പുതിയ അർഥവും ഉൽപ്പാദിപ്പിക്കുന്നില്ല എന്നതാണു യാഥാർഥ്യം) അക്ഷരത്തെറ്റുകളും കൂടി ഒഴിവാക്കിയാൽ കൂടുതൽ വിശാലമായ വായനയ്ക്ക് സാധ്യതയുണ്ട് ചന്ദ്രശേഖറിന്റെ പുസ്തകത്തിന്.

 

Content Summary: Marunna Kazhcha Mayatha Kazhcha book written by A. Chandrasekhar