ഭക്ഷണങ്ങൾക്കുള്ള ദൃശ്യപരമായ സാധ്യതകൾ കഥകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നു വിശ്വസിക്കുന്നയാളാണ് അരുൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും കഥകളിലെല്ലാം സമൃദ്ധമായി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സ്പെയിനിലെ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പശ്ചാത്തലത്തിൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഭരണകൂടം കശക്കിയെറിയുന്ന മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് അരുൺ പാകപ്പെടുത്തിയെടുത്ത ലാ ടൊമാറ്റിനാ എന്ന കഥ വായന കഴിഞ്ഞും ഭയത്തിന്റെ അടരുകൾ സൃഷ്ടിച്ച് മനസ്സിൽ നിൽക്കുന്നത് അങ്ങനെയാണ്. കാലികമായ സാമൂഹികപ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന അരുണിന്റെ കഥകൾ കേവലം പ്രഘോഷണങ്ങളോ മുദ്രാവാക്യങ്ങളോ ആയി മാറുന്നില്ല എന്നയിടത്താണ് ക്രാഫ്റ്റിന്റെ പ്രസക്തി കടന്നുവരുന്നത്. ഭരണകൂടം ഭീകരത സൃഷ്ടിക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന യാഥാർഥ്യബോധത്തിലൂന്നിയാണ് കഥകളുടെ നിൽപ്. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ആ ഭീകരത തോൽപിക്കപ്പെടുക തന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസവും പകരുന്നുണ്ട് അവ. ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ പറയുമ്പോൾ അടിമുടി രാഷ്ട്രീയമനുഷ്യൻ കൂടിയായ ഒരാളെ അതിൽ നമുക്കു കാണാം. കഥകളിൽ കൃത്യമായി ആ മനുഷ്യപക്ഷ രാഷ്ട്രീയം കൊണ്ടുവരാൻ അരുണിനു കഴിയുന്നുമുണ്ട്... വായിക്കാം ‘പുതുവാക്ക്’...

ഭക്ഷണങ്ങൾക്കുള്ള ദൃശ്യപരമായ സാധ്യതകൾ കഥകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നു വിശ്വസിക്കുന്നയാളാണ് അരുൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും കഥകളിലെല്ലാം സമൃദ്ധമായി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സ്പെയിനിലെ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പശ്ചാത്തലത്തിൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഭരണകൂടം കശക്കിയെറിയുന്ന മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് അരുൺ പാകപ്പെടുത്തിയെടുത്ത ലാ ടൊമാറ്റിനാ എന്ന കഥ വായന കഴിഞ്ഞും ഭയത്തിന്റെ അടരുകൾ സൃഷ്ടിച്ച് മനസ്സിൽ നിൽക്കുന്നത് അങ്ങനെയാണ്. കാലികമായ സാമൂഹികപ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന അരുണിന്റെ കഥകൾ കേവലം പ്രഘോഷണങ്ങളോ മുദ്രാവാക്യങ്ങളോ ആയി മാറുന്നില്ല എന്നയിടത്താണ് ക്രാഫ്റ്റിന്റെ പ്രസക്തി കടന്നുവരുന്നത്. ഭരണകൂടം ഭീകരത സൃഷ്ടിക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന യാഥാർഥ്യബോധത്തിലൂന്നിയാണ് കഥകളുടെ നിൽപ്. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ആ ഭീകരത തോൽപിക്കപ്പെടുക തന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസവും പകരുന്നുണ്ട് അവ. ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ പറയുമ്പോൾ അടിമുടി രാഷ്ട്രീയമനുഷ്യൻ കൂടിയായ ഒരാളെ അതിൽ നമുക്കു കാണാം. കഥകളിൽ കൃത്യമായി ആ മനുഷ്യപക്ഷ രാഷ്ട്രീയം കൊണ്ടുവരാൻ അരുണിനു കഴിയുന്നുമുണ്ട്... വായിക്കാം ‘പുതുവാക്ക്’...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണങ്ങൾക്കുള്ള ദൃശ്യപരമായ സാധ്യതകൾ കഥകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നു വിശ്വസിക്കുന്നയാളാണ് അരുൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും കഥകളിലെല്ലാം സമൃദ്ധമായി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സ്പെയിനിലെ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പശ്ചാത്തലത്തിൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഭരണകൂടം കശക്കിയെറിയുന്ന മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് അരുൺ പാകപ്പെടുത്തിയെടുത്ത ലാ ടൊമാറ്റിനാ എന്ന കഥ വായന കഴിഞ്ഞും ഭയത്തിന്റെ അടരുകൾ സൃഷ്ടിച്ച് മനസ്സിൽ നിൽക്കുന്നത് അങ്ങനെയാണ്. കാലികമായ സാമൂഹികപ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന അരുണിന്റെ കഥകൾ കേവലം പ്രഘോഷണങ്ങളോ മുദ്രാവാക്യങ്ങളോ ആയി മാറുന്നില്ല എന്നയിടത്താണ് ക്രാഫ്റ്റിന്റെ പ്രസക്തി കടന്നുവരുന്നത്. ഭരണകൂടം ഭീകരത സൃഷ്ടിക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന യാഥാർഥ്യബോധത്തിലൂന്നിയാണ് കഥകളുടെ നിൽപ്. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ആ ഭീകരത തോൽപിക്കപ്പെടുക തന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസവും പകരുന്നുണ്ട് അവ. ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ പറയുമ്പോൾ അടിമുടി രാഷ്ട്രീയമനുഷ്യൻ കൂടിയായ ഒരാളെ അതിൽ നമുക്കു കാണാം. കഥകളിൽ കൃത്യമായി ആ മനുഷ്യപക്ഷ രാഷ്ട്രീയം കൊണ്ടുവരാൻ അരുണിനു കഴിയുന്നുമുണ്ട്... വായിക്കാം ‘പുതുവാക്ക്’...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ചോദ്യചിഹ്നത്തിന് ഒരു ശബ്ദമുണ്ടാവുമെങ്കിൽ അതു ലോഹം നിലത്തു വീഴുമ്പോഴുണ്ടാകുന്ന ഒന്നാണെന്നു മനുവിനു തോന്നി. ഗ്രാനൈറ്റിൽ വീണ ലോഹത്തവി എടുക്കാതെ, പൗരത്വത്തിന്റെ എലിയും പൂച്ചയും കളിയിൽ കുടുങ്ങി റീമ നിന്നു. അത്തരമൊരു നിർണായക നിമിഷത്തെ എന്തു പറഞ്ഞാണ് അലിയിപ്പിച്ചു കളയേണ്ടതെന്ന് സത്യമായും അറിയാത്തതിനാൽ മനുവും അതേ നിമിഷങ്ങളിൽ തുടർന്നു. രോഹു വേവുന്നൊരടുക്കളയിലേക്കു പോലും ഏതൊരു സന്ധ്യയിലും ഏറ്റവും അപ്രതീക്ഷിതമായി കടന്നുവരാവുന്ന ഒരു അപരിചിതനാണ് ആ ചോദ്യമെന്ന് മനു മനസിലാക്കി വരുന്നതേ ഉണ്ടായിരുന്നുള്ളൂ’. ഒരേസമയം, ഏറ്റവും സൗന്ദര്യാത്മകവും ദാർശനികവുമായ രീതിയിൽ പൗരത്വ പ്രതിസന്ധിയെ മലയാളകഥയിലേക്കു കൊണ്ടുവന്ന ടി.അരുൺ കുമാറിന്റെ ‘മാച്ചേർ കാലിയ’യിലെ നിർണായക നിമിഷങ്ങളിലൊന്നാണിത്. വികാരത്തെയും വിചാരത്തെയും ഒരേപോലെ പ്രഹരിക്കുന്നവയാണ് അരുൺ കുമാറിന്റെ കഥകൾ. ഏറ്റവും രുചികരമായൊരു ഭക്ഷ്യവിഭവത്തിൽനിന്നു പോലും ഏറ്റവും അസ്വസ്ഥജനകമായൊരു കഥ സൃഷ്ടിക്കാൻ അരുണിനുള്ള മികവ് വായനക്കാരനെന്ന നിലയിൽ നൽകുന്ന ആഹ്ലാദം അളവറ്റതാണ്. ഭക്ഷണങ്ങൾക്കുള്ള ദൃശ്യപരമായ സാധ്യതകൾ കഥകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നു വിശ്വസിക്കുന്നയാളാണ് അരുൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും കഥകളിലെല്ലാം സമൃദ്ധമായി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സ്പെയിനിലെ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പശ്ചാത്തലത്തിൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഭരണകൂടം കശക്കിയെറിയുന്ന മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് അരുൺ പാകപ്പെടുത്തിയെടുത്ത ലാ ടൊമാറ്റിനാ എന്ന കഥ വായന കഴിഞ്ഞും ഭയത്തിന്റെ അടരുകൾ സൃഷ്ടിച്ച് മനസ്സിൽ നിൽക്കുന്നത് അങ്ങനെയാണ്. കാലികമായ സാമൂഹികപ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന അരുണിന്റെ കഥകൾ കേവലം പ്രഘോഷണങ്ങളോ മുദ്രാവാക്യങ്ങളോ ആയി മാറുന്നില്ല എന്നയിടത്താണ് ക്രാഫ്റ്റിന്റെ പ്രസക്തി കടന്നുവരുന്നത്. ഭരണകൂടം ഭീകരത സൃഷ്ടിക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന യാഥാർഥ്യബോധത്തിലൂന്നിയാണ് കഥകളുടെ നിൽപ്. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ആ ഭീകരത തോൽപിക്കപ്പെടുക തന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസവും പകരുന്നുണ്ട് അവ. ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ പറയുമ്പോൾ അടിമുടി രാഷ്ട്രീയമനുഷ്യൻ കൂടിയായ ഒരാളെ അതിൽ നമുക്കു കാണാം. കഥകളിൽ കൃത്യമായി ആ മനുഷ്യപക്ഷ രാഷ്ട്രീയം കൊണ്ടുവരാൻ അരുണിനു കഴിയുന്നുമുണ്ട്. ‘അരിവാൾ വളവുകൾ നാലെണ്ണം പിന്നിട്ടപ്പോൾ കാട് വിശാലമായൊരു സമതലത്തിലേക്കു പിൻവാങ്ങി. അവിദഗ്ധമായി പെയിന്റ് ചെയ്തൊരു ഫോട്ടോഷോപ് ഫയൽ പോലെ പച്ച അതിന്റെ കയറ്റിറക്കങ്ങളിൽ വിരസമായി കിടന്നു. ദൂരെ സമതലത്തിന്റെ പൊക്കിൾ പോലെ കിടന്ന തടാകത്തിലേക്കു ഡിസംബർ‌ അതിന്റെ ആദ്യത്തെ കാമനകളെറിഞ്ഞു. തടാകത്തിനപ്പുറം രണ്ടു പച്ചക്കുന്നുകൾ. അവിടെയാണ് അബ്ഖാസിയ എന്ന ഏകാന്തതയുടെ തുരുത്ത്’. ‘നക്ഷത്രരഹസ്യം’ എന്ന കഥയുടെ ആശയം ഒരു സിനിമ മനസ്സിലുദ്ദേശിച്ച് വികസിപ്പിച്ചതാണെന്ന് അരുൺ പറയുന്നുണ്ട്. ചടുലമായ ആ ദൃശ്യഭാഷ ഉണ്ടായിരിക്കുമ്പോൾ തന്നെ മനുഷ്യകാമനകളുടെ അജ്ഞാതമായ തീരങ്ങളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ശിൽപഭദ്രതയും സ്വന്തമായുള്ളൊരു കഥയാണത്. സിനിമയ്ക്കു വേണ്ടി നമ്മൾ കഥകളുണ്ടാക്കുന്നുവെങ്കിലും സിനിമയിൽനിന്നു തിരിച്ചു നല്ലൊരു കഥ എഴുതപ്പെടാത്തതെന്താണെന്ന സംശയവും അരുൺ പങ്കുവയ്ക്കുന്നു. ക്വിന്റിൻ ടറന്റിനോ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വൺസ് അപ്പോൺ എ ടൈമിനെ ആധാരമാക്കി അതേപേരിൽ എഴുതിയ നോവൽ വായിച്ചുണ്ടായ ആഹ്ലാദത്തിൽ നിന്നാണ് അരുൺ ഈ ചോദ്യമെറിയുന്നത്.

 

ADVERTISEMENT

∙ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പരാമർശമുള്ള കഥയുടെ പേര് തന്നെ ലാ ടൊമാറ്റിനാ എന്നാണ്. പുതിയ കഥാസമാഹാരത്തിന്റെ പേരും ആ പേരിലുള്ള കഥയും മാച്ചേർ കാലിയ എന്ന ബംഗാളി മൽസ്യവിഭവമാണ്. കഥാഗതിയെ വഴിതിരിച്ചുവിടുന്ന ഒന്നാണ് ഈ വിഭവവും അതിന്റെ ചരിത്രവും. മറ്റൊരു കഥാസമാഹാരത്തിന്റെ പേര് ചീങ്കണ്ണിയെ കനലിൽ ചുട്ടത് എന്നാണ്. ഇങ്ങനെ അരുണിന്റെ പല കഥകളിലും എക്സോട്ടിക് എന്നു തന്നെ പറയാവുന്ന ഭക്ഷണപദാർഥങ്ങളും മദ്യമടക്കമുള്ള പാനീയങ്ങളും വളരെ പ്രധാനപ്പെട്ട സങ്കേതങ്ങളായി തോന്നിയിട്ടുണ്ട്. ഇതേപ്പറ്റി വിശദമാക്കാമോ?

 

ഭക്ഷണം മനുഷ്യന്റെ ഏറ്റവും ജൈവികവും സ്വാഭാവികവുമായ ചോദനയാണ്. വൈകാരികതലത്തിൽ അതൊരു ആനന്ദം കൂടിയാണ്. അനായാസം ഭക്ഷണസമൃദ്ധി ആസ്വദിക്കുന്നവരും വൈവിധ്യമുള്ള ഭക്ഷണം ആസ്വദിക്കാൻ മാത്രമായി ലോകം ചുറ്റിസഞ്ചരിക്കാൻ കഴിയുന്നവരുമുണ്ട്. എന്നാൽ മൂന്നുനേരം വെറും സാധാരണ ഭക്ഷണം മാത്രം കിട്ടാനായി ഒരു ജീവിതകാലം മുഴുവൻ അധ്വാനിക്കേണ്ടി വരുന്നവരുമുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഭക്ഷണരാഹിത്യം മനുഷ്യന്റെ രാഷ്ട്രീയചിന്തയെയും സാഹിത്യത്തെയുമൊക്കെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. 

 

ADVERTISEMENT

മറ്റൊന്ന്, പാചകത്തെ നമ്മളൊരു കലയായി പരിഗണിക്കുകയാണെങ്കിൽ അതിനൊരു പ്രത്യേകതയുണ്ട് എന്നതാണ്. മറ്റേതൊരു കലയെയും അപേക്ഷിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ ആർക്കും ആസ്വദിക്കാവുന്ന ഒന്നാണത്. ഇപ്പോൾ നമുക്കൊരു കഥ വായിക്കണമെങ്കിൽ പോലും കുറഞ്ഞപക്ഷം ഭാഷ അറിയണം. ഭക്ഷണം മാത്രമാണ് അതിന്റെ ആസ്വാദകരിൽനിന്ന് ഒന്നും ഡിമാൻഡ് ചെയ്യാത്തത്. ഒപ്പം മനുഷ്യന്റെ ചരിത്രം, സംസ്‌കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം ഭക്ഷണവുമായും തിരിച്ചും ബന്ധപ്പെട്ടു കിടക്കുന്നു. അപ്പോൾ മനുഷ്യനുമായി ഏറ്റവും സ്വാഭാവികമായി ബന്ധപ്പെടുന്ന ഒന്നെന്ന നിലയിൽ ഭക്ഷണത്തെ കഥയിൽ ഉപയോഗപ്പെടുത്തുന്നതിൽ കലാപരമായ ഒരു ആനുകൂല്യം ഉണ്ടെന്ന് ഞാൻ കരുതുന്നു. അത് മനുഷ്യരുമായി പെട്ടെന്ന് കണക്ട് ആവുമെന്ന് ഞാൻ കരുതുന്നു. ഇതൊരു പുതിയ കാര്യമല്ല. വെള്ളായിയപ്പന്റെ കയ്യിലെ പൊതിച്ചോറും കാരൂരിന്റെ പൊതിച്ചോറും ഒക്കെ നമ്മളോട് ചെയ്തത് എന്താണ്? അല്ലെങ്കിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി? പന്തിഭോജനം? 

 

പിന്നെ അതിലെ ദൃശ്യപരമായ സാധ്യതകൾ. അതു കഥയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്ന് നമ്മൾ വിചാരിക്കുന്നു. ഫൈനൽ ഡ്രാഫ്റ്റിൽ അത് എത്രകണ്ട് വിജയിച്ചു എന്നു പറയേണ്ടത് വായനക്കാരാണ്. ഉദാഹരണത്തിന് ലാ-ടൊമാറ്റിനാ എന്ന ഫെസ്റ്റിവൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഒരുമിച്ച് കണക്ട് ചെയ്യുന്ന ഒന്നാണ്. അതു പ്രമേയവുമായി ആഴത്തിൽ ചേരുന്നു എന്നു തോന്നിയതിനാൽ ഒരു കഥയിലേക്ക് കൊണ്ടുവന്നു. ചീങ്കണ്ണിയെ ഗ്രിൽ ചെയ്തത് ഒരു അസാധാരണഭക്ഷണമാണ്. ചിലർക്കത് അറപ്പുണ്ടാക്കുന്നതും ചിലരതു രുചിയോടെ കഴിക്കുന്നതുമാണ്. എൽ.ജി.ബി.ടി.ക്യൂവിനോടുള്ള സാമൂഹികസമീപനവുമായി അത് കണക്ട് ചെയ്യുന്നുണ്ടെന്ന് തോന്നിയതിനാൽ ഒരു കഥയിലത് കൊണ്ടുവന്നു. മാച്ചേർകാലിയയും അതുപോലെ തന്നെ. പിന്നെ, വ്യക്തിപരമായി ഞാനൊരു ഭക്ഷണാസ്വാദകൻ കൂടിയാണ്.

 

ADVERTISEMENT

∙ ഭരണകൂട ഭീകരത വിഷയമായി അരുൺ എഴുതിയ ലാ ടൊമാറ്റിനാ എന്ന കഥയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകളുടെ സ്ഥാനക്രമം വളരെ പൊളിറ്റിക്കൽ ആയ ഒന്നായി അനുഭവപ്പെട്ടു. രാമകൃഷ്ണയ്യർ, സൈമൺ, അബു. അവരുടെ അധികാരവുമായി ശ്രേണീബദ്ധമായി ബന്ധപ്പെട്ടിരിക്കുന്ന തരത്തിലുള്ള ആ കഥാപാത്ര വിന്യാസം വളരെ സൂക്ഷ്മമായി നമ്മുടെ സമൂഹത്തെപ്പറ്റി പറഞ്ഞു തരുന്നുണ്ട്. അതേപോലെ, ഗന്ധവിമോചനം കഥയിലെ കാവ്യരചന നടത്തിയ കശാപ്പുകാരന്റെ പേര് രത്നാകരൻ എന്നുമാണല്ലോ. കഥാപാത്രങ്ങളുടെ പേരുകൾ അരുണിന് എത്രമാത്രം പ്രധാനപ്പെട്ടതാണ്. അവയുടെ തിരഞ്ഞെടുപ്പ് രീതി വിശദമാക്കാമോ?

 

അത് അങ്ങനെ തന്നെയാണ്. പിന്നെ അയ്യർ എന്നു പേരിടുമ്പോൾ ഞാനൊരു പാരഡി കൂടി ഉദ്ദേശിച്ചിരുന്നു. സേതുരാമയ്യരാണല്ലോ നമ്മുടെ ഫിക്ഷനിലെ വലിയ ബുദ്ധിരാക്ഷസൻ. യഥാർഥത്തിൽ ലാ–ടൊമാറ്റിനാ ഭരണകൂടഭീകരതയെ പ്രത്യേകിച്ച് മുൻനിരയിലേക്ക് നീക്കിനിർത്തുന്നുവെന്ന് പറയാനാവില്ല. ഭരണകൂടഭീകരതയ്ക്ക് ഒരു പ്രശ്‌നമുള്ളത് എന്തെന്നാൽ, നിങ്ങൾക്ക് തിരിച്ചടിക്കാൻ വലിയ പ്രയാസമായിരിക്കും എന്നതാണ്. ഏറ്റവും ലളിതമായ ഉദാഹരണം അടിയന്തരാവസ്ഥയാണ്. ഭരണകൂടം പുഴുക്കളായ മനുഷ്യരുടെ മീതെക്കൂടി ബുൾഡോസർ പോലെ കയറിപ്പോയി. എന്തെങ്കിലും ചെയ്യാൻ പറ്റിയോ? ഇന്ന് ഇന്ത്യയിൽ എത്രയോ പേർ വിചാരണയില്ലാതെ ജയിലുകളിൽ കിടക്കുന്നു. ഇവരിൽ പലരും നരകിച്ച് മരിക്കുകയാണ്; സ്റ്റാൻസ്വാമിയെപ്പോലെ.

 

എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഭരണകൂട ഭീകരത തോൽപ്പിക്കപ്പെടും എന്നതാണു മനുഷ്യചരിത്രം പറയുന്നത്. കഥയിലേക്ക് തിരിച്ചു വരുമ്പോൾ, ലാ-ടൊമാറ്റിനാ എല്ലാത്തരം സ്ഥാപനങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ മുട്ടിവിളിക്കാതെ നിങ്ങളുടെ വീട്ടിലേക്ക് കയറിവരാം, അല്ലെങ്കിൽ നിങ്ങളെ എവിടെയോ ഒരിടത്ത് തടവുകാരനാക്കാം എന്നു പറയുന്ന കഥയാണ്. അതു ഭരണകൂടം ആവാം, മതമാവാം, പ്രത്യയശാസ്ത്രമാവാം, എന്തുമാവാം. സംശയിക്കാനും വിയോജിക്കാനും എതിർത്തുനിൽക്കാനുമുള്ള സാധാരണമനുഷ്യന്റെ ജൈവികചോദനയെ സ്ഥാപനങ്ങൾ എക്കാലവും ഭയപ്പെടുന്നു. ഗന്ധവിമോചകത്തിലെ രത്‌നാകരൻ കവിയാണ്. കശാപ്പുകാരനുമാണ്. ഇതിലൊരു രാഷ്ട്രീയചിന്തയുണ്ട്. ഇന്ത്യൻ പാരമ്പര്യത്തിന്റെ, ഭാവനയുടെ, സംസ്കാരത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ് രാമായണവും മഹാഭാരതവുമെല്ലാം. അതിനെ ഹിന്ദുത്വവാദത്തിന് തീറെഴുതിക്കൊടുക്കുമ്പോൾ നിങ്ങൾ അറിയാതെ ഈ രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തെക്കൂടി അവർക്ക് തളികയിൽ വച്ചു കൊടുക്കുകയാണ്. നോക്കൂ, കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിക്ക് സീതാറാം എന്ന് പേരുള്ള ഒരു നാടാണിത്. എന്താണതിന്റെ അർഥം പേര് പ്രധാനമാണ്.

 

∙ സാപിയനിൽനിന്ന് ഏലിയനിലേക്കുള്ള ദൂരമെത്രയാണ്? നമ്മുടെ അപരഭീതിയുടെ മറ്റൊരു പേരു മാത്രമാണോ ഏലിയൻ? അരുണിന്റെ, വളരെ ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന ഒരു കഥയാണ് സാപിയൻ ഏലിയൻ. ആ കഥ പിറന്നതെങ്ങനെയാണ്?

 

സാപിയൻ/ഏലിയൻ സത്യത്തിൽ എന്നെ സംബന്ധിച്ചിടത്തോളം അപരഭീതി എന്ന ചിന്തയിൽനിന്ന് ഉണ്ടായതല്ല. അതൊരു ഉൾക്കാഴ്ചയുടെ വിഷയമാണ്. ആരാണ് സാപിയൻ, ആരാണ് ഏലിയൻ എന്ന നിർവചനത്തിൽനിന്ന് വളരെ അസംബന്ധപൂർണമായ ഒരു ചിത്രം ഉരുത്തിരിയുന്നു എന്നെനിക്കു തോന്നി. സാപിയൻ ഈ ഭൂമിയിൽ ജീവിക്കുന്നു. മനുഷ്യനെ അവനാക്കുന്നത് മനുഷ്യത്വം എന്ന ഗുണമാണ്. എന്നാൽ പറ്റുന്നിടത്തോളം മനുഷ്യത്വം നമുക്കു തുറന്നുതരുന്ന സാധ്യതകളെയും അവസരങ്ങളെയും (കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാവാൻ) തള്ളിക്കളഞ്ഞുകൊണ്ട് നമ്മൾ ഒതുങ്ങിക്കൂടി ജീവിക്കുന്നു. റോഡപകടത്തിൽപ്പെട്ടു കിടക്കുന്ന ഒരു മനുഷ്യനെ കണ്ടാൽ നമ്മൾ വഴി മാറിപ്പോകുന്നത് അതുകൊണ്ടാണ്. സത്യത്തിൽ അതൊരു അവസരമാണ്. മനുഷ്യത്വത്തെ കൂടുതൽ ആഴത്തിൽ പുണരാനുള്ള ഒരവസരം. ഒപ്പം ഈ ഭൂമിയുടെ ഒരുപാടു സവിശേഷാനുഭവങ്ങളുടെ നേർക്കും നമ്മൾ കണ്ണടയ്ക്കുന്നു. ഒരു ചെറുമഴയോ നിലാവോ ഒക്കെ ആസ്വദിക്കാൻ സമയമില്ലാത്ത, അല്ലെങ്കിൽ അതൊക്കെ അനാവശ്യമാണെന്നു കരുതുന്ന ഒരുപാടു മനുഷ്യരുണ്ട്. പക്ഷേ, ഈ ഭൗമാനുഭവങ്ങളെ നിഷേധിച്ചുകൊണ്ട് ഭൂമിയിൽ കഴിയുന്നത് എത്ര വിഡ്ഢിത്തമാണ്! അത്തരക്കാർ ഭൂമിയിൽ ജീവിക്കവേ തന്നെ സ്വയം ഏലിയനേറ്റ് ചെയ്യുന്നവരാണ്. ഇവിടെയാണ് ആ ചോദ്യം വരുന്നത്: നമ്മളിൽ എത്ര പേരാണ് ശരിക്കും സാപ്പിയൻസ്? എത്ര പേർ ഏലിയൻസ്?

 

∙ തിരുവങ്കോട്ടപ്പനെയും ഖാലിസയെയും വികസിപ്പിച്ചാൽ നല്ലൊരു നോവലിനുള്ള സാധ്യതയുള്ളതായി അനുഭവപ്പെട്ടു. ഒരു കഥയുടെ നിയന്ത്രിത അതിരുകളല്ല ആ കഥയ്ക്കും കഥാപാത്രങ്ങൾക്കുമുള്ളത്. അനേകം കഥകൾ അതിൽ ഉൾച്ചേർന്നിരിക്കുന്നതായി അനുഭവപ്പെട്ടു. ‘മിശ്രം’ എന്ന കഥയെപ്പറ്റി പറയാമോ?

ക്വിന്റിൻ ടറന്റിനോയുടെ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന നോവലും സിനിമയിലെ രംഗങ്ങളും.

 

അതു ശരിയാണ്. മിശ്രം വായിച്ച പലരും അതെന്നോട് പറഞ്ഞിട്ടുമുണ്ട്. അതിനു ജലസമൃദ്ധമായൊരു ജൈവികപശ്ചാത്തലമുണ്ട്. മിശ്രം സത്യത്തിൽ നമ്മുടെയൊക്കെ ഭാവനാജീവിതം പലപ്പോഴും യഥാർത്ഥജീവിതത്തേക്കാൾ മാനുഷികമാണല്ലോ എന്ന ചിന്തയിൽ നിന്ന് ഉണ്ടായതാണ്. ശരിക്കും അതു തിരിച്ചാണല്ലോ വേണ്ടത് എന്നു മനസ്സിലാക്കുമ്പോഴാണു നമ്മൾ ചെന്നു പെട്ടിരിക്കുന്ന അസംബന്ധത്തിന്റെ ആഴം മനസ്സിലാവുക. ദൈവം ഒന്നാണ് എന്നു നമ്മൾ പറയും. അടുത്ത സെക്കൻഡിൽ എന്റെ ദൈവം മാത്രമേയുള്ളൂ എന്നും പറയും. മിശ്രത്തിൽ മരിച്ചു പോയ രണ്ട് പൂർവികബിംബങ്ങൾ - ഹിന്ദുവും മുസ്‌ലീമുമായ സ്ത്രീപുരുഷൻമാർ - അവരുടെ വിവാഹം നടത്തിക്കൊടുക്കുവാൻ ജീവിച്ചിരിക്കുന്ന അവരുടെ പിൻഗാമികൾ തീരുമാനിക്കുകയാണ്. എന്നാൽ പ്രണയത്തിലായ അതേ തലമുറയിലെ രണ്ടു പേരെയാകട്ടെ അവരൊന്നിച്ച് നിന്ന് ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും സങ്കൽപത്തിന്റെ തലത്തിൽ നിന്നു കഴിഞ്ഞാൽ എളുപ്പമാണ്, സുഖമാണ്. അത് ആരെയും വെല്ലുവിളിക്കുകയോ വേദനിപ്പിക്കുകയോ ഇല്ല. അതുകൊണ്ടു വലിയ വലിയ ആശയങ്ങളെല്ലാം എക്കാലവും സാങ്കൽപികതലത്തിൽ മാത്രമാണ് നിലനിൽക്കുന്നത്. ഇതൊക്കെയാണ് മിശ്രം എന്ന കഥയെ രൂപപ്പെടുത്തിയ ചിന്താശകലങ്ങൾ. ആ കഥയിലെ ജലപ്രകൃതിയും കഥനവിസ്തൃതിയുമൊക്കെ ഒരുപാടു പേർക്ക് ഇഷ്ടമായിരുന്നു.

 

∙ സംഘകാലം എന്ന കഥയിൽ ‘കൊല്ലപ്പെട്ടവന്റെ വീട് രക്തത്തിന്റെ മണത്തോടെ പൂക്കുന്നു’ എന്നെഴുതിയ അവസാനവാക്യം വായനക്കാരന്റെ നെഞ്ചിൽ ആഞ്ഞു തറയ്ക്കുന്ന കത്തിയായി മാറുകയാണ്. അത്രമേൽ പ്രഹരശക്തിയുള്ളൊരു പ്രസ്താവമാണത്. ശ്യാമയെയും അജയനെയും രൂപപ്പെടുത്തിയത് എങ്ങനെയാണ്?

 

സംഘകാലം വായിച്ച് ഒരു നല്ല വായനക്കാരൻ അയാളുടെ ബ്ലോഗിൽ എഴുതിയത്, ഇത് 1960കളിൽ എഴുതേണ്ടിയിരുന്ന ഒരു കഥ എന്നായിരുന്നു. അതു വായിച്ച ഞാൻ അന്തംവിട്ടു. കക്ഷിരാഷ്ട്രീയത്തിന്റെ അപചയം വിഷയമാക്കുന്ന കഥയുടെയൊക്കെ കാലം കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അർഥം. രണ്ട് കാര്യങ്ങളാണ് എന്നെ അമ്പരിപ്പിച്ചത്. ഒന്ന്, സംഘകാലം കക്ഷിരാഷ്ട്രീയത്തിന്റെ അപചയത്തെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന ഒരു കഥ ആയിരുന്നില്ല. രണ്ട്, ജീവിക്കുന്ന കാലത്തിന്റെ പ്രശ്‌നങ്ങൾ കഥയിൽ കൊണ്ടുവരാനല്ലേ പലപ്പോഴും ഒരു സാധാരണ എഴുത്തുകാരനു കഴിയൂ? അതല്ലേ സ്വാഭാവികവും? കക്ഷിരാഷ്ട്രീയം ഇപ്പോഴും അപചയത്തിലാണ് എന്ന് ഇന്നിന്റെ ഒരെഴുത്തുകാരന് തോന്നിയാൽ അയാൾ അത് എഴുതുക തന്നെ വേണം. പക്ഷേ, അതിന്റെ ക്രാഫ്റ്റ് പുതുതായിരിക്കണം. ക്രാഫ്റ്റിലെ വ്യത്യസ്തയാണ് ഒരേ വിഷയത്തിൽ എഴുതുന്ന രണ്ടു കഥകളെ രണ്ടാക്കിത്തീർക്കുന്നത്. കാരണം ക്രാഫ്റ്റ് ആണ് കഥാനുഭവത്തെ നിർണയിക്കുന്നത്. അനുഭവം വേറിട്ടതാവുമ്പോൾ കഥയും വേറിടുന്നു. 

 

സംഘകാലം എന്ന കഥയുടെ ട്രിഗർ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകമാണ്. അതെന്നെ ഇന്നും വേട്ടയാടുന്ന ഒരനുഭവമാണ്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ എ.സമ്പത്ത് മത്സരിച്ചപ്പോൾ അദ്ദേഹത്തിന് ഞാൻ സ്വാഭാവികമായും വോട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു കമ്യൂണിസ്റ്റുകാരനെ മറ്റു ചില കമ്യൂണിസ്റ്റുകാർ സംഘം ചേർന്ന് ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മറ്റൊന്നില്ല. എന്നു മാത്രമല്ല, പൊതുസമൂഹത്തിനും രാഷ്ട്രീയ എതിരാളികൾക്കും ഭീതിജനകമായ ഒരു മുന്നറിയിപ്പ് കൂടി ആ കൊലപാതകത്തിലൂടെ കൊടുക്കാൻ ശ്രമിച്ചു എന്നതാണ്. ഒരു കമ്യൂണിസ്റ്റുകാരനെ ഇത്രയും നിർദ്ദയമായി കൊലപ്പെടുത്താൻ ഞങ്ങൾക്കാവുമെങ്കിൽ മറ്റുള്ളവരുടെ കാര്യം ഊഹിച്ചോ എന്നതാണ് ആ മുന്നറിയിപ്പ്. ടി.പിയുടെ കൊലയ്ക്കു ശേഷം ഞാൻ ഇടതുപക്ഷത്തിനു വോട്ട് ചെയ്തിട്ടേ ഇല്ല.

 

∙ തന്റെ ശിഷ്യരിലെ ശരീരകാമനകളെ തുറന്നുവിടാൻ പ്രേരിപ്പിക്കുന്ന വ്യത്യസ്തനായൊരു വൈദികനെയാണ് ചീങ്കണ്ണിയെ കനലിൽ ചുട്ടത് എന്ന കഥയിൽ അരുൺ അവതരിപ്പിച്ചിരിക്കുന്നത്. വേറിട്ട വഴികളിലൂടെ നടക്കുന്ന ആ അച്ചനെ കണ്ടെടുത്തത് എങ്ങനെയാണ്?

 

മതങ്ങളുടെ ഒരടിസ്ഥാനപ്രശ്‌നം, അതു മനുഷ്യനെ ദൈവഗുണങ്ങളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നു എന്നതാണ്. അതിന്റെ ആവശ്യമില്ല. മനുഷ്യൻ നമ്മൾ നേരത്തേ പറഞ്ഞതു പോലെ കൂടുതൽ മനുഷ്യഗുണമുള്ളവനായിത്തീരുകയാണ് വേണ്ടത്. പല സെമറ്റിക് ദൈവങ്ങളും ഏകനായതിനാൽ അവരുടെ അസ്തിത്വഗുണങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ ഹൈന്ദവിക-ഗ്രീക്ക് ദൈവസങ്കൽപങ്ങളിലെല്ലാം കുറച്ചുകൂടി വ്യത്യസ്തമാണ് കാര്യങ്ങൾ. അവരൊക്കെ ഇത്തിരി അതിമാനുഷർ ആണെന്നേ ഉള്ളൂ. ലൈംഗികതയൊക്കെ ഉള്ളവരാണ്. അപ്പോൾ മനുഷ്യൻ ദൈവസൃഷ്ടിയെങ്കിൽ മനുഷ്യാനന്ദങ്ങളും ദൈവദത്തമെന്നാണല്ലോ ഒരു ദൈവാന്വേഷി കരുതേണ്ടത്. ആ യുക്തി ഒരു ക്രിസ്ത്യൻ പുരോഹിതനിൽ പ്രവർത്തിക്കുമ്പോൾ നമുക്ക് വളരെ വ്യത്യസ്തമായ, അസാധാരണത്വമുള്ള ഒരു കഥാപാത്രത്തെ ലഭിക്കുന്നു. ക്രിസ്റ്റ്യാനിറ്റി പൊതുവേ ആനന്ദാന്വേഷിയായ മനുഷ്യൻ പാപിയാണ് എന്നു പറയുന്ന ഒന്നാണ്. അതിനെ തകിടം മറിക്കുന്ന ഒരു കഥാപാത്രം വരുമ്പോൾ അതു കഥയെ സ്വാഭാവികമായും വ്യത്യസ്തമാക്കും. ശക്തമാക്കും. പുതുമയുണ്ടാവും. പാത്രസൃഷ്ടിയിലൊക്കെ ഇതൊക്കെ ബോധപൂർവം ചെയ്യുന്നതു തന്നെയാവും മിക്കവാറും എഴുത്തുകാർ.

 

∙ കഥകളിൽ അരുൺ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതകളും സവിശേഷതകളും അവതരിപ്പിക്കുന്ന രീതി സൂക്ഷ്മവായനക്കാരെ ആകർഷിക്കുന്ന ഒന്നാണ്. ഓപ്പറേഷൻ മാരിയോ വർഗാസ് യോസ എന്ന കഥയിൽ ബംഗാരു അരിയുടെ ചോറെന്നും ഗുണ്ടൂർ മുളകരച്ച ചമ്മന്തിയെന്നും പറയുമ്പോൾ അതു കൃത്യമായി ആ കഥയിലെ സ്ഥലരാശിയുമായി ചേർന്നുനിൽക്കുന്നു. ഡീറ്റെയ്‌ലിങ്ങിലെ ഈ ശ്രദ്ധ ഇതേ കഥയിൽ തന്നെ പറയുന്ന ‘അപ്റ്റുഡേറ്റായിരിക്കുക എന്നതാണ് വർത്തമാനത്തെ നേരിടാനുള്ള ഒന്നാന്തരമായുധം’ എന്ന വാക്യത്തെ എഴുത്തുകാരന്റെ രചനാകൗശലവുമായി കൃത്യമായി ചേർന്നു പോകുന്നു. കഥയ്ക്കുള്ള റിസർച്ച് എങ്ങനെയാണ്? ഏറ്റവും കൂടുതൽ സമയമെടുത്ത് എഴുതിയ കഥ ഏതാണ്?

 

റിസർച്ച് ഉണ്ട്. ചീങ്കണ്ണിയെ കനലിൽ ചുട്ടത് എന്ന കഥ നടക്കുന്നതു മൂന്നിടത്താണ്. കൊച്ചി, തൊമ്മൻകുത്ത്, ഓസ്‌ട്രേലിയ. ഇതിൽ തൊമ്മൻകുത്തിലും ഓസ്‌ട്രേലിയയിലും ഞാൻ പോയിട്ടില്ല. പക്ഷേ, നമുക്ക് കഥയിൽ ഉപയോഗിക്കേണ്ട ഘടകങ്ങൾ കണ്ടെത്തേണ്ടി വരിക തന്നെ ചെയ്യും. ഒരു എയർപോർട്ട് എന്നതിനു പകരം ഡാർവിൻ എയർപോർട്ട് എന്നു പറയുമ്പോൾ കഥ വിശ്വസനീയവും റിയലിസ്റ്റിക്കും ആവും. മാർക്കേസ് പറഞ്ഞ ഒരാശയമുണ്ട്. കുറേ ആനകൾ ആകാശത്ത് പറന്നുനടന്നു എന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ല, എന്നാൽ പതിനേഴ് ആനകൾ പറന്നു നടന്നു എന്നു പറഞ്ഞാൽ ആളുകൾ വിശ്വസിക്കും എന്ന്. റിസർച്ച് കഥയെ സഹായിക്കുന്നത് കൃത്യം ഇവിടെയാണ്. സൂക്ഷ്മഘടകങ്ങൾ ചേരുന്തോറും കഥ കൂടുതൽ കൃത്യവും വിശ്വസനീയവും ആയിക്കൊണ്ടിരിക്കും. നമ്മൾ മനഃപൂർവം ആന്ധ്രാമുളകിന്റെ പേരു കൊണ്ടുവരുന്നതു തന്നെയാണ്. നമ്മുടെ ജോലിയും കലയുമാണത്. ഏറ്റവും കൂടുതൽ സമയമെടുത്തത് നക്ഷത്രരഹസ്യം എന്ന കഥ എഴുതാനാണ്. പിന്നെ ലാ-ടൊമാറ്റിനാ. ഏറ്റവും കുറഞ്ഞ സമയമെടുത്ത് എഴുതിയത് മാച്ചേർകാലിയ ആണ്. അതാണ് പക്ഷേ, ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ചുരുക്കത്തിൽ, എഴുത്തുകാരന്റെ സ്‌കെയിൽ അല്ല അനുവാചകന്റെ സ്‌കെയിൽ.

 

∙‘അരിവാൾ വളവുകൾ നാലെണ്ണം പിന്നിട്ടപ്പോൾ കാട് വിശാലമൊയൊരു സമതലത്തിലേക്കു പിൻവാങ്ങി. അവിദഗ്ധമായി പെയിന്റ് ചെയ്തൊരു ഫോട്ടോഷോപ്പ് ഫയൽ പോലെ പച്ച അതിന്റെ കയറ്റിറക്കങ്ങളിൽ വിരസമായിക്കിടന്നു. ദൂരെ സമതലത്തിന്റെ പൊക്കിൾ പോലെ കിടന്ന തടാകത്തിലേക്ക് ഡിസംബർ അതിന്റെ ആദ്യത്തെ കാമനകളെറിഞ്ഞു’. നക്ഷത്രരഹസ്യം എന്ന കഥയിലേക്ക് വായനക്കാരെ കൊളുത്തിവലിക്കുക അതിന്റെ ഈ ആദ്യവരികൾ തന്നെയാകും. അരുണിന്റെ മറ്റു കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു തുടക്കവും അവതരണരീതിയുമാണ് നക്ഷത്രരഹസ്യത്തിന്റേത്. ശരിക്കും സിനിമാറ്റിക് കൂടിയാണ് ഈ കഥയുടെ എഴുത്ത്. അതേപ്പറ്റി പറയാമോ?

 

നക്ഷത്രരഹസ്യം സിനിമാറ്റിക് ആയ കഥ അല്ല, മറിച്ച്, അത് അതിന്റെ പ്രാഥമികരൂപത്തിൽ സിനിമയ്ക്കായി തന്നെ എഴുതിയ ഒരു പ്ലോട്ട് ആയിരുന്നു. അതു മലയാളത്തിലെ ഒരു വലിയ താരം വായിച്ചതും ഇഷ്ടപ്പെട്ടതുമാണ്. പക്ഷേ, പിന്നീടതു മുന്നോട്ടു പോയില്ല. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞാനതൊരു നീണ്ടകഥയായി എഴുതി രൂപപ്പെടുത്തി. എട്ടോ പത്തോ വർഷങ്ങൾക്കു ശേഷം ഞാനൊരു കഥ എഴുതുകയായിരുന്നു. ഒരു വിശ്വാസവുമില്ലാതെ ഞാനതു മലയാളം വാരികയ്ക്ക് അയച്ചു. ചിത്രത്തിലില്ലാത്ത ഒരു എഴുത്തുകാരന്റെ അക്കഥ നീളക്കൂടുതൽ എന്നു പറഞ്ഞ് അനായാസം പത്രാധിപർക്ക് മടക്കാമായിരുന്നിട്ടും രണ്ടു ലക്കങ്ങളിലായി അക്കഥ പ്രിന്റ് ചെയ്തു പത്രാധിപർ സജി ജയിംസ്. അതും രണ്ടേ രണ്ട് ആഴ്ചകൾക്ക് ശേഷം. അത് എനിക്കുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. ഞാൻ പിന്നെയും എഴുതാൻ തുടങ്ങിയതും അതുകൊണ്ട് കൂടിയാവണം. മാച്ചേർ കാലിയയും മലയാളം ആണ് പ്രസിദ്ധീകരിച്ചത്. എനിക്ക് വളരെ പ്രിയപ്പെട്ട കഥയാണത്. വളരെ പൊയറ്റിക് ആയൊരു ഫിലിം ആ കഥയിൽനിന്ന് ഉണ്ടാക്കിയെടുക്കുക എന്നത് എന്റെ സ്വപ്‌നമാണ്.

 

∙ വായനയിൽ അടുത്തിടെ കുടുങ്ങിയ കഥകൾ?

 

അടുത്തിടെ വായിച്ച കഥകൾ എന്നു പറഞ്ഞാൽ പുതിയ കഥകൾ അതിലങ്ങനെ ഇല്ല. എന്നാൽ ഒരു നോവൽ എനിക്ക് ആകർഷകമായി തോന്നി. സാമ്പ്രദായികമായ ഒരു ചിന്തയെ തകിടം മറിച്ചു എന്നതാണതിന്റെ ആകർഷണീയത. ഒരമേരിക്കൻ നോവൽ. ക്വിന്റിൻ ടറന്റിനോ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം വൺസ് അപ്പോൺ എ ടൈമിനെ ആധാരമാക്കി അതേ പേരിൽ എഴുതിയ നോവൽ. സാധാരണ നമ്മൾ ഫിക്ഷനിൽ നിന്ന് ആണല്ലോ സിനിമ ഉണ്ടാക്കുന്നത്. തിരിച്ചും വലിയ സാധ്യതകൾ ഉണ്ട്. എത്രയോ മനോഹരമായ സിനിമകൾ കണ്ടു കഴിയുമ്പോൾ അവയ്‌ക്കൊരു ദൃശ്യഭാഷയ്ക്കപ്പുറം സ്വതന്ത്രമായൊരു സാഹിത്യഭാഷ കൂടിയുണ്ടാവുന്നത് നല്ല കാര്യമാണെന്നും അതിൽ വലിയൊരു ഭാവനാസാധ്യതയുണ്ടെന്നും തോന്നിയിട്ടുണ്ട്. അടുത്തിടെ കണ്ട ഒരു സിനിമ നൂറ് ശതമാനം അത്തരമൊന്ന് ഡിമാൻഡ് ചെയ്യുന്നുണ്ടെന്നും തോന്നി. രണ്ട് വ്യത്യസ്ത കലാമാധ്യമങ്ങൾ തമ്മിലുള്ള ഇത്തരം കൊടുക്കൽ വാങ്ങലുകൾ ആത്യന്തികമായി ഗുണമുള്ളതാണ്. നിലവിൽ മലയാളത്തിൽ സാഹിത്യത്തിൽനിന്ന് സിനിമയേ ഉള്ളൂ. തിരിച്ചാരും ചിന്തിക്കുന്നില്ല.

 

Content Summary: Puthuvakku, Talk with Writer T Arunkumar