പുതിയ നോവൽ; പുതിയ ശൈലി: അരുന്ധതി റോയി

പുതിയ നോവലിലേതു പുതിയ ശൈലിയെന്ന് അരുന്ധതി റോയി. ഇരുപതു വർഷം മുൻപെഴുതിയ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സി’ലെ രചനാശൈലിയിൽനിന്നു തീർത്തും വഴിമാറിയുള്ള എഴുത്താണു ‘ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസി’ലേതെന്നും അതൊരു നോവൽ പരീക്ഷണമാണെന്നുമാണു ബുക്കർ സമ്മാനം നേടിയ എഴുത്തുകാരിയുടെ വിലയിരുത്തൽ. ദ് വീക്ക് വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അരുന്ധതി തന്റെ പുതിയ നോവലിനെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്.

രചനയിൽ സാമ്യതകളില്ലെങ്കിലും പുതിയ കൃതി അവസാനിക്കുന്നിടത്തു ‘ഗോഡ് ഓഫ് സ്മോൾ തിങ്സി’ന്റെ അന്ത്യവുമായി ചില സാദൃശ്യങ്ങളുണ്ടെന്ന് ഓഡിയോ ബുക്കിനു വേണ്ടി പിന്നീടു വായിച്ചപ്പോഴാണു തിരിച്ചറിഞ്ഞതെന്നും എഴുത്തുകാരി പറയുന്നു.

താൻ എല്ലായ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. അടുക്കളയിൽ കയറി ആഹാരമുണ്ടാക്കുമ്പോഴും തെരുവിൽ നടക്കാനിറങ്ങുമ്പോഴുമെല്ലാം എഴുത്തെന്ന പ്രക്രിയ നടക്കുന്നുണ്ട്. കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതോ കടലാസിലേക്കു പകർത്തുന്നതോ മാത്രമല്ല എഴുത്ത്. പുതിയ നോവലിൽ ആക്ഷേപ ഹാസ്യത്തിനിണങ്ങിയ ഫലിതമുണ്ടെങ്കിലും അത് ആക്ഷേപഹാസ്യമല്ലെന്നും അരുന്ധതി പറയുന്നു.

ഡൽഹിയും കശ്മീരുമാണു പുതിയ നോവലിന്റെ കഥാപശ്ചാത്തലം. പത്തുവർഷം മുൻപാണ് എഴുതിത്തുടങ്ങിയത്. അൻജും എന്ന ഭിന്നലിംഗക്കാരിയുടെയും പിന്നീടു ഭീകരവാദത്തിലേക്കു കളംമാറ്റുന്ന കശ്മീർ സ്വദേശിയെ വിവാഹംചെയ്ത തിലോത്തമ എന്ന യുവതിയുടെയും ജീവിതകഥകളിൽ ഇന്ത്യൻ രാഷ്ട്രീയവും സാമൂഹിക മാറ്റങ്ങളും അങ്ങിങ്ങായി വിതറിയിട്ടിരിക്കുകയാണ് അരുന്ധതി. പ്രധാനമന്ത്രിമാർ മുതൽ ആം ആദ്മി പാർട്ടിയും സാമുദായിക രാഷ്ട്രീയവും വരെ നോവലിൽ തെളിഞ്ഞും ഒളിഞ്ഞും നിറ​ഞ്ഞുനിൽക്കുന്നു. ഡൽഹിക്കൊപ്പം പ്രിയപ്പെട്ട സ്ഥലം കേരളമാണെന്ന് അരുന്ധതി റോയി പറയുന്നു. ഭൂപ്രകൃതി അത്രമേൽ ഇഷ്ടം; ഭക്ഷണവും.