56 വയസ്, നിരീശ്വരവാദി; മല ചവിട്ടാനാകുമോ; ചോദ്യവുമായി തസ്‍ലീമ നസ്‍റിൻ

ശബരിമലയിൽ തനിക്ക് പ്രവേശിക്കാനാകുമോ എന്ന ചോദ്യവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്‍ലീമ നസ്റിൻ. ''56 വയസായി, എനിക്ക് ശബരിമലയിൽ കയറാന്‍ പറ്റുമോ? പക്ഷേ ഞാൻ നിരീശ്വരവാദിയാണ്'', തസ്‍ലീമ ട്വീറ്റ് ചെയ്തു. രഹ്ന ഫാത്തിമ, കവിത എന്നീ ആക്ടിവിസ്റ്റുകൾ ശബരിമില സന്നിധാനം സന്ദർശിക്കാന്‍ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്നതിനിടെയാണ് തസ്‍ലീമയുടെ ട്വീറ്റ്. 

മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കിൽ താൻ ഒരിക്കലും ഒരു അമ്പലത്തില്‍ പ്രവേശിക്കുകയില്ലെന്നായിരുന്നു ഇന്ത്യൻ എഴുത്തുകാരി ആയ ഭാവന അറോറയുടെ പ്രതികരണം. ഭാവനയുടെ ട്വീറ്റ് ഇങ്ങനെ: ''ഞാൻ ഒരു മതവിശ്വാസിയല്ലെങ്കിൽ, ഞാൻ അമ്പലത്തിൽ പ്രവേശിക്കുന്നത് മറ്റാരുടെയെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുമെങ്കിൽ, അവരോടുള്ള ബഹുമാനത്തെ പ്രതി ഞാനതു ചെയ്യില്ല. അതാണ് മതേതരത്വം''