മലയാളികൾക്ക് അത്രയേറെ പരിചിതമല്ലാത്ത ഭൂമികയിലൂടെയാണ് ഹരിത സാവിത്രിയുടെ യാത്ര. യൂറോപ്പിലെ വിവിധ രാജ്യങ്ങളും തുർക്കിയും കുർദിസ്ഥാനും അവിടുത്തെ ജനങ്ങളുമൊക്കെ ഇതുവരെയാരും പറയാത്ത കഥകളുമായി കാത്തിരിക്കുന്നു. ദുഷ്കരവും അപകടംപിടിച്ചതുമായ ആ സഞ്ചാരമേറ്റെടുത്ത ഹരിത കണ്ടുമുട്ടുന്നവരുടെയുള്ളിലുള്ളത്

മലയാളികൾക്ക് അത്രയേറെ പരിചിതമല്ലാത്ത ഭൂമികയിലൂടെയാണ് ഹരിത സാവിത്രിയുടെ യാത്ര. യൂറോപ്പിലെ വിവിധ രാജ്യങ്ങളും തുർക്കിയും കുർദിസ്ഥാനും അവിടുത്തെ ജനങ്ങളുമൊക്കെ ഇതുവരെയാരും പറയാത്ത കഥകളുമായി കാത്തിരിക്കുന്നു. ദുഷ്കരവും അപകടംപിടിച്ചതുമായ ആ സഞ്ചാരമേറ്റെടുത്ത ഹരിത കണ്ടുമുട്ടുന്നവരുടെയുള്ളിലുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് അത്രയേറെ പരിചിതമല്ലാത്ത ഭൂമികയിലൂടെയാണ് ഹരിത സാവിത്രിയുടെ യാത്ര. യൂറോപ്പിലെ വിവിധ രാജ്യങ്ങളും തുർക്കിയും കുർദിസ്ഥാനും അവിടുത്തെ ജനങ്ങളുമൊക്കെ ഇതുവരെയാരും പറയാത്ത കഥകളുമായി കാത്തിരിക്കുന്നു. ദുഷ്കരവും അപകടംപിടിച്ചതുമായ ആ സഞ്ചാരമേറ്റെടുത്ത ഹരിത കണ്ടുമുട്ടുന്നവരുടെയുള്ളിലുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് അത്രയേറെ പരിചിതമല്ലാത്ത ഭൂമികയിലൂടെയാണ് ഹരിത സാവിത്രിയുടെ യാത്ര. യൂറോപ്പിലെ വിവിധ രാജ്യങ്ങളും തുർക്കിയും കുർദിസ്ഥാനും അവിടുത്തെ ജനങ്ങളുമൊക്കെ ഇതുവരെയാരും പറയാത്ത കഥകളുമായി കാത്തിരിക്കുന്നു. ദുഷ്കരവും അപകടംപിടിച്ചതുമായ ആ സഞ്ചാരമേറ്റെടുത്ത ഹരിത കണ്ടുമുട്ടുന്നവരുടെയുള്ളിലുള്ളത് അനുഭവങ്ങളുടെ കടലാഴങ്ങളാണ്. മനുഷ്യരുടെ കണ്ണുകളിലൂടെ അവരുടെ ഹൃദയങ്ങളിലേക്കു നോക്കുന്നയാളാണ് എഴുത്തുകാരി. അവരുടെ വേദനകളും സങ്കടങ്ങളും ഒറ്റപ്പെടലും അതിജീവനവും നിശ്ചയദാർഢ്യവും ജീവിതപ്രണയവും തന്റേതു കൂടിയാക്കി മാറ്റുന്നുമുണ്ട് ഹരിത. ‘മുറിവേറ്റവരുടെ പാതകൾ’ എന്ന പുസ്തകത്തിലെ 17 അധ്യായങ്ങളിലൂടെ ഹരിതയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾ ഇങ്ങനെയും ഒരു ലോകമുണ്ടോ, ഇതുപോലത്തെ മനുഷ്യരുണ്ടോ എന്നൊരു നിമിഷം ചിന്തിച്ചു പോകും. ചിലപ്പോഴെങ്കിലും അതിയായ സങ്കടത്താലോ സന്തോഷത്താലോ കണ്ണു നിറഞ്ഞേക്കാം. ആ എഴുത്തിന്റെ മാന്ത്രികതയാലാണത്. മാനവികത ഉയർത്തിപ്പിടിക്കുന്ന, സഹജീവി സ്നേഹം നിറഞ്ഞ, അങ്ങേയറ്റത്തെ കരുതലുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം എഴുത്തിലുടനീളം അനുഭവപ്പെടും. അർജന്റീനയിലെ യുദ്ധക്കുറ്റവാളികളുടെ ക്രൂരകൃത്യങ്ങളാൽ ജീവിതം പിച്ചിച്ചീന്തപ്പെട്ട ജൂലിയൻ എന്ന യുവാവ് എഴുത്തുകാരിയെ മമ്മാസിത്താ (അമ്മേ) എന്നു കരുണാർദ്രമായി വിളിക്കുമ്പോൾ വായനക്കാരുടെ ഉള്ളിലുമൊരു സ്നേഹനദിയുടെ ഉറവ പൊട്ടും. 

 

ADVERTISEMENT

ജീവിതം കൊണ്ടു മുറിവേറ്റവരുടെ കഥകളാണ് ഹരിത പുസ്തകത്തിൽ എഴുതിയിരിക്കുന്നതിലേറെയും. ഗാഢമായ വ്യക്തിയനുഭവങ്ങളുടെ ഊഷ്മളതയുള്ളപ്പോൾ തന്നെ അതിനിശിതമായ രാഷ്ട്രീയ നിരീക്ഷണങ്ങളും എഴുത്തിലെമ്പാടുമുണ്ട്. ഭരണകൂട ഭീകരതയും തീവ്ര ദേശീയതയും തീവ്രവാദവും സമൂഹത്തിലും വ്യക്തികളിലും സൃഷ്ടിക്കുന്ന ഭയാനകമായ പിളർപ്പുകളുടെ നേർച്ചിത്രം കൂടിയായി മുറിവേറ്റവരുടെ പാതകൾ മാറുന്നു. ആ അർഥത്തിൽ ഈ പുസ്തകം നമുക്കൊരു മുന്നറിയിപ്പു കൂടിയാണ്. പട്ടാള ഉന്മൂലനങ്ങളും കൊടും പീഡനങ്ങളുടെ ജയിലറകളും ചാവേർ ബോംബാക്രമണങ്ങളും വംശഹത്യകളും മനഃപൂർവം സൃഷ്ടിക്കപ്പെടുന്ന കലാപങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും ലൈംഗിക അതിക്രമങ്ങളും ഭീകരവാദവും ചേർന്നെരിഞ്ഞു തീർന്നുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ കനൽച്ചൂടേറ്റു മാത്രമേ മുറിവേറ്റവരുടെ പാതകൾ വായിച്ചു തീർക്കാനാവൂ. ഹരിതയുടെ വാക്കുകളിലൂടെ.

 

ഹരിത സാവിത്രി

പുസ്തകത്തിൽ ഹരിത ചേർത്തുപിടിച്ചവരെല്ലാം തന്നെ ജീവിതത്തിൽ വിവിധ തരത്തിലുള്ള ഒറ്റപ്പെടലുകൾ അനുഭവിച്ചവരായിരുന്നു. ചിലരെങ്കിലും രാഷ്ട്രമോ വ്യവസ്ഥതിയോ നിർദയം പിച്ചിച്ചീന്തിയവരായിരുന്നു. ലൗറ, ഡീഗോ, മനോലോ, ഐനോവ, സഹൻദ്, ആന്ദ്രെ, ക്ലാര, ജൂലിയൻ, ലിലാൻ, ബോ, ഗോർദില്ലോ, റബേക്ക, ജോർഡി തുടങ്ങിയവരെല്ലാം തന്നെ ജീവിതത്തിൽ കടന്നുപോയ തീവ്രവികാരങ്ങൾ വാക്കുകളിൽ പകർത്തിവയ്ക്കുക അത്ര എളുപ്പമല്ല. ഒരു കഥ പോലെ തീക്ഷ്ണമായി ഹരിത ആ അനുഭവങ്ങൾ പകർത്തിവച്ചപ്പോൾ കഥ വായിക്കുന്നതിലും ഉദ്വേഗത്തോടെയാണ് ഓരോ അധ്യായങ്ങളും വായിച്ചു തീർത്തത്. ഒടുവിൽ അവരെല്ലാം തന്നെ നമ്മുടെയൊക്കെ ആരെല്ലാമോ ആയി മാറിയിരിക്കുന്നു. സങ്കടങ്ങൾ മാത്രം വലിച്ചെടുക്കുന്ന ഒരു മഷിത്തണ്ടു ചെടിയുണ്ടോ എഴുത്തുകാരിയുടെ മനസ്സിൽ?

 

ADVERTISEMENT

യൂറോപ്പിൽ പല രാജ്യങ്ങളിലും ഇംഗ്ലിഷ് അല്ല സംസാരഭാഷ. യാത്രകളിലും മറ്റും കാര്യങ്ങൾ മനസ്സിലാക്കാൻ നിശ്ശബ്ദമായും സൂക്ഷ്മമായും മനുഷ്യരെ നിരീക്ഷിക്കേണ്ടി വരാറുണ്ട്. ഭാഷയുടെ പ്രശ്‌നം മൂലം മൂലയ്ക്കു കിടക്കുന്ന ഒരു വീട്ടുപകരണം പോലെ ആളുകൾ അവഗണിക്കുന്നതു ശീലമായിക്കഴിഞ്ഞു. അസ്വസ്ഥതയുണ്ടാക്കാവുന്ന ഈ സാഹചര്യം മറികടക്കാനായി വളർത്തിയെടുത്ത നിരീക്ഷണ ശീലം സാവധാനം ജീവിതത്തിന്റെ ഭാഗമായി മാറി. കണ്ടതും കേട്ടതുമായ കാര്യങ്ങൾ എഴുതിവയ്ക്കുക മാത്രമാണു ഞാൻ ചെയ്തത്. ഈ പറഞ്ഞ കഥകളിലൊക്കെയും ഞാൻ മിക്കപ്പോഴും നിസ്സഹായയായ ഒരു സാക്ഷിയോ കേൾവിക്കാരിയോ മാത്രമാണ്. പല സന്ദർഭങ്ങളിലും അവർക്കായി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നു വിഷമം തോന്നിയിട്ടുണ്ട്. ആ സങ്കടവും കുറ്റബോധവും മറികടക്കാനാണു സത്യത്തിൽ ഞാൻ എഴുതാൻ തുടങ്ങിയതു തന്നെ.

 

ജൂലിയനെ പരിചയപ്പെടും വരെ ആധുനികകാലത്ത് അർജന്റീനക്കാർ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. ഫുട്ബോളുമായി ബന്ധപ്പെട്ട ഏതോ ഒരു ലേഖനത്തിൽ ബ്രസീലിയൻ ടീമിൽ കറുത്ത വർഗക്കാർ ഇടം പിടിക്കുന്നതിനെപ്പറ്റിയും അർജന്റീനിയൻ ടീമിൽ അതു സംഭവിക്കാത്തതിനെപ്പറ്റിയും അവരുടെ തീവ്രമായ വംശശുദ്ധിവാദത്തെപ്പറ്റിയും വായിച്ചതു മാത്രമോർക്കുന്നു. മറഡോണയുടെയും മെസിയുടെയും കാലനക്കത്തിൽ ആർത്തിരമ്പുന്ന സ്റ്റേഡിയങ്ങൾക്കു പുറത്ത് സ്വേച്ഛാധിപത്യത്തിന്റെ ഇരുമ്പു ബൂട്ടുകൾ ഞെരിച്ചമർത്തിയവരുടെ കനത്ത നിശബ്ദതയാണല്ലോയെന്ന് ഒരു നിമിഷമോർത്തു. മമ്മാസിത്താ എന്ന വിളി അത്രമേൽ ആർദ്രമായൊരു മഞ്ഞുതുള്ളിയായി മനസ്സിൽ നോവു പടർത്തി. ജോർജി വിദേലയുടെ ചിത്രം ക്ലാസ് മുറിയിൽ പ്രഫസർ പ്രദർശിപ്പിച്ചപ്പോൾ കൊടുങ്കാറ്റുപോലെ ക്ലാസ് വിട്ടു പോയ ജൂലിയൻ കേരളത്തിലേതടക്കം ക്ലാസ് മുറികളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നിശ്ശബ്ദ തേങ്ങലുകളും പ്രതിഷേധങ്ങളും ഓർമയിലെത്തിച്ചു. നമ്മുടെ പാഠ്യപദ്ധതിയും അധ്യാപക–വിദ്യാർഥി സംവാദങ്ങളുമെല്ലാം ഇനിയും എത്രമാത്രം സെൻസിറ്റീവ് ആകേണ്ടിയിരിക്കുന്നു എന്ന് ഒരിക്കൽക്കൂടി ആ എഴുത്ത് ഊട്ടിയുറപ്പിച്ചു. ഹരിത ജീവിച്ച നാടുകളിലെ സംവിധാനങ്ങൾ അത്തരം സെൻസിറ്റിവിറ്റി നമ്മുടേതിനേക്കാൾ നിത്യജീവിതത്തിൽ പ്രദർശിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ?

 

ADVERTISEMENT

ഏകദേശം ഇരുപതു വർഷം മുൻപാണു ഞാൻ കേരളത്തിലെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം അവസാനിപ്പിച്ചത്. പഠിച്ചു മാർക്ക് വാങ്ങുക, ജോലി നേടുക എന്നീ കാര്യങ്ങൾക്കപ്പുറം വിദ്യാഭ്യാസത്തിനു വലിയ റോളൊന്നും ഉള്ളതായി എനിക്ക് അന്നു തോന്നിയിട്ടില്ല. കാലം ഒരുപാടു കടന്നു പോയി. കേരളത്തിലെ വിദ്യാഭ്യാസ രീതിയ്ക്കു മാറ്റമുണ്ടായിട്ടുണ്ടാവണം. വർഷങ്ങളായി പുറത്തുജീവിക്കുന്നതിനാൽ എനിക്കതു നേരിട്ടറിയില്ല. ജൂലിയന്റെ കൂടെ ഞാൻ പഠിച്ചത് കൺസ്ട്രക്ഷൻ ആൻഡ് റപ്രസെന്റേഷൻ ഓഫ് കൾച്ചറൽ ഐഡന്റിറ്റീസ് എന്ന മാസ്റ്റേഴ്‌സ് കോഴ്‌സ് ആണ്. പ്രവാസം, മനുഷ്യാവകാശ ലംഘനങ്ങൾ, വാർ ക്രൈംസ് അങ്ങനെ പല വിഷയങ്ങളിലൂടെ ഞങ്ങൾ കടന്നു പോയി. സ്റ്റുഡന്റ്സിന്റെ മാർക്ക് ആയിരുന്നില്ല അധ്യാപകരുടെ ലക്ഷ്യം. ആ കോഴ്‌സ് എന്റെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചു. അതെന്നെ ഒരു സാമൂഹികജീവിയാക്കി മാറ്റി. എന്റെ എഴുത്തിനെയും ജീവിത വീക്ഷണത്തെയും വഴിതിരിച്ചു വിട്ടത്, എഴുതുന്ന ഓരോ അക്ഷരത്തിനും ലക്ഷ്യമുണ്ടാകണമെന്ന് ആഗ്രഹിക്കാൻ സഹായിച്ചത് അവിടുത്തെ അധ്യാപകരാണ്. മറ്റുള്ള വിദ്യാർഥികൾക്ക് ഈ മാറ്റം സംഭവിച്ചോ എന്നെനിക്കറിയില്ല. പക്ഷേ, ആ കോഴ്‌സ് കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയതു പുതിയ ഒരാളായിട്ടാണ്. ഇത്തരം ഒരു മാറ്റം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് സംഭവിക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

 

താൻ വരച്ച ചിത്രത്തിനൊപ്പം ഹരിത സാവിത്രി

രണ്ട് മൊഴിമാറ്റങ്ങളുണ്ടല്ലോ ഹരിതയുടെ എഴുത്തുജീവിതത്തിൽ. സിറിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സമർ യസ്ബെക്കിന്റെ (Samar Yazbek) വ്രണിത പലായനങ്ങൾ (The Crossing) എന്ന നോവലും തുർക്കി എഴുത്തുകാരൻ ഇസ്കന്ദർ പാലയുടെ (Iskender Pala) ഇസ്താംബുളിലെ പ്രണയപുഷ്പമേ (Tulip Istanbul) എന്ന നോവലും. ഇവ വിവർത്തനത്തിനായി തിരഞ്ഞെടുക്കാനിടയായ സാഹചര്യവും വിവർത്തനാനുഭവങ്ങളും പങ്കുവയ്ക്കാമോ?

 

ട്യൂലിപ് ഓഫ് ഇസ്തംബുൾ എന്ന പുസ്തകത്തിന്റെ വിവർത്തന ചുമതല യാദൃശ്ചികമായാണ് ഗ്രീൻ ബുക്‌സ് എന്നെ ഏൽപ്പിക്കുന്നത്. പല വിവർത്തകരും നിരസിച്ച ഒരു കൃതിയായിരുന്നു അത്. അതിന്റെ വലിപ്പവും ക്ലാസ്സിക്കുകളുടേതിനു സമാനമായ ഭാഷയും ചട്ടക്കൂടും അതിനു കാരണമായിരുന്നിരിക്കാം. ഇതെങ്ങനെ പൂർത്തീകരിക്കും എന്നാദ്യം സംശയിച്ചെങ്കിലും സാവധാനം ആ കൃതിയുടെ മാന്ത്രികത എന്നെ കീഴടക്കി. ഒരു സാധാരണ മലയാളി വായനക്കാരന് അത്ര പരിചിതമല്ലാത്ത രീതിയിൽ ടർക്കിഷ് ചരിത്രവും സംസ്‌കാരവും ഇടകലർത്തി എഴുതിയതിനാൽ ചില പ്രയോഗങ്ങളുടെ വിശദീകരണം കഥയുടെ ഒഴുക്കിനു ഭംഗം വരാതെ സ്വന്തം നിലയിൽ തന്നെ എഴുതിച്ചേർക്കേണ്ടി വന്നു. വിവർത്തക എന്ന നിലയിൽ ഏറെ വെല്ലുവിളിയും സംതൃപ്തിയും തന്ന പുസ്തകമാണ് അത്. സമർ യസ്‌ബെക്കിന്റെ ദ് ക്രോസിങ് എന്ന പുസ്തകം എന്നിലേക്കു വന്നതും യാദൃശ്ചികമായാണ്. അതിനെപ്പറ്റി ഗ്രീൻ ബുക്‌സ് എംഡിയായ അന്തരിച്ച കൃഷ്ണദാസ് സംസാരിച്ചപ്പോൾ അതു വിവർത്തനം ചെയ്യാനുള്ള താൽപര്യം ഞാൻ പ്രകടിപ്പിക്കുകയായിരുന്നു. സിറിയയിൽ യഥാർത്ഥത്തിൽ എന്താണു നടക്കുന്നത് എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് അത്. ഭീകരവാദ സംഘങ്ങളെ ആദർശവത്കരിക്കാനുള്ള ശ്രമങ്ങൾ സാധാരണമായ ഒരു കാലത്തു വ്രണിത പലായനങ്ങൾ എന്നപേരിൽ മലയാളത്തിൽ ഇറങ്ങിയ ആ പുസ്തകത്തിനു പ്രസക്തി കൂടുതലാണ്.

 

മുറിവേറ്റവരുടെ പാതകളിൽ ഹരിത രേഖപ്പെടുത്തുന്ന ജീവിതങ്ങളെല്ലാം തന്നെ ഒരു ദസ്തയേവ്സ്കിയൻ ഭൂമിക മനസ്സിലേക്കു കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളേപ്പോലെ ഈ മനുഷ്യരെല്ലാം തന്നെ ആത്മാവിൽ മുറിവേറ്റവരാണ്. അവരുടെ വേദനകളിലൂടെ സഞ്ചരിക്കുന്ന നമ്മുടെ മനസ്സ് ഒരു കഠിന യൂറോപ്യൻ ശൈത്യത്തിലെന്നവണ്ണം വിറങ്ങലിച്ചു നിന്നുപോകുന്നു. കുറവുകളിലും കുറ്റങ്ങളിലും ദുരിതങ്ങളിലും കൂടി നമുക്കവരെ അതീവസ്നേഹത്തോടെ ചേർത്തുപിടിക്കണമെന്നു തോന്നുന്നു. കാരണം, മനുഷ്യരുടെ വേദനകൾക്ക് ലോകത്തെവിടെയും ഒരേ നിറമാണ്. ഹരിതയുടെ എഴുത്തിൽ, ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ എഴുത്തുകാരൻ/എഴുത്തുകാരി, വ്യക്തി ആരാണ്? എന്തായിരുന്നു ആ സ്വാധീനം?

 

സ്‌കൂളിൽ പഠിക്കുന്ന കാലത്തു വായിച്ചതാണ് യശ്പാലിന്റെ ‘നിറം പിടിപ്പിച്ച നുണകൾ’ എന്ന പുസ്തകം. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും കൈയിലുണ്ട്. എത്ര തവണ അവ വായിച്ചിട്ടുണ്ടാവും എന്നെനിക്ക് ഓർമയില്ല. ഇനിയും ഞാൻ അതു വായിക്കും. വായിച്ചു കൊണ്ടേയിരിക്കും. ഓരോ ഇന്ത്യക്കാരനും പാക്കിസ്ഥാനിയും വായിച്ചിരിക്കേണ്ട ഒന്നാണ് അത്. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ഈ നോവൽ വസ്തുതകളും ഭാവനയും ഇടകലർത്തി എങ്ങനെ ഒരു സാഹിത്യസൃഷ്ടി രചിക്കാം എന്നതിന് ഒന്നാന്തരം ഉദാഹരണമാണ്. എന്നെ സ്വാധീനിച്ചതും ആ അക്ഷരങ്ങളിലെ സത്യമാണ്. നോവൽ എന്നാൽ എപ്പോഴും കെട്ടുകഥ മാത്രമല്ല, സത്യം വിളിച്ചു പറയാനുള്ള മാർഗമായും അതിനെ ഉപയോഗിക്കാം എന്നു മനസ്സിലാക്കാൻ സഹായിച്ച ഒന്നാണ് ഈ പുസ്തകം.

 

സ്പെയിനിലെ അന്തലൂസിയയിലെ കമ്യൂണിസ്റ്റുകാരനായ മേയർ ജുവാൻ മാനുവൽ സാഞ്ചെസ് ഗോർദില്ലോയുടെ സംഭവബഹുലമായ ചരിത്രം ‘കമ്യൂണിസ്റ്റ്’ എന്ന അധ്യായത്തിൽ ഹരിത വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുതലാളിത്ത ലോകത്ത് ഇത്തരമൊരു പരീക്ഷണഗ്രാമം അക്ഷരാർഥത്തിൽ നിലനിൽക്കുന്നുവെന്ന അറിവു തന്നെ പുതുമയായിരുന്നു. ഹരിതയുടെ യാത്രകളിൽ, ജീവിതത്തിൽ, ഇത്തരം സമത്വത്തിലൂന്നിയ ലോകക്രമത്തിനായുള്ള കൊച്ചുകൊച്ചു പരീക്ഷണങ്ങൾ വേറെയും കണ്ടുമുട്ടാനിടയായിട്ടുണ്ടോ? ഗോർദില്ലോയുടെയും അദ്ദേഹത്തിന്റെ പട്ടണത്തിന്റെയും ഇപ്പോഴത്തെ സ്ഥിതിയെന്താണ്?

 

മരീനാലേദയുടെ മേയർ കസേരയിൽ ഗോർദില്ലോയുടെ തുടർച്ചയായ 43-ാമത്തെ വർഷമാണിത്. 2018ൽ സ്‌ട്രോക്ക് വന്ന ശേഷം ആരോഗ്യസ്ഥിതിയിൽ അൽപം ക്ഷീണം സംഭവിച്ചുവെങ്കിലും പ്രശ്‌നങ്ങളെ ഏണി വച്ചു പിടിച്ചെടുക്കുന്ന ആ മുരടൻ സ്വഭാവവുമായി അദ്ദേഹം ഇപ്പോഴും അവിടെത്തന്നെയുണ്ട്. വിമർശനങ്ങൾ ഏറെയുണ്ടെങ്കിലും ഗോർദില്ലോ നടപ്പിൽ വരുത്തിയ, സോഷ്യലിസം അടിസ്ഥാനമാക്കിയ സിസ്റ്റത്തിനനുസരിച്ചാണ് ഇപ്പോഴും ആ ചെറുപട്ടണം ചലിക്കുന്നത്. സിറിയയിലെ കുർദ് ഭൂരിപക്ഷ പ്രദേശങ്ങളിൽ നടപ്പിലാക്കിയ ഓട്ടോണമസ് അഡ്മിനിസ്‌ട്രേഷൻ ഓഫ് നോർത്ത് ആൻഡ് ഈസ്റ്റ് സിറിയ എന്ന ഭരണ സംവിധാനവും ഇത്തരത്തിലൊരു വിജയകരമായ പരീക്ഷണമാണ്. മതഭ്രാന്തിനടിമയായ ഭീകരസംഘങ്ങൾ നശിപ്പിച്ചു കളഞ്ഞ പൗരജീവിതം ഡമോക്രാറ്റിക് കോൺഫെഡറലിസം എന്ന ആശയത്തിന്റെ സഹായത്തോടെ കുർദ് ഭൂരിപക്ഷ പ്രദേശങ്ങളിൽ അവർ തിരിച്ചു പിടിച്ചു. ജനാധിപത്യം, സ്ത്രീ സമത്വം, പരിസ്ഥിതി സൗഹൃദ ജീവിതം, സ്വയംഭരണം തുടങ്ങിയ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഈ ഭരണ സംവിധാനം ഇപ്പോഴും തുർക്കി ജയിലിൽ കഴിയുന്ന അബ്ദുല്ല ഒഹ്ജലാൻ എന്ന ഇതിഹാസതുല്യനായ കുർദ് നേതാവിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയത്.

 

‘‘സ്നേഹവും പ്രണയവും ഏൽപ്പിക്കുന്ന വൈകാരികാഘാതങ്ങൾ, ഒരിക്കലും ഉണങ്ങാതെ, നീറിപ്പുകയുന്ന പൊള്ളലുകൾ, അവയുടെ വേദന, ആഴം, ഒടുങ്ങാത്ത നീറ്റൽ, എനിക്കറിയാം ഇത്. ഈ വേദന പരിചയമില്ലാത്ത സ്ത്രീകൾ എന്റെ നാട്ടിലും ഉണ്ടാവില്ല’’. എന്തുകൊണ്ടാണു സ്ത്രീകൾക്ക് ഇങ്ങനെ മുറിവേൽക്കുന്നത്? സ്ത്രീകളുടെ വേദനകൾ എല്ലാ നാട്ടിലും ഒരുപോലെയാണോ? അവരുടെ ആകുലതകൾക്ക് ഒരേ നിറമാണോ?

 

സ്ത്രീ സമത്വത്തിനു പ്രാധാന്യം നൽകുന്ന പടിഞ്ഞാറൻ രാജ്യങ്ങളിലെ അവസ്ഥ നമ്മുടേതു പോലെയല്ല. അവർക്ക് മുന്നിൽ പുരുഷന്മാർക്ക് തുല്യമായ അവസരങ്ങളുണ്ട്. വിദ്യാഭ്യാസം, ജോലി, ജീവിതപങ്കാളി തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ, വിവാഹമോചനം പോലെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന സ്ത്രീകൾ കഷ്ടപ്പെടുന്നതും കണ്ടിട്ടുണ്ട്. രാജ്യമേതായാലും ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീക്കാണ് കൂടുതൽ മുറിവേൽക്കുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. തുർക്കി പോലെയുള്ള പുരുഷാധിപത്യ സ്വഭാവമുള്ള സമൂഹങ്ങളിലെ വിവാഹമോചിതരായ സ്ത്രീകൾ ഇന്ത്യയിലേതിനു തുല്യമായ പീഡനങ്ങളും അവഗണനയും സാമൂഹികമായ ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ട്. പക്ഷേ, ഈ രാജ്യങ്ങളെല്ലാം നിലനിൽക്കുന്ന വ്യവസ്ഥയിലെ കുഴപ്പങ്ങൾ മനസ്സിലാക്കുകയും ലിംഗസമത്വം നേടിയെടുക്കാൻ കഠിന ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇന്ത്യൻ സമൂഹവും രാഷ്ട്രീയക്കാരും കാലഹരണപ്പെട്ട ആശയങ്ങളെ തിരിച്ചുകൊണ്ടുവരാനാണു ശ്രമിക്കുന്നതെന്നു തോന്നാറുണ്ട്.

 

തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ ഇരുകാലുകളും നഷ്ടമായ കുർദിഷ് സംവിധായിക ലിസയെക്കുറിച്ചും പത്താമത്തെ ശസ്ത്രക്രിയയിൽ അവൾക്ക് കൃത്രിമക്കാലുകൾ ഘടിപ്പിച്ചു നൽകിയ ബഗ്ദാദുകാരനായ ഡോക്ടർ മുദരിസിനെക്കുറിച്ചും ഹരിത കുറച്ചു ദിവസം മുൻപ് എഴുതിയിരുന്നല്ലോ. മുറിവേറ്റവരുടെ പാതകൾ എന്ന ഹരിതയുടെ പുസ്തകത്തിൽ ‘പ‍ർവതങ്ങളുടെ വധു’ എന്ന അധ്യായത്തിലെ സഹൻദിന്റെ കഥയും ഭാഷ പോലും പിഴുതുമാറ്റപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ മുഴുവൻ കഷ്ടനഷ്ടങ്ങൾ പേറുന്നതായിരുന്നല്ലോ. എഴുത്തിൽ, ജീവിതത്തിൽ തുർക്കിയും കുർദുകളും കടന്നുവരുന്നതെങ്ങനെയാണ്? എത്രമാത്രം തീവ്രമാണ് ആ അനുഭവങ്ങൾ?

 

കുർദ് ജീവിതാവസ്ഥകൾ പഠിക്കാൻ തുടങ്ങിയിട്ടു മൂന്നു വർഷമായി. ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി പുരുഷാധിപത്യ സമൂഹങ്ങളെക്കുറിച്ചുള്ള വായനയിലാണ് തുർക്കി കടന്നുവരുന്നത്. അവിടുത്തെ സ്ത്രീകളുടെ ജീവിതം ഇന്ത്യൻ സ്ത്രീകളുടേതിനു സമാനമാണെന്നു കണ്ടപ്പോൾ കൂടുതൽ അറിയാൻ കൗതുകം തോന്നി. ആ വായനയ്ക്കിടയിലാണ് വൈപിജെ എന്ന കുർദ് പെൺസൈന്യത്തെക്കുറിച്ച് അറിയുന്നത്. പാട്രിയാർക്കലായ സാമൂഹികഘടനയിൽ നിന്നു സ്ത്രീകളുടേതു മാത്രമായ സായുധ സേനയുണ്ടാകുന്നു, അത് ഐസിസ് പോലുള്ള ഭീകരസംഘടനകളെ നേരിട്ടുള്ള പോരാട്ടത്തിൽ തറപറ്റിക്കുന്നു. കൗതുകം വർധിച്ചു. ലോകത്തിൽ ഇന്നുള്ളതിൽ വച്ചേറ്റവും കരുത്തുറ്റ ഈ സ്ത്രീ മുന്നേറ്റത്തെക്കുറിച്ച് പഠിക്കുന്നതിനിടയിൽ തുർക്കിയുടെ ചരിത്രവും രാഷ്ട്രീയവും സാമാന്യമായി മനസ്സിലാക്കി. അതോടൊപ്പം കുർദുകൾ അവിടെ അനുഭവിക്കുന്ന പീഡനങ്ങൾ, അടിച്ചമർത്തലുകൾ, വംശഹത്യകൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയും കടന്നു വന്നു. അറിയുന്തോറും ആ വിഷയത്തോട് അടുപ്പം കൂടുതൽ തോന്നി. ഒരുഘട്ടമായപ്പോൾ കാര്യങ്ങൾ നേരിട്ടറിയേണ്ടതുണ്ട് എന്നു തോന്നി. അങ്ങനെയാണ് തുർക്കിയിലെ കുർദുകളുടെ നാടുകളിലേക്ക് പോയത്. വായിച്ചറിഞ്ഞതിനെക്കാൾ ഭീകരമായിരുന്നു അവിടുത്തെ അവസ്ഥ. പഠനവും കുടുംബവും എഴുത്തുമൊക്കെയായി സാധാരണമായ ജീവിതം ജീവിച്ചിരുന്ന എന്നെ ആ കാഴ്ചകൾ നടുക്കിക്കളഞ്ഞു. അവർക്കായി എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് ഉള്ളിൽനിന്നു തോന്നി. എന്നെപ്പോലെ ദുർബലയായ, കെട്ടുപാടുകളുള്ള ഒരു സ്ത്രീക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന്റെ ഉത്തരം പെട്ടെന്നു തന്നെ എനിക്ക് ലഭിച്ചു. നിശ്ശബ്ദരാക്കപ്പെട്ട ആ സമൂഹത്തെപ്പറ്റി എഴുതുക. സ്വന്തം ഭാഷ ഉപയോഗിക്കാൻ പോലും നിയന്ത്രണങ്ങളുള്ള കുർദുകൾ അവർ നേരിടുന്ന പീഡനങ്ങളെപ്പറ്റി പുറംലോകത്തെ അറിയിക്കാൻ ശ്രമിച്ചാൽ എന്തുണ്ടാവുമെന്ന് ഊഹിക്കാമല്ലോ. എന്നാൽ, പുറത്തു നിന്നുള്ള ഒരാളെന്ന നിലയിൽ എനിക്ക് ആ കാര്യങ്ങൾ ചെയ്യാനാവും. അങ്ങനെയാണ് അവരെപ്പറ്റി എഴുതാൻ തുടങ്ങുന്നത്.

 

ഹരിതയുടെ ചെറുപ്പത്തിലെ വായന എങ്ങനെയായിരുന്നു? വീട്ടിലെ വിശാലമായ വായനാമുറിയെപ്പറ്റിയും അവിടുത്തെ പുസ്തകങ്ങളെപ്പറ്റിയും ഒരു കുറിപ്പ് എവിടെയോ വായിച്ചതോർക്കുന്നു. വായനയിൽ ആരെക്കെയായിരുന്നു പ്രചോദനം?

 

അച്ഛനും അമ്മയും അധ്യാപകരായിരുന്നു. അവർ എനിക്ക് ധാരാളം പുസ്തകങ്ങൾ തന്നു. വായനാശീലത്തെ പ്രോത്സാഹിപ്പിച്ചു. കുട്ടിയായിരിക്കുമ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങളാണ് എന്റെ ജീവിതത്തിനും എഴുത്തിനും അടിത്തറ പണിതത്. വിവർത്തനങ്ങൾ വായിക്കാനായിരുന്നു കൂടുതൽ താൽപര്യം. ബിമൽ മിത്ര, യശ്പാൽ, ബിഭൂതിഭൂഷൺ ബന്ദോപാധ്യായ തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങൾ, റഷ്യൻ പുസ്തകങ്ങൾ, മലയാളത്തിൽ ബഷീർ, എസ്.കെ. പൊറ്റെക്കാട്ട്, ചെറുകാട്, സി. രാധാകൃഷ്ണൻ, എൻ. എസ്. മാധവൻ, സക്കറിയ. അങ്ങനെ എൺപതുകളിലെ ഒരു വായനാപ്രേമിക്ക് ലഭിക്കാവുന്നതെല്ലാം ഭ്രാന്തമായ ആവേശത്തോടെയാണ് വായിച്ചിരുന്നത്.

 

ഹരിതയുടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന നോവലിനെപ്പറ്റി?

 

അതെന്റെ ആദ്യ നോവലാണ്. തുർക്കിയിലെ കുർദ് വംശഹത്യകളുടെ പശ്ചാത്തലത്തിൽ എഴുതിയ ഒരു പ്രണയ നോവലാണത്. കത്തിമുനയിലൂടെയുള്ള കുർദ് ജീവിത സഞ്ചാരങ്ങളാണ് അതിലുള്ളത്. 

 

Content Summary: Puthuvakku Series - Talk with writer Haritha Savithri