രാവിലെ ഒരു പത്ത് പതിനൊന്ന് മണിയായിക്കാണും. കൊഴമ്പ് തേച്ച് കുളിപ്പിച്ചിട്ട് ഞാൻ നിന്റെ അപ്പൂപ്പനെ കട്ടിലിൽ കൊണ്ട് കിടത്തി. എന്നിട്ട് അടുക്കളേപ്പോയി ഉലുവാക്കഞ്ഞി എടുത്തോണ്ട് വരുമ്പോഴാരുന്നു അങ്ങേരുടെ കൊക്കികൊരച്ചുള്ള ഒരു ഒണ്ടാക്കിയ ചോദ്യം. വലൂന്റെ കുറുകല് കാരണം അങ്ങേര് പറയുന്നതെന്താന്ന് ആദ്യം

രാവിലെ ഒരു പത്ത് പതിനൊന്ന് മണിയായിക്കാണും. കൊഴമ്പ് തേച്ച് കുളിപ്പിച്ചിട്ട് ഞാൻ നിന്റെ അപ്പൂപ്പനെ കട്ടിലിൽ കൊണ്ട് കിടത്തി. എന്നിട്ട് അടുക്കളേപ്പോയി ഉലുവാക്കഞ്ഞി എടുത്തോണ്ട് വരുമ്പോഴാരുന്നു അങ്ങേരുടെ കൊക്കികൊരച്ചുള്ള ഒരു ഒണ്ടാക്കിയ ചോദ്യം. വലൂന്റെ കുറുകല് കാരണം അങ്ങേര് പറയുന്നതെന്താന്ന് ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഒരു പത്ത് പതിനൊന്ന് മണിയായിക്കാണും. കൊഴമ്പ് തേച്ച് കുളിപ്പിച്ചിട്ട് ഞാൻ നിന്റെ അപ്പൂപ്പനെ കട്ടിലിൽ കൊണ്ട് കിടത്തി. എന്നിട്ട് അടുക്കളേപ്പോയി ഉലുവാക്കഞ്ഞി എടുത്തോണ്ട് വരുമ്പോഴാരുന്നു അങ്ങേരുടെ കൊക്കികൊരച്ചുള്ള ഒരു ഒണ്ടാക്കിയ ചോദ്യം. വലൂന്റെ കുറുകല് കാരണം അങ്ങേര് പറയുന്നതെന്താന്ന് ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

രാവിലെ ഒരു  പത്ത് പതിനൊന്ന് മണിയായിക്കാണും. കൊഴമ്പ് തേച്ച് കുളിപ്പിച്ചിട്ട് ഞാൻ നിന്റെ അപ്പൂപ്പനെ കട്ടിലിൽ കൊണ്ട് കിടത്തി. എന്നിട്ട് അടുക്കളേപ്പോയി ഉലുവാക്കഞ്ഞി എടുത്തോണ്ട് വരുമ്പോഴാരുന്നു അങ്ങേരുടെ കൊക്കികൊരച്ചുള്ള ഒരു  ഒണ്ടാക്കിയ ചോദ്യം. വലൂന്റെ കുറുകല് കാരണം അങ്ങേര് പറയുന്നതെന്താന്ന് ആദ്യം പിടികിട്ടിയില്ല. ഞാനടുത്ത് ചെന്നിരുന്നു. ചോദിച്ചത് ഒന്നൂടെ പറയാൻ പറഞ്ഞു. അങ്ങേര് ചോദിച്ചു... വായിക്കാം, മനോരമ ഓൺലൈൻ എഴുത്തോണ’ത്തിൽ അനൂപ് അന്നൂർ എഴുതിയ കഥ.

ADVERTISEMENT

 

 

മുറ്റത്തും പറമ്പിലും വെയിൽ ചിക്കിനടന്നു. കുന്നിനു മീതേ ആ പഴയ വലിയവീട് തലയുയർത്തി നിന്നു. അമ്മൂമ്മ അവിടെ തനിച്ചായിരുന്നു. അപ്പൂപ്പൻ മരിച്ചതിനുശേഷം മക്കളും ചെറുമക്കളുമൊക്കെ പട്ടണങ്ങളിലുള്ള അവരുടെയൊക്കെ വീടുകളിലേക്കു ക്ഷണിച്ചതാണ്. പക്ഷേ, അമ്മൂമ്മ പോയില്ല. അപ്പൂപ്പനെ സ്മരണകളുടെ ചിറകിനുള്ളിൽ ഒതുക്കി നിർത്താൻ അമ്മൂമ്മയ്ക്ക് ആ വീട് തന്നെ വേണമായിരുന്നു.

 

ADVERTISEMENT

നട്ടുച്ച നേരത്തായിരുന്നു കൊച്ചുമോൻ അമ്മൂമ്മയുടെ  വീട്ടിലേക്ക് കയറിവന്നത്. അമ്മൂമ്മ അപ്പോൾ ചെകുത്താന്റെ തലയുള്ള റ്റിവിയിൽ സിനിമ കാണുകയായിരുന്നു. മോഹൻലാലിന്റെ ‘ദൃശ്യം’. വീട്ടിലെ ജോലിയൊക്കെ ഒതുങ്ങിക്കഴിഞ്ഞാൽ അമ്മൂമ്മ റ്റിവി കാണാൻ തുടങ്ങും. നേരം പോകണ്ടേ. അതിങ്ങനെ പരപരാന്ന് കയ്യും നീട്ടി, കാലും നീട്ടി കിടക്കുകയല്ലേ. സിനിമ അല്ലേൽ കാർട്ടൂൺ അതായിരുന്നു അമ്മൂമ്മയ്ക്ക് പഥ്യം. സീരിയലിൽ പാട്ടും സ്റ്റണ്ടുമൊന്നുമില്ല. വെറും മൊശട് കണ്ണീര് എത്ര നേരാമെന്ന് വച്ചാ കണ്ടോണ്ടിരിക്കുന്നത്. അതുകൊണ്ട് അമ്മൂമ്മ സീരിയല് കാണത്തില്ല. അവറ്റകളെ അമ്മൂമ്മ അതികഠിനമായി വെറുത്തുപോന്നു.

 

ഭയങ്കര ചൂട്. പെരുത്ത ആവി. പോലീസ് സ്റ്റേഷനിലിരുന്നു പുളഞ്ഞപ്പോൾ കൊച്ചുമോന് അമ്മൂമ്മയെ കാണണമെന്ന് ഒരു വിചാരമുണ്ടായി. അപ്പൂപ്പന്റെ ജഡത്തിലെ ഇടത്തേനെറ്റിയിൽ കണ്ട ആ നീലിപ്പ്. അതെങ്ങനെ പറ്റി? കുറച്ചുനാളായി ആ സംശയം ഉള്ളിലങ്ങനെ കട്ടപിടിച്ചു കിടക്കുന്നു. പറ്റുമെങ്കിൽ അതൊന്നു കശക്കണം. കലക്കണം. നേരും നെറിയും അറിയണം!

 

ADVERTISEMENT

അമ്മൂമ്മ കൊടുത്ത ഓട്ടുഗ്ലാസിലെ മോരുംവെള്ളത്തിലെ അടിമട്ട് കുലുക്കിക്കൊണ്ട് കൊച്ചുമോൻ നീട്ടി വിളിച്ചു.

 

അമ്മൂമ്മേ...

 

മോരുംവെള്ളം കൊറച്ചൂടെ വേണോടാ...?

 

മോഹൻലാലിന്റെ ജോർജ്കുട്ടീന്ന് കണ്ണെടുക്കാതെ അമ്മൂമ്മ തിരക്കി.

 

അമ്മൂമ്മേ..

 

എന്തുവാടാ... ചെറുക്കാ?

 

ഞാൻ ചോദിക്കുന്നതിന് അമ്മൂമ്മ സത്യമേ ബോധിപ്പിക്കാവൂ...

 

അത് നിന്റെ ചോദ്യം പോലിരിക്കും.

 

കൊച്ചുമോൻ ഒന്ന് അറച്ചു. അവനങ്ങ് വല്ലാണ്ടായി. എന്തുചെയ്യണമെന്നറിയാതെ യൂണിഫോമിന്റെ ചുളിവ് നിവർത്തി പകപ്പിന് ഒരു കുറവുവരുത്തി.

 

ഓടിന്റെ കീറിലൂടെ പൊഴിഞ്ഞുവീഴുന്ന വെയിൽവെട്ടത്തിൽ കാക്കിക്കുപ്പായം പളാപളാ വെട്ടിത്തിളങ്ങി. ആ തെളിച്ചത്തിന്റെ ആത്മവിശ്വാസത്തിൽ കൊച്ചുമോൻ തൊണ്ട ശരിയാക്കി ഘനഗംഭീരനായി.

 

അമ്മൂമ്മേ സത്യം പറയണം..

 

ഓ... ഉത്തരവ്.

 

തമാശയല്ല,  സ്ഥലം എസ്ഐയാ ചോദിക്കുന്നത്.

 

നിന്റെ പോലീസുകളിയൊക്കെ നാട്ടാരോട് മതി. എന്നോട് വേണ്ട.

 

കൊച്ചുമോനേ അമ്മൂമ്മ തീരെ കൊച്ചാക്കിക്കളഞ്ഞു. അതിൽ ഖേദിച്ചും പ്രതിഷേധിച്ചും മീശയിൽ നിന്ന് ഒരു വയസൻ രോമം ചുണ്ടോടടുപ്പിച്ച മോരുംവെള്ളത്തിലേക്ക് ഒരു ചാട്ടം വച്ചുകൊടുത്തു. അനാഥപ്രേതം പോലെ ശ്മശ്രു മോരുംവെളളത്തിനും മീതേ ഒഴുകിനടന്നു. ആ അശ്ലീലത്തെ തോണ്ടിയെടുക്കാൻ ഒരുമ്പെട്ടുകൊണ്ട് കൊച്ചുമോൻ വീണ്ടും വിളിച്ചു.

 

അമ്മൂമ്മേ...

 

പറയെടാ ചെറുക്കാ...

 

അമ്മൂമ്മയുടെ വാക്കുകളിൽ വാത്സല്യത്തിന്റെ എരിവും പുളിയും!

 

നിങ്ങള് തമ്മില് പ്രേമമാരുന്നോ..?

 

ആരുടെ കാര്യമാ നീ ഈ പറഞ്ഞു വരുന്നത്?

 

എന്റെ ഈ അമ്മൂമ്മയും അവരുടെ ഭർത്താവായ എന്റെ അപ്പൂപ്പനും തമ്മില് പ്രേമമാരുന്നോന്ന്?

 

എന്റെ കൊച്ചേ പ്രേമമാരുന്നോന്ന് ചോദിച്ചാല് അതാരുന്ന് പ്രേമം... 

 

എപ്പഴാ തൊടങ്ങിയേ ഈ അസുഖം?

 

സെന്റ് ജോർജ്‌ജ് പള്ളിക്കൂടത്തില് വച്ച്... അങ്ങേരപ്പം എട്ടിലും ഞാനേഴിലുമാരുന്നു.

 

എങ്ങനാരുന്നു തൊടക്കം?

 

പോലീസുകാരൻ കൊച്ചുമോന്റെ ആകാംക്ഷ അമ്മൂമ്മയിൽ ചിരി പൊട്ടിച്ചു.

 

അങ്ങേര് എമ്പോസിഷൻ എഴുതി സഹായിക്കുമാരുന്നു.

 

ഹാ... അത് കൊള്ളാലോ... എന്റെ തങ്കമണി അമ്മൂമ്മ പഠിക്കാൻ മണ്ടിയാരുന്നോ..?

 

മണ്ടിയൊന്നുമല്ലാരുന്നു. പക്ഷേങ്കി പയങ്കര ഒഴപ്പാരുന്നു. എന്റെ അച്ഛൻ വടക്കേക്കര നാരായണപിള്ളയ്ക്ക് പണമുണ്ടാരുന്നു. ഏക്കറ് കണക്കിന് തെങ്ങിൻ പൊരേടമുണ്ടാരുന്നു. വെട്ടാൻ റബ്ബറുണ്ടാരുന്നു. ഉണ്ണാൻ നെല്ലുണ്ടാരുന്നു. പോരാത്തതിന് കച്ചവടവും. പിന്നെന്തിനാടാ കൊച്ചനെ ഞാനീ കാണാപ്പാടം പടിച്ച് നേരം കളയുന്നതെന്ന് അന്നങ്ങ് തോന്നി.

 

അപ്പൂപ്പനോ..?

 

ഓ... അങ്ങേര് ഒര് തനി പടിപ്പി. സാറുമ്മാരെയൊക്കെ വല്യ പേടിയാരുന്നു. പടിക്കുന്നേന് കാര്യോംണ്ടന്നേ. അങ്ങനെ പറയത്തക്ക ആസ്തിയൊന്നുമില്ലാത്ത വീട്ടിലെയാരുന്നു. ഇങ്ങേരു നാലക്ഷരം പടിച്ച് കണ്ണുതെളിഞ്ഞിട്ട് വേണം ആ വീടൊന്ന് നൂരാൻ. അങ്ങേരുടെ അച്ഛൻ ഞങ്ങടെ റബ്ബറും തോട്ടത്തിലെ വെട്ടുകാരനാരുന്നു.

 

എന്നിട്ടും നിങ്ങള് തമ്മില് പ്രേമിച്ചോ?

 

ങ്ഹാ... പ്രേമത്തിനങ്ങനെ കണ്ണും മൂക്കും വെവരവും വിദ്യാഭ്യാസവുമൊന്നുമില്ലല്ലോ... അങ്ങ് കണ്ണും പൂട്ടി പ്രേമിച്ചു കൊടുത്തു.

 

എന്നിട്ട് കെട്ടിയോ?

 

കെട്ടിയതും പൂട്ടിയതൊന്നുമില്ല

 

അതെന്താ?

 

കൊച്ചുമോൻ വേദനിച്ചു.

 

എന്റെ അച്ഛന് കാശ് മാത്രമല്ല നല്ല വകതിരിവും ഒണ്ടാരുന്നു. അച്ഛൻ ഒരു ഡോക്ടറെ പിടിച്ച് എന്നെ കെട്ടിച്ചു.

 

എന്നിട്ട്...?

 

ഞാൻ നാലിന്റന്ന് ഡോക്ടറുടെ അടുത്തൂന്ന് ചാടിപ്പോന്നു.

 

അതെന്തിനാ? 

 

അതോ.. അത് നിന്നോട് പറയാൻ കൊള്ളത്തില്ലന്നേ...

 

കൊച്ചുമോൻ ശ്രദ്ധ കൂർപ്പിച്ചെടുക്കാൻ വേണ്ടി റിമോട്ടെടുത്ത് റ്റിവി യുടെ ഒച്ച കുറച്ചു.

.

അമ്മൂമ്മേ...?

 

എടാ, ചെറുക്കാ... ആ മുറിവൈദ്യര് ഒരു ആണല്ലാരുന്നെടാ...

 

കൊച്ചുമോന് സങ്കടം വന്നു. 

 

മുറ്റത്തെ തെങ്ങേന്ന് ഒരു തേങ്ങയടർന്ന് പൊത്തോന്ന് നിലംപൊത്തി. കൊച്ചുമോൻ കുറച്ചുകൂടി മോരുംവെള്ളം മൊന്തയിൽ നിന്ന് ഓട്ടുഗ്ലാസിലേക്ക് പകർന്ന് തൊണ്ടയിലേക്കൊഴിച്ചു.

 

അമ്മൂമ്മ പിന്നെ എങ്ങനാ ഡോക്ടർ സാബിന്റെടുത്ത് നിന്ന് മുങ്ങിയത്?

 

നിന്റപ്പൂപ്പൻ എന്നെ കാണാനായിട്ട് ഡോക്ടറുടെ ബംഗ്ലാവിൽ വന്നു. അങ്ങേരുക്ക് എന്നെ കാണാതെ ഇരിക്കപ്പൊറുതിയില്ലാരുന്നു. ആരും കാണാതെ, മതിലൊക്കെ ചാടിക്കേറി.... ഒരു കുന്നൻ പൂച്ചയുടെ ജന്മമാരുന്നു.

 

അമ്മൂമ്മയുടെ കണ്ണുകളിൽ ഒരു പാപ്പിപ്പൂച്ചയിരുന്നു നാണം കുണുങ്ങി .

 

ഞാനെന്റെ സങ്കടമൊക്കെ നിന്റെ അപ്പൂപ്പനോട് പറഞ്ഞു. അങ്ങേര് ഒരു എലിക്കുഞ്ഞു പോലുമറിയാതെ എന്നെ അവിടുന്നങ്ങു കടത്തി. മടങ്ങിവന്ന വഴി കുലശേഖരത്തമ്പലത്തിക്കേറി തുളസിമാലയിട്ട് കല്ല്യാണവും കഴിച്ചു. കൃഷ്ണന്റെ അമ്പലാ. ആ അനുഗ്രഹം എപ്പോഴുമുണ്ടാരുന്നു.

 

പിന്നെന്തിനാ ഇത്രയും നല്ല അപ്പൂപ്പനെ അമ്മൂമ്മ ഈ വയസാങ്കാലത്ത് തട്ടിക്കളഞ്ഞത്?

 

കൊച്ചുമോന്റെ ആ ചോദ്യശരമേറ്റു അമ്മൂമ്മയാകെ ഉലയുമെന്നും റ്റീപ്പോയുടെ മേലെ ഇരിക്കുന്ന മൊന്ത തട്ടിമറിഞ്ഞ് താഴെവീഴുമെന്നും അതിനുള്ളിലെ മോരുംവെള്ളമാകെ നിലത്ത് പടരുമെന്നും വീടാകെ സ്തംഭിക്കുന്നുമൊക്കെ പോലീസുകാരന്റെ കുനുഷ്ട് ചിന്തയിൽ കൊച്ചുമോൻ കണക്കുകൂട്ടി വച്ചിരുന്നു.

 

പക്ഷേ, അമ്മൂമ്മ ഉലഞ്ഞില്ല. മാത്രമല്ല, ടീപ്പോ, മൊന്ത, മോരുംവെള്ളം തുടങ്ങിയ സാധനജംഗമങ്ങൾ അവരവരുടെ ആരൂഢസ്ഥാനങ്ങളിൽ ദൃഡമായി ഉറച്ചിരിക്കുകയും ചെയ്തു. നല്ല മനക്കട്ടിയുണ്ടായതിനാൽ ആ പഴയ വലിയവീടിന്റെ ഹൃദയവും സ്തംഭിച്ചില്ല.

 

അമ്മൂമ്മ ചാരുകസേരയിലേക്ക് മെല്ലെ, സ്വച്ഛമായി ചാരിക്കിടന്നു. റ്റിവിയിൽ സിനിമയിലെ ജോർജുകുട്ടി ഒരു ഫ്ലാഷ്ബാക്കിന്റെ  മൂഡിലായിരുന്നു. 

 

അമ്മൂമ്മയും!

 

അമ്മൂമ്മ എഴുന്നേറ്റ് വാതിൽക്കലെത്തി ആകാശത്തേക്ക് നോക്കി.

 

അമ്മൂമ്മേ... എന്താ പറ്റിയത്?

 

എവിടെ നിന്നോ ആകാശത്തെത്തിയ ഒരു കാർമേഘത്തുണ്ട് അമ്മൂമ്മയ്ക്ക് ഒരു തുടക്കം നൽകി. ക്ലീഷേയാണെങ്കിലും അമ്മൂമ്മ അത് കാര്യമായെടുത്തില്ല.

 

അന്ന് നല്ല മഴയായിരുന്നു...

 

അമ്മൂമ്മയുടെ മനസിൽ ഓർമ്മകൾ പെയ്യുവാൻ തുടങ്ങി.

 

രാവിലെ ഒരു  പത്ത് പതിനൊന്ന് മണിയായിക്കാണും. കൊഴമ്പ് തേച്ച് കുളിപ്പിച്ചിട്ട് ഞാൻ നിന്റെ അപ്പൂപ്പനെ കട്ടിലിൽ കൊണ്ട് കിടത്തി. എന്നിട്ട് അടുക്കളേപ്പോയി ഉലുവാക്കഞ്ഞി എടുത്തോണ്ട് വരുമ്പോഴാരുന്നു അങ്ങേരുടെ കൊക്കികൊരച്ചുള്ള ഒരു  ഒണ്ടാക്കിയ ചോദ്യം. വലൂന്റെ കുറുകല് കാരണം അങ്ങേര് പറയുന്നതെന്താന്ന് ആദ്യം പിടികിട്ടിയില്ല. ഞാനടുത്ത് ചെന്നിരുന്നു. ചോദിച്ചത് ഒന്നൂടെ പറയാൻ പറഞ്ഞു. അങ്ങേര് ചോദിച്ചു. എന്റെ കൊച്ചേ. എന്നെ പിടിച്ചാ കിട്ടാത്തമാതിരി ദേഷ്യം പെരുവെരലേന്ന് എരച്ചുകേറി. പൂക്കുല കിട്ടിയാ ഞാനപ്പം തുള്ളും. ഞാനാ ഉലുവാക്കഞ്ഞി എടുത്ത് മുറ്റത്തേക്കൊരു ഏറുകൊടുത്തിട്ട് ആ പിഞ്ഞാണമെടുത്ത് അങ്ങേരുടെ തലയ്ക്ക് ഒരടിവച്ചുകൊടുത്തു. എന്റടിയുടെ ഊക്കാണോ അതോ അങ്ങേരങ്ങനെ ചോദിച്ചേന്റെ ചളിപ്പുകൊണ്ടോണോന്നോന്നും എനിക്കറിയാമേലാ. അതോടെ അങ്ങേരുടെ കാറ്റുപോയി.

 

കൊച്ചുമോന്റെ കണ്ണുകളിലൂടെ ഒരു മിന്നൽ പറന്നുപോയി.

 

എന്താരുന്നു ആ ചോദ്യം? 

 

അതോ. അങ്ങേരെ കെട്ടുമ്പം ഞാൻ കന്യക ആരുന്നോന്ന്. കെട്ടുന്ന നേരത്ത് വല്ലോം അത് ചോദിച്ചാരുന്നേൽ വെഷമം വരുത്തില്ലാരുന്നു. ഇത് ഇത്രയും നാളെ കൂടെ പൊറുത്തിട്ട്, മക്കളും കൊച്ചുമക്കളും ആകുന്നതുവരെ ആ വൃത്തികേട് തീട്ടം പോലെ അങ്ങേര് ചൊമന്നോണ്ട്  നടക്കുവാരുന്നന്ന് ഓർത്തപ്പം സഹിച്ചില്ല. എന്റെ കെട്ടുപൊട്ടിപ്പോയെടാ കൊച്ചുമോനേ.

 

കൊച്ചുമോൻ കസേരയിൽ നിന്നു ചാടിയെഴുന്നേറ്റു. ബുള്ളറ്റുപോലൊരു ദീർഘനിശ്വാസം പാഞ്ഞുപോയി.

 

അമ്മൂമ്മ കൈകൾ നീട്ടി.

 

വെലങ്ങ് വെക്കുന്നില്ലേ.

 

കൊച്ചുമോൻ ഒന്നുംമിണ്ടാതെ തൊപ്പിവെച്ച്  മുറ്റത്തേക്കിറങ്ങി. വെയിൽക്കുഞ്ഞുങ്ങൾ കൂടണഞ്ഞു. മഴ മാനത്ത് പെയ്യാൻ മുട്ടിനിന്നു.

 

ജീപ്പ് സ്റ്റാർട്ടായി.

 

English Summary: Ezhuthonam Special Story by Anoop Annur