ഉദാത്തമായ പ്രേമത്തെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നവർ അവർ രണ്ടുപേരുമാണ്‌ - ലൈലയും ലൈലയുടെ ഖയ്സും, അവർക്ക് പുറകിൽ കമിതാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും. പൊതുധാരണ പ്രകാരം ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന നാടോടി കവി ഖയ്സ് ഇബ്ൻ അൽ-മുലവാ എന്ന ഖയ്സും

ഉദാത്തമായ പ്രേമത്തെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നവർ അവർ രണ്ടുപേരുമാണ്‌ - ലൈലയും ലൈലയുടെ ഖയ്സും, അവർക്ക് പുറകിൽ കമിതാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും. പൊതുധാരണ പ്രകാരം ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന നാടോടി കവി ഖയ്സ് ഇബ്ൻ അൽ-മുലവാ എന്ന ഖയ്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദാത്തമായ പ്രേമത്തെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നവർ അവർ രണ്ടുപേരുമാണ്‌ - ലൈലയും ലൈലയുടെ ഖയ്സും, അവർക്ക് പുറകിൽ കമിതാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും. പൊതുധാരണ പ്രകാരം ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന നാടോടി കവി ഖയ്സ് ഇബ്ൻ അൽ-മുലവാ എന്ന ഖയ്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ഉദാത്തമായ പ്രേമത്തെ കുറിച്ച് ഓർക്കുമ്പോൾ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നവർ അവർ രണ്ടുപേരുമാണ്‌ - ലൈലയും ലൈലയുടെ ഖയ്സും. അവർക്ക് പുറകിൽ കമിതാക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ടെങ്കിലും. പൊതുധാരണ പ്രകാരം ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ജീവിച്ചിരുന്ന നാടോടി കവി ഖയ്സ് ഇബ്ൻ അൽ-മുലവാ എന്ന ഖയ്സും ബന്ധുവും കളിക്കൂട്ടുകാരിയുമായിരുന്ന ലൈല അൽ-അമീറിയ എന്ന ലൈലയും തമ്മിലുള്ള പ്രണയമാണ് ഈ കഥയ്ക്കാധാരം. എന്നാൽ അത് ഒരു കഥയായത് അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം പേർഷ്യൻ കവി ഗഞ്ചായിലെ നിസാമി-നിസാമി ഗഞ്ചാവിയെന്നാണ് പൊതുവെ പറയുക-തന്റെ "പഞ്ച ഗൻജ്‌ " (അഞ്ച് നിധികൾ, ഖംസ എന്നും പറയാറുണ്ട്) എന്ന കൃതിയിൽ മൂന്നാമത്തെ നിധിയായി ഈ കഥയെ പുറത്തു കൊണ്ടുവന്നതിന് ശേഷമാണ്. അതോടെ ഒന്നിക്കാനാവാതെ മരണപ്പെട്ടു പോയ ആ കമിതാക്കൾ കിഴക്കൻ നാടുകളിലെങ്കിലും നഷ്ടപ്രേമത്തിന്റെയും ത്യാഗത്തിന്റെയും ചിഹ്നമായി മാറി. ഈ ദിവ്യപ്രേമത്തെ കുറിച്ച് കൂടുതലറിയാൻ പടിഞ്ഞാറൻ ലോകത്തിന് 1966 വരെ കാത്തിരിക്കേണ്ടി വന്നു. സ്വിസ് പണ്ഡിതനായ റുഡോൾഫ് ഗെൽപ്ക്കെയുടെ Story of Layla and Majnun by Nizami എന്ന കൃതി പ്രസിദ്ധീകരിക്കപ്പെടുന്നതു വരെ. 

ADVERTISEMENT

ഇതിനേക്കാൾ പഴക്കമുള്ള ഒരു പ്രേമകഥ മദ്ധ്യപൂർവ്വ നാടുകളിൽ പ്രചാരത്തിലുണ്ട്. ഏഴാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ഷാനാമ (രാജാക്കന്മാരുടെ പുസ്തകം) എന്ന കൃതിയിലാണ് അത് ആദ്യം പരാമർശിക്കപ്പെട്ടത്. ഷാനാമയുടെ കർത്താവായ ഫിർദൗസിയുടെ കടുത്ത ആരാധകനായിരുന്ന നിസാമി ഗഞ്ചാവി തന്നെയാണ് പഞ്ചനിധികളിലെ രണ്ടാമത്തെ നിധിയായി ആ കഥയെ അവതരിപ്പിച്ചതും ലോകപ്രിയമാക്കിയതും. പേർഷ്യൻ രാജാവായിരുന്ന ഖുസ്റു രണ്ടാമൻ ഒരു അരുവിയിൽ കുളിച്ചു കൊണ്ടിരിക്കുന്ന ഷിറിൻ രാജകുമാരിയെ കാണുന്നതും - ഷിറിൻ അർമീനിയയിലെ രാജകുമാരിയായിരുന്നു - ആ കൂടിക്കാഴ്ചയിൽ തുടക്കമിടുന്ന പ്രണയവുമാണ് വിഷയം. അനശ്വരപ്രേമങ്ങളിൽ സാധാരണ കാണപ്പെടുന്നതു പോലെ കമിതാക്കളുടെ മരണത്തിലാണ് ഈ കഥയും അവസാനിക്കുന്നത്. അവരെ അടക്കം ചെയ്യുന്നത് ഒരു ശവകുടീരത്തിൽ ഒരുമിച്ചാണ്. അത് മാത്രമാണ് കഥാവസാനം ആശ്വാസമായി വായനക്കാരന്റെ കൂടെയുള്ളത്. 

എന്തുകൊണ്ടോ, ഷിറിൻ - ഖൂസ്റു പ്രണയം ലൈല - ഖയ്സ് പ്രേമത്തിന്റെയത്രയും പ്രചാരത്തിലെത്തിയില്ല. ആ സ്നേഹത്തെ കുറിച്ച് മദ്ധ്യപൂർവ്വദേശങ്ങൾക്കപ്പുറം അധികമാരും അറിഞ്ഞില്ല, 1998 വരെ. അക്കൊല്ലമാണ് ഒർഹാൻ പാമുക്കിന്റെ ‘എന്റെ പേര് ചുവപ്പ്’ (My Name is Red) പുറത്തിറങ്ങുന്നത്. മൂന്ന് വർഷത്തിനു ശേഷം എർഡാഗ് ഗോക്നറുടെ ഇംഗ്ലിഷ് തർജ്ജമയെത്തി. ഒരഞ്ചുവർഷം കൂടിക്കഴിഞ്ഞപ്പോൾ പാമുക്കിന് നോബൽ സമ്മാനവും ലഭിച്ചു. അതോടെ അദ്ദേഹത്തിന്റെ കൃതികൾ അറുപതിലധികം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. മേലെ പറഞ്ഞ കൃതിയ്ക്കടക്കം ആഗോള വായന ലഭിച്ചു തുടങ്ങി. 

പലതട്ടിലുള്ള വിവരണധാരകളുള്ള നോവലാണ് My Name is Red. എനിഷ്ടെ എഫെന്റി എന്ന മിനിയേച്ചർ ചിത്രകാരന്റെ കൂടെ പണിയെടുക്കുന്ന കുറെ ചിത്രകാരന്മാരിൽ ഒരാൾ, എലിഗന്റ് എന്നാണയാളുടെ പേര്, കൊല്ലപ്പെടുന്നിടത്താണ് നോവൽ തുടങ്ങുന്നത്. എനിഷ്ടെയുടെ സഹായത്തിനായി അയാളുടെ മരുമകനായ ബ്ലാക് എന്ന ചിത്രകാരൻ എത്തുന്നു. അമ്മാവൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പൂർത്തീകരണത്തിന് സഹായിക്കാനും എലിഗന്റിന്റെ കൊലപാതകിയെ കണ്ടെത്താനുമാണ് അയാളുടെ വരവ്. കൂടെ മറ്റൊരു ലക്ഷ്യവുമുണ്ട്, അമ്മാവന്റെ മകളും തന്റെ കാമുകിയുമായിരുന്ന ഷെക്കൂറുമായുള്ള ബന്ധം പുന:സ്ഥാപിക്കണം. ഷെക്കൂറാണെങ്കിൽ വിധവയാണ്. രണ്ട് മക്കളുണ്ട്. ഭർതൃസഹോദരന്റെ കാമാഭ്യർത്ഥനകളെ ചെറുത്തു നിൽക്കാൻ പാടുപെടുന്നവളുമാണ്. ബ്ലാക്കിന്റെ വരവിന് ശേഷം കമിതാക്കളുടെയിടയിൽ പൂക്കുന്നു പുത്തൻ പ്രേമം. ഇവിടെയാണ് ഷിറിൻ - ഖുസ്റൂ പ്രണയം പ്രസക്തമാകുന്നത്.

22 വയസ്സു മുതൽ 30 വയസ്സുവരെ പാമുക്ക് ജീവിച്ചിരുന്നത് അമ്മയുടെ കൂടെയായിരുന്നു, അവരുടെ പേര് ഷെക്കൂർ, നമ്മൾ ചർച്ച ചെയ്യുന്ന കൃതിയിലെ നായികയുടെ പേരും അതുതന്നെ. പാമുക്കിന് ഒരു ജ്യേഷ്ഠസഹോദരനുമുണ്ട്, പേര് ഷെവ്‌ക്കറ്റ്. ഈ കൃതിയിലെ നായികയ്ക്കും രണ്ട് മക്കളുണ്ട്, ഷെവ്ക്കറ്റും ഓർഹാനും. ഇവിടെയാണ് കാര്യങ്ങൾ വെളിവാകുന്നത്. സ്വന്തം അമ്മയെ ഷിറി-ഖുസ്രു പ്രണയകഥയിലെ നായികയാക്കി ആ കഥയ്ക്ക് പുതിയൊരു ഭാഷ്യം നൽകുകയാണ് പാമുക്ക്. അതിനായി മൂലകഥയിലെ സന്ദർഭങ്ങളെ പലപ്പോഴും അദ്ദേഹം തിരിച്ചുവിളിക്കുന്നു. ഫലം വ്യക്തമാണ്, ഷിറിനും ഖുസ്റുവിനും അതുവരെ കിട്ടാതിരുന്ന ഒരു അനുവാചകലോകത്തെ ലഭിക്കുന്നു.

ADVERTISEMENT

ഷിറിനെ ഉള്ളിൽ കൊണ്ടു നടന്ന പ്രശസ്തരിൽ മറ്റൊരാളാണ് ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയരസ്താമി. എന്നാല്‍ 2008ൽ ‘ഷിറിൻ’ എന്ന ചിത്രം നിർമ്മിക്കുമ്പോൾ നിസാമി ഗഞ്ചാവിയുടെ നായികയായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിൽ. സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ മാത്രം ഒരു കഥ പറയാൻ തുടങ്ങുമ്പോൾ ഏത് കഥയാണ് പറയേണ്ടത് എന്നു പോലും തീർച്ചയുണ്ടായിരുന്നില്ല എന്നാണ് 2009 എഡിൻബർഗ് ഫിലിം ഫെസ്റ്റിവലിന് മുമ്പ് നടന്ന ഒരു ഇന്റർവ്യൂവിൽ അദ്ദേഹം തന്നെ പറഞ്ഞത്. ഹമീദെ റെസാവിയുടെ ‘ടേസ്റ്റ് ഒഫ് ഷിറിൻ’ എന്ന ഡോക്യുമെന്ററി ഇക്കാര്യം ഉറപ്പിക്കുന്നു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ കുറെയധികം സ്ത്രീകളുടെ ക്ലോസപ്പ് ഷോട്ടുകളാണുള്ളത്. ഷൂട്ടിങ്ങ് നടക്കുമ്പോൾ നടിമാരോട് കിയരസ്താമി ഒന്ന് മാത്രം പറഞ്ഞു, ‘‘നിങ്ങൾ പ്രേമത്തെ കുറിച്ചുള്ള നിങ്ങളുടേതായ ഒരു സിനിമ സങ്കൽപ്പിക്കൂ’’. അവർ ആ ചിത്രത്തെ കുറിച്ച് ആലോചിക്കുമ്പോൾ മുഖത്ത് തെളിഞ്ഞ ഭാവങ്ങളെ കൂട്ടിയിണക്കാനാണ് അദ്ദേഹം ഷിറിൻ - ഖുസ്റു പ്രണയകവിത സൗണ്ട് ട്രാക്കിൽ ചേർത്തത്. സിനിമയിൽ നമ്മൾ ഷിറിനെ കാണുന്നില്ല, കേൾക്കുക മാത്രമേ ചെയ്യുന്നുള്ളൂ, കാണുന്നത് ആ സ്ത്രീമുഖങ്ങൾ മാത്രമാണ്. അതിൽ ബിനോഷെയുമുണ്ട് - ഗോദാർദിന്റെ ‘ഹെയ്ൽ മേരി’, കീസ്ലോവ്സ്കിയുടെ ‘ബ്ലൂ’, മിൻഗെല്ലയുടെ  ‘ദ് ഇംഗ്ലിഷ് പേഷ്യന്റ്’ തുടങ്ങിയ ചിത്രങ്ങളിലെ നായിക ജൂലിയറ്റ് ബിനോഷെ.

കിഴക്ക് ഇനിയും പ്രണയകഥകളുണ്ട്. അനാർക്കലി - സലീം, മുംതാസ്-ഷാജഹാൻ എന്നിങ്ങനെ പലതും. പടിഞ്ഞാറും കഥകൾ ഒട്ടും കുറവല്ല. റോമിയോയും ജൂലിയറ്റും ഹെലനും പാരീസും മാർക് ആന്റണിയും ക്ലിയോപാട്രയും നെപ്പോളിയനും ജോസഫൈനും പിന്നെ മറ്റൊരുപാടുപേരും. പല പല കഥകളിലും മനസ്സുകളിലുമായി അവ നിറഞ്ഞു നിൽക്കുന്നു. ഇത്തരം കഥകൾ കഥകൾക്കുള്ളിൽ മാത്രമല്ല, കഥകളെഴുതുന്നവരിലുമുണ്ട്. അവയിൽ പലതും കൗതുകമുണ്ടാക്കുന്നവയുമാണ്.

മാർക് ട്വയ്നിന്റെ കഥ നമുക്കെല്ലാമറിയാം. അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുടെ പരുപരുപ്പും വന്യതയും ഏറെയുണ്ടായിരുന്ന, ദരിദ്രനും വിദ്യാഭ്യാസം ഇല്ലാത്തവനുമായിരുന്ന ട്വയ്ൻ ഈശ്വരവിശ്വാസിയും പണക്കാരിയും ശാന്തപ്രകൃതയുമായിരുന്ന ലിവി എന്ന ഒലീവിയ ലാംഗ്ഡണെ പ്രണയിച്ച കഥ. 

1867ൽ യൂറോപ്പിലേക്കുള്ള യാത്രാമദ്ധേ, ക്വെയ്ക്കർ സിറ്റി എന്നൊരു കപ്പലിൽവച്ച് ചാൾസ് എന്ന് പേരുള്ള ഒരു യുവാവിനെ ട്വയ്ൻ പരിചയപ്പെട്ടു. സംസാരത്തിനിടയിൽ ചാൾസ് തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോകൾ ട്വയ്നിനെ കാണിച്ചു. അവയിൽ അയാളുടെ സഹോദരിയുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഒരേ ഒരു നോട്ടം. 32 വർഷത്തെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് ട്വയ്ൻ അറിഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ചാൾസിന്റെ ക്ഷണം ലഭിച്ചു. ആ സന്ദർശനത്തിലാണ് ട്വയ്ൻ ലീവിയെ നേരിട്ട് കാണുന്നത്. കൂടുതൽ ക്ഷമിക്കാൻ അയാൾക്കായില്ല. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അയാൾ വിവാഹാഭ്യർത്ഥന നടത്തി. അത്ഭുതമൊന്നുമുണ്ടായില്ല. അവൾ അയാളുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞു. ഒന്നു മാത്രം സമ്മതിച്ചു, ബന്ധം തുടരാം, സഹോദരങ്ങളെപ്പോലെ, എഴുത്തുകളുമെഴുതാം. തുടർന്നു വന്ന ഒന്നരക്കൊല്ലത്തിനുള്ളിൽ അയാളവൾക്ക് 180 കത്തുകളെഴുതി. അവൾക്കു വേണ്ടി സ്ഥിരമായി പള്ളിയിൽ പോകാൻ തുടങ്ങി. കുടി നിർത്തി. അത് ഫലം കണ്ടു, ഒരു വർഷത്തിന് ശേഷം അവരുടെ മനസ്സമ്മതം നടന്നു. വീണ്ടുമൊരു വർഷത്തിന് ശേഷം വിവാഹവും. 

ADVERTISEMENT

അവരൊത്തുള്ള ജീവിതം സ്നേഹത്തിന്റെയും സഹനത്തിന്റെയും നാളുകളായിരുന്നു. നാലു മക്കളിൽ മൂന്നുപേരും യൗവ്വനം തികയ്ക്കാതെ മരണപ്പെട്ടു. ധനകാര്യങ്ങളിൽ ട്വയ്നിന്റെ കഴിവുകേട് കാരണം പലപ്പോഴും ദാരിദ്യത്തിലായിരുന്നു ജീവിതം. ഇടയ്ക്കൊരിക്കൽ പാപ്പർ സൂട്ട് ഫയൽ ചെയ്യുക പോലുമുണ്ടായി. എങ്കിലും 1904ൽ ഹൃദയസ്തംഭനം മൂലം ലിവി മരിക്കുന്നതുവരെയുള്ള 34 വർഷത്തെ ദാമ്പത്യത്തിൽ കുറവില്ലാത്ത ഒന്നേയുണ്ടായിരുന്നുള്ളൂ, കളങ്കലേശമില്ലാത്ത പ്രണയം. അതു കൊണ്ടാവണം ലിവിയുടെ മരണത്തിന് ഒരു വർഷത്തിനു ശേഷം ഒരു പ്രേമലേഖനം എന്ന മട്ടിൽ എഴുതിയ ‘ഹവ്വയുടെ ഡയറി’എന്ന ചെറുകഥയിൽ ട്വയ്ൻ ഇങ്ങനെയെഴുതിയത്. ‘അവളെവിടെയെങ്കിലുമാകട്ടെ, അവിടം പറുദീസയാണ്’. 

പ്രശസ്തമായ സാഹിത്യപ്രണയങ്ങൾ വേറെയുമുണ്ട്. വെർജീനിയ വുൾഫ്, സാർത്ര്, സിമോൺ ദ് ബുവാർ, സിൽവിയ പ്ലാത്ത്, സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്, ജോൺ ഡൺ - അവയിലുൾപ്പെട്ടവരുടെ പേരുകൾ അങ്ങനെ നീളുന്നു. ഈ ബന്ധങ്ങളിൽ നിന്നെല്ലാം തുലോം വ്യത്യസ്തമായ ഒന്നായിരുന്നു ബീറ്റ് ജനറേഷന്റെ പിതാക്കളിലൊരാളായ അലൻ ഗിർസ്ബെർഗും കവിയും നടനുമായ പീറ്റർ ആന്റൺ ഒർലോവ്സ്കിയും തമ്മിലുണ്ടായിരുന്ന പ്രണയം. മാർക് ട്വയ്ൻ ലിവിയെ ആദ്യം കണ്ടതിന് സമാനമായ രീതിയിലാണ് ഗിൻസ്ബർഗ് ഒർലോവ്സ്കിയെ കാണുന്നത്. നേരിട്ടല്ല, ഒരു പെയ്ൻ്റിങ്ങിൽ. പൂർണ്ണ നഗ്നനായി, ചിത്രകാരനായ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച്. 1954 ലായിരുന്നു അത്. ആരാണീ മോഡലെന്ന ഗിൻസ്ബർഗിന്റെ ചോദ്യത്തിനു മറുപടിയായി അടുത്ത മുറിയിലുണ്ടായിരുന്ന ഒർലോവ്സ്ക്കിയെ ചിത്രകാരൻ വിളിച്ചു വരുത്തി. അവിടെയാണ് ആ ബന്ധം തുടങ്ങുന്നത്. 43 വർഷം അത് തുടർന്നു, 1997ൽ ഗിൻസ്ബർഗ്ഗിന്റെ മരണം വരെ. ഇക്കാലമത്രയും അവർ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഒരുപാട് പ്രേമലേഖനങ്ങൾ ഇതിനിടെ അവർ കൈമാറുകയും ചെയ്തിരുന്നു (ഇവയിൽ പലതും പിന്നീട് പ്രസിദ്ധീകൃതമായി). എങ്കിലും ഇടയ്ക്കും തലയ്ക്കുമായി മറ്റു കിടപ്പറ പങ്കാളികളെ തേടിപ്പോകുന്നതിന് ഈ സ്നേഹം അവർക്ക് തടസ്സവുമായിരുന്നില്ല. 

ഇവരുടെ ഇടയിൽ ഉണ്ടായിരുന്ന ശാന്തമായ പ്രണയത്തിന്റെ മറുപുറമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഫ്രാൻസിലും ബെൽജിയത്തിലുമായി രണ്ട് പ്രതിഭകൾ ആടിത്തീർത്തത്. ഒരാൾ സർറിയലിസത്തിലേക്ക് വഴിതെളിച്ച കുറെ കവിതകളുടെ കർത്താവ്. മറ്റെയാൾ സിംബോളിസ്റ്റ് കവിതയുടെ പ്രാണേതാവ്. അവർ തമ്മിലാദ്യം ബന്ധപ്പെടുന്നത് 1871 ൽ. തന്റെ സാഹിത്യ വീക്ഷണങ്ങളുടെ പ്രചരണത്തിനായി ആർതർ റിംബോ (Arthur Rimbaud) മറ്റ് സാഹിത്യകാരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന കാലം. അതിലൊരു കത്ത് റിംബോ അയച്ചത് വെർലെയ്നായിരുന്നു (Paul Verlaine). അതിന് മറുപടിയായി കിട്ടിയത് പാരിസിലേക്കുള്ള ഒരു ടിക്കറ്റും ക്ഷണവും. വെർലെയ്ന്റെ പ്രായം അന്ന് ഇരുപത്തിയാറ്, റിംബോയ്ക്ക് പതിനാറും. ആ പാരിസ് യാത്ര തുടക്കമിട്ടത് രണ്ട് വർഷം മാത്രം നീണ്ട വികാരതീവ്രമായ ഒരു ബന്ധത്തിനാണ്. മദ്യവും മയക്കുമരുന്നും രതിയും കൂടിക്കുഴഞ്ഞ രണ്ട് വർഷങ്ങൾ. ഇതിനിടെ വെർലെയ്ൻ ഇരുപത് വയസ് പോലും തികയാത്ത ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചിരുന്നു. 

ആദ്യം പറഞ്ഞ പ്രണയകഥകളുടെ പരിണതിയായിരുന്നില്ല ഈ ചരിതത്തിന്. 1873 ൽ വെർലെയ്ൻ റിംബോയെ ബ്രസ്സൽസിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വെർലെയ്ൻ തോക്കെടുത്തു. ഉള്ളിലെ മദ്യമാണോ നെഞ്ചിലെ പ്രണയമാണോ കാരണമെന്ന് പറയാൻ വയ്യ. വെടിയുണ്ടയ്ക്ക് ഉന്നം തെറ്റാതിരിക്കാനായില്ല. അത് ചെന്നുകൊണ്ടത് റിംബോയുടെ ഇടതു കൈത്തണ്ടയിലാണ്. അതോടെ ആ ബന്ധത്തിന് അറുതിയായി. വെർലെയ്നാകട്ടെ രണ്ട് വർഷത്തെ ജയിൽവാസത്തിനും വിധിയായി. 

പ്രണയകഥകൾ, അവയുടെ പരിസമാപ്തി ഏതുവിധമായാലും, കാലക്രമേണ ഒരു തരം കാൽപ്പനികഭാവം കൈവരിക്കാറുണ്ട്. ആ കഥകൾക്കുള്ളിൽ ജീവിച്ചവരെ ദുഖം മണക്കുമ്പോഴും ആ കഥകളിൽ ആനന്ദം കണ്ടെത്തുന്നവരാണ് അനുവാചകർ. അവർക്കതെല്ലാം ലാഭം മാത്രമാണ്. എന്നാൽ റിംബോ-വെർലെയ്ൻ ബന്ധം സാഹിത്യപ്രേമികളെ വളരെയൊന്നും സന്തോഷിപ്പിക്കുന്നില്ല. അതിന് തക്കതായ കാരണവുമുണ്ട്. 

വെർലെയ്‌നുമായി പിരിയുമ്പോൾ റിംബോയുടെ പ്രായം പത്തൊമ്പത് വയസ്സ്. കഷ്ടി ഒരു വർഷം കൂടിയേ അയാൾ കവിതകളെഴുതിയുള്ളൂ. ഇനിയുമൊരുപാട് എഴുതാൻ ബാക്കിവച്ചുകൊണ്ട് ഇരുപതാം വയസ്സിൽ അയാൾ എന്നന്നേക്കുമായി എഴുത്ത് നിർത്തി.

 

Content Summary : Varantha Column by Jojo Antony on Love in Literary World