സാധാരണയായി ഇംഗ്ലണ്ടിലെ കുട്ടികളെ ഉദ്ദേശിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടവയാണ് ഈ റൈമുകൾ. തലമുറകളായി അതു പ്രചരിച്ചിരിക്കുന്നു. വളരെ മുൻപു പ്രചാരത്തിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളാണ് ഈ നഴ്‌സറി റൈമുകൾ എന്ന് ഒരു വിദേശപ്രസിദ്ധീകരണത്തിൽ കാണുകയുണ്ടായി.

സാധാരണയായി ഇംഗ്ലണ്ടിലെ കുട്ടികളെ ഉദ്ദേശിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടവയാണ് ഈ റൈമുകൾ. തലമുറകളായി അതു പ്രചരിച്ചിരിക്കുന്നു. വളരെ മുൻപു പ്രചാരത്തിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളാണ് ഈ നഴ്‌സറി റൈമുകൾ എന്ന് ഒരു വിദേശപ്രസിദ്ധീകരണത്തിൽ കാണുകയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണയായി ഇംഗ്ലണ്ടിലെ കുട്ടികളെ ഉദ്ദേശിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടവയാണ് ഈ റൈമുകൾ. തലമുറകളായി അതു പ്രചരിച്ചിരിക്കുന്നു. വളരെ മുൻപു പ്രചാരത്തിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളാണ് ഈ നഴ്‌സറി റൈമുകൾ എന്ന് ഒരു വിദേശപ്രസിദ്ധീകരണത്തിൽ കാണുകയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദി പഠിച്ചാലേ അസ്സൽ ഇന്ത്യക്കാരനാവൂ എന്ന് വിശ്വസിക്കുന്ന ദേശഭക്തന്മാരുടെ കൂട്ടത്തിൽ ഞാൻ പെടില്ല; ക്ഷമിക്കണം. ഇംഗ്ലിഷിനോട് അതിരു കവിഞ്ഞ ആരാധനയുമില്ല. അടിമത്തത്തിന്റെ ഹാങ്ങോവറായോ വെള്ളക്കാരന്റെ വിഴുപ്പായോ, ഏതു നിലയിലായാലും, ഒരു ലോകഭാഷ നമുക്കു കിട്ടിയതിൽ സംതൃപ്തിയുണ്ട്. 

ഇംഗ്ലിഷ് പഠിത്തത്തെയും ഇംഗ്ലിഷ് മീഡിയം സ്കൂളുകളെയും ഞാൻ കണ്ണടച്ചു പുച്ഛിക്കാറില്ല. അവിടെ പഠിച്ചുവരുന്ന കുട്ടികളുടെ ഇംഗ്ലിഷ് വിചിത്രമാണെന്നു തോന്നാറുണ്ട്. അവരുടെ മലയാളം അതിലേറെ വിചിത്രമാണെന്നും. പലപ്പോഴും, ഇംഗ്ലിഷ് മീഡിയംകൊണ്ട് പുതിയ ധ്വരമാരെ സൃഷ്ടിക്കുന്നു എന്നു ഘോഷിക്കാനും ഞാൻ ഒരുക്കമല്ല.

ADVERTISEMENT

തമിഴിന്റെ മഹത്വം മാത്രം പറയുന്ന നേതാക്കളുള്ള നാടാണല്ലോ നമ്മുടെ അയൽനാട്. ഹിന്ദിയോടും ഇംഗ്ലിഷിനോടും സംസ്കൃതത്തോടും എല്ലാം നിരത്തി വാൾവീശലാണ് എന്നും. അവിടെ പബ്ലിക് സ്കൂളുകളെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ കേട്ടുമടുത്ത ഒരിഗ്ലിഷ് ദിനപത്രത്തിന്റെ വടക്കുനിന്നുവന്ന റെസിഡന്റ് എഡിറ്റർ ഒരു റിപ്പോർട്ടറോട് നേതാക്കന്മാരുടെ മക്കളും പേരക്കിടാങ്ങളുമൊക്കെ എവിടെ പഠിക്കുന്നു എന്നന്വേഷിച്ച് റിപ്പോർട്ടുകൊണ്ടുവരാൻ ഏൽപിച്ചു. റിപ്പോർട്ട് വന്ന ദിവസം ഒരനൗദ്യോഗിക ചർച്ചയിൽ പത്രാധിപർ പറഞ്ഞു: എല്ലാവരുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളും ഇംഗ്ലിഷ് മീഡിയത്തിൽതന്നെ! പ്രശസ്തനായ ഒരു ഫോട്ടോ ജേണലിസ്റ്റിന്റെ വീട്ടിൽ രേഖകൾവച്ച് അദ്ദേഹം സംസാരിക്കുമ്പോൾ ഞാനുമുണ്ടായിരുന്നു. ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവോ എന്നറിയില്ല.

സ്വന്തം ഭാഷയെ അമിതമായി, അന്ധമായി ആരാധിക്കുന്നതും ആപത്താണ്. ലോകവിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും ഒക്കെ ആരംഭവും അവസാനവും സ്വന്തം ഭാഷയിലാണ് എന്നു വിശ്വസിച്ച് പുറത്തുനിന്നുള്ള കാറ്റും വെളിച്ചവും കടന്നുവരാതെ വാതിലും ജന്നലും കൊട്ടിയടച്ചിരുന്ന ഭാഷകൾ മുരടിച്ചുപോയ ഉദാഹരണങ്ങൾ പലതുമുണ്ട്. മറ്റു ഭാഷകളിൽനിന്ന് എന്തും സ്വീകരിക്കാൻ തയാറായതാണ് മലയാളത്തിന്റെ മഹത്വം. ഔദ്യോഗിക ഏജൻസികൾ വരുന്നതിനെത്രയോ മുൻപ് വ്യക്തികളുടെ പരിശ്രമഫലമായി മറ്റു ഭാഷകളിലെ മികച്ച ഗ്രന്ഥങ്ങൾ മലയാളത്തിൽ വന്നു. വായനക്കാർ സ്വീകരിച്ചു. 

ഇവിടെ കുട്ടിക്കു നാലു വയസ്സാവുമ്പോൾ നഴ്‌സറിയിലെത്തിക്കുന്നു. ഇംഗ്ലിഷ് മീഡിയംതന്നെയാണ് ഇടത്തരക്കാരുടെയും അതിലുമൽപം താഴെയുള്ളവരുടെയും ലക്ഷ്യം. എ ബി സി തുടങ്ങി ഒരു കൊല്ലം കഴിഞ്ഞിട്ടാണത്രേ തറ, പറ തുടങ്ങുന്നത്. ഏതു ഭാഷ ആദ്യം തുടങ്ങിയാലും കുഴപ്പമില്ല. ഭാഷയല്ലേ? ഭാഷ സമ്പത്താണ്. പഠിച്ചുതുടങ്ങുന്ന കുട്ടികൾ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ ഈയിടെ വെറുതെ മറിച്ചുനോക്കി. പല നഴ്‌സറികളിലും ഉപയോഗിക്കുന്നത് ഇന്ത്യയിൽ അച്ചടിച്ച പുസ്തകങ്ങൾതന്നെ. അദ്ഭുതത്തോടെ ഒരു കാര്യം കണ്ടു. ഇപ്പോൾ മെഡിക്കൽ കോളജിൽ പഠിക്കുന്ന ഒരു കുട്ടി നഴ്സറിയിൽ പഠിക്കുമ്പോൾ അവളുടെ പാഠപുസ്തകത്തിലെ ചില വാക്കുകൾ എന്നെ കുഴക്കിയിട്ടുണ്ട്. ഇരുപതുകൊല്ലം മുൻപ് ആ വാക്കുകളെപ്പറ്റി കുട്ടിയുടെ അച്ഛനും ഞാനും ഇരുന്ന് ചർച്ചചെയ്തതോർത്തു. അതേ വാക്കുകളൊക്കെ ഉപയോഗിച്ചാണ് ഇപ്പോഴും പഠിപ്പിക്കുന്നതെന്ന് കണ്ടതാണ് അദ്ഭുതം. 

ഈ പുതിയ പാഠപുസ്ത‌കം ഞാൻ മറിച്ചുനോക്കട്ടെ. ഇതിൽ രണ്ടു വാക്കുകൾ എനിക്കറിയാത്തതാണ്. Y പഠിപ്പിക്കുന്ന Yo-Yo. പിന്നെ X പഠിപ്പിക്കുന്ന Xylophone. Yo-yo വിന്റെ ചിത്രമുണ്ട്. പിടികിട്ടുന്നില്ല. ഓക്സ്ഫോർഡ് ഡിക്‌ഷനറി നോക്കി. അതിലില്ല. റാൻഡ്ഹൗസിന്റെ ഭീമാകാരമായ ഡിക്‌ഷനറിയിലുണ്ട്. ‘രണ്ടു വൃത്താകാരത്തകിടുകൾ ഉപയോഗിച്ചുള്ള കളിക്കോപ്പ്.’ Xylophone ഒരു സംഗീതയന്ത്രമാണ്. ‘Y’ പഠിപ്പിക്കാൻ Yam, Yellow, Yarn, Yak ഒക്കെ മതി. പോരേ? ‘X’ ന് പഴയ ക്രിസ്മസ് മരവും പുതിയ എക്സ്‌റേയും മതിയാവും. ഇരുപതു കൊല്ലം മുൻപ് എന്നെ ചൊടിപ്പിച്ച വാക്കുകൾ വേറെയാണ്. അതിപ്പോഴുമുണ്ട്. ‘I’ പഠിപ്പിക്കാൻ IGLOO. എസ്കിമോ വർഗക്കാർ തുന്ദ്രാപ്രദേശങ്ങളിൽ ഹിമത്തിലുണ്ടാക്കുന്ന വിചിത്ര ഗൃഹങ്ങൾക്കാണ് ‘ഇഗ്ളൂ’ എന്ന് പറയുന്നത്. ‘S’ പഠിപ്പിക്കാൻ SQUAW. റെഡ് ഇന്ത്യൻസിന്റെ സ്ത്രീകളെപ്പറ്റി പറയാറുള്ള പദമാണ് ‘സ്ക്വാ.’ ഈ രണ്ടു വാക്കുകളും എനിക്കിതുവരെ ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ഇംഗ്ലിഷ് സുലഭമായി ഉപയോഗിക്കേണ്ടിവന്നവരിലെത്രപേർക്കും ഈ വാക്കുകളെക്കൊണ്ട് ആവശ്യം നേരിട്ടിരിക്കുമെന്നറിഞ്ഞുകൂടാ. ഇപ്പോഴും നമ്മുടെ കുട്ടികൾ ‘ഐ ഫോർ ഇഗ്ളൂ’ ‘എസ് ഫോർ സ്ക്വാ’ എന്നുരുവിട്ട് പഠിക്കുന്നു. 

ADVERTISEMENT

നഴ്സറി ക്ലാസുകളിലെ പ്രധാന അഭ്യാസം റൈമുകൾ മനപ്പാഠം പഠിക്കലാണ്. ആംഗ്യസഹിതവും ആംഗ്യമില്ലാതെയും, താളമാണ് റൈമുകളെ കുട്ടികൾക്ക് ആകർഷകമാക്കുന്നത്, അർഥത്തിനെക്കാൾ പ്രധാനം നാവുവഴങ്ങലും മനപ്പാഠം ഉറയ്ക്കലുമാണ്. (പണ്ട് മലയാളത്തിൽ ശ്രീകൃഷ്ണചരിതം മണിപ്രവാളം മനപ്പാഠമാക്കിയിരുന്നതുപോലെതന്നെ.) ഈ റൈമുകൾ എളുപ്പം പാടിപ്പതിയുന്നവതന്നെ. ഓൾഡ് കിങ് കോൾ, ഹിക്കറി ഡിക്കറി ഡോക്ക് തുടങ്ങിയവയുടെ താളം കുട്ടികളെ ആകർഷിക്കും. കാവ്യഭംഗിയുണ്ട്. 

സാധാരണയായി ഇംഗ്ലണ്ടിലെ കുട്ടികളെ ഉദ്ദേശിച്ച് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടവയാണ് ഈ റൈമുകൾ. തലമുറകളായി അതു പ്രചരിച്ചിരിക്കുന്നു. ഇപ്പോഴും ഇവിടത്തെ കുട്ടികൾ പഠിക്കുന്നു. വളരെ മുൻപു പ്രചാരത്തിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളാണ് ഈ നഴ്‌സറി റൈമുകൾ എന്ന് ഒരു വിദേശപ്രസിദ്ധീകരണത്തിൽ കാണുകയുണ്ടായി. ഹെൻറി എട്ടാമനെ പരിഹസിച്ചുകൊണ്ട് പാടിയിരുന്ന ഒരു നാടൻ പാട്ടാണ് ‘ഓൾഡ് കിങ് കോൾ വാസ് എ മെറി ഓൾഡ് സോൾ.’ ബാൻബറി ക്രോസിലേക്ക് കളിക്കുതിരപ്പുറത്ത് പോയ കന്യക പഴയ എലിസബത്ത് രാജ്ഞിയാണ്. ഹതഭാഗ്യയായ മേരി (ക്വീൻ ഓഫ് സ്കോട്ട്സ്) യാണ് ‘ബോപീപ്സ്’

അർഥത്തിനു പ്രസക്തിയില്ല. ഒരു ഇന്ത്യൻ പ്രസാധകൻ മുഖക്കുറിപ്പിൽ പറയുന്നു ശരി. പക്ഷേ, പാടി രസിച്ചയവിറക്കി വീണ്ടും പാടുമ്പോൾ ഒരു ചിത്രം കുട്ടിയുടെ മനസ്സിൽ തെളിയില്ലേ? തെളിയണമെന്നുദ്ദേശിച്ചാണല്ലോ ഈ അഭ്യാസങ്ങൾ. താളബോധം. അക്ഷരശുദ്ധി, അൽപം കാവ്യാസ്വാദനം, മനസ്സുകൊണ്ട് ചിത്രങ്ങൾ വരച്ചെടുക്കാൻ പ്രേരിപ്പിക്കൽ ഇതൊക്കെ റൈമുകൾ പഠിപ്പിക്കലിന്റെ ഉദ്ദേശ്യങ്ങളാണെന്ന് ഇവിടത്തെ സ്വൽപം വിവരമുള്ള ‘മിസ്സു’മാരും ‘സിസ്‌റ്റർ’മാരും പറയുന്നു.

കുട്ടികൾ - അവരെത്ര കൊച്ചുകുട്ടികളായാലും ശരി, അർഥം ശ്രദ്ധിക്കില്ല എന്നു കരുതുന്ന പ്രസാധകർ മരമണ്ടന്മാരാണ്. കൊച്ചുകുട്ടിക്ക് ധൈര്യം കൊടുക്കാൻ അമ്മ കണ്ട ഒരു സൂത്രത്തെപ്പറ്റി, പ്രാചീന പേഴ്‌സ്യൻ കവി ജലാലുദ്ദീൻ റൂമി എഴുതിയ ഒരു ‘മസ്നാവി’യെപ്പറ്റി ഈയിടെ എൻ. പി. മുഹമ്മദ് പറഞ്ഞു. റൂമിയെപ്പറ്റി പലതും പറഞ്ഞ കൂട്ടത്തിൽ. 

ADVERTISEMENT

കൗശലക്കാരിയായ അമ്മ കുഞ്ഞിനോടു പറഞ്ഞു: ‘പ്രേതത്തെ പേടിക്കേണ്ടതില്ല മോനെ. അഥവാ, പ്രേതം വന്നാൽതന്നെ ധൈര്യമായി കണ്ണിൽ നോക്കണം. എന്നിട്ട് നേരെ ചാടി പ്രേതത്തിന്റെ കഴുത്തിൽ പിടിക്കണം. പിന്നെ പ്രേതത്തെ ഈ വഴിക്കു കാണില്ല. മോനു മനസ്സിലായില്ലേ? കുട്ടി ആലോചിച്ച് ‘ഉവ്വ്’ എന്ന അർഥത്തിൽ തലയാട്ടി. പിന്നെ സംശയിച്ചു പോദിച്ചു: ‘പ്രേതത്തിന് ഒരമ്മയുണ്ടാവുമല്ലോ. അതും പ്രേതത്തിനോട് എന്റെ കഴുത്തിൽ ചാടിപ്പിടിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലോ?’

കുട്ടികളുടെ ബുദ്ധിയെപ്പറ്റി നമ്മൾ മുതിർന്നവർ എളുപ്പത്തിൽ അങ്ങനെ കണക്കുകൂട്ടി തിട്ടപ്പെടുത്തുന്നതു സാഹസമാണ്. കുട്ടിക്കാലത്ത് പരിചയപ്പെട്ട നോൺസെൻസ് കഥാപാത്രങ്ങളായ ‘ഹംടി ഡംടി’യും ‘വീ വില്ലിവിൻകീ’യുമൊക്കെ അന്ത്യനാൾവരെ കൂടെയുണ്ടാവുമെന്നു വിദ്യാഭ്യാസവിദഗ്ധന്മാർ പറയുന്നു. അവർ ചരിത്രബോധം കൂടി റൈമുകളുടെ ലക്ഷ്യമായി കൂട്ടത്തിൽപ്പെടുത്തുന്നുണ്ട്. 

ഇവിടെയാണ് ഞാനൊരു അപകടകരമായ സംശയം ചോദിക്കുന്നത്. നമ്മുടെ കുട്ടികൾക്കിണങ്ങുന്ന, നമ്മുടെ ജീവിതം, പ്രകൃതി, പക്ഷിമൃഗാദികൾ, ചരിത്രം, പുരാണം എന്നിവയൊക്കെയായി വിദൂരബന്ധമെങ്കിലുമുള്ള പുതിയ കവിതകൾ, താളവും പ്രാസവും സംഗീതാത്മകതയുമൊക്കെയുള്ള കവിതകൾ, ഇംഗ്ലിഷിലെഴുതുന്ന ഇന്ത്യൻ കവികളെക്കൊണ്ട് എഴുതിച്ച് വിദ്യാഭ്യാസവിദഗ്ധർ പരീക്ഷിച്ച ശേഷം പഠിപ്പിച്ചാൽ അത്യാപത്താവുമോ? കുറെക്കാലമായി ആലോചിച്ചുവരുന്നതാണ്. എന്റെ കാഴ്ചപ്പാടിൽ കാണാത്ത മഹാവിപത്തുകൾ വല്ലതും ഉണ്ടെങ്കിൽ നിർദേശം പിൻവലിക്കുന്നു. കൊച്ചുകുട്ടികളെവച്ച് കളിക്കുമ്പോൾ സൂക്ഷിക്കണമല്ലോ. 

ജാക്ക് ആന്റ് ദി ബീൻ സ്റ്റാക്ക്, ആലീസ് ഇൻ വണ്ടർലാൻഡ്, പിനോക്കിയോ, സിൻഡറല്ല തുടങ്ങിയ കഥകളാണ് ഇവിടെയും ഒരുകാലത്ത് കുട്ടികൾക്കിടയിൽ പ്രചരിച്ചിരുന്നത്. ഇപ്പോൾ അമർ ചിത്രകഥകളിലൂടെയും മറ്റും വന്ന പുരാണ-ചരിത്ര കഥകളുടെ മുൻപിൽ ജാക്കും ആലീസുമൊക്കെ നിഷ്പ്രഭരാണ്. ഹനുമാനും ഗണേശനും ഭീമനും അലാഡിനും തിമ്മനും ഒക്കെയാണ് കൊച്ചുകുട്ടികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങൾ. അപകടമുണ്ടായിട്ടില്ല ഈ മാറ്റംകൊണ്ട്. 

ഒറ്റയടിക്ക് എല്ലാ പഴയ ഇംഗ്ലിഷ് റൈമുകളും മാറണമെന്നും ഞാൻ പറയില്ല. പ്രകൃതിയെപ്പറ്റിയും പക്ഷിമൃഗാദികളെപ്പറ്റിയുമുള്ള പാട്ടുകൾക്ക് ഏതു നാട്ടിലും ഏതു കാലത്തും പ്രസക്തിയുണ്ട്. 

ലണ്ടനിൽ റാണിയെക്കാണാൻ പോയ പൂച്ച, പൈപ്പും ബൗളും പിന്നെ ഫിഡിലർമാരും വരട്ടെ എന്നുപറയുന്ന കോൾ രാജാവ്, തൈരും പാലും കുടിച്ചിരിക്കുന്ന മിസ് മഫെറ്റ് ഗോത്താമിലെ മൂന്ന് ജ്ഞാനികൾ, എന്നിങ്ങനെയുള്ള റൈമുകൾ ബാലമനസ്സുകളിൽ ഒരു ചിത്രവും സങ്കൽപിക്കാൻ സഹായിക്കുകയില്ല. തീർച്ച. ഇതൊക്കെയാണ് ഇന്നും ഇംഗ്ലിഷ് പഠിപ്പിന്റെ തുടക്കം എന്നത് വിചിത്രമായിത്തോന്നുന്നു. 

വെള്ളക്കാരായ കുട്ടികൾ വഴിക്കു കാണുന്ന നീഗ്രോ കുട്ടികളെ ദ്രോഹിക്കുന്നത് അമ്മമാർ അംഗീകരിച്ച ബാലവിനോദമായിരുന്ന കാലത്തുണ്ടായ പാട്ടായിരിക്കണം ഈ പ്രശസ്തമായ റൈം. 

Eena Meena Mina Mo 

Catch a Nigger by his toe 

If he screams let him go 

Eena Meena Mina Mo. 

ഇത് പഠിക്കുന്ന കുട്ടിയെ ആകർഷിക്കാൻ നീഗ്രോചെറുക്കന്റെ കാല് പിടിച്ചുവലിക്കുന്ന സായ്പ്കുട്ടിയുടെ ചിത്രവുമുണ്ട് ഇന്ത്യൻ പാഠപുസ്തകങ്ങളിൽ. ഇതിപ്പോഴും നമ്മുടെ നാലുവയസ്സുകാരും അഞ്ചുവയസ്സുകാരും പാടിപ്പഠിക്കുന്നു. 

കുരുന്നുഭാവനയുടെ കുഞ്ഞിച്ചുണ്ടുകളിൽ മധുരംവയ്ക്കുകയാണ് റൈമുകൾകൊണ്ട് ചെയ്യുന്നത്. അതിനാവശ്യമായ ബാലകവിതകളും പാട്ടുകളും ഇന്ത്യൻ ഇംഗ്ലിഷ് കവികൾക്ക് രചിക്കാൻ കഴിയില്ലെന്നോ? കച്ചവടത്തിന്റെ തിരക്കിൽ നാമത് ചോദിക്കാൻ മറന്നു. 

(കിളിവാതിലിലൂടെ 1992 - മനോരമ ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന എംടി കഥേതരം സമാഹാരത്തിൽനിന്ന്) 

കാലത്തെയും ദേശത്തെയും കടന്നുനിൽക്കുന്ന ഉൾക്കാഴ്ചകളുടെ അമൂല്യശേഖരമായ എം.ടിയുടെ ലേഖനങ്ങൾ ഇപ്പോൾ സമ്പൂർണ രൂപത്തിൽ സ്വന്തമാക്കാം. കാഥികന്റെ പണിപ്പുര, കാഥികന്റെ കല, അമ്മയ്ക്ക്, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, കണ്ണാന്തളിപ്പൂക്കളുടെ കാലം, കിളിവാതിലിലൂടെ തുടങ്ങി എം.ടി രചിച്ച മുഴുവൻ ലേഖനങ്ങൾ, യാത്രകൾ, സംഭാഷണങ്ങൾ ഇവയെല്ലാം ഉൾപ്പെടുന്ന സമ്പൂർണ സമാഹാരം. മൂന്നു വാല്യങ്ങളിൽ 1500 ലധികം പേജുകൾ. ഹാർഡ്ബൗണ്ട് ബയന്റിങ്. 2300 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുമ്പോൾ 1600 മാത്രം. ബുക്കിങ്ങിന് വിളിക്കൂ - 7902941983. ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം.

English Summary:

Article about the essays from M T Kathetharam written by M T Vasudevan Nair