ADVERTISEMENT

വാരാണസി ആരംഭിക്കുന്നത് തന്നെ ഒരു കത്തിലാണ്. വാരാണസിയിൽ നിന്നും ശ്രീനിവാസൻ സുധാകരന് എഴുതുന്ന കത്ത്. 83 വയസ്സും നാലുമാസവും തികയാന്‍ കാത്തിരിക്കുന്ന ശ്രീനിവാസൻ, ആയിരം പൂർണ്ണചന്ദ്രന്മാരെ മറികടന്ന ആ ജീവിത കാലഘട്ടത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്.

വീടിനൊരു പേര് വേണമെന്ന് രുക്കുവിന് നിർബന്ധമായിരുന്നു. കൃപ എന്ന് പേരിട്ടു. ആരുടെയൊക്കെയോ കൃപ കൊണ്ടാണല്ലോ ആയിരം മാസങ്ങൾ താണ്ടിയത്.

പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു അടുപ്പം തോന്നുന്നവരാണ് വാരാണസിയിലെ കഥാപാത്രങ്ങൾ. എപ്പോഴൊക്കെയോ കടന്നു വരികയും യാത്ര പോലും പറയാതെ തിരികെ പോവുകയും ചെയ്യുന്ന ചിലർ. പക്ഷേ ആ തിരികെ പോക്കിലും ഓർക്കുവാൻ എന്തൊക്കെയോ ബാക്കി വയ്ക്കുന്നവർ. 

എന്തുകൊണ്ടോ ചില സ്നേഹങ്ങൾ,  വാത്സല്യങ്ങൾ, തേയ്മാനം വരാത്ത തങ്കക്കാശ് പോലെ ജീവിതത്തിന്റെ മാറാപ്പിനകത്ത് ബാക്കി കിടക്കുന്നു. 

ശ്രീനിവാസിനെ തേടിയെത്തുന്ന സുധാകരൻ അറിയുന്നത് അദ്ദേഹത്തിന്റെ മരണവാർത്തയാണ്. ആരാണ് എന്ന ചോദ്യത്തിന്, "മുൻപേ അറിയുന്ന ഒരാൾ" എന്നതാണ് അയാളുടെ മറുപടി. അധികം ഒന്നും വിവരിക്കാതെ അയാൾ അവിടെനിന്ന് പോകുന്നു. ഉള്ളിലുള്ള സ്നേഹത്തിനെ പുറത്ത് കാട്ടാത്ത ഒരുകൂട്ടം മനുഷ്യരാണ്, അയാളും അയാൾക്ക് ചുറ്റും ജീവിക്കുന്നവരും. ജീവിതത്തിന്റെയും മരണത്തിന്റെയും സ്നേഹത്തിന്റെയും കാമത്തിന്റെയും നഗരമായ കാശിയിൽ അവർക്ക് അങ്ങനാകാനേ കഴിയൂ.

varanasi-book

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ബോധ്യമുള്ള അവർക്കറിയാം, 'ചിലത് ബാക്കി വെക്കേണ്ടവയാണ്'. സ്നേഹിക്കുന്നുവെന്ന് പറയാതെ പറയുകയും കാത്തിരിക്കുന്നു എന്ന്  ഭാവിക്കാതെ കാത്തിരിക്കുകയും  പോകുകയാണ് എന്ന് പറയാതെ കടന്നു കളയുകയും ചെയ്യുന്ന  നിരവധി പേരുണ്ട് ഈ നോവലിൽ. ആ അപൂർണ്ണത പലപ്പോഴും പൂർണ്ണമാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് അതിനു ഭംഗി. 

സുമിത നാഗ്പ്പാൽ, മൂർത്തി സാർ, ചന്ദ്രമൗലി, ശ്രീനിവാസൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളും അവരുടെ ചില അംശങ്ങൾ വെളിപ്പെടുത്താതെ സൂക്ഷിക്കുന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ കൂടെ കണ്ടിരുന്നുവെങ്കിൽ, മിണ്ടിയിരുന്നുവെങ്കിൽ ചോദിക്കാമായിരുന്നു എന്ന്  തോന്നിപ്പോകും. 'മഞ്ഞി'ലെ വിമല കാത്തിരിക്കുന്നത് പ്രണയത്തിനായിട്ടാണെങ്കിൽ, ജീവിതം ആരംഭിക്കുവാനായിട്ടാണെങ്കിൽ, 'വാരാണസി'യിലെ സുധാകരൻ എത്തുന്നത് അവസാനത്തിലേക്കാണ്. ജീവിതത്തിന്റെ അന്ത്യഘട്ടത്തിലേക്ക് എത്തിയ അയാൾ, ഒരിക്കൽ നടന്ന വഴിയിലൂടെ വീണ്ടും നടന്നു നോക്കുന്നു. ഒന്നും പഴയതുപോലെ അല്ലെങ്കിൽ പോലും തന്നിൽ സ്വാധീനം ചെലുത്തിയ മനുഷ്യരെ തിരഞ്ഞ്,  ഭൈരവനാഥന്റെ മണ്ണിലേക്ക് തിരികെ എത്തുന്നു.

ചെയ്തുപോയവയെക്കുറിച്ച് അയാൾക്ക് കൃത്യമായ ബോധ്യമുണ്ട്. പക്ഷേ, പശ്ചാത്താപമില്ല. കാരണം ജീവിതത്തിന്റെ ഒഴുക്കിൽ ഇടറി വീഴാതെ തരമില്ല എന്ന് അയാൾ മനസ്സിലാക്കിയിട്ടുണ്ട്. അവസാനത്തെ ഒരു തുള്ളി കുടിനീരിനും അസ്ഥി ഭസ്മമാക്കുന്ന അവസാനത്തെ തീനാളത്തിനും വിലപേശപ്പെടുന്ന ആ നഗരം അയാളെ പലതും പഠിപ്പിച്ചിട്ടുണ്ട്. എല്ലാം ഒടുവിൽ എവിടെയാണ് അവസാനിക്കുക എന്ന ബോധ്യമുള്ളതിനാലാകണം സംഘർഷഭരിതമായ സന്ദർഭങ്ങളിൽ പോലും സുധാകരൻ തലകുനിക്കാറേ ഉള്ളൂ, കണ്ണീർ പൊഴിക്കാറില്ല. 

അതിഭയങ്കരമായ കുടുംബസംഘർഷങ്ങളോ തീവ്രമായ പ്രണയസന്ദർഭങ്ങളോ പ്രതീക്ഷിച്ചുകൊണ്ട് ഈ നോവലിലേക്ക് ആരും വരരുത്. ഇത് മറ്റൊരു പ്രപഞ്ചമാണ്. നിങ്ങൾ എവിടെക്കെയോ കണ്ടിട്ടുള്ള, ഇനിയും എവിടെക്കെയോ  കാണുവാൻ സാധ്യതയുള്ള ചില മനുഷ്യരെയാണ് ഈ പുസ്തകം കാട്ടിത്തരുന്നത്. ജടയഴിച്ചാടുന്ന കാലഭൈരവനെ പോലെ മറക്കാനാവാത്ത തീക്ഷ്ണനുഭവവുമായി ഇത് ഉള്ളിൽ തറഞ്ഞു പോയേക്കാം. എംടിയുടെ മറ്റ് ഏതു പുസ്തകത്തെക്കുറിച്ചും സംസാരിക്കുന്നത് പോലെയാവില്ല ചിലപ്പോൾ വാരാണസിയെക്കുറിച്ച് നിങ്ങൾ സംസാരിക്കുക. ശിവന് പാർവതിയോളം പ്രിയപ്പെട്ട ഈ നഗരത്തെ, നിങ്ങളും സ്നേഹിച്ചു പോയേക്കും. തേയ്മാനം വരാത്ത തങ്കക്കാശ് പോലെ നിങ്ങളുടെ ഉള്ളിൽ ഈ പുസ്തകം ബാക്കി കിടന്നേക്കാം.

Content Highlights: Varanasi |  M.T. Vasudevan Nair | Varanasi in literature | Malayalam literature | Malayalam authors | Varanasi novel by M.T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com