ഓർമ്മകളുടെ പരൽമീൻ

പരൽ നീന്തുന്ന പാടം എന്ന പുസ്തകത്തിലൂടെ നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനെ തേടി സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് വീണ്ടുമെത്തി. ആത്മകഥാ വിഭാഗത്തിലാണ് പരൽ നീന്തുന്ന പാടത്തിന് അവാർഡ് ലഭിച്ചത്. പയ്യന്നൂരിലെ അന്നൂർ എന്ന പ്രദേശത്തെ ബാല്യ–കൗമാരത്തെക്കുറിച്ചാണ് സി.വി. പുസ്തത്തിൽ പറയുന്നത്. അന്നൂരും പയ്യന്നൂരും ഒരെഴുത്തുകാരൻ എന്ന തലത്തിലേക്ക് തന്നെ എങ്ങനെ വളർത്തിയെന്ന ഒരു തിരിഞ്ഞുനോട്ടം കൂടിയായിരുന്നു പുസ്തകം.

വടക്കൻ കേരളത്തിലെ ഭാഷയിലൂടെയാണ് പരൽമീനുകൾ ഓർമ്മപ്പാടത്ത് നീന്തിക്കളിക്കുന്നത്. കേരളത്തിൽ മറ്റൊരിടത്തിനും അവകാശപ്പെടാൻ കഴിയാത്തൊരു ഭാഷ പയ്യന്നൂരിനുണ്ട്. അവിടുത്തെ സാഹിത്യ–സാംസ്കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ടുണ്ടായതാണത്. കണ്ണൂർ ജില്ലയിലാണെങ്കിലും തലശേരി, കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളെ പോലെയുള്ള ആയുധ രാഷ്ട്രീയമല്ല പയ്യന്നൂരിലുണ്ടായിരുന്നത്.(ഇന്ന് സ്ഥിതി മാറി).

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഗാന്ധിജി അവിടെ വന്നിട്ടുണ്ട്. ഗാന്ധിജി നട്ട മാവ് ഇപ്പോഴും അവിടെ മധുരമാമ്പഴം നൽകുന്നുണ്ട്. ഉപ്പുസത്യഗ്രത്തിനൊക്കെ ധാരാളം നേതാക്കൾ പയ്യന്നൂരിലെത്തി അറസ്റ്റ് വരിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ളൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് സി.വി. ബാലകൃഷ്ണൻ ജനിക്കുന്നത്. ആ ഒരു രാഷ്ട്രീയം എല്ലാ പയ്യന്നൂരുകാരെ പോലെ സി.വി.ബാലകൃഷ്ണനെയും സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കപടരാഷ്ട്രീയക്കാരെ തുറന്നുകാണിക്കാൻ അദ്ദേഹം ധൈര്യം കാണിക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ സംസാരിച്ചതിന് സി.വി. ബാലകൃഷ്ണൻറെ കാലിക്കടവിലെ ദിശ എന്ന വീടിന്റെ ചുമരിൽ 51 പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. മറ്റൊന്ന് പയ്യന്നൂരിന്റെ നാടക പാരമ്പര്യമാണ്. അതിനെക്കുറിച്ച് പരൽമീൻ നീന്തുന്ന പാടത്തിൽ സി.വി.എഴുതുന്നുമുണ്ട്.

‘‘ആണ്ടിൽ ഒന്നോ രണ്ടോ നാടകം മാത്രം കളിക്കുന്ന സ്‌ഥലത്തേക്ക് പല നാടകങ്ങളുമായി എങ്ങുനിന്നോ ഒരുകൂട്ടർ വന്നെത്തിയപ്പോൾ ദേശത്താകെ കുശാലായി. സംഘത്തിലെ നടികളായിരുന്നു അങ്ങാടിയിലും കുളപ്പടവുകളിലും കോലായകളിലും മുഖ്യ ചർച്ചാവിഷയം. അവർ യഥാർഥ സ്‌ത്രീകൾ തന്നെയാണോയെന്ന സംശയമുണ്ടായി ചിലർക്കെങ്കിലും. സംശയനിവൃത്തിക്കായി അത്തരക്കാർ ഒളിഞ്ഞും പതുങ്ങിയും ശ്രമം തുടരുന്നതിനിടയിൽ സംഘത്തിന്റെ പ്രഥമ നാടകം പ്രേക്ഷകർക്കു മുമ്പിലെത്തുകയായി. ദേശമെങ്ങും ചെണ്ടകൊട്ടി വിളംബരമുണ്ടായി.

യുപി സ്‌കൂളിന്റെ വടക്കേഹാളിലായിരുന്നു നാടകക്കൊട്ടക. നാലണ ടിക്കറ്റ്. നാലണയ്‌ക്കു പാങ്ങില്ലാത്തതിനാൽ ഞാൻ കൊട്ടകയിലേക്കു കയറിയത് കൊളുത്തില്ലാത്ത ഒരു ജനൽ പഴുതിലൂടെയാണ്. ആ ജനലിനു കൊളുത്തില്ലെന്നതു പല കുട്ടികൾക്കും വലിയ അനുഗ്രഹമായി. ഞങ്ങൾ ടിക്കറ്റെടുത്തവർക്കൊപ്പമിരുന്ന് നാടകം മുഴുവനായും കണ്ടു. അതൊരു കുറ്റാന്വേഷണനാടകമായിരുന്നു. കൊലപാതകം നടന്ന ബംഗ്ലാവിൽ വേലക്കാരനായി എത്തിയ ഒരു സിഐഡി അവസാനരംഗം ഒടുങ്ങാറായപ്പോഴാണ് തന്റെ മുഖത്തെ ആവരണം ചെയ്‌തിരുന്ന നേർത്ത പാട അടർത്തിമാറ്റിയത്. ഹാളിൽ കരഘോഷം മുഴങ്ങി.ഒരു ചങ്ങാതിയോടൊപ്പം പിറ്റേന്നും ഞാൻ പോയി നാടകത്തിന്. പക്ഷേ, കാണാനായില്ല. നാടകസംഘത്തിൽപ്പെട്ട ആരോ ജനലിന് കൊളുത്ത് ഉറപ്പിച്ചിരുന്നു. ഞങ്ങളവിടെ ഖേദംപൂണ്ട് നിൽക്കുമ്പോൾ അകത്ത് അക്‌ബർ ചക്രവർത്തിയുടെ പൊട്ടിച്ചിരി.’’

അന്നൂരിന്റെ നാടകപാരമ്പര്യത്തെക്കുറിച്ച് സി.വി. ബാലകൃഷ്ണൻ പറയുന്നതു നോക്കാം. ‘‘ വളരെ മുൻപുതന്നെ അന്നൂരിന് ഒരു നാടക പാരമ്പര്യമുണ്ട്. അവിടുത്തെ പൊതുമൈതാനത്ത് സംഗീതനാടകവും ഹാസ്യനാടകവുമെല്ലാം അരങ്ങേറും. സിനിമയേക്കാൾ നാടകത്തിനെയായിരുന്നു അക്കാലത്ത് ഞങ്ങൾ സ്‌നേഹിച്ചിരുന്നത്. അഭിനേതാക്കളും അരങ്ങിനു പിന്നിലുള്ളവരുമെല്ലാം അന്നൂരോ പയ്യന്നൂരോ ഉള്ളവരായിരിക്കും.

ഞാൻ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു നാടകട്രൂപ്പ് അന്നൂർ യുപി സ്‌കൂളിനടുത്തു കാളവണ്ടിയിൽ വരുന്നത്. പ്രത്യേകിച്ച് പേരൊന്നുമില്ലാത്ത സഞ്ചരിക്കുന്ന നാടക കലാവേദിയായിരുന്നു അത്. പയ്യന്നൂരിൽ ട്രെയിനിറങ്ങി, അവിടെ നിന്ന് കാളവണ്ടി വിളിച്ചു വരികയായിരുന്നു.

ഞങ്ങളുടെ നാട്ടിൽ അതൊരു കൗതുകമായിരുന്നു. ആദ്യമായിട്ടാണ് പുറത്തുനിന്നൊരു നാടകട്രൂപ്പ് അവിടെ വരുന്നത്. പയ്യന്നൂരിൽ സർക്കസുകാരും സൈക്കിൾ യജ്‌ഞക്കാരുമൊക്കെ വരാറുണ്ട്. ഈ നാടകക്കാർ എവിടെ നിന്നാണു വരുന്നതെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ ആർക്കും അറിയില്ലായിരുന്നു. ഒരാഴ്‌ചയായിരുന്നു അവരുടെ നാടകം. ഓരോ ദിവസവും ഓരോ നാടകം. സ്‌കൂളിൽ ടിക്കറ്റുവച്ചു നാടകം കളിച്ചു. യുപി സ്‌കൂളിന്റെ വടക്കേ ഹാളിലായിരുന്നു നാടകം അരങ്ങേറിയത്. ടിക്കറ്റിനു നാലണയാണ്. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം നാലണയൊന്നും വീട്ടിൽ നിന്നു തരില്ല. നാടകം കാണാതിരിക്കാനും മനസ്സ് അനുവദിക്കുന്നില്ല. അന്നേരമാണ് കൊളുത്തില്ലാത്ത ജനൽപഴുതു കാണുന്നത്. ആദ്യദിവസം അതിലൂടെ കയറി നാടകം കണ്ടു. വേലക്കാരന്റെ വേഷത്തിൽ വന്ന സിഐഡി അന്നുരാത്രിയിലെ ഉറക്കത്തിലും വന്നിരുന്നു. എല്ലാവരും കയ്യടിച്ചു. രണ്ടാംദിവസം ചരിത്ര നാടകമായിരുന്നു. പക്ഷേ, കാണാനൊത്തില്ല. നാടകക്കാർ ജനൽപഴുത് അടച്ചിരുന്നു.

മൂന്നാം ദിവസം ഹാസ്യനാടകമായിരുന്നു. എല്ലാം ഒന്നിനൊന്നു വ്യത്യസ്‌തം. പിന്നീട് ഇവരെ നാട്ടിലേക്കു കണ്ടിട്ടില്ല. നാട്ടുകാരെ പോലെ ഞാനും ആഗ്രഹിച്ചിരുന്നു, അവരൊരിക്കൽ കൂടി വന്നിരുന്നെങ്കിലെന്ന്. പരൽമീൻ നീന്തുന്ന പാടം വായിക്കുന്നവർക്കൊരു സംശയം വരും. ഇത് ആത്മകഥയാണോ? അതോ നോവലോ?. കാരണം നോവലിന്റെ ഘടനയിലാണ് പുസ്തകം എഴുതിയത്. അതേക്കുറിച്ചു ചോദിച്ചപ്പോൾ എഴുത്തുകാരന്റെ മറുപടി ഇങ്ങനെയായിരുന്നു–‘‘ പരൽമീൻ നീന്തുന്ന പാടം വ്യവസ്‌ഥാപിത ആത്മകഥ പോലെയല്ല ഞാൻ എഴുതിയത്. പലരും അതൊരു നോവലാണെന്നാണു കരുതിയത്. എന്റെ കുട്ടിക്കാലത്ത് പയ്യന്നൂരും അന്നൂരും ജീവിച്ചിരുന്നവരും പ്രകൃതിയുമൊക്കെയാണ് കൽപ്പിതകഥകൾ പോലെയുള്ള എഴുത്തിൽ വന്നിരിക്കുന്നത്. നഷ്‌ടപ്പെട്ട ഭൂതകാലത്തെ വീണ്ടെടുക്കുകയായിരുന്നു ഞാൻ. എന്റെ ബാല്യ–കൗമാരത്തിലെ ഓർമകളാണ് പരൽമീൻ നീന്തുന്ന പാടം.

പരിസ്ഥിതിയുടെ സാന്നിധ്യമാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട് എത്രമാത്രം പച്ചപ്പുനിറഞ്ഞതായിരുന്നെന്ന് ഇതിലെ ഓരോ അധ്യായവും നമ്മെ ബോധ്യപ്പെടുത്തും. വികസനം വരുമ്പോൾ നാടിന്റെ പച്ചപ്പെല്ലാം എവിടേക്കു പോകുന്നുവെന്നതൊരു ചോദ്യമാണ്. അതിനുത്തരം ഈ പുസ്തകത്തിലുണ്ട്. കൗമാരക്കാരന്റെ കണ്ണിലൂടെ എല്ലാം കണ്ടുകൊണ്ടാണ് സി.വി. ബാലകൃഷ്ണൻ എഴുതിയിരിക്കുന്നത്.

പുസ്തകത്തിന്റെ നാലാംപതിപ്പിന്റെ കവർ ചിത്രത്തെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് സാഹിത്യ അക്കാദമിയുടെ അവാർഡു ലഭിച്ച വിവരം അറിയുന്നത്. മൂന്നു പതിപ്പിനും വ്യത്യസ്തമായ കവർചിത്രങ്ങളായിരുന്നു. രണ്ടാംതവണയാണ് അക്കാദമി അവാർഡ് ‘ദിശ’യിലേക്കെത്തുന്നത്.