ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം കൊച്ചിയിൽ നിന്നും

കൊച്ചിക്കാർക്ക് ഇനി അഭിമാനിക്കാം. രാജ്യത്തെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം പുറത്തിറങ്ങുന്നത് കൊച്ചിയിൽ നിന്നുമാണ്. മനോജ് രവീന്ദ്രന്റെ 'മുസിരിസിലൂടെ' എന്ന പുസ്തകത്തിലാണ് ഓഗ്മെന്റഡ് റിയാലിറ്റി (സമീപ യാഥാര്‍ഥ്യം) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. മുസിരിസ് നഗരത്തിലൂടെയുള്ള ഒരു യാത്രാവിവരണമാണ് 'മുസിരിസിലൂടെ'.

യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒന്നാണ് ഓഗ്മെന്റഡ് റിയാലിറ്റി. യാഥാര്‍ഥ്യത്തെ പരിഷ്കരിച്ച് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ നേരിട്ടെന്ന പോലെ വായനക്കാർക്ക് കാണാനാകുന്നു. ശബ്ദത്തിന്റെയും ദൃശ്യങ്ങളുടെയും ജിപിഎസ് വിവരങ്ങളുടെയും ഗ്രാഫിക്സുകളുടേയും സഹായത്തോടെ മുസിരിസിനെ യാഥാര്‍ഥ്യയത്തിലെന്ന പോലെ കൺമുന്നിലെത്തിക്കുകയാണ് ഈ സാങ്കേതികവിദ്യ.

കടപ്പാട് : ഫെയിസ്ബുക്ക്

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതുവരെ 5 പുസ്തകങ്ങൾ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. ഓഗ്മെന്റഡ് റിയാലിറ്റി ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഉപയോഗിക്കുന്നത്. മറ്റു സാഹിത്യശാഖകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നത് യാത്രാവിവരണങ്ങളിലാണെന്ന് നിരക്ഷരൻ എന്ന പേരിൽ ബ്ലോഗുകൾ എഴുതുന്ന മനോജ് പറയുന്നു.

40 വീഡിയോകളും നൂറിൽപരം നിശ്ചലദൃശ്യങ്ങളും ആൻഡ്രോയിഡ് ഫോണിന്റെ സഹായത്തോടെ വായനക്കാർക്ക് കാണാനാകും. കോഴിക്കോട് നിന്നുള്ള പ്യാരി സിങ്ങും സംഘവുമാണ് പുസ്തകത്തിനായി സാങ്കേതികവിദ്യ ഒരുക്കിയത്. ജോ ജോഹർ എന്ന വീഡിയോഗ്രാഫറാണ് മുസിരിസിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ മനോജിന്റെ ആദ്യത്തെ പുസ്തകമാണിത്.

മെന്റർ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം കഴിഞ്ഞ ദിവസം ഫെയിസ്ബുക്കിലൂടെ പ്രകാശനം ചെയ്തിരുന്നു. ഒദ്യോഗിക പ്രകാശനം ഡിസംബർ 11ന് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വച്ചു നടക്കും.