പീറ്റർ റാബിറ്റ് ഇനി ബ്രിട്ടീഷ് നാണയത്തിൽ

ഹെലൻ ബിയാട്രിക്സ് പോട്ടർ എന്ന ഇംഗ്ലീഷ് ബാലസാഹിത്യകാരിയുടെ കൃതികൾക്ക് ലോകമെങ്ങും നിരവധി ആരാധകരാണുള്ളത്. ബിയാട്രിക്സ് സൃഷ്ടിച്ച പീറ്റർ റാബിറ്റ് എന്ന കഥാപാത്രമാകട്ടെ അക്ഷരങ്ങളിലൂടെ കുട്ടികളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനുമായി. ബിയാട്രിക്സിന്റെ 150ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി പീറ്റർ റാബിറ്റിന്റെ ചിത്രമടങ്ങിയ നാണയങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടണിലെ റോയൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കറൻസി.

ബ്രിട്ടീഷ് നാണയത്തിൽ മുഖം കാണിക്കുന്ന ആദ്യ ബാലസാഹിത്യകഥാപാത്രമാണ് പീറ്റർ റാബിറ്റ്. അൻപത് പെൻസിന്റെ വെള്ളി നാണയങ്ങളിലാണ് പീറ്ററിന്റെ വർണ്ണ ചിത്രം പതിപ്പിച്ചിരിക്കുന്നത്. ബിയാട്രിക്സ് പോട്ടർ സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായതിനാലാണ് പീറ്ററിനെ തിരഞ്ഞെടുത്തതെന്ന് റോയൽ മിന്റ് പറയുന്നു. ബിയാട്രിക്സ് രൂപം നൽകിയ മറ്റു മൂന്നു കഥാപാത്രങ്ങൾ കൂടി ഈ വർഷം തന്നെ ബ്രിട്ടീഷ് നാണയങ്ങളിൽ ഇടം നേടും.

നാണയം രൂപകൽപ്പന ചെയ്യുന്ന എമ്മ നോബിളാണ് പീറ്റർ റാബിറ്റിന്റെ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നീല ജാക്കറ്റ് ധരിച്ചിരിക്കുന്ന പീറ്റർ റാബിറ്റിന്റെ ചിത്രം ഏറെ ആകർഷകവുമാണ്. നിറമില്ലാത്ത ചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കാനും റോയൽ മിന്റ് ആലോചിക്കുന്നുണ്ട്.

പീറ്ററിന്റെയും സഹോദരങ്ങളായ ഫ്ലോപ്സി, മോപ്സി, കോട്ടൺടെയിൽ എന്നിവരുടെയും കഥ പറയുന്ന 'ദ ടെയിൽ ഓഫ് പീറ്റർ റാബിറ്റാ'ണ് ബിയാട്രിക്സ് പോട്ടറുടേതായി ആദ്യം പുറത്തിറങ്ങിയ പുസ്തകം. 1902ൽ ഫ്ര‍ഡറിക് വാൺ ആൻഡ് കോ ആണ് പുസ്തകം പുറത്തിറക്കിയത്. 'ദ ടെയിൽ ഓഫ് പീറ്റർ റാബിറ്റി'നു പുറമെ 'ദ ടെയിൽ ഓഫ് സ്കുരൽ നട്കിൻ', 'ടെയിൽ ഓഫ് ബഞ്ചമിൻ ബണ്ണി', ' ദ ഫെയറി കാരവാൻ ' തുടങ്ങി 23 കഥകളാണ് ബിയാട്രിക്സ് രചിച്ചിട്ടുള്ളത്.