മൗനം ചിലപ്പോൾ ഒരു സൂത്രമാണ്

Representative Image

മൗനമെന്നത് ഒരു സൂത്രമാവുന്നു... 

ഞാനും നീയും മാത്രമാവുമ്പോൾ,

നിന്നിൽ നിന്നെന്നെ മറച്ചു പിടിക്കാൻ.. 

ഒഴിഞ്ഞു മാറുമ്പോൾ, 

ഒഴുകിയെത്തുന്ന സ്നേഹം 

കണ്ടില്ലെന്നു നടിക്കാൻ.. 

കാത്തു നിന്നു മഞ്ഞച്ച വൈകുന്നേരങ്ങൾ, 

മറന്നുവെന്ന് മനസ്സു കൊണ്ടു പിറുപിറുക്കാൻ.. 

ചേർത്തണക്കാൻ വൈകിപ്പോയ, 

നീളമേറുന്ന നിമിഷങ്ങളോടൊപ്പം-

ഞാനത് കൂട്ടികെട്ടുന്നു. 

നിശബ്ദത നിന്നെത്തേടലാണെന്നു 

നീ തിരിച്ചറിയും വരെ.. 

പിന്നെയും പുണർന്നു പുണർന്നു 

അലിഞ്ഞില്ലാതാവും വരെ... 

മുദ്ര വെക്കപ്പെട്ട ചുണ്ടുകൾ -

വാക്കുകൾ കൊണ്ട് മുറിപ്പെടുന്നത് വരെ.. 

ഞാനാ സൂത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.

അറിഞ്ഞിട്ടും അറിയില്ലെന്ന്... 

ഒരു പിണക്കത്തിനപ്പുറം 

ഇണക്കത്തിലാവുന്നതു വരെ 

മാത്രമുള്ള തന്ത്രമെന്ന്, 

ചിരപരിചിതമായ എന്റെ മൗനത്തെ 

നിസ്സംഗതയോടെ -

നീ തിരിച്ചയക്കുമായിരിക്കും, 

അപ്പോഴും.. 

കോർത്തു പിടിക്കാൻ കൊതിച്ചു കൊണ്ട്, 

എന്റെ വിരലുകൾ -

നിന്നെ തേടിക്കൊണ്ടിരിക്കും. 

ഒടുവിൽ നേർത്തു നേർത്തു 

സ്വയം ഉൾവലിഞ്ഞു.. 

ഞാനും നീയും നമ്മുടെ നിമിഷങ്ങളും.. 

അതെ,വെറുതെയെന്നറിഞ്ഞിട്ടും 

പ്രയോഗിക്കപ്പെടുന്ന ഒരു സൂത്രം 

മാത്രമാണെനിക്ക് മൗനം.