"മഴ പെയ്ത് വീട് മൊത്തം ചോരുകയാണെ, വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു, ഒരു മരം ആണേൽ വീടിന്റെ മുകളിലോട്ട് ചാഞ്ഞ് കിടപ്പുണ്ട്, കാറ്റ് അടിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു തീ ആണ്.." സുലോചന അത് പറയുമ്പോൾ അവളുടെ മുഖത്തെ ഭയം രാഘവൻ ശ്രദ്ധിച്ചു,

"മഴ പെയ്ത് വീട് മൊത്തം ചോരുകയാണെ, വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു, ഒരു മരം ആണേൽ വീടിന്റെ മുകളിലോട്ട് ചാഞ്ഞ് കിടപ്പുണ്ട്, കാറ്റ് അടിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു തീ ആണ്.." സുലോചന അത് പറയുമ്പോൾ അവളുടെ മുഖത്തെ ഭയം രാഘവൻ ശ്രദ്ധിച്ചു,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"മഴ പെയ്ത് വീട് മൊത്തം ചോരുകയാണെ, വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു, ഒരു മരം ആണേൽ വീടിന്റെ മുകളിലോട്ട് ചാഞ്ഞ് കിടപ്പുണ്ട്, കാറ്റ് അടിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു തീ ആണ്.." സുലോചന അത് പറയുമ്പോൾ അവളുടെ മുഖത്തെ ഭയം രാഘവൻ ശ്രദ്ധിച്ചു,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രി പുറത്ത് മഴ തുടങ്ങിയപ്പോൾ ഉടുത്തിരുന്ന മുണ്ടഴിച്ച് പുതച്ചുകൊണ്ട് അയാൾ ഒന്ന് കൂടി ഒതുങ്ങിക്കൂടി കിടന്നു. വീണ്ടും മഴ ശക്തമായി തുടങ്ങിയപ്പോൾ ഓലമേഞ്ഞ കുടിലിലേക്ക് തണുപ്പ് അരിച്ചു കയറുന്നതിനൊപ്പം ചോർന്നൊലിക്കാനും തുടങ്ങി കഴിഞ്ഞിരുന്നു.. അയാളുടെ മേലേക്ക് വെള്ളം ഇറ്റിറ്റു വീണ് തുടങ്ങിയപ്പോൾ ഉറക്കം നഷ്ടമായ അരിശത്തോടെ പുതച്ചിരുന്ന മുണ്ട് വീണ്ടും ഉടുത്ത് കൊണ്ട് ആ പഴയ കട്ടിലിൽ എഴുന്നേറ്റിരുന്നു. മേശപ്പുറത്ത് നിന്ന് തീപ്പെട്ടി തപ്പി കണ്ടുപിടിച്ച് കത്തിച്ചതിന്റെ മങ്ങിയ വെളിച്ചത്തിൽ മേശപ്പുറത്ത് ഇരുന്ന മണ്ണെണ്ണ വിളക്ക് അയാൾ കണ്ടു, കത്തിച്ച തിരി അതിന്റെ അടുക്കലേക്ക് നീക്കി വിളക്ക് കത്തിച്ചു. മങ്ങിയ വെട്ടത്തിൽ കത്തുന്ന വിളക്കെടുത്ത് അയാൾ ഒന്ന് കുലുക്കി നോക്കി, 'പണ്ടാരം അതും കഴിഞ്ഞോ..' പിറുപിറുത്ത് കൊണ്ട് കൈ വീശി മങ്ങിയ വിളക്ക് അണച്ചു. പിന്നെ മേശപ്പുറത്ത് ഇരുന്ന ബീഡി കവറിൽ നിന്ന് ഒരെണ്ണം എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു. ഒരു കൈ കാലുകൾക്ക് ഇടയിലേക്ക് വച്ച് ഒരു കൈ കൊണ്ട് അയാൾ ബീഡി വലിച്ച് പുക നീട്ടി വിട്ടുകൊണ്ട് കട്ടിലിൽ ഇരുന്നു. ആ ബീഡി എരിഞ്ഞു തീർന്നപ്പോൾ അയാൾ എഴുന്നേറ്റ് പൊളിഞ്ഞു വീഴാറായ വാതിൽ തുറന്നു, അപ്പോഴേക്കും തണുത്ത കാറ്റ് ഉള്ളിലേക്ക് കയറി. ബീഡികുറ്റി പുറത്തേക്ക് ഇട്ട് മഴ നനയാതെ വീടിന്റെ ഓരം ചേർന്ന് അയാൾ നടന്നു. വീടിന്റെ മൂലയിൽ നിന്ന് മൂത്രമൊഴിച്ച് അയാൾ വീണ്ടും അകത്തേക്ക് കയറി വാതിൽ  അടച്ചു, പിന്നെ വെള്ളം വീഴാത്ത കട്ടിലിന്റെ ഒരു വശം ചേർന്ന് വീണ്ടും മുണ്ടഴിച്ച് പുതച്ച് അയാൾ ഒതുങ്ങിക്കൂടി കിടന്നു..

പതിവ്‌പോലെ രാവിലെ പള്ളിയിൽ നിന്ന് ഉച്ചത്തിൽ വാങ്ക് വിളി ഉയർന്നപ്പോൾ അയാൾ കണ്ണ് തുറന്നു. കുറച്ച് നേരം കൂടി കണ്ണ് തുറന്ന് കിടന്നശേഷം പുതച്ചിരുന്ന മുണ്ട് ഉടുത്ത് കട്ടിലിൽ ഇരുന്നു, മേശപ്പുറത്ത് നിന്ന് വീണ്ടും ഒരു ബീഡി എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ചു, ബീഡി വലിച്ചു കൊണ്ട് തന്നെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. രാത്രി പെയ്ത മഴയിൽ മുറ്റത്ത് കുറച്ച് വെള്ളം തങ്ങി നിൽപ്പുണ്ട്, വാതിൽപ്പടിയും ചാരി നിന്ന് ബീഡി വലിക്കുമ്പോൾ സൂര്യ രശ്മികൾ ഭൂമിയിൽ പതിച്ചു തുടങ്ങിയിരുന്നു.. വലിച്ച ബീഡികുറ്റി മുറ്റത്തേക്ക് എറിഞ്ഞ് പൊളിഞ്ഞു വീഴാറായ അടുക്കളയിലേക്ക് നടന്നു, രാത്രി പെയ്ത മഴയിൽ അടുക്കളയാകെ നനഞ്ഞു കുതിർന്ന് കിടക്കുകയാണ്, അടുപ്പിൽ നിറയെ വെള്ളം വീണ് അടുപ്പിന്റെ സൈഡിൽ ഇരുന്ന വിറക് മുഴുവൻ നനഞ്ഞിരുന്നു. അരിശത്തോടെ അയാൾ പുറം കൈകൊണ്ട് വിറകുകൾ തട്ടി താഴെയിട്ടു.. അടുക്കളയിലെ ഒരു മൂലയിൽ ഇരുന്ന പഴയ മണ്ണെണ്ണ സ്റ്റൗ എടുത്ത് കുലുക്കി നോക്കിയപ്പോൾ അടിയിലെങ്ങാണ്ട് കുറച്ച് മണ്ണെണ്ണ ഉണ്ടെന്ന് മനസ്സിലായി. അത് കത്തിച്ച് ചായ പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് വച്ചു, തിളയ്ക്കുന്ന വെള്ളത്തിലേക്ക് അൽപ്പം ചായപ്പൊടിയും ഇട്ട് അത് വാങ്ങിവച്ചു. അത് ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഗ്ലാസ്സുമായി മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഒഴിഞ്ഞ പഞ്ചസാര പാത്രത്തിന് മുകളിൽ കൂനൻ ഉറുമ്പുകൾ വരിവരിയായി നടക്കുന്നത് അയാൾ കണ്ടു..

ADVERTISEMENT

കുടിച്ച ഗ്ലാസ് അടുക്കളയിൽ കൊണ്ട് വച്ച്, അടുപ്പിൽ നനഞ്ഞ ചാരത്തിൽ നിന്ന് കരിക്കട്ട രണ്ടെണ്ണം എടുത്ത് പുറത്തേക്ക് നടന്നു, കിണറ്റിൻ കരയിലെ കല്ലിൽ കൊണ്ട് ചെന്ന് കരിക്കട്ട ഇടിച്ച് പൊട്ടിച്ച് ഇടത്തെ കൈ വെള്ളയിൽ തട്ടിയിട്ട് വലുത് കൈയ്യിലെ ചൂണ്ടുവിരൽ കരിക്കട്ട പൊടിയിൽ മുട്ടിച്ച് ചൂണ്ട് വിരൽ കൊണ്ട് അയാൾ പല്ല് തേച്ച് തുടങ്ങി. പല്ല് തേയ്പ്പിനൊപ്പം മുറ്റത്ത് കെട്ടി കിടന്ന മഴ വെള്ളം ഒലിച്ചു പോകാൻ കാലുകൾ കൊണ്ട് ഒരു ചാലുണ്ടാക്കി.. മൂന്നുനാലു തവണ വിരൽ കൊണ്ട് പല്ല് തേച്ച് കഴിഞ്ഞ് കൈയ്യിൽ ബാക്കി ഉണ്ടായിരുന്ന പൊടി തട്ടികളഞ്ഞു. തെങ്ങിന്റെ ചാഞ്ഞ ഓലയിൽ നിന്ന് ഒരു ഈർക്കിൽ എടുത്ത് രണ്ടായി പിളർന്ന് നാക്കും വടിച്ച് നേരെ കിണറ്റിൻ ചോട്ടിലേക്ക് നടന്നു. ബക്കറ്റിൽ കിടന്ന കപ്പ് കൊണ്ട് വെള്ളം കോരി വായും മുഖവും കൈയ്യും കാലും കഴുകി അയാൾ തിരികെ വീട്ടിലേക്ക് കയറി.. തോർത്ത് കൊണ്ട് മുഖം തുടച്ച് കൈ കൊണ്ട് വളർന്ന് കിടക്കുന്ന മുടിയും താടിയും ഒന്ന് ഒതുക്കി, ഒരു ബീഡിയും വലിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.. "ആ രാഘവാ, നിന്നോട് ആ തങ്ങളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു തങ്ങൾ..." വീടിന്റെ മുന്നിലൂടെയുള്ള ഇടവഴിയിൽ കൂടി പാലും കൊടുത്ത് തിരികെ പോകുന്ന കേശു വിളിച്ച് പറഞ്ഞപ്പോൾ ബീഡിയുടെ പുക പുറത്തേക്ക് ഊതി തലയാട്ടി അയാൾ നിന്നു. 'ഇന്ന് എന്തായാലും വയറുനിറച്ച് ആഹാരം കിട്ടും' ഒഴിഞ്ഞ വയറും തടവി രാഘവൻ ബീഡികുറ്റി പുറത്തേക്ക് എറിഞ്ഞ് വീട്ടിലേക്ക് കയറി. അലക്കി ഇട്ടിരുന്ന നരച്ച കാവിമുണ്ടും, നരച്ച് കീറാറായ ഷർട്ടും ഇട്ട് ബീഡിയും തീപ്പെട്ടിയും പോക്കറ്റിൽ ഇട്ട് ഒരു തോർത്ത് എടുത്ത് ഇളിയിൽ ചുറ്റികൊണ്ട് വാതിലും അടച്ച് തങ്ങളുടെ വീട്ടിലേക്ക് നടന്നു രാഘവൻ..

തങ്ങളുടെ വീടിന്റെ വലിയ ഗേറ്റ് തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ തങ്ങളും ഭാര്യയും ഇരിപ്പുണ്ട്, മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ട് ഭവ്യതയോടെ  അയാൾ തങ്ങളുടെ അടുക്കലേക്ക് നടന്നു.. "ആ രാഘവാ.. പുറക് വശത്ത് കുറച്ച് വിറക് ഇറക്കിയിട്ടുണ്ട് അതൊക്കെ ഒന്ന് കീറി ഇടണം, പിന്നെ പറമ്പിലും കുറച്ച് പണിയുണ്ട്.." തങ്ങൾ അത് പറഞ്ഞപ്പോൾ രാഘവൻ തലയാട്ടി നിന്നു.. "എന്നാ ആദ്യം വിറക് കീറി ഇട്.." അത് പറഞ്ഞ് തങ്ങൾ പുറത്തേക്ക് പോകാനായി എഴുന്നേറ്റു. "രാഘവൻ ഒന്നും കഴിച്ച് കാണില്ലല്ലോ അടുക്കളയിലേക്ക് വാ..." തങ്ങളുടെ ഭാര്യ തലയിൽ കിടന്ന ഷാൾ നേരെ ഇട്ടുകൊണ്ടു പറയുമ്പോൾ രാഘവൻ ചിരിച്ചുകൊണ്ട് തലയും ചൊറിഞ്ഞ് അടുക്കള വശത്തേക്ക് നടന്നു.. "രാഘവന് പഴങ്കഞ്ഞി മതിയല്ലോ ല്ലേ.." തങ്ങളുടെ ഭാര്യ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചപ്പോൾ രാഘവൻ അരയിൽ കെട്ടിയിരുന്ന തോർത്ത് തിണ്ണയിലേക്ക് ഇട്ട് കൊണ്ട് അവിടെ ഇരുന്നു.. "നീ ആ കുഴിയൻ പാത്രത്തിലേക്ക് ഇന്നലത്തെ ചോറും ചക്കയും ഇട്ട് ആ മോര് കറിയും ഒഴിച്ച് കൊടുക്ക്. ചൂടാക്കിയ മീൻ കറി ഒരു പാത്രത്തിലേക്ക് എടുക്ക്.." അകത്ത് നിന്ന് തങ്ങളുടെ ഭാര്യ ആരോടോ പറയുന്നത് കേട്ടപ്പോൾ രാഘവന്റെ ഉള്ളിലെ വിശപ്പിന്റെ വിളി വീണ്ടും കൂടി വന്നു.. അൽപ്പം കഴിഞ്ഞപ്പോഴേക്കും കറുത്ത് മെലിഞ്ഞ ഒരു സ്‌ത്രീ രാഘവന്റെ മുൻപിൽ ഭക്ഷണം കൊണ്ട് വച്ചു. രാഘവൻ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവർ അയാളെ നോക്കി ഒന്ന് ചിരിച്ചു.. "ഈ പച്ചമുളക് കൂടി കൊടുക്ക് സുലോചന..." തങ്ങളുടെ ഭാര്യ അടുക്കള വാതിൽക്കല്‍ നിന്ന് പറഞ്ഞപ്പോൾ രാഘവനിൽ നിന്ന് നോട്ടം മാറ്റി ആ സ്ത്രീ മുളക് വാങ്ങി രാഘവന്റെ നേർക്ക് നീട്ടി. രാഘവൻ അത് വാങ്ങി രണ്ട് വിരൽ കൊണ്ട് പഴഞ്ചൊറിലേക്ക് വച്ച് ആ മുളക് പൊട്ടിച്ചു, അത് എല്ലാം കൂടി പഴങ്കഞ്ഞിയിൽ ഇട്ട് ഇളക്കി തുടങ്ങി...

ADVERTISEMENT

"രാഘവന്റെ ഇഷ്ട ഭക്ഷണം ആണ്, ഇത് കഴിച്ചാൽ ഇനി വൈകുന്നേരം വരെ വേണമെങ്കിലും ഒന്നും കഴിക്കാതെ നിന്നോളും.." തങ്ങളുടെ ഭാര്യ അത് പറഞ്ഞ് അകത്തേക്ക് കയറി പോകുമ്പോൾ സുലോചനയും പുറകെ കയറിപ്പോയി. പഴങ്കഞ്ഞി എല്ലാം കഴിച്ച് അതിലെ വെള്ളവും കുടിച്ച് ഒരു ഏമ്പക്കം വിട്ട് ചിറിയും തുടച്ച് കൊണ്ട് പാത്രങ്ങൾ എടുത്ത് അയാൾ പൈപ്പിന്റെ ചുവട്ടിലേക്ക് നടന്നു. പാത്രം കഴുകി അടുക്കളയിലെ സ്ലാബിൽ വയ്ക്കുമ്പോൾ സുലോചന അയാളെ നോക്കി ഒന്ന് ചിരിച്ചു, അയാളും ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും തിണ്ണയിൽ പോയി ഇരുന്ന് പോക്കറ്റിൽ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ച് വലി തുടങ്ങി.. ബീഡി വലിച്ച് കഴിഞ്ഞ് ഡ്രെസ്സ് മാറി തോർത്തും ഉടുത്ത് കൊണ്ട്, ചായ്പ്പിൽ വച്ചിരുന്ന കോടാലി എടുത്ത് വിറക് കീറാൻ തുടങ്ങി. ഇടയ്ക്ക് കുടിക്കാനുള്ള വെള്ളം തിണ്ണയിൽ കൊണ്ട് വയ്ക്കുമ്പോഴും, പുറത്തേക്ക് ഇറങ്ങുമ്പോഴുമൊക്കെ സുലോചന ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു. എല്ലാവരും ദേഷ്യത്തോടെയും അറപ്പോടെയും തന്റെ മുഖത്ത് നോക്കുമ്പോൾ ആദ്യമായിട്ട് ആണ് ഒരു സ്ത്രീ തന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് എന്നയാൾ ഓർത്തു. ഉച്ചയ്ക്ക് നല്ല എരിവുള്ള മീൻ കറി കൂട്ടി ചോറ്‌ കഴിക്കുമ്പോഴും, വൈകുന്നേരം ചായയും പലഹാരവും തരുമ്പോഴും അവളുടെ നോട്ടം തന്നിൽ പതിയുന്നത് അയാൾ ശ്രദ്ധിച്ചു. "രാഘവാ മൂന്ന് നാല് ദിവസം കൂടി പറമ്പിൽ പണി കാണും, രാവിലെ ഇങ്ങു എത്തിയേക്കണം..." വൈകുന്നേരം കൂലി കൊടുക്കുമ്പോൾ ആണ് തങ്ങൾ അത് പറഞ്ഞത്, പതിവ്പോലെ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് രാഘവൻ നടന്നു. തന്റെ പുറകെ നടന്ന് വരുന്ന സുലോചനയുടെ സാന്നിധ്യം രാഘവൻ അറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. കവലയിൽ എത്തി രണ്ടാളും രണ്ട് വഴി പിരിയുമ്പോൾ സുലോചന രാഘവനെ നോക്കി ചിരിക്കാൻ മറന്നില്ല. കവലയിൽ നിന്ന് രണ്ട് പായ്ക്കറ്റ് ബീഡിയും വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും വാങ്ങി ബീഡിയും വലിച്ച് അയാൾ തന്റെ കുടിലിലേക്ക് നടന്നു.

അന്ന് രാത്രിയും മഴ അയാളുടെ ഉറക്കം കെടുത്തിയെങ്കിലും, ഉണരുമ്പോഴൊക്കെ അയാളുടെ മനസ്സിൽ സുലോചനയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു. പിറ്റേന്ന് രാവിലെ മധുരമുള്ള കട്ടൻ ചായയും കുടിച്ച് കൊണ്ട് തങ്ങളുടെ വീട്ടിലേക്ക് അയാൾ പോയി.. "സുലോചനേ രാഘവനുള്ള ആഹാരം എടുത്ത് വയ്ക്ക്.." തങ്ങളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ തങ്ങളുടെ ഭാര്യ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു, രാഘവൻ പതിവ് പോലെ ചിരിച്ചുകൊണ്ട് അടുക്കളവശത്തെ തിണ്ണയിൽ ചെന്നിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ കുഴിയൻ പാത്രത്തിൽ പഴങ്കഞ്ഞിയുമായി സുലോചന രാഘവന്റെ അടുക്കലേക്ക് വന്നു, അത് അയാൾക്ക് മുന്നിൽ വച്ചു, ആർത്തിയോടെ രാഘവൻ കഴിക്കുന്നതും നോക്കി അൽപ്പം മാറി നിന്നു സുലോചന.. "നിങ്ങടെ വീട് എവിടെയാ...." രാഘവൻ കഴിക്കുന്നതിനിടയിൽ സുലോചന ചോദിച്ചു.. "ഇവിടെ അടുത്താ..." പഴങ്കഞ്ഞി വലിച്ച് കുടിച്ച് ചിറി തുടച്ച് ചിരിച്ചുകൊണ്ട് രാഘവൻ പറഞ്ഞു. അന്ന് പിന്നെയും അവരുടെ കണ്ണുകൾ തമ്മിൽ കോർക്കുമ്പോൾ രണ്ടുപേരുടെയും മുഖത്ത് ചിരി വിരിഞ്ഞു. വൈകുന്നേരം കൂലിയും വാങ്ങി രാഘവൻ നടക്കുമ്പോൾ അയാളുടെ തൊട്ടു പിന്നാലെ സുലോചനയും ഉണ്ടായിരുന്നു.. "എവിടെയാ ഈ ടാർപ്പ കിട്ടുക.." കവലയിൽ എത്തുംമുൻപേ സുലോചന രാഘവനോട് ചോദിച്ചു, രാഘവൻ ഒന്ന് തിരിഞ്ഞ് അവളെ നോക്കി. "മഴ പെയ്ത് വീട് മൊത്തം ചോരുകയാണെ, വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു, ഒരു മരം ആണേൽ വീടിന്റെ മുകളിലോട്ട് ചാഞ്ഞ് കിടപ്പുണ്ട്, കാറ്റ് അടിക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു തീ ആണ്.." സുലോചന അത് പറയുമ്പോൾ അവളുടെ മുഖത്തെ ഭയം രാഘവൻ ശ്രദ്ധിച്ചു, അയാൾ ഒന്നും മിണ്ടാതെ അവരെയും കൂട്ടി കടയിൽ എത്തി. എടുത്ത് നോക്കിയതിന്റെ വില കേട്ടപ്പോൾ കൈയ്യിൽ മടക്കി പിടിച്ചിരുന്ന നോട്ട് അവർ മറിച്ച് നോക്കുന്നത് രാഘവൻ ശ്രദ്ധിച്ചു. "കുറഞ്ഞ സാധനം മതിയായിരുന്നു.." സുലോചന കടക്കാരൻ കേൾക്കാതെ രാഘവനോട് പതിയെ പറഞ്ഞു. ഉള്ളതിൽ നല്ലത് തന്നെ രാഘവൻ എടുത്ത് പൈസയും കൊടുത്തപ്പോൾ സുലോചനയുടെ മുഖം ഒന്ന് മങ്ങി. "വാങ്ങുമ്പോൾ നല്ലത് തന്നെ ഇടണം അല്ലെ പെട്ടെന്ന് കീറിപ്പോകും, പൈസ ഞാൻ പിന്നെ വാങ്ങിക്കോളാം..." അത് പറഞ്ഞ് മറുപടി കേൾക്കാൻ നിൽക്കാതെ രാഘവൻ നടക്കുമ്പോൾ സുലോചനയും വീട്ടിലേക്ക് നടന്നു.

ADVERTISEMENT

അന്ന് രാത്രി പതിവിലും വലിയ കാറ്റും മഴയും വന്നപ്പോൾ അതുവരെ ഇല്ലാത്ത ഒരു പേടി അന്ന് ആദ്യമായി രാഘവന്റെ ഉള്ളിൽ ഉണ്ടായി, കാറ്റ് ശക്തമായി വീശുമ്പോൾ അയാളുടെ മനസ്സിൽ സുലോചന പറഞ്ഞ വാക്കും അപ്പോൾ ആ മുഖത്ത് കണ്ട ഭീതിയും ആയിരുന്നു.. 'ഈശ്വരാ..' അന്ന് ആദ്യമായി അയാൾ ദൈവത്തെ വിളിച്ച് പ്രാർഥിച്ചു. അന്ന് രാത്രി ഉറങ്ങാൻ കഴിയാതെ അയാൾ ഇരുന്ന് നേരം വെളുപ്പിച്ചു, നേരം വെളുക്കുമ്പോഴേക്കും അയാൾ രണ്ട് പായ്ക്കറ്റ് ബീഡി വലിച്ച് തീർത്തിരുന്നു. അന്ന് രാവിലെ ചായയൊന്നും ഇട്ടു കുടിക്കാൻ നിൽക്കാതെ പല്ല് തേപ്പ് കഴിഞ്ഞ് പെട്ടെന്ന് തന്നെ തങ്ങളുടെ വീട്ടിലേക്ക് നടന്നു.. "ആ നീ രാവിലെ തന്നെ എത്തിയോ.." രാഘവൻ ചെല്ലുമ്പോൾ എങ്ങോട്ടോ പോകാനായി ഇറങ്ങിയ തങ്ങളെയും ഭാര്യയേയും ആണ് കാണുന്നത്. "ആ രാഘവാ.. ഇന്ന് നീ നിൽക്കേണ്ട, ആ ജോലിക്ക് വരുന്ന പെണ്ണ് ഇല്ലേ ഇന്നലെ രാത്രി അവരുടെ വീടിന്റെ മുകളിൽ കൂടി മരം വീണു. മഴ ആയത് കൊണ്ട് ആരും അറിഞ്ഞിരുന്നില്ല, രാവിലെ ആരൊക്കെയോ അറിഞ്ഞ് എത്തിയപ്പോഴേക്കും...." തങ്ങൾ അത് പറഞ്ഞ് മുഴുവിപ്പിക്കാതെ നിർത്തിയപ്പോൾ രാഘവൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്നുപോയി.. "നീ വരുന്നെങ്കിൽ കയറ്, ഞങ്ങൾ അങ്ങോട്ടാ..." തങ്ങൾ വണ്ടിയിൽ കയറി പറഞ്ഞപ്പോൾ രാഘവൻ പതിവ്പോലെ തലയും ചൊറിഞ്ഞ് ചിരിച്ച് കൊണ്ട് തിരിഞ്ഞു നടന്നു. "ഇവന് എന്ത് പറഞ്ഞാലും ചിരി മാത്രമേയുള്ളൂ..." തങ്ങൾ അതും പറഞ്ഞ് വണ്ടിയും കൊണ്ട് പോയി, രാഘവൻ പോക്കറ്റിൽ നിന്ന് ഒരു ബീഡി എടുത്ത് കത്തിച്ച് വലിച്ച് മുന്നോട്ട് നടന്നു, അന്ന് ആദ്യമായി അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിഞ്ഞു.. കണ്ണുനീർ തുടച്ച് ബീഡി ആഞ്ഞ് വലിച്ച് നടക്കുമ്പോൾ അയാളുടെ മുന്നിലൂടെ ഒരു ആംബുലൻസ് മെല്ലെ നീങ്ങി, അതിൽ അവളുടെയും അമ്മയുടെയും ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പതിച്ചിരുന്നു, ആ ചിരിക്കുന്ന ഫോട്ടായിൽ നോക്കുമ്പോൾ അയാളുടെ മുഖത്തും ഒരു ചിരി വിരിഞ്ഞു..

Content Summary: Malayalam Short Story ' Raghavan ' written by Syam Kallukuzhiyil