സത്യത്തിന്റെ പല മുഖവുമായി റാഷമോണ്‍

ജാപ്പനീസ് സംവിധായകനായ അകിരാ കുറസോവയുടെ മികച്ചതെന്ന് വിളിക്കാവുന്ന ചിത്രമാണ് റാഷമോണ്‍. 1951ല്‍ വെനീസ് ചലച്ചിത്രോല്‍സവത്തില്‍ ഉന്നത ബഹുമതി ലഭിച്ചതോടെയാണ് കുറസോവയും ജാപ്പനീസ് സിനിമയും ലോകസിനിമാ ചരിത്രത്തില്‍ ഇടം നേടുന്നത്.

സുഗാറ്റ സാന്‍ഷിറോ, സെവന്‍ സാമുറായി, ഇക്കീറു, ഡ്രംഗണ്‍ എയ്ഞ്ചല്‍ തുടങ്ങിയവ കുറസോവയുടെ ചിത്രങ്ങളില്‍ ചിലതാണ്. നവദമ്പതികളായ താഗത്തിറോയും ഭാര്യ മസാഗോയും വനാന്തരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ താജോമോരു എന്ന കൊള്ളക്കാരന്‍ ഭര്‍ത്താവിനെ വധിക്കുകയും ഭാര്യയെ ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്നു.

ഇൌ സംഭവത്തെ കോടതിയില്‍ വിശദീകരിക്കുമ്പോള്‍ ഭാര്യ, കൊലയാളി, ദൃക്സാക്ഷിയായ വിറകുവെട്ടുകാരന്‍ എന്നിവര്‍ വ്യത്യസ്ത രീതിയിലാണ് ഇൌ സംഭവത്തെ വിശദീകരിക്കുന്നത്. കൊല്ലപ്പെട്ട താഗത്തിറോയുടെ പ്രേതവും പ്രത്യക്ഷപ്പെട്ട് സംഭവത്തിന്റെ മറ്റൊരു വശം വിവരിക്കുന്നു.

അകിര കുറസോവ

സത്യത്തിന്റെ ആപേക്ഷികതയെ വ്യത്യസ്ത കണ്ണിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് റാഷമോണ്‍ എന്ന സിനിമയുടെ പ്രധാന ഇതിവൃത്തം ഒാരോരുത്തരും തന്റെ പക്ഷത്തെ ന്യായീകരിച്ചുകൊണ്ടാണ് കൊലപാതകത്തെയും ബലാല്‍സംഗത്തെയും അവതരിപ്പിക്കുന്നത്. ഒാരോരുത്തരുടെയും വിവരണങ്ങള്‍ കാണുമ്പോള്‍ അവര്‍ പറയുന്നത് ശരിയെന്നു തോന്നുന്നത് സ്വാഭാവികം. 'ഒരു ചരിത്രസംഭവത്തിനും പൂര്‍ണ സത്യം എന്ന ഒന്നില്ല' എന്ന ആശയമാണ് സിനിമ സംവേദനം ചെയ്യാന്‍ ശ്രമിക്കുന്നത്.

1950ല്‍ പുറത്തിറങ്ങിയ റാഷമോണ്‍ അകിരാ കുറസോവയ്ക്കും ജാപ്പനീസ് സിനിമയ്ക്കും ലോക സിനിമാ ചരിത്രത്തില്‍ ക്ളാസിക് എന്ന പദവി നേടിക്കൊടുത്തു.