ഞാനും അഭിനയം ഉപേക്ഷിക്കാം ; മോഹൻലാലിന്റെ മറുപടി കേട്ട വൈശാഖ് ഞെട്ടി

പുലിമുരുകൻ സിനിമയിൽ പല പ്രതിസന്ധിഘട്ടങ്ങൾ വന്നപ്പോഴും മോഹൻലാൽ എന്ന ലെജന്റ് ആണ് തനിക്ക് ഏറ്റവുമധികം പ്രചോദനമായതെന്ന് സംവിധായകൻ വൈശാഖ്. ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് മോഹൻലാൽ എന്നും അദ്ദേഹം കൂടെ ഉള്ളപ്പോൾ എനർജി ഡ്രിങ്ക് കുടിക്കുന്ന അനുഭവമാണെന്നും വൈശാഖ് പറഞ്ഞു. മനോരമ ഓൺലൈനിന്റെ ഐ മി മൈസെൽഫ് എന്ന പരിപാടിയിലാണ് വൈശാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്...

മോഹൻലാലിനെക്കുറിച്ച് വൈശാഖ് പറയുന്നു–

56 വയസ് എന്നു നിങ്ങൾ ഓർമിപ്പിക്കുമ്പോൾ മാത്രമേ മനസിലാവുകയുള്ളൂ. എനിക്കത് തോന്നിയിട്ടില്ല. പ്രായം മനസിനല്ലേ. പ്രായം ഒന്നും അദ്ദേഹത്തിനൊരു വിഷയമായിട്ട് തോന്നിയിട്ടില്ല. ചെറിയ കുട്ടികൾ വരെ പല കാര്യങ്ങളും പറഞ്ഞാൽ പേടിച്ച് മാറി നിൽക്കുകയും ചെയ്യാൻ പറ്റില്ലെന്ന് പറയുന്നതും ഒക്കെ നമ്മൾ കേട്ടിട്ടുണ്ട്.

എന്നാല്‍ ലാൽ സാർ അങ്ങനല്ല, ഒരു കാര്യവും പറ്റില്ല എന്നു പറയുകയില്ല. ഇത് അദ്ദേഹത്തിന്റെ മെറിറ്റാണ്. ലാൽ എന്നു പറയുന്ന ലെജന്റിന്റെ ആറ്റിറ്റ്യൂഡിന്റെ വിഷയമാണ്. നമ്മൾ അദ്ദേഹത്തെ വിശ്വസിച്ച് ഏൽപ്പിക്കുന്നതെല്ലാം അദ്ദേഹത്തിന് ചെയ്യാൻ കഴിയും എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.

അദ്ദേഹത്തിന് ചെയ്യാൻ പറ്റുമോ, ബുദ്ധിമുട്ടാണോ എന്നു നമുക്ക് ചിന്തിക്കാനൊരു സ്പേസ് അദ്ദേഹം തരില്ല. എന്തു പറഞ്ഞാലും അതിന്റെ പത്തിരട്ടിയായിട്ട് ചെയ്ത് തരുന്ന ഒരാളോട് അടുത്തത് പറയാൻ എന്താണ് നമുക്ക് വിമുഖത ഉണ്ടാവുക.

പീറ്റർ തന്നെ പലപ്പോഴും പറയും ഒരു ഷോട്ട് കഴിഞ്ഞ് അടുത്ത ഷോട്ട് കമ്പോസ് ചെയ്യുമ്പോൾ ലാൽ സാറിന് എന്ത് ചലഞ്ച് കൊടുക്കാമെന്നാണ് ആലോചിക്കുന്നത്. എന്തു പറഞ്ഞാലും ചെയ്യുന്നു. ലാൽസാറിന്റേതായ രീതിയിൽ അദ്ദേഹം ചെയ്യുന്നു. അദ്ദേഹത്തിന്റെ ശൈലിയിൽ നമ്മൾ പറയുന്നത് കറക്ടായി നൂറുശതമാനം തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ചെയ്തിരിക്കും.

ഒരു വിസ്മയം എന്ന് എന്തുകൊണ്ടാണ് വിളിക്കുന്നത് എന്ന് അദ്ദേഹത്തെ പരിചയപ്പെട്ടാൽ മനസിലാകും. ഭയങ്കര സർപ്രൈസ് ആണ് അദ്ദേഹം. ഓരോ നിമിഷവും എനർജി ഡ്രിങ്ക് കുടിക്കുന്നതുപോലെയാണ് ലാൽസാറിന്റെ കൂടെ നിൽക്കുമ്പോൾ. ഒരു ഉദാഹരണം പറയാം.

ഈ സിനിമയുടെ ഷൂട്ടിങ് തന്നെ ഒരു അന്തവും കുന്തവുമില്ലാതെ പോകുകയാണ്. ഉള്ളിൽ ഭയമുണ്ട്. പുറത്തുപ്രകടിപ്പിക്കുന്നില്ലെന്നേ ഒള്ളൂ. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഒരു ദിവസം വൈകുന്നേരം പാറപ്പുറത്ത് ഞാനും ലാൽസാറും ആകാശം നോക്കി കിടക്കുന്നു. അപ്പോൾ ഞാൻ ലാൽസാറിനോട് ചോദിച്ചു. ‘ഈ പടം രക്ഷപ്പെടുമായിരിക്കും അല്ലേ’ അപ്പോൾ ലാൽസാർ പറഞ്ഞു, ഈ പടം ഓടാതിരിക്കാൻ രക്ഷപ്പെടാതിരിക്കാൻ ഒരു കാരണവുമില്ല.

അപ്പോൾ ഞാൻ പറഞ്ഞു, ഈ പടം ഓടിയില്ലെങ്കിൽ ഈ പണി നിർത്തുകയാണ്. അപ്പോൾ തന്നെ ലാൽ സാറും പറഞ്ഞു, ഞാനും നിർത്താം. ഞാൻ ചാടി എണീറ്റു, സാർ എന്താണ് ഇപ്പോൾ പറഞ്ഞത്. ലാൽ സാർ പറഞ്ഞു, ഞാനും അഭിനയം നിർത്താമെന്ന്.

അപ്പോൾ ഞാൻ പറഞ്ഞു, ഇപ്പോൾ പറഞ്ഞതിരിക്കട്ടെ, സാർ പണിനിർത്തിയാൽ കോടിക്കണക്കിന് ആളുകൾ ഒരുമിച്ച് എന്നെ ഇടിക്കും, പിന്നെ എന്റെ പൊടിപോലും ബാക്കി ഉണ്ടാവില്ല.

ലാൽസാർ പറഞ്ഞു. ‘ഞാൻ അതല്ല പറഞ്ഞത് ഈ സിനിമ ഓടാതിരിക്കാൻ ഒരു കാരണവുമില്ല. അങ്ങനെ ഓടാതിരിക്കണമെങ്കിൽ നമ്മുടെ ജഡ്ജ്മെന്റ് അത്ര കൊള്ളില്ല എന്നാണ് അർഥം. പിന്നെ നമ്മൾ ഈ ജോലി ചെയ്യുന്നതിനുള്ള അർഹത എന്താണ്. അദ്ദേഹം അതു പറഞ്ഞശേഷം പിന്നെ ജോലി ചെയ്യാൻ ഭയങ്കര ആവേശമായിരുന്നു. കാരണം അദ്ദേഹത്തെപ്പോലൊരു ഇതിഹാസം ഇത്രയും വർഷം മലയാള സിനിമയെ മുന്നോട്ടു നയിച്ച ഒരു വ്യക്തിത്വം അത്രയേറെ ആത്മവിശ്വസത്തിലാണ് ഈ സിനിമയിൽ നിൽക്കുന്നത്. പിന്നീടു വന്ന പ്രതിബന്ധങ്ങളെ വളരെ ഈസിയായിട്ട് കൈകാ
ര്യം ചെയ്യാൻ അദ്ദേഹത്തിന്റെ ഈ പ്രചോദനം എന്നെ സഹായിച്ചു.