സിനിമാ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം

ലോകസിനിമയുടെ വാതിലുകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിട്ട സിനിമാ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. അറുപത്തിയഞ്ചു രാജ്യങ്ങളില്‍നിന്ന് നൂറ്റി തൊണ്ണൂറോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഇരുപത്തി രണ്ടാമത് ചലചിത്രമേള മികച്ച സിനിമകളാലും പ്രേക്ഷക പങ്കാളിത്തത്താലും ശ്രദ്ധേയമായി. 

ഇന്നു വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിക്കും. മികച്ച രാജ്യാന്തര സിനിമക്കുള്ള സുവര്‍ണ ചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന സിനിമക്ക് നല്‍കുന്ന രജത ചകോരങ്ങള്‍, ഫിപ്രസി, നെറ്റ് പാക്ക്, മികച്ച ഏഷ്യന്‍ ചിത്രത്തിനായുള്ള പുരസ്‌കാരങ്ങള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും.

ഡെലിഗേറ്റുകള്‍ക്ക് മികച്ച സിനിമ തെരഞ്ഞെടുക്കാനുള്ള ഓഡിയന്‍സ് പോള്‍ ഇന്നലെ ആരംഭിച്ചു. മലയാളത്തില്‍ നിന്ന് ഏദനും, രണ്ടുപേരുമടക്കം 14 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശക്തമായ മത്സരമാണ് സുവര്‍ണ ചകോരത്തിനായുള്ളത്. മത്സരരംഗത്തുള്ള ഭൂരിഭാഗം ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തി. 

അവസാന ദിവസമായ ഇന്ന് കിം കി ഡൂക്ക് രചനയും നിര്‍മാണവും നിര്‍വഹിച്ച് ലീ ജു ഹോങ് സംവിധാനം ചെയ്ത എക്‌സ്‌കവേറ്റര്‍ അടക്കം 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 

മേളയുടെ ആറാം ദിവസമായ ഇന്നലെ 66 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പ്രക്ഷേക ശ്രദ്ധ നേടിയ സിനിമകളുടെ അവസാന പ്രദര്‍ശനം കൂടിയായിരുന്നു. റഷ്യന്‍ ചിത്രം ലവ്‌ലെസ്, ഉദ്ഘാടന ചിത്രമായ ദ ഇന്‍സള്‍ട്ട്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡസ് (നോട്ട്) എക്സിസ്റ്റ്, വൈറ്റ് ബ്രിഡ്ജ്, വാജിബ് എന്നിവയുടെ അവസാന പ്രദര്‍ശനത്തിനും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 

ഐഡന്റിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ ആറു ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദ യംഗ് കാള്‍മാര്‍ക്‌സും റഷ്യന്‍ ചിത്രമായ ലവ്‌ലെസും ഇറാനിയന്‍ ചിത്രം കുപാലും ലോകസിനിമാ വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 

റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക്, അനുജ ബൂന്യവദനയുടെ മലില ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, ഏണസ്റ്റോ ആര്‍ബിറ്റോയുമായി ചേര്‍ന്ന് വിര്‍നാ മൊലിനൊ സംവിധാനം ചെയ്ത സിംഫണി ഫോര്‍ അന, ആന്‍മരിയ ജസീറിനന്റെ വാജിബ് എന്നിവയായിരുന്നു മത്സരവിഭാഗത്തിലെ സ്ത്രീ ചിത്രങ്ങള്‍. 24 സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് ലോക സിനിമാവിഭാഗവും ശ്രദ്ധിക്കപ്പെട്ടു. 

സ്ത്രീ ജീവിതങ്ങളുടെ,പോരാട്ടങ്ങളുടെ കഥ പറയുന്ന ‘അവള്‍ക്കൊപ്പം’ വിഭാഗത്തില്‍ ഇന്ന് ആലീസിന്റെ അന്വേഷണം പ്രദര്‍ശിപ്പിക്കും. ശ്രീ തിയേറ്ററില്‍ ഉച്ചയ്ക്ക് 12 നാണ് പ്രദര്‍ശനം. മത്സരവിഭാഗത്തിലെ ചിത്രങ്ങളായ സിംഫണി ഫോര്‍ അന, മലില-ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, മലയാള ചിത്രം രണ്ടുപേര്‍ എന്നിവയും ഇന്നത്തെ പ്രദര്‍ശനത്തിലുണ്ട്.  ജൂറി ചിത്രങ്ങളില്‍ സില്‍ ദ സ്വേയിങ് വാട്ടര്‍ലിലി എന്ന ജര്‍മന്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അപര്‍ണ സെന്‍ ചിത്രം സൊനാറ്റയുടെ പ്രദര്‍ശനം ഇന്ന് സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് വിഭാഗത്തിലാണ്.