'ഭിന്നശേഷിക്കാരെ പ്രത്യേകം പരിഗണിച്ചതിൽ സന്തോഷം; കൂടുതൽ സൗകര്യങ്ങൾ ആകാം

അഡ്വക്കേറ്റ് അരവിന്ദ്

ഭിന്നശേഷികാർക്ക് പ്രത്യേക പരിഗണന നൽകിയ ഒരു ഫിലിം ഫെസ്റ്റിവലായിരുന്നു ഇരുപത്തിരണ്ടാമത് ഫിലിം ഫെസ്റ്റിവൽ. സിനിമ കാണാൻ റിസർവ് ചെയ്തവരെ വോളന്റിയേഴ്സ് പ്രത്യേക പരിഗണന നൽകി സിനിമയുള്ള ജനറൽ എൻട്രി ആരംഭിക്കുന്നതിന് മുൻപ് തന്നെ തിയറ്ററിൽ എത്തിക്കുന്നു. തിക്കിലും തിരക്കിലും പെടാതിരിക്കാനാണ് ഇത്തരമൊരു സൗകര്യം. സിനിമ അവസാനിക്കുമ്പോഴും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള സൗകര്യവും ഒരുക്കുന്നു. എന്നാൽ തങ്ങൾക്ക് ഇതൊക്കെ മതിയോ എന്നതും ഫെസ്റ്റിവലിലെ കണ്ട സിനിമകളെക്കുറിച്ചും പ്രതികരിക്കുകയാണ് അഡ്വക്കേറ്റ് അരവിന്ദ്.

അലി ഗാവിറ്റൻ സംവിധാനം ചെയ്ത വൈറ്റ് ബ്രിഡ്ജ് കണ്ടിട്ടാണ് ഇപ്പോൾ ഇറങ്ങുന്നത്. ഭിന്നശേഷിക്കാരിയായ ഒരു സ്കൂൾ കുട്ടിയുടെ കഥയാണ് വൈറ്റ് ബ്രിഡ്ജിൽ പറയുന്നത്. വൈകല്യമുള്ള കുട്ടിയെ സാധാരണ സ്കൂളിൽ പഠിപ്പിക്കാൻ കഴിയില്ലെന്നും സ്പെഷൽ സ്കൂളിലേക്ക് വിടണമെന്നും വാശി പിടിക്കുന്ന പ്രിൻസിപ്പാളും എന്നാൽ അവിടെ തന്നെ പഠിപ്പിക്കുമെന്ന് വാശി പിടിക്കുന്ന അമ്മയും. ഇതിലെല്ലാം ഉപരി കുട്ടിയുടെ നിഷ്കളങ്കമായ പ്രവർത്തികളാണ് സിനിമയുടേ ഹൈലേറ്റ് വളരെ സിമ്പിളായ വിഷയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

തനിക്ക് ഈ ചിത്രത്തെ വ്യക്തിപരമായി ബന്ധപ്പെടുത്താൻ കഴിയുമെന്ന് അരവിന്ദ് പറയുന്നു. ഒരുപാട് സ്ഥലങ്ങളിൽ ചെല്ലുമ്പോൾ കയറാൻ പറ്റില്ല. ചിലപ്പോൾ പടികൾ ഉണ്ടാകും. ചിലയിടത്ത് റാമ്പ് ഉണ്ടാകും. എന്നാൽ റാമ്പിന് മുൻപോ പിൻപോ മൂന്നാല് പടികൾ ഉണ്ടാകും. അതുപോലെ ടൊയ്ലറ്റിൽ പോകുന്നത് അങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഐഎഫ്എഫ്‌കെയിൽ ഞാൻ അധികം ബുദ്ധിമുട്ടുകൾ പറയുന്നില്ല. കാരണം പൊതുവേ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട് വരുന്നതിനാൽ കുറച്ച് സൗകര്യങ്ങൾ കിട്ടിയപ്പോൾ തന്നെ വളരെ സന്തോഷമുണ്ട്. ഇതിലും നന്നായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും. അതെന്തൊക്കെയാണെന്ന് ഞാൻ പറയുന്നതിനേക്കാൽ സ്വയം തിരിച്ചറിയുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു.